ദൈവത്തിന്റെ പക്കലേയ്ക്കു പോയ ആ നാലുപേർ

വിദൂരദേശങ്ങളിൽ നിന്നുള്ളവർ പോലും ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഒരു കഥയിലാണ് ഇപ്രകാരം 4 മരണങ്ങൾ സംഭവിച്ചതെങ്കിൽ നമ്മളതിനെ അതിശയോക്തി നിറഞ്ഞ കഥ എന്നു വിളിച്ചേനെ. എന്നാൽ ഇത് യാഥാർത്ഥ്യമാണ്.

അഹമ്മദാബാദിലെ ആ മുപ്പത്തിമൂന്നാം ഫ്ലാറ്റ് മുറിയിൽ ബെല്ലടിച്ചാൽ ഇറങ്ങിവരാൻ മേരി അമ്മച്ചി ഇനി ഉണ്ടാവില്ല. എന്നെ കാണുമ്പോഴേ ഷർട്ടിടാൻ അകത്തേക്ക് ഓടുന്ന പീലിചാച്ചനുണ്ടാവില്ല. ഡൈനിങ്ങ് ഹാളിന്റെ മൂലയ്ക്ക് ഇയർഫോണിൽ വചനപ്രഘോഷണം കേട്ടു സംസാരിക്കുന്ന തോമസുകുട്ടി ചേട്ടനും ഹൈക്കോർട്ടിലെ ഭാരിച്ച ജോലിയുടെ ക്ഷീണമൊന്നും കാണിക്കാതെ പുഞ്ചിരിയോടെ പിസ്തയും പാസ്തയുമായി കടന്നുവരുന്ന സ്മിതചേച്ചിയും ഉണ്ടാവില്ല. ആമസോൺ പ്രൈമിൽ കാർട്ടൂൺ കാണുന്ന പതിനാറുകാരനായ ജോഹാനെയും നമ്മളെയും തനിച്ചാക്കി അവർ മടങ്ങിപോയിരിക്കുന്നു.

2 വർഷം മുമ്പുള്ള ഉരുൾപൊട്ടലിൽ കോഴിക്കോട് വിലങ്ങാട് ഒരു കുടുംബം ഒലിച്ചുപോയ കാഴ്ച ടി.വിയിൽ കണ്ട് ആ ഓർമ്മ പങ്കുവയ്ക്കുന്ന പീലിചാച്ചനെയാണ് ഓർമ്മ വരുന്നത്. “എന്തൊരു ദുരന്തം” ആ കുടുംബത്തെ നേരിട്ടറിയാവുന്നതുകൊണ്ട് പീലിചാച്ചന് ആ കാഴ്ച താങ്ങാവുന്നതിലുമപ്പുറമായിരുന്നു. നമ്മൾക്ക് അറിയാവുന്ന ആളുകൾ കടന്നുപോകുമ്പോഴല്ലേ മരണം ശരിക്കും മരണമായിത്തീരുന്നത് ? അതുകൊണ്ട് ഈ 4 മരണങ്ങളും വളരെയധികം വേദന സമ്മാനിക്കുന്നു.

ഞാനും ബിനോയി അച്ചനും താമസിച്ച ഫ്ലാറ്റ് മുറിയുടെ തൊട്ടുമുകളിലാണ് പീലിചാച്ചനും കുടുംബവും താമസിച്ചിരുന്നത്. തന്റെ ശാരീരികാസ്വസ്ഥതകൾ തെല്ലും വകവയ്ക്കാതെ പീലിചാച്ചൻ എന്നും ചാപ്പലിൽ വരുമായിരുന്നു. കുർബാനയ്ക്കു ശേഷം കുടിയേറ്റത്തിന്റെ കഥകൾ കൂടി പങ്കുവച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്. പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാനുള്ള കൃപ മക്കൾക്കെല്ലാം ലഭിച്ചത് പീലിചാച്ചനിൽ നിന്നായിരുന്നു. വചനം നിർത്താതെ പെയ്തോണ്ടിരുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

