“പാപ്പായുടെ പ്രാർത്ഥനയിൽ ഞാനും ഉണ്ട്” – ഫ്രാൻസിസ് പാപ്പായെ കണ്ട മുസ്ലിം പെൺകുട്ടി സംസാരിക്കുന്നു 

പാപ്പായോട് സംസാരിക്കുന്ന മുസ്ലിം പെൺകുട്ടി – മതസൗഹാർദ്ദത്തിന്റെ വേറിട്ട ചിത്രമായി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത ചിത്രമാണിത്. പത്താം തീയതിയിലെ ജനറൽ ഓഡിയൻസിലാണ് പാപ്പയും ഇന്തോനേഷ്യയിൽ നിന്നുള്ള ദേവി കാർത്തിക മഹാറാണി പ്രസീദ എന്ന ഇരുപത്തിമൂന്നുകാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തില്‍ വൈറലായി മാറിയത്.

പാപ്പായെ കണ്ടുമുട്ടിയ അനുഭവത്തെക്കുറിച്ച് പ്രസീദ പറയുന്നത് ഇങ്ങനെ: “പാപ്പാ എല്ലാവർക്കും ആശംസകൾ നേർന്ന് കടന്നുവരികയായിരുന്നു. അദ്ദേഹം അടുത്തുവരുന്നത് കണ്ടപ്പോൾ ഞാൻ സുരക്ഷാവേലിയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. പാപ്പായോട് ഞാൻ പറഞ്ഞു: ‘ഞാൻ ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു മുസ്ലിം മതവിശ്വാസിയാണ്. അങ്ങ്, എനിക്കും എന്റെ രാജ്യത്തിനും അവിടെ സമാധാനം സ്ഥാപിക്കപ്പെടുന്നതിനും വേണ്ടി പ്രാർത്ഥിക്കണം.’ ഇതുകേട്ട പാപ്പ, എന്റെ അടുത്തേയ്ക്ക് വന്ന് കൈകളിൽ പിടിച്ചു, എന്നിട്ട് മറുപടി പറഞ്ഞു: ‘ഉറപ്പായും ഞാൻ പ്രാർത്ഥിക്കാം.’ ആ വെളുത്ത മനുഷ്യനെ, കത്തോലിക്കാ സഭയുടെ തലവനെ കാണാൻ കഴിഞ്ഞതു തന്നെ വലിയ ഒരു അനുഗ്രഹമാണ്. പാപ്പായുടെ പ്രാർത്ഥനകളിൽ ഇനിമുതൽ ഞാനും ഉണ്ടായിരിക്കും” – പ്രസീദ പറഞ്ഞു.

സെൻട്രൽ ജാവയുടെ തലസ്ഥാനമായ സെമരംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്കാ സർവ്വകലാശാലയായ കറ്റോലിക് സോജിജപ്രനാറ്റ (യൂണിക്ക) എന്ന യൂണിവേഴ്സിറ്റിയിൽ പരിസ്ഥിതി-നഗര ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിയാണ് പ്രസീദ. ഒപ്പംതന്നെ ഗസ് ദുരിയാൻ എന്ന മതസൗഹാർദ്ദത്തിനായുള്ള സംഘടനയുടെ പ്രവർത്തകയുമാണ് ഈ 23-കാരി.