ഹൃദയസ്പർശിയായ ഒരു ജന്മദിനാശംസ….

‘Happy birthday Vavaa…
I never met you Jincymol but I love you same as I love myself. The more I heard about you the more I wanted to meet you. I’m lucky because you’re part of my life today. We all love you Jincymol’.

ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവൾ. കാണാതെതന്നെ ഞാൻ എന്നെപോലെ സ്നേഹിക്കുന്നവൾ. മനസ്സ് നിറയെ ബഹുമാനവും സ്നേഹവുമാണ്. ഈ ചിത്രം വരച്ചു തുടങ്ങുമ്പോൾ ഇത് എങ്ങനെ ആയിത്തീരുമെന്ന പേടിയായിരുന്നു ഉള്ളിൽ. കാരണം ഈ ചിത്രം മനസ്സ് നിറയെ കൊണ്ടുനടക്കുന്നവർ എനിക്ക് ചുറ്റുമുണ്ട്. നന്നായിട്ടുണ്ട് എന്ന് എന്റെയും ജിൻസിമോളുടെയും ജീവന്റെ പാതിയിൽ നിന്ന് കേട്ടപ്പോഴാണ് അവൾ എന്റെയൊപ്പം ഉണ്ടെന്നു ഞാൻ അറിയുന്നത്..ന്റെ മനസ്സും ഹൃദയവും നിറഞ്ഞു. ഇതിനപ്പുറം നിനക്കുവേണ്ടി എനിക്ക് എന്ത് നല്കുവാനാകും..
-സ്നേഹപൂർവ്വം കിച്ചു.

പിറന്നാൾദിന ആശംസകളും മെസ്സേജുകളും സോഷ്യൽ മീഡിയയിൽ ഒരു വാർത്തയല്ല… ഫേസ്ബുക്ക് കൃത്യമായി ജന്മദിനം ഓർമ്മിപ്പിച്ച് ,ആളിന് അയക്കാനുള്ള ആശംസവരെ തരുന്നതിനാൽ പോസ്റ്റ് ചെയ്യേണ്ട കാര്യം മാത്രമേയുള്ളു…. എന്നാൽ ഈ ജന്മദിനാഘോഷം തെല്ലു വ്യത്യസ്തമാണ്, ഈ ലോകം വിട്ടു യാത്രയായ ഒരാൾക്കുള്ള പിറന്നാൾ ആശംസയാണിത്…
ഭാര്യ – ഭർത്തൃ കലഹങ്ങളും കുടുംബ വഴക്കുകളും മാത്രം കേട്ട് തഴമ്പിച്ച ഒരു ശരാശരി മലയാളിക്ക് ഒരിക്കലും ചിന്തിക്കാൻ പോലുമാകാത്ത ഒന്നാണിത്. രണ്ടാനമ്മമാരുടെയും ചിറ്റമ്മമാരുടെയും ക്രൂരതയാർന്ന മുഖങ്ങൾ ഓരോ സീരിയലിലും വന്യമായി മാറുന്നതല്ലാതെ ലേശം കുറയുന്നതുമില്ല…

