ഇരുപത്തിയഞ്ചു വർഷം കാത്തിരുന്നു ആ അമ്മയും മകളും ഒരു ആശ്ലേഷത്തിനായി

ജയ്സണ്‍ കുന്നേല്‍

2019 ജൂൺ ഒൻപതിന് ഇരുപത്തിയഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ പൊന്നാമന മകൾക്ക് ഒരു മുത്തം നൽകാൻ ആ അമ്മയ്ക്കു കഴിഞ്ഞു. ഈ അസുലഭ മുഹൂർത്തത്തിനായി ആ അമ്മ 25 വർഷം മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചൊരുങ്ങി. അറിയണ്ടേ ആരാണ് ആ അമ്മയും മകളുമെന്ന്

അമ്മ: എഴുപത്തിയെട്ടു വയസു പിന്നിട്ട മേരി ജാനി ഫെന്നെഫാദർ.

മകൾ : ദൈവവുമായി ഡീലിൽ എത്തിയ പ്രശസ്തയായ
മുൻ വനിത ബാസ്ക്കറ്റ് ബോള്‍ താരം സി. റോസാ മാരി ഓഫ് ക്യൂൻ ഓഫ് എയ്ഞ്ചൽസ്

അമേരിക്കയിലെ പ്രസിദ്ധമായ വില്ലനോവ യൂണിവേഴ്സിറ്റിയിലെ വനിതാ ബാസ്ക്കറ്റ് ബോള്‍ താരമായിരുന്നു ഷെല്ലി ഫെന്നെഫാദർ എന്ന സി. റോസാ മാരി. വില്ലനോവ സർവ്വകലശാലിയിലെ പുരുഷ-വനിത വിഭാഗ ടീമുകളിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ഷെല്ലിയുടെ റിക്കാർഡ് ഇതുവരെ തകർന്നിട്ടില്ല. ഈ അടുത്തകാലത്ത് ESPN, ഷെല്ലിയുടെ കഥ റിപ്പോർട്ട് ചെയ്തിരുന്നു.

വില്ലനോവ യൂണിവേഴ്സിറ്റിയിലെ പഠനശേഷം ജപ്പാനിൽ പ്രൊഫഷനലായി ബാസ്ക്കറ്റ് ബോള്‍ കളിക്കാനായി ഷെല്ലി പോയി. അക്കാലത്ത് ദൈവവുമായി ഒരു ഡീൽ ഷെല്ലി ഉണ്ടാക്കി. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെക്കിടക്കുന്ന തന്റെ ടീമിന് പ്ലേ ഓഫിൽ കളിക്കാൻ അവസരം കിട്ടുകയാണങ്കിൽ, സീസണു ശേഷം പെനിസിവായിയിലുള്ള മദർ തേരേസാ മഠത്തിൽ കുറച്ചുകാലം ശുശ്രൂഷ ചെയ്തുകൊള്ളാം എന്നായിരുന്നു ആ ഡീൽ. പോയിന്റു പട്ടികയിൽ താഴെക്കിടന്ന ഷെല്ലിയുടെ ടീം തുടർന്നുള്ള മത്സരങ്ങൾ ജയിച്ചു പ്ലേ ഓഫിനു യോഗ്യത നേടി.

നാലു വർഷങ്ങൾക്കു ശേഷം 1991-ൽ ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ ബാസ്ക്കറ്റ് ബോള്‍ താരമാകാനുള്ള ഓഫർ ഷെല്ലിക്കു കിട്ടി. വർഷം രണ്ടു ലക്ഷം അമേരിക്കൻ ഡോളറായിരുന്നു ശമ്പളം. പക്ഷേ അവളുടെ താൽപര്യം മറ്റൊന്നായിരുന്നു. ക്രിസ്തുവിന്റെ ഓഫർ സ്വീകരിക്കുക. ലോകസുഖങ്ങളെല്ലാം ത്യജിച്ച് ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ക്രിസ്തുവിന്റെ മണവാട്ടിയാകാൻ അവൾ സ്വയം തീരുമാനിച്ചു.

“അമേരിക്കയിലെ വെർജീനിയാ സംസ്ഥാനത്തുള്ള അലക്സാണ്ട്രിയിലെ ക്ലാരയുടെ ദരിദ്ര മണവാട്ടിമാർ (Poor Clares Monastery) എന്ന മിണ്ടാമഠത്തിൽ 1991 ജൂൺ 8-ന് അവൾ ചേർന്നു. 1994 ജൂൺ ഒൻപതിനായിരുന്നു പ്രഥമ വ്രതവാഗ്ദാനം. ലോകത്തിലെ തന്നെ ഏറ്റവും താപസചൈതന്യം നിലനിർത്തുന്ന ഒരു സന്യാസ ഓർഡറാണ് Poor Clares. വൈക്കോല്‍ മെത്തകളിലാണ് ഉറക്കം, സദാസമയവും സന്യാസവസ്ത്രം അണിയണം, ദിവസവും രാവിലെ 12:30-ന് പ്രാർത്ഥനയ്ക്കായി ഉണരണം, നാല് മണിക്കൂറിൽ കൂടുതൽ വിശ്രമിക്കാൻ അനുവാദമില്ല. നടുമുറ്റത്തു നടക്കുന്ന ഒരു മണിക്കൂര്‍ ഒഴികെ ബാക്കി 23 മണിക്കൂറും നിഷ്പാദുകരായിരിക്കണം. മെഡിക്കൽ അത്യാവശ്യഘട്ടത്തിലില്ലാതെ ആശ്രമം വിട്ടു പുറത്തിറങ്ങുവാൻ സാധിക്കുകയില്ല. ഫോൺ വിളിക്കാനോ, Email ചെയ്യുവാനോ അനുവാദമില്ല, ഒരു വർഷം രണ്ട് കുടുംബാങ്ങൾക്ക് ആശ്രമം സന്ദർശിക്കാം. സുഹൃത്തുക്കൾ ആദ്യം കത്തെഴുതിയാൽ തിരിച്ച് കത്തെഴുതാം. 25 വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങളെ ആശ്ലേഷിക്കാം.

അങ്ങനെയുള്ള ദിനമായിരുന്നു 2019 ജൂൺ മാസം ഒൻപത്. എഴുപത്തിയെട്ടു വയസ് പിന്നിട്ട അമ്മ മേരി ജാനിനു മകളെ വീണ്ടും ആശ്ലേഷിക്കണമെങ്കിൽ 103 വയസ് വരെ ജീവിച്ചിരിക്കണം.

ജയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.