കേൾവിയില്ലാത്തവരുടെ ചാപ്ലെയിനായി ഒരു കൊറിയൻ ബധിര പുരോഹിതൻ

“ഈ പ്രാർത്ഥനകൾ ഒന്നും മനസ്സിലാകുന്നില്ല. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ആരാധനാക്രമം നന്നായി മനസ്സിലാകുന്നുണ്ട്. അവിടുത്തെ പാസ്റ്ററിന് കേൾവിയില്ലാത്തതുകൊണ്ട് അദ്ദേഹം നമ്മുടെ രീതിയിലല്ലേ പറയുകയുള്ളൂ. അതിനാൽ ഞങ്ങൾ അവിടേക്കാണ് പോകുന്നത്” – തെക്കൻ കൊറിയയിലെ ബധിരവിദ്യാർത്ഥികൾക്കായുള്ള സ്കൂളിൽ നിന്നും കത്തോലിക്കാ ദൈവാലയത്തിൽ ആരാധനയ്ക്കായി ഒരു കൂട്ടം വിദ്യാർത്ഥികൾ പോയതാണ്. പക്ഷേ വൈദികൻ സാധാരണ ഭാഷയിൽ പ്രാർത്ഥനകൾ നടത്തുകയും വചനം വ്യാഖ്യാനിക്കുകയും ചെയ്തപ്പോൾ ഈ കുഞ്ഞുങ്ങൾക്ക് ഒന്നും മനസ്സിലാക്കുവാൻ സാധിച്ചില്ല. അവരിൽ പലരും ഉറങ്ങിപ്പോകുകയും ചെയ്തു. അവസാനം അവരെടുത്ത തീരുമാനമായിരുന്നു ബധിരനായ പാസ്റ്റർ ഉള്ള പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിൽ പോകുക എന്നത്.

ഇതുകേട്ട മിൻ സിയു പാർക്ക് എന്ന ബധിരനായ കത്തോലിക്കാ വിദ്യാർത്ഥിക്ക് സങ്കടം സഹിച്ചില്ല. രണ്ടു വയസ്സുള്ളപ്പോൾ കേൾവി നഷ്ട്ടപ്പെട്ട അവന്റെ മാതാപിതാക്കൾ ബുദ്ധമത വിശ്വാസിയായിരുന്നു. എങ്കിലും സ്കൂളിലെത്തിയപ്പോൾ അവന്റെ അധ്യാപകനായിരുന്നു അവനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചത്. ആ അധ്യാപകനും ബധിരനായിരുന്നു.

തന്റെ കൂട്ടുകാർ മറ്റൊരു വിശ്വാസത്തിലേക്ക് പോകുകയാണെന്നു മനസ്സിലാക്കിയ കുഞ്ഞു പാർക്ക് അതീവദുഃഖിതനായി. തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആരാധനകൾ നടത്തുവാൻ പറ്റിയ ഒരു വൈദികനെ നൽകണമേ എന്ന് അവൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. ആംഗ്യഭാഷ അറിയുന്ന ഒരു വൈദികനായുള്ള പ്രാർത്ഥന പാർക്ക് തുടർന്നെങ്കിലും ദൈവം അവന് ഉത്തരം നൽകിയില്ല.

“ഞാൻ തുടർച്ചയായി പ്രാർത്ഥിച്ചെങ്കിലും അവിടുന്നെനിക്ക് ഉത്തരം നൽകിയില്ല. പക്ഷെ കുറച്ചു നാളുകൾക്കുശേഷം യേശു എന്നോട് സംസാരിച്ചു. ‘എന്തുകൊണ്ട് നിനക്കായിക്കൂടാ’ എന്നൊരു ചോദ്യം! ‘ഞാനോ’ കേൾവിയില്ലാത്തവർക്ക് എങ്ങനെ ഒരു വൈദികനാകുവാൻ സാധിക്കും? അത് അസാധ്യമായ കാര്യമല്ലേ?’ ഞാൻ ചോദിച്ചു. എങ്കിലും ഞാൻ വളരുന്നതിനോടൊപ്പം ഒരു പുരോഹിതനാകുവാനുള്ള എന്റെ ആഗ്രഹവും വളർന്നു. പക്ഷേ എങ്ങനെ സാധ്യമാകും എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അതു തന്നെയായിരുന്നു” – പാർക്ക് പറയുന്നു.

