തിന്മയ്ക്കെതിരെ സംഗീതം കൊണ്ട് പൊരുതുന്ന കന്യാസ്ത്രീ

  ബുര്‍ക്കീനോ ഫാസോ – ആഫ്രിക്കയിലെ ഈ സ്ഥലത്തിന്റെ പേര് കേള്‍ക്കുമ്പോഴേ  രക്തച്ചൊരിച്ചിലിന്റെ നീണ്ട കഥകളാണ് നമ്മുടെ മനസ്സില്‍ നിറയുക. എന്നാല്‍ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല ഇവിടുത്തെ അവസ്ഥ. സമാധാനത്തിനായി നിലകൊണ്ട ഒരു സമൂഹമായിരുന്നു ഇവരുടേത്. ഇവിടേയ്ക്ക് ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ കുടിയേറിയതു മുതലാണ് ബുര്‍ക്കീനോ ഫാസോ രക്തക്കളമായി മാറിയത്.

  ഇതൊക്കെ ഇപ്പൊ എന്തിനു പറയുന്നു… എന്ന് ചോദിച്ചാല്‍ ഈ ഇരുള്‍നിറഞ്ഞ, കൊലക്കളമായി മാറിയ രാജ്യത്തിന്റെ വേദനിപ്പിക്കുന്ന അവസ്ഥകളില്‍ പ്രത്യാശ പകരുന്ന ഒരു സിസ്റ്ററിനെ അവതരിപ്പിക്കാന്‍ വേണ്ടി മാത്രം. ആ സിസ്റ്ററിന്റെ പേരാണ് ആനി മരിയെ കബോറ. ആഫ്രിക്കയിലെ ക്രിസ്തീയ ആക്രമണങ്ങള്‍ക്കിടയിലും ധൈര്യം പകര്‍ന്നുകൊണ്ട് സഞ്ചരിക്കുന്ന ഈ സിസ്റ്റര്‍ അനേകരിലേയ്ക്ക് പ്രത്യാശ പകരുവാന്‍ ഉപകരണമായി തിരഞ്ഞെടുത്തത് സംഗീതത്തെയാണ്.

  സിസ്റ്റേഴ്സ് ഓഫ് ഇമ്മക്കുലേറ്റ് കണ്‍സപ്ഷന്‍ സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ആനി, മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതില്‍ സംഗീതത്തിനുള്ള വലിയ കഴിവിനെക്കുറിച്ച് ബോധവതിയായതോടെയാണ് പ്രത്യാശയുടെ സംഗീതവുമായി ആഫ്രിക്കയിലുടനീളം യാത്ര തുടങ്ങിയത്. അതിനായി സന്യാസിനികളും അല്‍മായരും മറ്റ് മതസ്തരും ഉള്‍ക്കൊള്ളുന്ന ഒരു സംഘത്തിന് ഇവര്‍ രൂപം നല്‍കി. അവര്‍ ബുര്‍ക്കീന ഫാസോയിലും ആഫ്രിക്കയിലെ മറ്റ് സ്ഥലങ്ങളിലും കൂടി യാത്ര ചെയ്ത് വേദനിക്കുന്നവരുടെ ഇടയിലേയ്ക്ക് കടന്നുചെന്നു. പലപ്പോഴും സംഗീതം, കഠിനഹൃദയരെ മൃദുലമായ മനസുള്ളവരാക്കി തീര്‍ക്കുന്നതും വേദനകളുടെ ലോകത്തുനിന്ന് പ്രത്യാശയിലേയ്ക്ക് കൈപിടിച്ചു നടത്തുന്നതും കാണുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

  ഫാര്‍മസിസ്റ്റായി സേവനം ചെയ്യുന്ന സിസ്റ്റര്‍ ആനി, ആഫ്രിക്കയിലുടനീളം തന്റെ സംഗീതസംഘവുമായി യാത്രചെയ്തു കഴിഞ്ഞു. സിസ്റ്റര്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും സന്യാസവൃത്തിയിലേയ്ക്ക് പ്രവേശിക്കുന്നതിനു  മുമ്പാണ്. സന്യാസജീവിതം ആരംഭിച്ചതിനുശേഷം സംഗീതത്തെ, ദൈവാനുഭവം പകരുന്ന ഒരു ഉപകരണമാക്കാനുള്ള സിസ്റ്റര്‍ ആനിയുടെ തീരുമാനത്തിന് സന്യാസ സമൂഹം പൂര്‍ണ്ണപിന്തുണ നല്‍കുകയായിരുന്നു. സിസ്റ്ററിന്റേതായി മൂന്ന് സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അടുത്തത് അധികം വൈകാതെ തന്നെ പുറത്തിറങ്ങും.

  വേദനിക്കുന്നവര്‍ക്കൊപ്പം ആയിരിക്കുവാൻ സഭ എന്നും ആഗ്രഹിക്കുന്നു. ഒപ്പംതന്നെ അവരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാനും പ്രതീക്ഷയിലേയ്ക്ക് നയിക്കുവാനുമുള്ള ദൗത്യവും സഭയ്ക്കുണ്ട്. ഇന്ന് എന്റെ പ്രാര്‍ത്ഥന, എന്റെ രാജ്യത്ത് സമാധാനവും ശാന്തിയും പുലരണം എന്നതു മാത്രമാണ്. അതിന് പ്രാര്‍ത്ഥന മാത്രം പോരാ. ഓരോരുത്തരും സമാധാനത്തിന്റെ വക്താക്കളായി മാറണം. അതിനായുള്ള മാര്‍ഗ്ഗമായാണ് ഞാന്‍ സംഗീതത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. സിസ്റ്റര്‍ പറഞ്ഞുനിര്‍ത്തി.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