ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരു മനോഹര മരിയൻ ഗാനം ‘ജപസൂക്തം’  

കോവിഡ് കാലത്ത് ആധിയും വ്യാധിയുംകൊണ്ട് മനുഷ്യൻ പൊറുതിമുട്ടി നിൽക്കുമ്പോൾ ആശ്വാസത്തിന്റെ  തണൽ, സാന്ത്വനത്തിന്റെ പരിചരണം, പ്രാർത്ഥന, വിശ്വാസം ഇതൊക്കെ തന്നെ സാമൂഹ്യ ജീവിയായ മനുഷ്യന് ഏറെ പ്രയോജനപ്പെടുന്ന കാര്യങ്ങളാണ്. ക്രിസ്തീയ ഭക്തിഗാന മേഖലയിൽ കഴിഞ്ഞ 32 വർഷമായി നിരവധി ഭക്തി ഗാനങ്ങൾ സമ്മാനിച്ച കുമ്പിൾ ക്രിയേഷൻസിന്റെ ഏറ്റവും പുതിയ മരിയൻ ഗാനം ‘ജപസൂക്തം’ യൂട്യൂബിൽ വൈറലാവുന്നു. ജപമാലയുടെ മാസമായ ഒക്ടോബറിനെ ധന്യമാക്കാൻ, ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മരിയഭക്തിയുടെ തലോടലിൽ ഒരുക്കിയ സാന്ത്വന ഗാനമാണ് ‘ജപസൂക്തം.’

ജപമാലയുടെ പ്രാധാന്യത്തിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള സ്നേഹം ഈ ഗാനത്തിന്റെ ആത്മാവായി ജ്വലിക്കുന്നു. നല്ലൊരു ഗാനരചയിതാവായ ജോസ് കുമ്പിളുവേലിലിന്റെ തൂലികയിൽ പിറന്ന വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് ന്റെ ആത്മസംഗീതത്തിൽ, അതിമനോഹരമായ ദേവസംഗീതം പൊഴിക്കുന്ന ഓർക്കസ്‌ട്രേഷൻ ഒരുക്കിയത് ബിനു മാതിരംപുഴ ആണ്. ഓടക്കുഴൽ സംഗീതത്തിന് പേരുകേട്ട രാജേഷ് ചേർത്തലയാണ് ഈ ഗാനത്തിൽ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഗാനം ഏറെ ഹൃദ്യമായി മനസിന്റെ ഉള്ളിൽ അലിഞ്ഞിറങ്ങുന്ന അനുഭൂതി പകരുന്നു. കോറസ് ആലപിച്ചത് മേബിൾ, സിജി, റിൻസി എന്നിവരാണ്.

പ്രാർത്ഥനയ്‌ക്കൊപ്പം എന്നും ഏറ്റുപാടാൻ, എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ, ആത്മാവിൽ സ്വീകരിക്കാൻ ഒരു സൂക്തം വീഡിയോ രൂപത്തിൽ നിങ്ങൾക്കായി സമർപ്പിക്കുന്നു. കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി ഓൺലൈൻ സഹായത്തോടുകൂടി ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ ആണ് ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഈ ഗാനത്തിന്റെ ഓഡിയോ മിക്സിംഗ് – ജിന്റോ ജോൺ (ഗീതം സ്റ്റുഡിയോ,കൊച്ചി), കാമറ – അജയ് & ജിന്റോ, എഡിറ്റിംഗ് – മാർട്ടിൻ, ജോബിൻസ് ഹാർമണി എന്നിവരാണ് മറ്റു  അണിയറശില്പികൾ. ഈ ഗാനത്തിന്റെ ഫീമെയില്‍ വേർഷൻ ഒക്ടോബർ 24 -ന്  പുറത്തിറങ്ങും. ഒപ്പം ഗാനത്തിന്റെ വരികൾ അടങ്ങിയ കരോക്കെയും യു ട്യൂബിൽ ലഭ്യമാണ്.

കുമ്പിൾ ക്രിയേഷൻസ് മുൻപ് പുറത്തിറക്കിയ മനോജ് ക്രിസ്റ്റി ആലപിച്ച ‘കരൾ പിടഞ്ഞു’, യുകെയിലെ കൊച്ചു ഗായിക ടെസ്സ ജോൺ പാടിയ ‘അമ്മയെന്ന സത്യം’ എന്നീ രണ്ടു ഗാനങ്ങൾ മനോരമ മ്യൂസിക് ആണ് മാർക്കറ്റ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.