മായാത്ത തിരുവോണങ്ങൾ

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

കടയിൽ നിന്ന് പൂക്കൾ വാങ്ങുകയോ? അങ്ങനെയൊന്ന് ഞങ്ങളുടെ കുട്ടിക്കാലത്ത് കേട്ടുകേൾവി പോലുമില്ലായിരുന്നു. പാടത്തും പറമ്പിലും കനാൽവക്കത്തുമെല്ലാം പേരറിയുന്നതും അറിയാത്തതുമായ എത്രയോ തരം പൂക്കളായിരുന്നു. അത്തം മുതൽ തിരുവോണം വരെ ഞങ്ങളും ഇടുമായിരുന്നു പൂക്കളങ്ങൾ. സ്കൂളിലും വേദപാഠക്ലാസിലുമൊക്കെ പൂക്കളമത്സരങ്ങളുണ്ടായിരുന്നു. ക്രിസ്തുമസ് കാലത്ത് പുൽക്കൂടുകൾ കാണാൻ പോകുന്നത്ര ആനന്ദത്തിലാണ് പൂക്കളങ്ങൾ കാണാൻ ഞങ്ങള്‍ പോയിരുന്നത്.

തിരുവോണ ദിവസത്തെ വാഴയിലയിലെ ഓണസദ്യ മറക്കാനാകുമോ? കുറേയധികം കറികളുള്ളതുകൊണ്ട് ഏത് കറിയെടുക്കണമെന്ന കൺഫ്യൂഷനായിരുന്നു അന്നൊക്കെ. ഇഷ്ടം പോലെ പപ്പടവും പായസവുമെല്ലാം ലഭിച്ചിരുന്ന ആ ദിനം എങ്ങനെ മറക്കാനാകും? മാത്രമല്ല, എല്ലാവരും ഒരുമിച്ചുവരാനും ഭക്ഷണം കഴിഞ്ഞ് സൊറ പറഞ്ഞിരിക്കാനും ഊഞ്ഞാലാടാനും ചെറിയ കളികളിലേർപ്പെടാനുമൊക്കെ ഓണദിനങ്ങൾ ഉപകാരപ്രദമായിരുന്നു.

ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ, വാർഷിക പരീക്ഷ ഇങ്ങനെയായിരുന്നില്ലേ പരീക്ഷകളെ തിരിച്ചിരുന്നത്? ഇപ്പോഴല്ലേ ക്വാർട്ടർലിയും ഹാഫ് ഇയർലിയും ഫൈനലുമെല്ലാം ആയത്? ഇപ്പോഴത്തെ കുട്ടികൾ കണ്ടിട്ടുണ്ടോ തുമ്പപ്പൂ, കാക്കപ്പൂ, മുക്കുറ്റിപ്പൂ എന്നിവയെല്ലാം? ഓണച്ചന്തകളിലൊന്നും അവ ലഭ്യമല്ലാതാനും.

നാല് പതിറ്റാണ്ടു മുമ്പ് ജനിച്ചവർ ഇന്നും ആ സ്മരണകളെ അയവിറക്കുന്നുണ്ടാകും. സത്യവും നേരും നെറിവുമുള്ള ആഘോഷങ്ങൾ ഒരുമയുള്ള സംസ്ക്കാരത്തിന് അനിവാര്യമാണ്‌. ഈ ആഘോഷങ്ങളൊന്നും ക്രിസ്തുവിൽ നിന്ന് എന്നെ ഒരു ശതമാനം പോലും അകറ്റിയിട്ടില്ലെന്ന് എനിക്ക് തറപ്പിച്ചു പറയാനാകും. നന്മയുള്ള കൂട്ടായ്മകൾ വർദ്ധിക്കട്ടെ. ആഘോഷങ്ങളും ഒത്തുചേരലുകളുമൊന്നുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നമ്മൾ സന്തോഷിക്കുക? എങ്ങനെയാണ് സൗഹൃദങ്ങൾ വളരുക?

ക്രിസ്തു പറഞ്ഞ ചിന്തയോടു കൂടി നിറുത്തുന്നു: “നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍…” (മര്‍ക്കോ. 13:23). അതെ, പലതിൻ്റെയും പേരിൽ തമ്മിലടിപ്പിക്കുന്നവർ, തമ്മിലകറ്റുന്നവർ എന്നീ കൂട്ടരെ സൂക്ഷിക്കുക. ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ വരവ് ഓണമായി ആഘോഷിക്കുമ്പോൾ കുരിശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ മറക്കരുത്. നന്മയും സൗഹൃദവും കൂട്ടായ്മയും ജയിക്കട്ടെ! എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.