തെരുവില്‍ അലയുന്ന മാനസികരോഗികള്‍ക്ക് ക്രിസ്തുവിന്റെ മുഖമായി മാറുന്ന സന്യാസിനിമാര്‍ 

സി. സൗമ്യ DSHJ

“അമ്മേ…എന്നെ ഇവിടെ നിന്നും വിടരുതേ…” മാനസിക വിഭ്രാന്തിയിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന പ്രായമായ ഒരു സ്ത്രീയെ പോലിസ് കൊണ്ടുവന്ന് ഏൽപ്പിക്കുമ്പോൾ ആ സ്ത്രീ സിസ്റ്റർ ഗബ്രിയേലിനെ നോക്കി പറഞ്ഞു. അവർ അവരെ പൊന്നുപോലെ നോക്കി. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകളെ നോക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക സ്ഥാപനമാണ് ബഥനി സന്യാസ സഭയിലെ ‘മരിയൻ അഗതി മന്ദിരം.’ ഇവിടുത്തെ മദർ സിസ്റ്റർ ഗബ്രിയേൽ തൻ്റെ അനുഭവങ്ങൾ ലൈഫ് ഡേ – യുമായി പങ്കുവയ്ക്കുന്നു.

അസുഖങ്ങളൊക്കെ ബാധിച്ച് ഉറുമ്പരിച്ച് അവശയെങ്കിലും ആ അമ്മയെ നല്ലമരണത്തിന് ഒരുക്കുവാൻ പറ്റിയ അനുഭവം മറക്കാൻ പറ്റില്ലെന്ന് സിസ്റ്റർ ഗബ്രിയേൽ പറയുന്നു. “ഒരു രാത്രിയിൽ പോലീസ് കൊണ്ടുവന്ന് ഏൽപ്പിക്കുമ്പോൾ ഒരു ദിവസത്തെ അഭയം എന്നാണ് പറഞ്ഞത്. എന്നാൽ, എന്നെ ഇവിടെ നിന്നും വിടരുതേ, എനിക്ക് ഇവിടെ കിടന്ന് സമാധാനമായി മരിക്കണം എന്ന ആ സ്ത്രീയുടെ കരഞ്ഞുകൊണ്ടുള്ള അഭ്യർത്ഥന തള്ളിക്കളയാൻ പറ്റിയില്ല. അവരെ കുളിപ്പിച്ച് ഭക്ഷണമൊക്കെ കൊടുത്തു. ശരിയായ പരിചരണവും മരുന്നും ലഭിച്ചപ്പോൾ നല്ല ഊർജസ്വലയായി.” സിസ്റ്റർ ഗബ്രിയേൽ പറയുന്നു. എന്നാൽ വേഗം ഒരു സ്ട്രോക്ക് വരുകയും പിന്നീട് ആരോഗ്യം മോശമാവുകയും ചെയ്തു. ഈ കഴിഞ്ഞ ആഴ്ച ആ സ്ത്രീ മരിച്ചു. ആഗ്രഹിച്ചതുപോലെ തന്നെ നന്നായി മരണത്തിന് ഒരുങ്ങി. ഈ സിസ്റ്റേഴ്സ് അവർക്ക് മാലാഖമാർ ആണ്. ദൈവത്തിന്റെ സ്വന്തം മാലാഖമാർ.

പത്തനംതിട്ട ജില്ലയിലെ സീതത്തോടാണ് മൂന്ന് സിസ്റ്റേഴ്സും 38 മാനസിക രോഗികളും അടങ്ങിയ ഇവരുടെ ഭവനമുള്ളത്. സിസ്റ്റർ ഗബ്രിയേലിനെ കൂടാതെ സിസ്റ്റർ പൗളിനും സിസ്റ്റർ മെറിനും. കൂടാതെ, ഒരു നേഴ്‌സും ഇവരുടെ കൂടെത്തന്നെയുണ്ട്. ഈ 38 പേർക്കുമായി ഈ മൂന്ന് സിസ്റ്ററമ്മമാർ തങ്ങളുടെ സേവനങ്ങൾ ചെയ്യുന്നു. രാവിലെ ഏഴര മുതൽ വൈകിട്ട് ഈ രോഗികൾ ഉറങ്ങാൻ പോകുന്നതുവരെ ഏതാവശ്യത്തിനും കൂടെ നിൽക്കാൻ ഒരു നിഴലുപോലെ ഇവരുണ്ട്. അതിൽ നാലോളം പേർ കിടപ്പ് രോഗികളാണ്. അവരെ കുളിപ്പിക്കാനും വസ്ത്രം ധരിപ്പിക്കാനും ഭക്ഷണം കൊടുക്കുവാനും മരുന്ന് കഴിപ്പിക്കാനും എല്ലാം കൂടെയുള്ളതും ഇവർതന്നെ.

