കുടുംബങ്ങള്‍ക്ക് മാതൃകയായ ഒരു കുടുംബം

ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അനേകം കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലുമാണ്. ഇത്തരം കുടുംബങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് വി. കൊച്ചുത്രേസ്യയുടെ കുടുംബം. കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍ ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്തിട്ടില്ല. അവര്‍ ആകെ ചെയ്ത ഏറ്റവും പ്രധാന കാര്യം മക്കളെ ദൈവോന്മുഖരായി വളര്‍ത്തുകയും ദൈവീകപദ്ധതികള്‍ക്ക് അവരെ വിട്ടുനല്‍കുകയും ചെയ്തു എന്നതാണ്.

അവരുടെ ഒമ്പതു മക്കളില്‍ നാലു പേര്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. ബാക്കിയുള്ള അഞ്ചു പേരും സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുമ്പോള്‍ ആ മാതാപിതാക്കള്‍ തടസ്സം നിന്നില്ല. ഈ ദമ്പതികള്‍ മക്കളെപ്പറ്റി കണ്ടിരുന്ന സ്വപ്നം അവര്‍ വിശുദ്ധരായിത്തീരണമെന്നതായിരുന്നു. അവരുടെ ആഗ്രഹത്തിന് സ്വര്‍ഗ്ഗം നല്‍കിയ ആദ്യ ആശീര്‍വാദമായിരുന്നു കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി. മറ്റുള്ളവരെ വിശുദ്ധിയിലേയ്ക്ക് ആനയിക്കുന്നവരെ സ്വര്‍ഗ്ഗം എക്കാലവും മാനിക്കുമെന്നതിന്റെ തെളിവാണ് ആ മാതാപിതാക്കളും വിശുദ്ധരായത്. മാതാപിതാക്കള്‍ നൂറു ശതമാനം വിശ്വസ്തതയോടും ആത്മാര്‍ത്ഥതയോടും കൂടെ തങ്ങളുടെ കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ അവര്‍ വിശുദ്ധിയിലേയ്ക്ക് വളരുകയാണെന്ന ഉറപ്പാണ് ഈ ദമ്പതികളുടെ ജീവിതം നല്‍കുന്ന പാഠം.

ആധുനികലോകത്തില്‍ മക്കളെക്കുറിച്ച് മാതാപിതാക്കളുടെ ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം, മക്കള്‍ വിശുദ്ധരാകണമെന്ന ആഗ്രഹങ്ങള്‍ മക്കളെക്കുറിച്ച് ഇല്ലാതെ പോകുന്നതാണ്. മക്കളുടെ ഭൗതികവളര്‍ച്ചയെപ്പറ്റി മാതാപിതാക്കള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടാകുന്നത് തെറ്റല്ല. പക്ഷേ, അവര്‍ ഏതൊക്കെ മേഖലകളില്‍ ശോഭിച്ചാലും അവരുടെ നിത്യജീവനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ട്. ഭൗതികമായ സാധ്യതകളും വഴികളും അവരെ പരിചയപ്പെടുത്തിയപ്പോള്‍ ആത്മീയതയുടെ പാഠങ്ങള്‍ പകരാന്‍ പലരും മറന്നുപോകുന്നു. അല്ലെങ്കില്‍ ലക്ഷ്യങ്ങളിലേയ്ക്കുള്ള യാത്രയില്‍ ആത്മീയത തടസ്സമാകുമെന്ന തെറ്റിദ്ധാരണ എങ്ങനെയൊക്കെയോ അവരെ സ്വാധീനിച്ചു. സ്വഭാവികമായി വിശ്വാസത്തിനും ദൈവവിചാരത്തിനും കുടുംബങ്ങളില്‍ പ്രാധാന്യം കുറയുകയും തല്‍ഫലമായി മക്കളുടെ ജീവിതത്തില്‍ നിന്ന് ആത്മീയത പടിയിറങ്ങിപ്പോവുകയും ചെയ്തു.

മക്കള്‍ക്ക് ഉറച്ച ആത്മീയ അടിത്തറ നല്‍കാന്‍ സാധിച്ചാല്‍ അവരുടെ വഴികള്‍ തെറ്റുമോ എന്ന് ഭയപ്പെടേണ്ടി വരില്ല. മക്കളെ ദൈവോന്മുഖരും മനുഷ്യസ്‌നേഹികളുമായി വളര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ മാതാപിതാക്കളില്‍ അത്തരം ഗുണങ്ങള്‍ ഉണ്ടാകണം. അവരുടെ വാക്കുകളല്ല, പ്രവൃത്തികളാണ് പുതിയ തലമുറയെ സ്വാധീനിക്കുന്നതെന്ന് മറക്കാതിരിക്കാം.