“വിശപ്പോടെ അവര്‍ കൈകള്‍ നീട്ടുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നു.”- മൊസാംബിക്കില്‍ നിന്നും ഒരു മലയാളി സിസ്റ്റ്ര്‍  

സി. സൗമ്യ DSHJ

“വിശന്നു വലഞ്ഞ അവര്‍ മുന്നില്‍ വന്ന് കൈകള്‍ നീട്ടുമ്പോള്‍ സിസ്റ്റ്റെ, എന്റെ കണ്ണു നിറയുന്നു. മാറിനിന്ന് ഞാന്‍ കണ്ണുനീരു തുടയ്ക്കും…” മൊസാംബിക്ക എന്ന രാജ്യത്തില്‍ മിഷനറിയായി സേവനം ചെയ്യുന്ന സി. ഡെയ്സി മാത്യു ജീരകത്തില്‍ DSHJ വേദനയോടെ പറയുന്ന വാക്കുകളാണിത്. നാം ഇപ്പോള്‍ നാം അറിയുന്നതും കേള്‍ക്കുന്നതും കൊറോണ എന്ന പകര്‍ച്ചവ്യാധിയെക്കുറിച്ചു മാത്രമാണ്. എന്നാല്‍, അതിലും ഭീകരമായ, വിശപ്പിന്റെ വേദന അറിയുന്ന, ഭക്ഷണത്തിനായി കരങ്ങള്‍ നീട്ടി യാചിക്കുന്ന കുഞ്ഞുങ്ങളുടെ ഇടയില്‍ നിന്നും സി. ഡെയ്സി തന്റെ മിഷന്‍ അനുഭവങ്ങള്‍ ലൈഫ് ഡേ-യുമായി പങ്കുവയ്ക്കുന്നു…

ജീവിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന ജീവിതങ്ങളും ഒരുനേരത്തെ ആഹാരത്തിനായി വിശപ്പോടെ കരയുന്ന കുഞ്ഞുങ്ങളും ഈ ലോകത്തുണ്ട് എന്നു നാം അറിയാതെപോകരുത്. ആഭ്യന്തരകലാപങ്ങളുടെ ബാക്കിപത്രമായ, പട്ടിണി മൂലം കഷ്ടപ്പെടുന്ന ഒരുകൂട്ടം ജനങ്ങള്‍. മൊസാംബിക്ക എന്ന രാജ്യത്തിലെ കാബോ ദെല്‍ഗാദോ പ്രൊവിന്‍സിലെ വളരെ പാവപ്പെട്ട ഒരു ഉള്‍ഗ്രാമമാണ് മെലുക്കോ. കഴിഞ്ഞ വര്‍ഷം പ്രളയം മൂലം എല്ലാം തകര്‍ന്ന പ്രദേശങ്ങളിലൊന്ന്. ഇവിടെ ഇപ്പോള്‍ സഞ്ചാരയോഗ്യമല്ല. കാരണം, ഉണ്ടായിരുന്ന ഒരു പാലവും മഴക്കെടുതിയില്‍ നശിച്ചു. കൃഷിയിടങ്ങളും കൃഷിയും ഒലിച്ചുപോയി.

എല്ലാം തകര്‍ത്തെറിയുന്ന കലാപങ്ങള്‍ 

എങ്കിലും ഉള്ളതൊക്കെ കൊണ്ട് വീണ്ടും അവര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ ആഭ്യന്തരകലാപങ്ങള്‍ മൂലം വീണ്ടും എല്ലാം നാമാവിശേഷമായി. ബാക്കിയുള്ള കൃഷിയും അവര്‍ തീയിട്ടു നശിപ്പിക്കുന്നു. കണ്ണില്‍ കണ്ടതൊക്കെ അഗ്നിക്കിരയാക്കുകയും വീടുകളും ആശുപത്രികളും സ്കൂളുകളും പോലും തകര്‍ത്തെറിയുകയും ചെയുന്ന കലാപക്കാര്‍. അങ്ങനെ അവര്‍ വീണ്ടും വീണ്ടും  ദാരിദ്ര്യത്തിന്റെ പടുകുഴിയിലായി.

