മലയാളി സന്യാസിനി ഡൽഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഫ്രാൻസിസ്‌ക്കൻ -ക്ലാരിസ്റ്റ് സഭാംഗമായിരുന്ന സിസ്റ്റർ ആനി ഫ്ലോസി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദിലെ സെന്റ് മേരീസ് കോൺവെന്റിലെ അംഗമായിരുന്ന സിസ്റ്റർ സെപ്റ്റംബർ ഒന്നിനാണ് മരണമടഞ്ഞത്. 74 വയസ്സായിരുന്നു.

കടുത്ത ന്യൂമോണിയയും ശ്വാസതടസ്സവും കാരണം ആഗസ്റ്റ് 17 -ന് ഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സിസ്റ്ററുടെ ആരോഗ്യ നില ഓഗസ്റ്റ് 29 -ന് ഗുരുതരമാകുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ ഫ്ലോസി 1971 -ലാണ് സന്യാസ വ്രത വാഗ്ദാനം നടത്തിയത്. സന്യാസ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി വർഷമായിരുന്നു ഇത്. ഒരു അദ്ധ്യാപികയായിരുന്ന സിസ്റ്റർ ആനി ഫ്ലോസി വിരമിച്ചതിനുശേഷം പാവപ്പെട്ട കുട്ടികൾക്കായി സേവനം ചെയ്‌തു വരികയായിരുന്നു. നജീബാബാദിലെ സെന്റ് മേരീസ് പ്രൈമറി സ്കൂളിന്റെ ഉത്തരവാദിത്വമായിരുന്നു സിസ്റ്ററിന്.

കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ ഒന്നിന് ദില്ലിയിലെ നിഗം ബോധ് ഘാട്ട് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ഔർ ലേഡി ഓഫ് ഫാത്തിമ ഫോറൻ ചർച്ച് ജസോളയിൽ നിന്നുള്ള രണ്ട് വൈദികരും മൂന്ന് സന്നദ്ധ പ്രവർത്തകരും നോയിഡ പ്രൊവിന്സിലെ ഏതാനും ചില സിസ്റ്റേഴ്സും സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുത്തു. സെപ്റ്റംബർ ഒന്നിന് ദില്ലിയിലെ നിഗം ബോധ് ഘാട്ട് ശ്മശാനത്തിൽ അവളുടെ മൃതദേഹം സംസ്‌കരിച്ചു. സീറോ മലബാര്‍ ഫരീദാബാദ് രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. ജിന്റോ ടോം മൃതസംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.