പീലിചാച്ചൻ ഒരു പച്ചമനുഷ്യനായിരുന്നു. ഗുജറാത്തിലെ ഒരു തട്ടുകടയിൽ പോയി ഞങ്ങൾ ഒരുമിച്ച് ചായ കുടിച്ച് സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹം കോഴിക്കോട്ടെ ഏതോ മണ്ണിൽ ആയിരുന്നു. കൊച്ചുകൊച്ചു മോഹങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ജോമോൻ അച്ചന് ഒരു ഫോൺ കോൾ, വഴിവക്കിലെ ചായ, കാലിലെ വേദന തൽക്കാലം മാറാൻ ഒരു പെയിൻ കില്ലർ, ഇടമുറിയാത്ത ജപമാല, പിന്നെ സംസാരിക്കാൻ ഒരാൾ; കേട്ടിരിക്കാനും… ഇതായിരുന്നു ആ പച്ചമനുഷ്യൻ.

കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് പോയപ്പോഴും വഴിവക്കിലെ ചായക്കടയിലെ ചായ അദ്ദേഹത്തെ മോഹിപ്പിച്ചുകൊണ്ടിരുന്നു; ഒപ്പം നാട്ടിലെ പേരക്കുട്ടികളെ കളിപ്പിക്കാനും കാഞ്ഞിരപ്പള്ളിയും വിലങ്ങാടുമെല്ലാം ഒന്നുകൂടി കാണാനും.

എന്റെ പൗരോഹിത്യജീവിതത്തിൽ പ്രാത്ഥനയുടെ പ്രാധാന്യം മേരി അമ്മച്ചിയെപ്പോലെ ആരും എന്നെ ഓർമ്മിപ്പിച്ചിട്ടില്ല. എപ്പോഴെല്ലാം എന്നെ കണ്ടാലും അമ്മച്ചി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരുന്നു. അമ്മച്ചിയുടെ വിശ്വാസം അമ്മച്ചിക്ക് കരുത്തായി ഭവിച്ചു. അവിടെ സൗഖ്യവും സംഭവിച്ചു. ആ വീട്ടിൽ കടന്നുചെന്നപ്പോൾ അമ്മച്ചി പലഹാരങ്ങൾ മേശപ്പുറത്ത് നിരത്തി. മറ്റവസരങ്ങളിൽ അപ്പവും കറിയുമായി അമ്മച്ചി നടകളിറങ്ങി ഫ്ലാറ്റ് മുറിയിലേക്ക് വന്നു. “മധുരം കൂടുതലാ അമ്മേ” എന്ന തോമസുകുട്ടി ചേട്ടന്റെ അമ്മ – മകൻ പരിഭവം കേൾക്കാതെ ഞങ്ങളുടെയെല്ലാം ജീവിതങ്ങളിൽ മധുരം വിളമ്പി മതിവരാതിരുന്ന അമ്മച്ചിയെ നാഥൻ കൂട്ടിക്കൊണ്ടു പോയി. കൂടുതൽ ശ്രേഷ്ഠമായ എന്തോ ഒന്നിന്.

എന്റെ ഗസ്റ്റായി വന്ന ഒരു വൈദികനെ ഞാൻ തോമസുകുട്ടി ചേട്ടന്റെ വീട്ടിലാണ് അത്താഴത്തിന് കൊണ്ടുപോയത്. ആ അച്ചൻ അത്താഴം കഴിഞ്ഞ് ഇറങ്ങിയപ്പോൾ സ്മിതചേച്ചിയെപ്പറ്റി എന്നോടു പറഞ്ഞത് ഇപ്രകാരമാണ്: “എന്തു കുലീനമായിട്ടാണ് അവർ ഇടപെടുന്നത് “എന്ന്. സ്മിതചേച്ചി തന്റെ പുഞ്ചിരി കൊണ്ടും സംസാരിക്കാൻ തോന്നിപ്പിക്കുന്ന മുഖഭാവം കൊണ്ടും എന്നും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. നാട്ടിലേക്ക് പോകാൻ ബാഗുമായി താഴെയിറങ്ങിയ എന്റെയടുത്ത് ഓടിയെത്തി ഒരു പെട്ടി ചോക്ലേറ്റ് തന്നിട്ട് “ഇത് കുഞ്ഞനിയനിരിക്കട്ടെ” എന്നുപറഞ്ഞ സ്മിതചേച്ചിയെപ്പറ്റി ഞാൻ എന്താണ് പറയാനുള്ളത്?

