ഈശോയുമായി കൂടുതൽ അടുക്കാൻ വി. മദർ തെരേസ പഠിപ്പിക്കുന്ന ചെറിയ പാഠം

നാം ഓരോ ദിവസവും നമ്മുടെ ജീവിതം ആരംഭിക്കുന്നത് എങ്ങനെയാണ്? ഓഫിസിലെ ടെൻഷനുകൾ, രാവിലെ പ്രഭാതഭക്ഷണം എന്തുണ്ടാക്കണം, ലോൺ, ജോലിത്തിരക്ക് അങ്ങനെ നിരവധി ആകുലതകളുമായിട്ടായിരിക്കാം നമ്മിൽ പലരും എഴുന്നേൽക്കുന്നത്. തിരക്ക് പിടിച്ചുള്ള ഓട്ടമാണ് പിന്നീട്. അതിനിടയിൽ ഒന്ന് സ്വസ്ഥമാകുവാനോ പ്രാര്‍ത്ഥിക്കുവാനോ എന്തിന്, ദൈവമേ എന്നൊന്ന് മനസ്സറിഞ്ഞു വിളിക്കുവാനോ പോലും പലർക്കും സമയമുണ്ടാകില്ല.

എന്നാൽ എത്ര തിരക്കാണെങ്കിലും ഈശോയോട് അടുത്തുനിൽക്കുവാൻ വി. മദർ തെരേസ ഒരു എളുപ്പമാർഗ്ഗം നിർദ്ദേശിക്കുന്നുണ്ട്. വെറും നിമിഷങ്ങൾ മാത്രം ആവശ്യമുള്ള ഈ മാർഗ്ഗം ദൈവത്തോട് നമ്മെ അടുപ്പിച്ചുനിർത്തുമെന്നു മാത്രമല്ല ദിവസം മുഴുവൻ അനുഗ്രഹപ്രദമാക്കുകയും ചെയ്യും.

അതിരാവിലെ, എഴുന്നേൽക്കുന്നതിനു മുമ്പ് അതായത് ബെഡിൽ നിന്നും കണ്ണ്‍ തുറന്ന് എഴുന്നേൽക്കുന്ന സമയം ഈശോയ്ക്ക് ഒരു ഗുഡ് മോർണിംഗ് പറയാം. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു കാര്യം. 33 വർഷങ്ങൾക്കു മുമ്പ് വൈദികനായ ഗാരി കാസ്റ്ററിന് മദർ തെരേസ പറഞ്ഞുകൊടുത്ത ഒരു മാർഗ്ഗമാണ് ഇത്. മറ്റ് ആകുലതകളിലേയ്ക്കും ചിന്തകളിലേയ്ക്കും നമ്മുടെ മനസ് കടക്കുന്നതിനുമുമ്പ് നമ്മുടെ മുമ്പിൽ നിൽക്കുന്ന ദൈവത്തെ നാം കാണുകയും അവിടുത്തേയ്ക്ക് സുപ്രഭാതം ആശംസിക്കുകയും ചെയ്യുക. എത്ര മനോഹരമായ ഒരു ആത്മീയചിന്തയാണിത്.

ഒരുപക്ഷേ, ഈശോയ്ക്ക് ഗുഡ് മോർണിംഗ് പറയുന്ന ആ നിമിഷം തന്നെ ദൈവികമായ ചിന്തകളുടെ പ്രസരം നമ്മിൽ ഉളവാക്കും. അത് ഏതാനും നിമിഷങ്ങളിലേയ്ക്ക് നീളുന്ന, ഹൃദയത്തിനുള്ളിൽ നിന്നുമുള്ള പ്രാർത്ഥനകൾ ഉയരുന്നതിലേയ്ക്ക് വഴിതെളിക്കും.

വളരെ നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം. അത് നമ്മെ കൂടുതൽ ആത്മീയതയിൽ വളർത്തുക തന്നെ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.