ഒക്ടോബർ 31 ന് ഫേസ് ബുക്ക് തുറന്നപ്പോളാണ് സവിശേഷമായ ഈ ആശംസ കണ്ണിലുടക്കിയത്…

സെമിനാരി പഠന കാലത്ത് എന്റെ കുഞ്ഞനുജനായിരുന്നു ഷിജു, ഏതാനും വർഷത്തെ സെമിനാരി ജീവിതത്തിന് ശേഷം തനിക്കിണങ്ങിയ ജീവിതമല്ല ഇതെന്ന് തിരിച്ചറിഞ്ഞ് സെമിനാരി വിട്ടിറങ്ങി. പിന്നീട് നാളുകളായി ബന്ധമൊന്നുമില്ലായിരുന്നു, ഫേസ് ബുക്കാണ് പിന്നെ ഞങ്ങളെ ഒരുമിപ്പിച്ചത്… പൂനെയിൽ ജോലി ചെയ്യുന്ന കാലത്ത് ഷിജു, ജിൻസിയെ കണ്ടുമുട്ടുകയും മാതാപിതാക്കളുടെ ആശീർവാദത്തോടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. തുടർപഠനത്തിനായി ഇംഗ്ളണ്ടിലേക്ക് പറന്ന ജിൻസിയുടെ ഒപ്പമെത്താനായി വിമാനമിറങ്ങിയ ഷിജുവിനെ എതിരേറ്റത് ഒരു ദു:ഖവാർത്തയായിരുന്നു, വീടിനുള്ളിൽ വീണ ജിൻസി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന്…. പ്രാർത്ഥനകളും മരുന്നും എല്ലാം വിഫലമായി ജിൻസി കടന്നു പോയി…. ജിൻസിയുടെ മരണശേഷം ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഷിജുവിനായില്ല എന്നത് സത്യം.

വാങ്ങിപ്പോയവളെ ഓർത്തുള്ള ഫേസ്ബുക്ക് പോസ്റ്റുകളും മെമ്മറി ഷെയറിംഗുമായുള്ള ഷിജുവിന്റെ പോസ്റ്റു കണ്ട് ഇവൻ ഇത്ര നാളായും ഈ ദുഖത്തിൽ നിന്ന് കരകേറിയില്ലല്ലോ എന്ന ചിന്തയാൽ, അവന്റെ അടുത്ത കൂട്ടുകാരിൽ ചിലരോടെങ്കിലും അവനെ ഒന്ന് active ആക്കണമെന്നും പറയുകയുമുണ്ടായി.എന്തായാലും രണ്ടാമത് ഒരു വിവാഹത്തിന് ഷിജു തയ്യാറായി…. ക്രിസ്റ്റീനയെ ജീവിത സഖിയാക്കി. ജിൻസിയുടെ പഴയ ഫോട്ടോകൾ,വീഡിയോകൾ വീണ്ടും ഷിജു ഷെയർ ചെയ്യുന്നത് കണ്ടപ്പോൾ ക്രിസ്റ്റിനക്കിത് ഇഷ്ടപ്പെടുമോ.. അവനോടിക്കാര്യം പറയണം എന്ന് പലവുരു കരുതിയതാണ്.. ക്രിസ്റ്റീന എന്ന കിച്ചു ഒരു നല്ല കലാകാരിയാണ്, ഫേസ് ബുക്കിൽ സ്ഥിരമായി കലാസൃഷ്ടികൾ പോസ്റ്റ് ചെയ്യാറുണ്ട്… അങ്ങനെ വന്ന ഒരു പോസ്റ്റ് മാത്രമായിരുന്നില്ല ഒക്ടോബർ 31 ലെ ആ പിറന്നാൾ ആശംസ. പിന്നെയോ തന്റെ ഭർത്താവിന്റെ മനസ്സറിയുന്ന ഒരു ഭാര്യയെ അവിടെ കാണാം…

ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്; കർത്താവിനെ ഭയപ്പെടുന്നവർക്കു ലഭിക്കുന്ന ദാനങ്ങളിൽ ഒന്നാണ് അവൾ (പ്രഭാ.26,3).

ഷിജുവിനും കിച്ചുവിനും എല്ലാ നന്മകളും നേരുന്നു… നിങ്ങൾക്കായി പ്രാർത്ഥിക്കാൻ ഒരു മാലാഖ സ്വർഗ്ഗത്തിലുണ്ട്…

ശ്ളീഹായുടെ വാക്കുകൾ എത്ര കൃത്യമാണ്, “സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല”
1 കോറിന്തോസ്‌ 13 : 5.

നിഷ്കളങ്കമായ നിഷ്കപടമായ നിങ്ങളുടെ സ്നേഹം ഏവർക്കും മാതൃകയാകട്ടെ…

ഏവർക്കും നന്മ സ്നേഹപൂർവ്വം,

ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.