ഒരു അമ്മയുടെ അന്ത്യാഭിലാഷം

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

രോഗിയായിരുന്ന അമ്മയുടെ ചാരെ കെടാവിളക്ക് പോലെ എപ്പോഴും ആ മകനുമുണ്ടായിരുന്നു. അവൻ്റെ ശാഠ്യത്തിനു മുമ്പിൽ വീട്ടിലെ വസ്ത്രം അവൾ നൈറ്റിയാക്കി മാറ്റി. തലമുടിയെല്ലാം വെട്ടിയൊതുക്കാനും അവൻ നിർബന്ധിച്ചു. ഒരു ദിവസം അമ്മയുടെ നഖം വെട്ടിക്കൊടുക്കുമ്പോൾ അമ്മ അവനോട് ചോദിച്ചു: “മോനേ, നിനക്ക് പുനർജ്ജന്മത്തിൽ വിശ്വാസമുണ്ടോ?”

“എന്താണമ്മേ അങ്ങനെ ചോദിച്ചത്?”

“അല്ല, അങ്ങനെയൊന്നുണ്ടെങ്കിൽ നീ എൻ്റെ വയറ്റിൽത്തന്നെ വന്നു പിറന്നാൽ മതി!” അതു കേട്ടപ്പോള്‍ മകൻ്റെ കണ്ണ് നിറഞ്ഞുതുളുമ്പി.

“അമ്മ അങ്ങനെ പറഞ്ഞപ്പോൾ എന്നിൽ വന്ന ഒരു വികാരമുണ്ട്. അതിനെ സന്തോഷമെന്നു വിളിക്കാമെങ്കിൽ, എൻ്റെ ജീവിതത്തിൽ ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ സന്തോഷമാണത്!” – മലയാളത്തിലെ പ്രശസ്ത നടനായ ബാലചന്ദ്രമേനോൻ്റെ വാക്കുകളാണത്.

മക്കളെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുന്ന എത്ര അമ്മമാരുണ്ട്? ‘ഇവൻ/ ഇവൾ എൻ്റെ വയറ്റിൽത്തന്നെ വന്നുപിറന്നല്ലോ’ എന്ന് വിലപിക്കുന്ന അമ്മമാരും നമുക്കിടയിലുണ്ട്. അമ്മമാരുടെ ആശങ്കയും ആനന്ദവും കണ്ണീരുമെല്ലാം മക്കളെക്കുറിച്ചാണ്. അതുകൊണ്ടല്ലേ പരീക്ഷ വരുമ്പോഴും രോഗം വരുമ്പോഴും വഴിതെറ്റി പോകുമ്പോഴുമെല്ലാം മക്കൾക്കുവേണ്ടി അവർ കണ്ണീരൊഴുക്കുന്നത്?

അമ്മമാരുടെ പ്രാർത്ഥന കൊണ്ടും ത്യാഗം കൊണ്ടും രക്ഷപ്പെട്ട എത്രയോ മക്കളാണുള്ളത്? അവരിലൊരാളാണ് വി. അഗസ്തീനോസ്. തനിക്കുവേണ്ടി ദൈവസന്നിധിയിൽ മിഴിനീരൊഴുക്കിയ അമ്മയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “അറപ്പുള്ള മാലിന്യത്തിൽ നിന്ന് ഞാൻ രക്ഷപെട്ടപ്പോൾ വറ്റിപ്പോയത് എൻ്റെ അമ്മയുടെ കണ്ണീരുറവയാണ്!”

അതെ, മക്കളുടെ രക്ഷയ്ക്കുവേണ്ടി അമ്മമാർക്കു മാത്രം ദൈവം ഇന്നും കണ്ണീര് നൽകിക്കൊണ്ടേയിരിക്കുന്നു. അത് വറ്റാതിരുന്നെങ്കിൽ… സുവിശേഷത്തിൽ ക്രിസ്തു ചോദിക്കുന്നു: “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരങ്ങൾ?” (Ref: മത്തായി 12: 46-50).

എന്നെ വായിക്കുന്ന മക്കളോട് ഒരു ചോദ്യം, “എവിടെയാണ് നിൻ്റെ അമ്മ?” കുഞ്ഞുനാളിൽ വിളിച്ച അമ്മവിളികളുടെ ഊഷ്മളതയെല്ലാം വലുതായപ്പോൾ നഷ്ടമായോ? അന്നുണ്ടായിരുന്ന സ്നേഹവും ആത്മാർത്ഥതയും ഇന്നുമുണ്ടോ? മകൻ്റെ അനുതാപത്തിനുവേണ്ടി ഒരായുസ്സ് മുഴുവന്‍ പ്രാർത്ഥിച്ച മോനിക്ക പുണ്യവതി മകനോടു പറഞ്ഞ അന്ത്യാഭിലാഷം ഇങ്ങനെയായിരുന്നു: “മകനേ, ഈ ശരീരം എവിടെ അടക്കം ചെയ്താലും അമ്മയ്ക്ക് കുഴപ്പമില്ല. ഒരു ആഗ്രഹമേയുള്ളു. കർത്താവിൻ്റെ അൾത്താരയിൽ നീ ബലിയർപ്പിക്കുമ്പോൾ ഈ അമ്മയെ ഓർക്കണം!”

എല്ലാ മക്കൾക്കും തങ്ങളുടെ അമ്മമാരെ ഓർക്കാനും പ്രാർത്ഥിക്കാനുമുള്ള കൃപ ലഭിച്ചിരുന്നെങ്കിൽ… മാതൃസ്മൃതികൾക്കു മുമ്പിൽ പ്രണാമം! വി. മോനിക്കയുടെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.