ചരിത്രം തിരുത്തിയെഴുതിയ ഒരു മെയ് മാസ പരിക്ക്

500 വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1521 മെയ് മാസം ഇരുപതിനു സംഭവിച്ച ഒരു പരിക്കിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്.

ഒരു പരിക്ക് ചരിത്രം സൃഷ്ടിക്കുക എന്നത് ഒരു നിസാര കാര്യമല്ല. ദൈവത്തിന്റെ നിഘണ്ടുവിൽ യാദൃശ്ചികം എന്നൊരു വാക്കില്ല എന്നാണല്ലോ പൊതിവിലുള്ള വിശ്വാസം. ഇന്നേയ്ക്ക് 499 വർഷങ്ങൾക്കു മുമ്പ് ഒരു സൈനികനു സംഭവിച്ച ഒരു പരിക്ക്. തുടർന്ന് അദ്ദേഹത്തിൽ വന്ന മാറ്റം, ആ മാറ്റം ലോകത്തിനു നൽകിയ സംഭാവനകൾ, അത് ചരിത്രത്തിൽ സുവർണ്ണലിപികളുടെ നിരവധി പേജുകൾ സൃഷ്ടിച്ചു.

ചരിത്രകാരൻ ആര്‍.ജി. ഗ്രാന്റിന്റെ ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച 1001 പോരാട്ടങ്ങൾ (1001 Battles that changed the course of History) എന്ന പുസ്തകത്തിൽ 1521 മെയ് മാസം 20-നു നടന്ന ഒരു യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് (P. 251). ഫ്രാൻസും ഹാപ്സ്ബുർഗുസും തമ്മിൽ 1521 മുതൽ 1526 വരെ നടന്ന യുദ്ധത്തിന്റെ ഭാഗമായിരുന്നു പാമ്പെലൂണ യുദ്ധം (Battle of Pamplona May 20, 1521).

1512-ൽ നവാരെ (Navarre) സ്പാനിഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലായി. നവാരെയിലെ രാജാവിന്റെ മകൻ ഹെൻറി ദി ആൽബർട്ടിന് എങ്ങനെയും തന്റെ രാജ്യം തിരിച്ചുപിടിക്കണമെന്നു വാശി ഉണ്ടായിരുന്നു. 1521-ൽ ഫ്രാൻസും സ്‌പെയിനും തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ ഹെൻട്രി ഫ്രഞ്ച് സൈന്യത്തോടൊപ്പം നിലകൊണ്ടു. ഇത് നവാരെയിലുള്ള സ്പാനീഷ് സൈന്യത്തെ ചൊടിപ്പിച്ചു. നവാരെയുടെ തലസ്ഥാനമായിരുന്ന പാമ്പെലൊണായിൽ ഫ്രഞ്ച് സൈന്യം സ്വാധീനം ഉറപ്പിച്ചതോടെ സ്പാനിഷ് ഗവർണർ കീഴടങ്ങാൻ ആഗ്രഹിച്ചു. എന്നാൽ സൈന്യത്തിൽ ഒരു പതിറ്റാണ്ടിലേറെ പരിചയമുണ്ടായിരുന്ന ഇഗ്‌നേഷ്യസ് ലെയോള എന്ന സൈനികൻ ഇതിനെ എതിർത്തു. ഫ്രഞ്ച് പട്ടാളത്തെ ചെറുത്തുതോൽപ്പിക്കാൻ ശ്രമിക്കണമെന്ന് ലെയോള നിർദ്ദേശിച്ചു. സ്പാനിഷ് സൈന്യം ഫ്രാങ്കോ – നവാരീസ് സേനയുടെ കേന്ദ്രം വളഞ്ഞു. 1521 മെയ് 20-ാം തീയതിയിലെ ഈ ചെറുത്തുനിൽപ്പിന് ആറു മണിക്കൂറേ ദൈർഘ്യം ഉണ്ടായിരുന്നുള്ളൂ. സ്പാനീഷ് സൈന്യത്തെ പരാജയപ്പെടുത്തി പാമ്പെലോണ ഉൾപ്പെടുന്ന നവാരെ വീണ്ടും ഫ്രഞ്ച് സൈന്യം കരസ്ഥമാക്കി.

പീരങ്കി അക്രമണത്തിൽ ഇഗ്നേഷ്യസ് ലെയോളയ്ക്ക് സാരമായി പരിക്കേറ്റു. ഒരു കാൽ തകർന്നുപോവുകയും മറ്റൊന്നിനു പരിക്കേൽക്കുകയും ചെയ്തു. താമസിയാതെ സ്പാനീഷ് സൈന്യം കീഴടങ്ങുകയും പാമ്പലൊണ നഷ്ടപ്പെടുകയും ചെയ്തു.

ലയോളയെ നാട്ടിലേക്ക് മടങ്ങാൻ ഫ്രഞ്ച് സൈന്യം അനുവദിച്ചു. ആശുപത്രിയിലെ ചികത്സയിലും ഏകാന്തവാസത്തിനും ഇടയിൽ ഒരു മനഃപരിവർത്തനത്തിന് ലെയോള വിധേയനായി. സൈനികജീവിതം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ വൈദികനാകാൻ ഇഗ്നേഷ്യസ് ലെയോള തീരുമാനിച്ചു. 1540 സെപ്റ്റബർ 27-ന് ഈശോസഭയുടെ ഉത്ഭവത്തിലേക്കു നയിച്ച ഒരു സംഭവമായിരുന്നു അത്.

ഇന്ന് 112 രാജ്യങ്ങളിലായി 16,400 അംഗങ്ങളുള്ള ഒരു വലിയ സന്യാസ സമൂഹമായി ഈശോസഭ വളർന്നിരിക്കുന്നു. ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് സേവ്യർ ഈശോസഭയിലെ ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു. കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ ഉൾപ്പെടെ ആയിരക്കണക്കിനു പ്രഗത്ഭരായ വ്യക്തികളെ ലോകത്തിനു സംഭാവന ചെയ്യാൻ ഈശോസഭയ്ക്കു സാധിച്ചട്ടുണ്ട്.

ഒരു പരാജയവും അവസാനമല്ല. ഒരു തോൽവിയും മരണമണിയല്ല. ഒരു പരിക്കും വെറുതെയല്ല. അവ കുതിച്ചുയരാനുള്ള ചിറുകൾ സമ്മാനിച്ചിട്ടാണ് കടന്നുപോവുക.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS
Old Post 20-05-2020

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.