കായികരംഗത്തു നിന്ന് ഒരു സന്യാസിനി: ഇത് സി. കാതറിന്റെ കഥ

സ്‌കേറ്റിംഗിൽ അമേരിക്കൻ ദേശീയ ചാമ്പ്യൻ. ജൂനിയർ വിഭാഗത്തിലായിരുന്നപ്പോഴും അമേരിക്കയിലെ ദേശീയ ചാമ്പ്യൻ. 1998 -ലെ വിന്റർ ഒളിമ്പിക്സിൽ 3000 മീറ്റർ സ്‌കേറ്റിംഗിൽ ആറാം സ്ഥാനത്തും 5000 മീറ്ററിൽ ഏഴാം സ്ഥാനത്തും എത്തിച്ചേർന്ന് മികച്ച വിജയം നേടിയ ഒരു പെൺകുട്ടി. ലോക കപ്പ് സർക്യൂട്ടിലെ എലൈറ്റ് ടീമിലും അവൾ അംഗത്വം നേടി. ഇതുപോലെ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ഒളിമ്പിക്സിൽ അമേരിക്കയ്ക്കു വേണ്ടി മെഡലുകൾ വാരിക്കൂട്ടുമായിരുന്ന ഒരു മുൻനിര സ്കേറ്റിംഗ് താരമാകുമായിരുന്നു അവൾ.

എന്നാൽ കാതറിൻ എന്ന ആ പെൺകുട്ടി ഇന്ന് സി. കാതറിൻ ആണ്. അമേരിക്കയുടെ മാത്രം കായികതാരം എന്ന പദവിക്കുപരി ദൈവത്തിന്റെ സ്വന്തമായി മാറിയ സി. കാതറിൻ ഇന്ന് ലോകത്തിനു മുഴുവനും പ്രകാശമായി മാറിക്കൊണ്ടിരിക്കുകയാണ്. മികച്ച വിജയങ്ങൾ നേടി മുമ്പോട്ട് നീങ്ങുന്നതിനിടയിൽ തന്റെ പതിനാറാം വയസ്സിൽ ലഭിച്ച ദൈവവിളിയെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമെല്ലാം പങ്കുവയ്ക്കുകയാണ് ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി റിന്യൂവൽ സന്യാസ സഭയിലെ അംഗമായ സി. കാതറിൻ.

15 വർഷങ്ങൾക്കു മുമ്പ്, ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ തീർത്ഥാടനത്തിനു പോയതായിരുന്നു കാതറിൻ; തന്റെ പതിനാറാം വയസ്സിൽ. അവിടെ വച്ച് അവളുടെ ജീവിതത്തിൽ ദൈവം നടത്താനുദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് ഒരു ചെറിയ സൂചന അവൾക്ക് ലഭിച്ചിരുന്നു.

‘നീ ഒരു സിസ്റ്റർ ആകാൻ പോവുകയാണ്’ എന്ന ശബ്ദം എന്റെയുള്ളിൽ മന്ത്രിക്കുന്നതായി തോന്നി. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരതല്ലൽ എനിക്കപ്പോൾ ഉള്ളിൽ അനുഭവപ്പെട്ടു. അതിനു ശേഷം ആരാധനയ്ക്കായി ഞാൻ ചാപ്പലിൽ പ്രവേശിച്ചു. അവിടെ വച്ച് എന്റെ കവിളിലൂടെ സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകിയിറങ്ങി. യേശുക്രിസ്തു യഥാർത്ഥമാണെന്നും ദിവ്യകാരുണ്യത്തിൽ സത്യമായും അവിടുന്ന് സന്നിഹിതനാണെന്നും ഞാൻ അറിഞ്ഞു” – സിസ്റ്റർ പറയുന്നു.

പിന്നീട് വീട്ടിൽ തിരികെയെത്തിയതിനു ശേഷം ജപമാല ചൊല്ലി പ്രാർത്ഥിച്ച് ദിവ്യബലിയിൽ പങ്കുചേർന്നു. അവൾ ദൈവത്തോട് കൂടുതലടുത്തു. സ്‌കേറ്റിംഗിൽ ഏറ്റവും മികച്ച വിജയം കൈവരിക്കുന്നതിനായും അവൾ പ്രത്യേകം പ്രാർത്ഥിച്ചു. സ്കേറ്റിംഗ് താരമായിരുന്ന അമ്മ തന്നെയായിരുന്നു കാതറിന് ആവശ്യമായ പരിശീലനം നൽകിയിരുന്നത്.

“കാര്യങ്ങളെല്ലാം വളരെ നന്നായി മുൻപോട്ട് പോയി. ഞാൻ എലൈറ്റ് ടീമിൽ അംഗമായി. ചാംപ്യൻഷിപ്പുകളിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കി.” എന്നാൽ ആ സമയത്തു തന്നെ തന്റെ നേട്ടങ്ങളിലെല്ലാം ഒരു മടുപ്പ് അനുഭവപ്പെട്ടിരുന്നു. “വിജയങ്ങളേക്കാളും പണത്തേക്കാളും സ്പോർട്സിനേക്കാളും ജീവിതത്തിൽ മറ്റെന്തൊക്കെയോ ഉണ്ടെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. ഫാത്തിമയിൽ നിന്നുണ്ടായ വിളിയെ വിസ്മരിച്ചുകൊണ്ട് അവൾ ഫോട്ടോഗ്രാഫിയിൽ ബിരുദപഠനം ആരംഭിച്ചു.

യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം ഒരു കൂട്ടം പ്രൊ ലൈഫ് പ്രവർത്തകർ സന്ദേശവുമായി അമേരിക്കയ്ക്ക് കുറുകെ നടക്കാൻ പോകുന്നതായി കാതറിൻ അറിഞ്ഞു. അവൾക്ക് അവരോടു കൂടെ ചേരാൻ ആഗ്രഹമുണ്ടായി. “ആ നടത്തം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അനുദിന പ്രാർത്ഥനകളും എന്റെ കൂടെയുണ്ടായിരുന്ന യുവജനങ്ങളും എന്നെ വളരെയധികം സ്വാധീനിച്ചു. അവർ ശരിക്കും ക്രിസ്തുശിഷ്യരായിരുന്നു. അവരുടെ ജീവിതത്തിലൂടെ എന്നെ സുവിശേഷവൽക്കരിക്കുകയായിരുന്നു അവർ ചെയ്തത്.”

ടോറോന്റോയിലെ ലോക യുവജനസമ്മേളനത്തിനു ശേഷം അവൾ ന്യൂയോർക്കിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിനെ സന്ദർശിച്ചു. “ഒരു സിസ്റ്റർ സംസാരിക്കാനായി എന്റെ അടുത്തേക്ക് വന്നപ്പോൾ എനിക്ക് വളരെ ആഴത്തിൽ ഒരു സമാധാനം അനുഭവപ്പെട്ടു. ഞാൻ എന്റെ ഭവനത്തിൽ എത്തിച്ചേരുന്നു എന്ന് ഞാൻ മനസ്സിലാക്കി” – സി. കാതറിൻ പറയുന്നു.

തന്റെ വിളിയെക്കുറിച്ച് എന്തെങ്കിലും ഭയം തോന്നിയിരുന്നോ എന്നു ചോദിച്ചപ്പോൾ “ഇല്ല” എന്നായിരുന്നു സിസ്റ്ററിന്റെ ഉത്തരം. “ഞാൻ എന്റെ വിളിയിൽ ദൈവത്തിന്റെ സാന്നിധ്യം അറിഞ്ഞിരുന്നു. സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു അത്. നമുക്ക് ലഭിച്ചിരിക്കുന്ന ഏതൊരു വിളിയിലും ചില ത്യാഗങ്ങളൊക്കെ ആവശ്യമാണ്. നമ്മുടെ നാടും നഗരവും സുഹൃത്തുക്കളെയും കുടുംബത്തെയും ഒക്കെ ഉപേക്ഷിച്ചുവേണം പോകാൻ. എന്നാൽ ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കുറപ്പായിരുന്നു. എന്റെ വിളിയിലുള്ള വലിയ ധൈര്യവും ആത്മവിശ്വാസവുമെല്ലാം അതു തന്നെയായിരുന്നു.”

ഒരു വ്യക്തിയെന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചത് അതിനു ശേഷമാണെന്ന് സിസ്റ്റർ ഉറപ്പിച്ചു പറയുന്നു. “ദൈവത്തെ അറിഞ്ഞതിലൂടെ അവിടുന്നെനിക്ക് സ്വാതന്ത്ര്യം നൽകി. സിസ്റ്റർ ആയതിനു ശേഷം നാലു തവണ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. “കഴിഞ്ഞ വർഷം ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ 100 -ആം വാർഷികവേളയിൽ എനിക്ക് ഫാത്തിമ സന്ദർശിക്കാൻ കഴിഞ്ഞു. എന്റെ പതിനാറാം വയസ്സിലെ ആ തീർത്ഥാടനത്തിനു ശേഷം പിന്നെ ഞാൻ പോകുന്നത് ആ സമയത്താണ്” – സിസ്റ്റർ പറയുന്നു.

സ്‌കേറ്റിംഗിനേക്കാളുപരി ദൈവത്തെ തിരഞ്ഞെടുത്ത സി. കാതറിൻ തന്റെ ജീവിതകഥ പങ്കുവയ്ക്കാനായി നിരവധി യുവജനങ്ങളെയും വിദ്യാർത്ഥികളെയുമാണ് ദിനംപ്രതി സന്ദർശിക്കുന്നത്. ദൈവാലയങ്ങളിലെയും സ്‌കൂളുകളിലെയും യുവജന കൂട്ടായ്‌മകൾ ഈ സമർപ്പിതയുടെ വിളിക്കു പിന്നിലെ കഥകളറിയുവാൻ കാതോർത്തിരിക്കാറുണ്ട്. തന്നിലൂടെ ആർക്കെങ്കിലും ദൈവത്തെ കണ്ടുമുട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിസ്റ്റർ ഈ ശുശ്രൂഷ ചെയ്യുന്നത്.

ഇംഗ്ലണ്ടിലെ ലീഡ്‌സിൽ പാവപ്പെട്ടവരുടെ ഇടയിൽ സേവനം ചെയ്യുകയാണ് ഇപ്പോൾ സിസ്റ്റർ. കായികതാരത്തിൽ നിന്നും സന്യാസിനിയിലേക്കുള്ള ദൂരമെന്നു പറയുന്നത് അവിടുത്തെ വിളിക്കുള്ള പ്രത്യുത്തരം മാത്രമാണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതരുകയാണ് സി. കാതറിൻ.

സുനീഷ വി. എഫ്.

1 COMMENT

Leave a Reply to LindaCancel reply