ഈ കൊറോണ കാലത്തില്‍ യൗസേപ്പിതാവ് നമുക്ക് കാണിച്ചുതരുന്ന മാതൃകകള്‍  

ഈ കൊറോണ കാലത്ത് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന നമുക്ക് വി. യൗസേപ്പിതാവിന്റെ മാതൃക അനുകരണീയമാണ്. കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ ആ പുണ്യപിതാവിന്റെ ജീവിതത്തെ കൂടുതല്‍ അടുത്തറിയേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍ ആവശ്യമാണ്‌. കുടുംബവും ജോലിയും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകാമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ആ ജീവിതം.

ബൈബിളില്‍ വി. യൗസേപ്പിതാവിനെക്കുറിച്ച് പറയുന്ന ഒരു കാര്യം, അദ്ദേഹം നീതിമാനായിരുന്നു എന്നതാണ്. അതായത് ദൈവത്തോടും മനുഷ്യരോടും നീതി പുലര്‍ത്തിയ വ്യക്തി. ഇന്ന് ആര്‍ക്കും ഇല്ലാതെ പോകുന്ന ഒന്നാണ് സമയം. വീട്ടുകാരോട് കൂടെ ചിലവഴിക്കുവാന്‍ സമയമില്ല. ദൈവത്തിന് കൊടുക്കേണ്ട സമയം കൊടുക്കുവാനും കഴിയുന്നില്ല. ഇങ്ങനെയുള്ള ഒരു അവസ്ഥയില്‍ യൗസേപ്പിതാവ് തിരുക്കുടുംബത്തോട് എത്രമാത്രം ചേര്‍ന്നുനിന്നുകൊണ്ട് ജീവിച്ചു എന്നത് നാം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഈ പകര്‍ച്ചവ്യാധിയുടെ സമയം വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്ന കുടുംബനാഥന്മാരും കുടുംബിനികളും ഉണ്ട്. കൊറോണ വൈറസ് മൂലം നാം പൊരുത്തപ്പെടേണ്ട പുതിയ തൊഴില്‍സാഹചര്യത്തെ നല്ല രീതിയില്‍ വിനിയോഗിക്കുക എന്നതും ആവശ്യമാണ്‌. നമ്മുടെ വിശുദ്ധീകരണത്തിനുള്ള അവസരമായി അതിനെ വിശ്വാസത്തോടെ സ്വീകരിക്കുക. അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങൾ ജോസഫിനും ജീവിതത്തില്‍ സ്വീകരിക്കേണ്ടതായി വന്നു.

മറിയത്തിന്റെ ഗർഭധാരണം, ഹേറോദോസിന്റെ കോപം, ഈജിപ്തിലേക്കുള്ള പലായനം എന്നിവ അതിനുള്ള ഉദാഹരണമാണ്. വി. യൗസേപ്പിതാവ് ജീവിതത്തിലുണ്ടായ പ്രയാസങ്ങളെയും  അനിശ്ചിതത്വങ്ങളെയും ഭയങ്ങളെയും വകവയ്ക്കാതെ ദൈവഹിതം വിശ്വസ്തതയോടെ നടപ്പാക്കി. അദ്ദേഹത്തിന്റെ പ്രാർത്ഥനാപരമായ വിശ്വാസം അനുകരിക്കുന്നതിലൂടെ നമുക്ക് ഇന്നും ദൈവത്തിന്റെ മുന്‍പില്‍ വിശ്വസ്തതയോടെ ജീവിക്കുവാന്‍ സാധിക്കും.

ജോലി ചെയ്യാന്‍ പഠിപ്പിക്കുന്നതോടൊപ്പം ജോസഫ് ഈശോയെ പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചു. തോറയും സങ്കീര്‍ത്തനങ്ങളും അങ്ങനെ പിതാവില്‍ നിന്നും പഠിച്ചു. രണ്ടാമതായി, എളിയ മാർഗ്ഗങ്ങളിലൂടെ ഒരു തച്ചന്റെ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ ആളാണ്‌ യൗസേപ്പിതാവ്. ആ നിലയിൽ അദ്ദേഹത്തിന്റെ പണിശാല വീട്ടില്‍ത്തന്നെ ആയിരിക്കാം. മറ്റെല്ലാവരെക്കാളും യേശുക്രിസ്തുവിനോട് കൂടുതൽ അടുപ്പമുള്ള ഒരു വ്യക്തിയായി ജീവിക്കുവാന്‍ അത് വലിയ ഒരു അവസരമായിരുന്നു. നാം ഇന്ന് വീടുകളില്‍ ആയിരിക്കുന്ന സാഹചര്യം പോലെ ആ അപ്പനും തന്റെ ഭാര്യയോടും മകനോടും ഒപ്പം ആയിരുന്നുകൊണ്ട് ജീവിച്ചു.

മൂന്നാമതായി, മകന്‍ വളരുന്നതനുസരിച്ച് അവനെ ചേര്‍ത്തുനിർത്തി ജീവിച്ചു. യേശു എന്ന കുട്ടി പിതാവിൽ നിന്ന് ജോലി ചെയ്യാൻ പഠിച്ചതുപോലെ, വീടുകളില്‍ കുട്ടികളോടൊപ്പം ജോലി ചെയ്യുവാനുള്ള ഒരു അവസരവുമാണിത്. വീടുകളില്‍ ആയിരുന്നുകൊണ്ട് ജോലി ചെയ്യുമ്പോള്‍ ആത്മീയമായ വളര്‍ച്ചയും പരിശീലനവും കൊടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ട്. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ജീവിതശൈലിയും അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിന്‍റെ മാതൃകയും നമ്മുടെ കുടുംബങ്ങളിലും വളരട്ടെ. അങ്ങനെ ഈ കോറോണാക്കാലം തിരിക്കുടുംബം പോലെ നമ്മുടെ കുടുംബങ്ങളും മാതൃകാ കുടുംബം ആയിത്തീരട്ടെ.