സബർമതി പള്ളി വികാരിയായ ഫാ. ടൈറ്റസ്, സ്മിതചേച്ചിയുടെ കോളേജ് കാലത്തെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്: “സ്മിത എന്നു അച്ചുതണ്ടിനു ചുറ്റുമാണ് യൂത്ത് നീങ്ങിയിരുന്നത്. അവൾ എന്നും എല്ലാവരെയും ചേർത്തുപിടിച്ചിരുന്നു. അവൾ ശരിക്കും ഒരു ജീസസ് യൂത്തായിരുന്നു.” സംഘാടക കഴിവു കൊണ്ടും കാര്യശേഷി കൊണ്ടും ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യേണ്ട തന്റെ മകളെയും ആ അപ്പൻ തിരിച്ചുവിളിച്ചു.

തോമസുകുട്ടി ചേട്ടൻ! ഗുജറാത്തിന്റെ മണ്ണിൽ കാലുകുത്തിയപ്പോൾ ബിനോയി അച്ചനോടൊപ്പം എന്നെ സ്വാഗതം ചെയ്തത് കൈക്കാരനായിരുന്ന തോമസുകുട്ടി ചേട്ടനായിരുന്നു. തൊണ്ടവേദനയും തലവേദനയും മൂലം കഷ്ടപ്പെട്ട എനിക്ക് ആദ്യം മരുന്ന് വാങ്ങിത്തന്നതും അദ്ദേഹം തന്നെ. സായാഹ്നസവാരികളിൽ ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം സംസാരിച്ചിരുന്നത് സഭയെക്കുറിച്ചും പരിശുദ്ധ കുർബാനയെക്കുറിച്ചുമായിരുന്നു. അദ്ദേഹത്തിന്റെ തീക്ഷ്ണത ശക്തമായിരുന്നു. അത് മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്നതിലും തോമസുകുട്ടി ചേട്ടൻ ശ്രദ്ധിച്ചിരുന്നു. അതിനെല്ലാമപ്പുറം വീട്ടിൽ കപ്പ വാങ്ങുമ്പോഴെല്ലാം അദ്ദേഹം എന്നെ വിളിച്ചിരുന്നു. മിക്കവാറും അവസരങ്ങളിലും എനിക്ക് പോകാൻ സാധിച്ചില്ലെങ്കിൽക്കൂടിയും അദ്ദേഹത്തിന്റെ സ്നേഹം അനിതരസാധാരണമായിരുന്നു. “ഒന്നു കുമ്പസാരിക്കാൻ പോയാലോ” എന്റെ ആ വാക്ക് കേട്ടയുടനേ കാറുമെടുത്ത് ഗാന്ധിനഗർ അടുത്ത് ജസ്യൂട്ട് ആശ്രമത്തിൽ കൊണ്ടുപോയ ഒരൊറ്റ അനുഭവത്തിൽ തോമസുകുട്ടിയേട്ടന്റെ തീക്ഷ്ണത നിറയുന്നുണ്ട്.

