കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്താന്‍ ഒരു പഠനസഹായിയുമായി അമേരിക്കയിലെ ദേശീയ മെത്രാന്‍സംഘ൦

കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്താന്‍ ഒരു പഠനസഹായിയുമായി അമേരിക്കയിലെ ദേശീയ മെത്രാന്‍സംഘ൦. സമൂഹത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിത്യക്തരെയും കണ്ടെത്തുവാനും അവരെ സമൂഹത്തില്‍ ഉള്‍ക്കൊള്ളുവാനും പരിചരിക്കുവാനുമുള്ള ക്രിസ്തുവിന്‍റെ വിളിയെ ഉള്‍ക്കൊള്ളുവാന്‍ വ്യക്തികളെ ഒരുക്കുന്നതിനാണ് ഈ പഠനസഹായി.

ഈ പരിശീലനഗ്രന്ഥം അല്ലെങ്കില്‍ പാഠ്യപദ്ധതി ഇംഗ്ലിഷ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പുറത്തിറക്കിയിരിക്കുകയാണ്. സ്പാനിഷ്, ഇംഗ്ലിഷ് എന്നീ രണ്ട് ഭാഷാസമൂഹങ്ങളെ ലക്ഷ്യമാക്കിയാണ് ഈ അജപാലന സേവനപദ്ധതി ഉടനെ ആരംഭിക്കുന്നത്. സുവിശേഷം ലോകത്തിന്‍റെ നാല് അതിര്‍ത്തികളോളവും എത്തിക്കാനുള്ള ക്രിസ്തുവിന്‍റെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ ഇടവക സമൂഹങ്ങളിലൂടെ പ്രചരിക്കുന്ന “കൂട്ടായ്മയുടെ ഈ സാംസ്കാരിക പദ്ധതി.

കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്തുന്നതിനും സുവിശേഷവത്ക്കരണത്തിനും സഹായകമാകുന്ന ഈ പദ്ധതി ഇടവകകളിലും, സഭാസംഘടനകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഇടവക സമിതികളിലും, സന്യസ്തരുടെ സമൂഹങ്ങളിലും വിശ്വാസ രൂപീകരണത്തിനും, ക്രിസ്തുവിന്‍റെ ശിഷ്യത്വത്തെ ആഴപ്പെടുത്തുന്നതിനും സഹായകമാകുമെന്ന്  മെത്രാന്മാരുടെ പ്രസ്താവന വെളിപ്പെടുത്തി.

നിരീക്ഷിക്കുവാനും, കണ്ട് വിലയിരുത്താനും, പ്രവര്‍ത്തിക്കാനും, ആഘോഷിക്കുവാനും, എവിടെയും പ്രേഷിതപ്രവൃത്തികളില്‍ വ്യാപൃതനാകുവാനും സഹായകമാകുമെന്ന പ്രത്യാശയോടും കൂടിയാണ് അമേരിക്കയിലെ മെത്രാന്‍സംഘം ഈ അജപാലന ശുശ്രൂഷാപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.