ക്രിസ്തുമസിന് ഏറ്റവും അടുത്തൊരുങ്ങാൻ ഒരു നൊവേന

ഉണ്ണീശോയുടെ തിരുപ്പിറവി അടുത്തെത്തിയിരിക്കുന്നു. ഹൃദയത്തിൽ ഉണ്ണീശോ പിറന്നില്ലെങ്കിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അർത്ഥശൂന്യമാകും. ആഗമനകാലത്തിന്റെ അവസാന ദിനങ്ങളിൽ ഉണ്ണിയേശുവിനായി ഹൃദയത്തെ ഒരുക്കാൻ ഒൻപതാം പീയൂസ് പാപ്പ ഒരു നൊവേന തിരുസഭയ്ക്കു തന്നിരിക്കുന്നു. 1846 സെപ്റ്റംബർ 23 -നാണ് പാപ്പ ഈ നോവേനക്ക് അംഗീകാരം നൽകിയത്. വർഷത്തിലെ ഏതു മാസവും ഇത് ചൊല്ലാമെങ്കിലും ഡിസംബർ മാസത്തിൽ ക്രിസ്തുമസിനു മുമ്പ് ഈ നോവേന ചൊല്ലി പ്രാർത്ഥിക്കുന്നത് ക്രിസ്തുമസിനുള്ള ഏറ്റവും അടുത്ത ഒരുക്കമാണ്.

അഞ്ചു സമർപ്പണ പ്രാർത്ഥനകൾ അടങ്ങിയ ഈ നൊവേനയുടെ അവസാനം ഒരു സമാപന പ്രാർത്ഥനയുണ്ട്. ക്രിസ്തുമസിനു മുമ്പുള്ള 9 ദിവസങ്ങൾ ഈ നൊവേന ചൊല്ലി നമുക്ക് ഒരുങ്ങാം.

ഒന്നാം സമർപ്പണം

നിത്യപിതാവേ, നിന്റെ മഹത്വത്തിനും ബഹുമാനത്തിനും എന്റെയും ലോകം മുഴുവന്റെയും രക്ഷക്കുമായി ഞങ്ങളുടെ രക്ഷകനായ ക്രിസ്തുവിന്റെ ദിവ്യ ജനനരഹസ്യം ഞാൻ സമർപ്പിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ.

രണ്ടാം സമർപ്പണം 

നിത്യപിതാവേ, നിന്റെ മഹത്വത്തിനും ബഹുമാനത്തിനും എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി നസ്രത്തിൽ നിന്നു ബെത്ലഹേമിലേക്കുള്ള യാത്രയിൽ പരിശുദ്ധ കന്യകാമറിയവും വി. യൗസേപ്പിതാവും സഹിച്ച യാതനകളെ ഞാൻ സമർപ്പിക്കുന്നു. ലോകരക്ഷന്റെ പിറവിക്കായി ഒരു സ്ഥലം കണ്ടെത്താൻ അവർ അനുഭവിച്ച വേദനകളോട് എന്റെ വേദനകളെയും സമർപ്പിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ.

മൂന്നാം സമർപ്പണം 

നിത്യപിതാവേ, നിന്റെ മഹത്വത്തിനും ബഹുമാനത്തിനും എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി പുൽക്കൂടിൽ യേശു പിറന്നപ്പോൾ അനുഭവിച്ച വേദനകളെ സമർപ്പിക്കുന്നു. അവന് പിറവി കൊള്ളാൻ മെത്തയൊരുക്കിയ പരുപരുത്ത വൈക്കോലും സഹിച്ച കൊടും തണുപ്പും പരുപരുത്ത വസ്ത്രങ്ങളും ചിന്തിയ കണ്ണീരും മൃദുവായ ഏങ്ങലുകളും ഇന്ന് ഹൃദയത്തിൽ ഏറ്റുവാങ്ങി ഞാൻ കാഴ്ച വയ്ക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ.

നാലാം സമർപ്പണം

നിത്യപിതാവേ, നിന്റെ മഹത്വത്തിനും ബഹുമാനത്തിനും എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി ദൈവാലയത്തിൽ പരിഛേദനത്തിനു വിധേയനായപ്പോൾ ഉണ്ണിയേശു അനുഭവിച്ച വേദനകളെ ഞാൻ സമർപ്പിക്കുന്നു. മനുഷ്യകുലത്തിന്റെ രക്ഷക്കായി രക്തം ചിന്താൻ ആഗതനായ നിന്നോടു ചേർന്ന് ഞാനും എന്റെ ജീവിതം സമർപ്പിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ.

അഞ്ചാം സമർപ്പണം

നിത്യപിതാവേ, നിന്റെ മഹത്വത്തിനും ബഹുമാനത്തിനും എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കുമായി ഉണ്ണിയേശുവിൽ വിളങ്ങിനിന്ന എളിമ, പരിത്യാഗം, ക്ഷമ, സ്നേഹം തുടങ്ങിയ എല്ലാം പുണ്യങ്ങളും ഞാൻ സമർപ്പിക്കുന്നു. ഞാൻ നിനക്കു നന്ദി പറയുകയും സ്നേഹിക്കുകയും അവർണ്ണനീയമായ മനുഷ്യാവതാരത്തിനും അനവരതം സ്തുതിക്കുകയും ചെയ്യുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദി മുതൽ എന്നേക്കും ആമ്മേൻ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.

നമുക്കു പ്രാർത്ഥിക്കാം

ഓ ദൈവമേ, നിന്റെ എകജാതൻ മനുഷ്യനായി ഞങ്ങളുടെ ഇടയിൽ പിറന്നതിനെ സ്മരിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുകയും നന്ദി പറയുകയും അങ്ങേ മഹത്വത്തെ വാഴ്ത്തുകയും ചെയ്യുന്നു. അതുവഴി ഞങ്ങളുടെ ആത്മാക്കൾ മനുഷ്യവതാരം ചെയ്ത നിന്റെ പുത്രന്റെ സാദൃശ്യത്തിലേക്കു വളരുമാറാട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.