“റോഡില്‍ ഒന്ന് വണ്ടി നിര്‍ ത്തുമ്പോള്‍ ചുറ്റും ഒരു നൂറു കൈകള്‍ നീണ്ടുവരും. വിശന്നുവലഞ്ഞ് പൈസയ്ക്കു വേണ്ടിയുള്ള യാചനയാണത്. അതില്‍ ചെറിയ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടാകും. നമുക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കാതെ നിസ്സഹായരായി ഇരിക്കാനേ സാധിക്കുകയുള്ളൂ” – സി. ഡെയ്സി വേദനയോടെ പറയുന്നു. കലാപങ്ങളില്‍ പല നിഷ്കളങ്കരായ ആളുകള്‍ക്കും അവരുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഏപ്രില്‍ 7-ന് ഒരു സമാധാന യോഗത്തിനായി ഒന്നിച്ചുകൂടിയ അറുപതോളം പാവപ്പെട്ട ഗ്രാമവാസികളെ അവര്‍ വെടിവെച്ചു കൊന്നു.

സമ്പന്നതയില്‍ ഒന്നുമില്ലാത്ത ദരിദ്രപാവങ്ങള്‍ 

ഈ നാട് പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. ഇവിടെ സ്വര്‍ണ്ണഖനികള്‍ ധാരാളമുണ്ട്. പെട്രോളിയം, വിലപ്പെട്ട കല്ലുകള്‍, ഭൂപ്രകൃതി എന്നിവയാല്‍ അനുഗ്രഹിക്കപ്പെട്ട ഇവിടുത്തെ ഈ വിഭവങ്ങളൊന്നും ഈ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഇവിടുത്തെ ഗവണ്മെന്റിന്റെ അറിവോടെ തന്നെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇത് പിടിച്ചെടുക്കുകയാണ്. അത് മറയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്ന ആക്രമണങ്ങള്‍.

ക്രിസ്ത്യാനികള്‍ വളരെ ചെറിയ ശതമാനം മാത്രമാണ് ഈ പ്രദേശത്തുള്ളത്. എട്ടു മണിക്കൂറോളം യാത്ര ചെയ്‌താല്‍ മാത്രമേ ടൗണില്‍ എത്തുകയുള്ളൂ. ഇടവകയില്‍ ഒന്‍പത് സബ് സ്റ്റേഷനുകളിലായിട്ട് സി. ഡെയ്സിയും മറ്റു രണ്ട് ബ്രസീലിയന്‍ സിസ്റെഴ്സും ശുശ്രൂഷ ചെയ്യുന്നു. ദുര്‍ഘടമായ വഴികള്‍ താണ്ടിയും കാല്‍നടയായും ആണ് ഈ സ്റ്റേഷനുകളില്‍ സേവനം ചെയ്തിരുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ ഇതില്‍ മൂന്ന് സ്റ്റ്റ്റെഷനുകള്‍ അഗ്നിക്കിരയായി.

മിഷനറിമാര്‍ക്ക് തിരിച്ചുപോരേണ്ടി വരുന്ന അവസ്ഥ 

ഇപ്പോള്‍ ഇവിടെയുള്ള മിഷനറിമാര്‍ പെംബയിലാണ് താമസിക്കുന്നത്. കാരണം, മെലൂക്കോയില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്‌. സാധനങ്ങളൊന്നും ലഭിക്കാത്ത അവസ്ഥ. വില്‍ക്കാനായാലും രണ്ടോ മൂന്നോ സാധനങ്ങള്‍ മാത്രമായിരിക്കും ഉള്ളത്. അത്രയും ദരിദ്രമായ അവസ്ഥ. വള്ളം കടത്തി വളരെ കഷ്ടപ്പെട്ടാണ് സാധനങ്ങള്‍ കൊണ്ടുവരുന്നത്. മിഷനറിമാര്‍ ഈ പ്രദേശങ്ങളിലെ കുട്ടികളെ ഒന്നിച്ചുകൂട്ടുകയും അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുകയും ചെയ്തുവരുന്നു. എന്നാല്‍, ഇപ്പോള്‍ രൂപതയിലെ നിര്‍ദ്ദേശമനുസരിച്ച് മിഷനറിമാര്‍ ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. അതുകൊണ്ട് വേഗം തിരിച്ചുപോകാമെന്നുള്ള പ്രതീക്ഷയിലാണ് ഈ മിഷനറിമാര്‍.

ഈ കൊറോണാക്കാലത്ത് നാം അറിയാതെ പോകുന്ന ചില വാര്‍ത്തകളുണ്ട്. ഇങ്ങനെ, ജീവിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന, വിശപ്പിന്റെ വില അറിയാവുന്ന ചില ജീവിതങ്ങള്‍. ക്രിസ്തുവിനുവേണ്ടി അനേകായിരങ്ങളെ നേടുവാന്‍ ഈ മിഷനറിമാര്‍ കര്‍മ്മോത്സുകതയോടെ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ പ്രവര്‍ത്തനനിരതരാണ്.

സി. സൗമ്യ DSHJ