“മുടങ്ങാതെ മരുന്ന് കഴിച്ചാൽ ഈ രോഗം ഒരു പരിധി വരെ കുറയും. പലപ്പോഴും തെരുവിൽ അലഞ്ഞു നടക്കുന്നവരെ പോലീസ് എത്തി ഞങ്ങളെ ഏല്പിച്ചിട്ട് പോകും. വരുമ്പോൾ അക്രമാസക്തരായവരും, കൃത്യമായ മരുന്നും പരിചരണവും ലഭിക്കുമ്പോൾ ശാന്തരാകാറുണ്ട്” – സിസ്റ്റർ ഗബ്രിയേൽ പറയുന്നു. ഇവിടെ വന്നവരിൽ ഭൂരിഭാഗം ആളുകളും വീടുകൾ ഇല്ലാത്തവരോ, കൃത്യമായ പരിചരണക്കുറവ് മൂലം അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ നിന്നും എത്തിപെട്ടവരോ ആണ്. മരണം വരെ ഇനി ഇവർ മിക്കവരുടെയും വീട് ഈ മരിയൻ അഗതി മന്ദിരം തന്നെയാണ്.

എല്ലാ ആഴ്ചയും ഇവർക്ക് കൗൺസിലിംഗിനായി ഒരു സിസ്റ്റർ വരും. രോഗം കൂടുതലായിട്ടുള്ളവരെ  ആശുപത്രിയിൽ ഉള്ള ചികിത്സയ്ക്ക് ശേഷമാണ് ഇവിടെ ശുശ്രൂഷിക്കുന്നത്. വെറുതെ ഇരുത്താതെ മാനസികമായി ഉന്മേഷവും സന്തോഷവും പകരുന്ന കാര്യങ്ങൾ ചെയ്യിക്കേണ്ടത് ഇവരുടെ മാനസിക ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അതിനായി കോഴി, താറാവ്, ഗാർഡനിങ്, പച്ചക്കറികൾ കൃഷി ചെയ്യുക, മെഴുകുതിരി നിർമ്മാണം, ഫാൻസി സാധനങ്ങൾ ഉണ്ടാക്കൽ എന്നിവയെല്ലാം ഇവർ ചെയ്തുവരുന്നു. ഇവ എല്ലാറ്റിനും ഇവരുടെ ഒപ്പം നില്ക്കാൻ ഈ മൂന്ന് സിസ്റ്റേഴ്‌സും ഉണ്ട്.

എല്ലാ മാസവും ഒരു സൈക്കാട്രി ഡോക്ടർ ഇവരുടെ പരിശോധനകൾക്കായി ഇവിടെ എത്തുന്നുണ്ട്. അത് കൂടാതെ PHC യിൽ നിന്നും രണ്ട് ഡോക്ടർമാർ പരിശോധനകൾക്കായി ഇവിടെ വരാറുണ്ട്. ആയുർവേദ ആശുപത്രിയിൽ നിന്നും ഡോക്ടർമാർ വരാറുണ്ട്. ഇടയ്ക്ക് ഇവർക്കായി ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. അങ്ങനെ ഇവർക്ക് നല്ല മാനസിക ആരോഗ്യം ഉറപ്പുവരുത്തുവാൻ ഈ സിസ്റ്റേഴ്സ് പരിശ്രമിക്കുന്നു.

ആരോരുമില്ലാത്ത ഇവരുടെ ജീവിതങ്ങൾക്ക് തണലായി മാറുവാൻ ഈ മൂന്ന് സന്യാസിനിമാർ നിരന്തരം പരിശ്രമിക്കുന്നു. അതിനായി ജാതി – മത ഭേദമന്യേ ചുറ്റുപാടുമുള്ള അനേകരുടെ കരുതലും സ്നേഹവും ഇവരെ തേടിയെത്തുന്നുണ്ട്. ഭക്ഷണമായും സാധനങ്ങളായും പണമായും അനുഗ്രഹമായും ഇവരോട് ഒപ്പം നിൽക്കുന്നവർ. അവരെയെല്ലാം അനുഗ്രഹിക്കണമേ എന്നാണ് ഈ സന്യാസിനിമാരുടെ പ്രാർത്ഥന. ലോകത്തിന്റെ ചെളിവാരിയെറിയലുകള്‍ക്ക് മുന്‍പില്‍ നിന്ന് സമയം കളയാന്‍ ഇവര്‍ക്കില്ല. ഇവരെ കാത്ത് തെരുവില്‍ അലയുന്നവര്‍ അനേകര്‍ ഉണ്ട്.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.