ജീസസ് യൂത്തിൽ കൂടി വളർന്ന ആ ആദ്ധ്യാത്മികതയിൽ സീറോ മലബാർ സഭ എല്ലായിടത്തും തഴച്ചുവളരണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സദാ നയിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് പിതാക്കന്മാർ വരെ കാതുകൂർപ്പിച്ചു. ലോക്ക് ഡൗൺ ദിനങ്ങളിൽ സുറിയാനി പഠിത്തമായിരുന്നു അദ്ദേഹത്തിന്റെ ഹോബി. തൽത്തേജ് സെന്റ് മേരീസ് കുർബാനാ സെന്ററിന് സ്ഥലം മേടിക്കാൻ വികാരിയായ ജയിംസ് അച്ചനോടൊപ്പം അദ്ദേഹം നിരന്തരം ഓടി. ഒരു പ്ലോട്ട് കാണുമ്പോൾ, ഇവിടെ പള്ളി വയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിന്ത. എന്നാൽ ആ മോഹങ്ങളെല്ലാം ബാക്കിവച്ച് അദ്‌ദേഹം നാല്പത്തിയേഴാം വയസിൽ മടങ്ങി; ഡിസൈനിങ് മികവിന്റെ സാക്ഷ്യപത്രമായ കെട്ടിടങ്ങളെല്ലാം ബാക്കി വച്ച്… അവസാനം കോവിഡ് രോഗബാധിതനായിക്കിടന്ന ഒന്നൊന്നര മാസം തിരക്കിനിടയിൽ വിസ്മരിക്കപ്പെട്ട എല്ലാ സൗഹൃദങ്ങളും വിളക്കിച്ചേർത്താണ് അദ്ദേഹം മടങ്ങിയത്.

തോമസുകുട്ടി ചേട്ടന്റെ ഏറ്റവും വലിയ സംഭാവന എന്താണ്? ലോകത്തെ അനേകം പ്രാർത്ഥനാഗ്രൂപ്പുകൾക്ക് അദ്‌ദേഹം ജീവൻ നൽകി എന്നതാണത്. റീത്തുകൾക്കും മതങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും അതീതമായി അനേകം മനുഷ്യരെ അദ്ദേഹം പ്രാർത്ഥനയിലൂടെ ഒന്നിപ്പിച്ചു. അങ്ങനെ വളരെ വലിയ മിഷനറി ശുശ്രൂഷ കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിലൂടെ കർത്താവ് നടത്തി. സഭയുടെ വളർച്ചയിൽ സംഭവിച്ച ചില മുറിവുകൾ വച്ചുകെട്ടാൻ അദ്ദേഹത്തിന്റെ രോഗം കാരണമായി.

ഒരു ദുരന്തം സംഭവിക്കുമ്പോൾ നമ്മളെല്ലാം പച്ചമനുഷ്യർ ആകുന്നു. അവിടെ ബന്ധങ്ങൾ പുനർനിർവചിക്കപ്പെട്ടു. രാജ്യങ്ങളുടെ അതിരുകൾ ഇല്ലാതായി. പുതിയ സഹോദരങ്ങളും സഹോദരികളും ഉണ്ടായി. എല്ലാവരും ഒരു മനമോടെ പ്രാർത്ഥിച്ചു, ഓടി, കൂട്ടുനിന്നു: നിർത്താതെ മുഴങ്ങിയ പ്രാർത്ഥന കേട്ടപ്പോൾ തോമസുകുട്ടി ചേട്ടന്റെ ഭാഷയിൽ അനേകം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ രക്ഷിക്കപ്പെട്ടിരിക്കണം. ഒടുവിൽ മിശിഹാ തമ്പുരാൻ പറഞ്ഞു: “മോനേ തോമസുകുട്ടി, ഇനി നിന്റെ പ്രവർത്തനമണ്ഡലം ഇവിടെയാണ്. നീയിങ്ങ് പോരേ!”

അങ്ങനെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു പുതിയ സ്നേഹച്ചരടിൽ കോർത്തിണക്കിയ തോമസുകുട്ടിയേട്ടന് എന്നും ഈ മിഷന്റെ ഹൃദയഭാഗത്ത് സ്ഥാനമുണ്ടാകും. ഈ വേർപാട് ഒരിക്കലും നികത്താനാവാത്ത വിടവായി ഇവിടെ അവശേഷിക്കുകയും ചെയ്യും. എങ്കിലും നമുക്കറിയാം, അദ്ദേഹവും കുടുംബവും അവരുടെ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു. അവർ ഒരുമിച്ചുചേർത്ത ഈ കൂട്ടായ്മ ഇനിയും തുടരട്ടെ; നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ തുടരട്ടെ…

ആലിപ്പഴം, ജിൻസൺ ജോസഫ് മാണി CMF

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.