

അല്ല, എന്ത് ഉറപ്പോടു കൂടിയാണ് അവൻ അങ്ങനെയൊരു പ്രസ്താവനയിറക്കിയത്? “അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” എന്ന പ്രസ്താവന (യോഹ 20:25).
ഉത്ഥിതനായ ക്രിസ്തുവിനെ കാണാത്ത തോമായ്ക്ക് അവൻ്റെ കൈകളിൽ ആണിപ്പഴുതുകൾ ഉണ്ടാവുമെന്നും അവൻ്റെ പാർശ്വത്തിൽ കുന്തത്താൽ കുത്തപ്പെട്ടതിൻ്റെ അടയാളമുണ്ടാകുമെന്നും ഉറപ്പുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നുവേണം കരുതാൻ, അല്ലേ?
ക്രിസ്തു മഗ്ദലനമറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ അവൾ മുറിപ്പാടുകൾ കണ്ടുവെന്നോ ക്രിസ്തു അവൾക്ക് തൻ്റെ മുറിപ്പാടുകൾ കാണിച്ചുകൊടുത്തുവെന്നോ പറയുന്നില്ല. മറ്റു ശിഷ്യന്മാർക്ക് പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടപ്പോഴും ക്രിസ്തുവിൻ്റെ ഉടലിലെ മുറിപ്പാടുകൾ അവർ കണ്ടതിനെക്കുറിച്ചോ ശ്രദ്ധിച്ചതിനെക്കുറിച്ചോ യാതൊരു സൂചനകളുമില്ല. അങ്ങനെയെങ്കിൽ ആരും ശ്രദ്ധിക്കാതിരുന്ന, എല്ലാവരും മറന്നുപോയ ആ മുറിപ്പാടുകൾ കാണണമെന്ന് ശഠിച്ചതിലൂടെ തോമസിന് എന്തോ ഈ ലോകത്തോട് വിളിച്ചുപറയാനില്ലേ?
ഉയിർപ്പിൻ്റെ സന്തോഷത്തിൽ അതിനു പിറകിലുള്ള കുരിശുമരണത്തിൻ്റെ നൊമ്പരം ആരും മറക്കരുത് എന്ന പാഠമല്ലാതെ മറ്റെന്താണത്? മാത്രമല്ല, സത്യത്തിൽ അന്ന് ആ മുറിപ്പാടുകൾ കണ്ടത് തോമാ മാത്രമാണോ? അല്ലേയല്ല! മറിച്ച്, അവിടെയുണ്ടായിരുന്ന ശിഷ്യന്മാരെല്ലാവരും ആ മുറിപ്പാടുകൾ കണ്ടു. കാണാൻ നിർബന്ധിതരായി!
നമ്മുടെ ജീവിതത്തിലെ ഇന്നിൻ്റെ ഉയർച്ചകളിൽ അതിനു പിറകിൽ വിയർപ്പൊഴുക്കിയവരെ ഒരിക്കലും മറക്കരുത് എന്ന വലിയ പാഠം തോമാ പഠിപ്പിക്കുന്നുണ്ട്. അതല്ലായിരുന്നെങ്കിൽ ഉത്ഥിതനിൽ വിശ്വസിക്കാൻവേണ്ടി ആ മുറിപ്പാടുകൾ തന്നെ കാണണമെന്ന് ശഠിക്കേണ്ട ആവശ്യം തോമായ്ക്ക് ഇല്ലായിരുന്നു. ശരിയല്ലേ ഞാൻ പറഞ്ഞത്?
ദുക്റാനാ തിരുനാളാശംസകൾ !
ഫാ. ജെൻസൺ ലാസലെറ്റ്