സഭയിലെ സന്യസ്തരോടും വൈദികരോടും ഒരു അത്മായ സഹോദരന് പറയാനുള്ളത് 

ബിനീഷ് പാമ്പയ്ക്കല്‍

നിങ്ങളോടൊപ്പം നിൽക്കാൻ, നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ, ഇന്നീ നാട്ടിലുള്ള ഒരു സാംസ്കാരിക-സാമൂഹിക നവോത്‌ഥാന നായികാ-നായകന്മാരും വരില്ലെന്ന് മാത്രമല്ല, അവസരം കിട്ടിയാൽ അവരൊക്കെയും ചെളി വാരിയെറിയാനും നിങ്ങളെ അധിക്ഷേപിക്കാനും മടിക്കില്ലെന്നത് ഇനിയെങ്കിലും മനസ്സിലാക്കുക. തരം കിട്ടുമ്പോഴൊക്കെ നിങ്ങളെ തരം താഴ്ത്താനും, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് നിങ്ങളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളൊക്കെ പറഞ്ഞു പരത്താനുമല്ലാതെ ഇവരുടെ നാവുകളോ തൂലികകളോ ഉയരുകയില്ലെന്നും നിങ്ങൾ അറിയുക.

നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ, നിങ്ങളുടെ നേരെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടി പറയാൻ, കഴമ്പില്ലാത്ത ആരോപണങ്ങളെ പ്രതിരോധിക്കാൻ, അനാവശ്യ അവഹേളനങ്ങളെ ചെറുത്തു നിൽക്കാൻ നിങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടി വരേണ്ടി വരുമെന്നത് ഇനിയെങ്കിലും മനസ്സിലാക്കുക. കൂട്ടത്തിലുള്ള ഒരുവന്റെയോ ഒരു ചില സഹജീവികളുടെയോ തെറ്റുകൾ മൂലം ജീവിതം മുഴുവൻ കല്ലെറിയാൻ അവസരം കാത്തുനിൽക്കുന്ന ഈ സമൂഹത്തിന്റെ അധിക്ഷേപങ്ങളും തെറിവിളികളും കേട്ട്, ക്ഷമയുടെ കഥകളും പറഞ്ഞു ജീവിതം ഹോമിച്ചു തീർക്കുന്ന കാലം കഴിഞ്ഞുവെന്നത് മനസ്സിലാക്കുക.

മരകായുധങ്ങളോ, തെറി വിളികളോ, വ്യക്ത്യാധിക്ഷേപങ്ങളോ ഇല്ലാതെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയും. അതിന് വേണ്ടി ചെയ്യേണ്ടത് നിങ്ങൾ തന്നെ ചെയ്യണം. സ്വന്തം സ്വത്വത്തെ തിരിച്ചറിയുക. നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾ തിരിച്ചറിയണം. അവഹേളങ്ങൾക്കെതിരെ ശബ്ദമുയർത്തണം. ചാഞ്ഞു നിൽക്കുന്ന തെങ്ങിന്മേൽ കയറാൻ വഴിയേ പോകുന്നവരെല്ലാം ശ്രമിക്കും. പക്ഷേ, നിങ്ങൾ നിങ്ങളായി, ഒരുമിച്ച്, ഒന്നായി നേരെ നിൽക്കണം. നിന്നേ മതിയാവൂ…

ഇപ്പോൾത്തന്നെ, കത്തോലിക്കാ സഭയിലെ സന്യസ്തർക്കും വൈദികർക്കും എതിരേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ “ബ്രേക്കിംഗ് ന്യൂസ്” ആക്കുന്ന, അവരെ വിചാരണ ചെയ്യാൻ സകല ഊടായിപ്പുകളെയും ക്ഷണിച്ചു വരുത്തി രംഗം കൊഴുപ്പിക്കുന്ന കേരളത്തിലെ മാധ്യമക്കാർ ഇന്ന് കണ്ണൂരിൽ നടന്ന സന്യസ്തരുടെ പ്രതിഷേധം കണ്ടില്ല, അവരൊന്നും കേട്ടില്ല, ഒന്നും അറിഞ്ഞിട്ടുമില്ല..

അപ്പോഴും, ഇരുമ്പാണിമേൽ ആഞ്ഞാഞ്ഞു തൊഴിക്കുന്ന ചില മതേതര ക്രിസ്ത്യാനികൾ തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളിനെക്കുറിച്ച് തെല്ലും ബോധമില്ലാതെ നിങ്ങളുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും. കാരണം, അവർക്കറിയാവുന്നതും, അവർ ഇച്ഛിക്കുന്നതും അത് മാത്രമാണ് – എതിരേ നിൽക്കുന്നവന്റെ രക്തം കുടിക്കാനുള്ള അടങ്ങാത്ത വെറി..

ആരും വരില്ല നിങ്ങളോടൊപ്പം നിൽക്കാൻ, നിങ്ങൾക്കുവേണ്ടി സ്വരമുയർത്താൻ. എന്തെങ്കിലും രണ്ടക്ഷരം പറഞ്ഞാൽ, അവരെയൊക്കെ “സഭയിൽ നിന്ന് എന്തെങ്കിലുമൊക്കെ തടയുന്ന വാലാട്ടിപ്പട്ടികൾ” ആക്കുന്ന നവീകരണത്തിന്റെ വക്താക്കളുടെ വ്യക്ത്യാധിക്ഷേപങ്ങൾ ഭയന്ന് ഒരാളും മിണ്ടില്ല. ഒരക്ഷം ഉരിയാടില്ല.

തള്ളിക്കളയണം പുഴുക്കുത്തുകളെ…
നിവർന്നു നിൽക്കണം നിങ്ങളും…
അപ്പോൾ കൂടെ നിവരും നമ്മുടെ സഭയും…

ബിനീഷ് പാമ്പയ്ക്കല്‍