“എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് തുടരുക” – ബുർക്കിനോ ഫാസോയിലെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഒരമ്മ

ബുർക്കിനോ ഫാസോയിലെ വടക്കൻ മേഖലയിലുള്ള സെബ്ബ ഗ്രാമത്തിലെ ചെറിയ വീട്ടിൽ തന്റെ മക്കളോടൊപ്പമായിരിക്കുന്ന 34-കാരിയായ ജെസീക്ക സിനാരെ എന്ന അമ്മ വളരെ വേദനയിലാണ്. രണ്ടാഴ്ചകൾക്കു മുൻപാണ് അവരുടെ ഭർത്താവ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് അവർ പ്രാർത്ഥനയോടെയും നന്ദിയോടെയുമാണ് ആയിരിക്കുന്നത്. കാരണം, ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് മക്കളെ നാലുപേരെയും ജീവനോടെ തിരിച്ചുകിട്ടിയത്. അയൽഗ്രാമമായ സോൾഹാനിൽ ജൂൺ തുടക്കത്തിലുണ്ടായ ആക്രമണത്തിൽ 130-ലധികം പേരാണ് കൊല്ലപ്പെട്ടത്. അതിൽ അവരുടെ ഭർത്താവും ഉൾപ്പെട്ടിരുന്നു.

“എനിക്ക് എന്റെ ഭർത്താവിനെ തിരികെ വേണം. അവർ ഞങ്ങളുടെ കുടുംബം തകർത്തു. എന്റെയും മക്കളുടെയും കൺമുന്നിൽ വച്ചാണ് അവർ എന്റെ ഭർത്താവിനെ കൊന്നത്” – നാലു മക്കളുടെ അമ്മയായ ജെസീക്ക വേദനയോടെ പറയുന്നു.

സിനാരെയും പതിനായിരത്തിലധികം കുടുംബങ്ങളും അഭയം തേടി അടുത്തുള്ള ഗ്രാമങ്ങളായ സെബ്ബ, സമ്പേൽഗ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടു. സായുധസംഘങ്ങൾ ആളുകളെ വീടുകളിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി വെടിവച്ചു കൊന്നു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചാൽ ഈ പ്രദേശത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമെന്നും അവർ ഭീഷണിപ്പെടുത്തി.

സോൾഹാനിൽ നിന്ന് 12 മൈൽ അകലെയുള്ള സെബ്ബയിൽ അഭയം തേടിയാണ് ഈ അമ്മ തന്റെ മക്കളെ  രക്ഷപ്പെടുത്തിയത്. “എന്റെ കുട്ടികൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അക്രമികൾ ക്രിസ്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമിടുന്നു. എന്റെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. എനിക്കും എന്റെ മക്കൾക്കുമായി പ്രാർത്ഥന തുടരണം” – ഈ അമ്മ യാചിക്കുന്നു.

പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനകം 1.2 ദശലക്ഷം ആളുകൾ അക്രമത്തെ തുടർന്ന് പലായനം ചെയ്തിട്ടുണ്ട്. സെബ്ബയിലും സമ്പേൽഗയിലും എത്തുന്ന ഭൂരിഭാഗം ആളുകൾക്കും വസ്തുവകകളോ സമ്പത്തോ ഒന്നുമില്ല. അവർ പരമദരിദ്രരാണ്. യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻ‌എച്ച്‌സി‌ആർ റിപ്പോർട്ട് അനുസരിച്ച്, ഇങ്ങനെയുള്ള ഭൂരിഭാഗം ആളുകളെയും പ്രാദേശിക കുടുംബങ്ങളാണ് സഹായിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാടുകടത്തപ്പെട്ടവർക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ്, കൗൺസിലിംഗ്, അടുക്കള ഉപകരണങ്ങൾ എന്നിവ ദാനം ചെയ്യുന്നുണ്ടെന്ന് ഡോറി രൂപതയിലെ കാറ്റെക്കിസ്റ്റ് അലക്സ് മണ്ടെ പറഞ്ഞു. ഭീകരാക്രമണം  മൂലം അവരുടെ ഇടവകകളിൽ പലതും കഴിഞ്ഞ വർഷം അടച്ചിരുന്നു. എങ്കിലും ഇവിടെയുള്ളവർ, വീടുകൾ വിട്ട് ഓടിപ്പോയവർക്ക് അഭയം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇവിടത്തെ സ്ഥിതി മോശമാണ്, ഞങ്ങൾക്ക് കഴിയുന്നിടത്തൊക്കെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുന്നു. അവർക്ക് വസ്ത്രമില്ല, കഴിക്കാൻ മതിയായ ഭക്ഷണവുമില്ല. ആക്രമണസമയത്തുണ്ടായ പരിക്കുകളിലും ആഘാതത്തിലും പലരും രോഗികളാണ്. അവർ ഇപ്പോഴും ഇവിടെ സുരക്ഷിതരല്ല. കാരണം തോക്കുധാരികൾ ഈ ഗ്രാമങ്ങളിലെ പള്ളികളെ ആക്രമിക്കുകയും ഞങ്ങളുടെ ഇടവകകൾ അടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു” – അലക്സ് കൂട്ടിച്ചേർത്തു.

2015 മുതൽ 20 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഈ രാജ്യം ആവർത്തിച്ചുള്ള ഭീകരാക്രമണങ്ങൾ നേരിടുന്നു. ഏപ്രിൽ മാസം മുതൽ ഏഴ് ആക്രമണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. അൽ ക്വൊയ്ദയുമായോ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായോ ബന്ധപ്പെട്ട ഗ്രൂപ്പുകളാണ് ആക്രമണത്തിന്റെ പിന്നിൽ. സോൾഹാൻ ആക്രമണം പ്രധാനമായും ബാലസൈനികരാണ് നടത്തിയതെന്നും ആക്രമണങ്ങൾ ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിടുന്നതെന്നുമുള്ള വാർത്തകളാണ് ജീവനക്കാരെയും മതനേതാക്കളെയും ഞെട്ടിച്ചത്. സോൽഹാൻ കൂട്ടക്കൊലയിൽ 12-14 വയസ് പ്രായമുള്ള ആൺകുട്ടികൾ പങ്കെടുത്തതായി സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് മുസ്ലീങ്ങളും മൂന്നിലൊന്ന് ക്രിസ്ത്യാനികളുമാണ്. 2019 മെയ് മാസത്തിൽ ജിഹാദികൾ ഒരു പുരോഹിതനുൾപ്പെടെ നിരവധി വിശ്വാസികളെ കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ തോക്കുധാരികൾ ഒരു പള്ളി ആക്രമിക്കുകയും പാസ്റ്ററും മകനും രണ്ട് മരുമക്കളും ഉൾപ്പെടെ 24 പേരെ കൊലപ്പെടുത്തുകയും ചെയ്തു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.