കല്ലും മുള്ളും നിറഞ്ഞ പൗരോഹിത്യത്തിലേക്കുള്ള വിളി

ബധിരരായവർക്ക് പൗരോഹിത്യം സ്വീകരിക്കുവാനാകുമോ എന്ന അന്വേഷണത്തിലാണ് അമേരിക്കൻ വൈദികൻ ഫാ. ടോം കഫ്ലിനെക്കുറിച്ച് പാർക്ക് വായിച്ചറിയുന്നത്. ആ ഒരു സാധ്യതയെ മനസ്സിലാക്കി അവൻ പുരോഹിതനാകുവാൻ സെമിനാരിയിൽ ചേർന്നു. അങ്ങനെ നോർത്ത് അമേരിക്കയിലെ ആദ്യത്തെ ബധിര വൈദികനായ ഫാ. ടോം കഫ്ലി പാർക്കിനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ഇംഗ്ലീഷും അമേരിക്കൻ ആംഗ്യഭാഷയും പഠിക്കുവാൻ സഹായിക്കുകയും ചെയ്തു. അതിനു ശേഷം ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം ഫാ. കഫ്ലിൻ നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾക്കുള്ള സെമിനാരിയിൽ ചേർന്നു. എന്നാൽ മറ്റു വൈദികവിദ്യാർത്ഥികൾക്കൊപ്പം സാധാരണ ഭാഷയിലാണ് അവിടെ പാർക്കിന് പരിശീലനം ലഭിച്ചത്.

“കേൾക്കുവാൻ സാധിക്കുന്ന 20 പേരുടെ കൂടെ ഞാനും ചേർന്നു. എനിക്ക് വളരെ വലിയ വെല്ലുവിളി തന്നെയായിരുന്നു അത്. അവരുടെ അക്കാദമിക നിലവാരവും കഴിവുകളുമെല്ലാം എന്നേക്കാൾ ഉയർന്നതായിരുന്നു. പക്ഷേ ഞാൻ വളരെ ക്ഷമാശീലനായിരുന്നു. ഒരുപാട് ശ്രമിച്ചെങ്കിലും ഞാൻ എല്ലാവരെയുംകാൾ പിന്നിലായിരുന്നു” – പാർക്ക് പറഞ്ഞു. അതുകൊണ്ടു തന്നെ പാർക്ക് മറ്റുള്ളവരേക്കാൾ ഒരു വർഷം പിന്നിലായി. സെമിനാരിയിൽ നിന്നും റെക്ടർ അച്ചൻ പാർക്കിന്റെ വീട്ടിലേക്ക് കത്തുകളെഴുതി, അവരുടെ മകന് വൈദികനാകുവാൻ സാധിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞുകൊണ്ട്. ഇത് പാർക്കിനെയും മാതാപിതാക്കളെയും ഒരുപാട് വേദനിപ്പിച്ചു. നിർഭാഗ്യവശാൽ കേൾവിശക്തി ഇല്ലാത്തവർക്കായുള്ള വൈദികപഠനം നിർത്തിവയ്ക്കുവാൻ രൂപത തീരുമാനിച്ചു. “എനിക്ക് അത് വലിയൊരു ആഘാതമായിരുന്നു. എന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. എന്നാൽ ഫാ. കഫ്ലിൻ എന്നെ ആശ്വസിപ്പിച്ചു. പക്ഷേ ഒരു വൈദികനാകുവാനുള്ള എന്റെ ആഗ്രഹം മനസ്സിൽ ഒരു വിങ്ങലായി അവശേഷിച്ചു.”

ഒരു ദിവസം വായനയ്‌ക്കിടയിൽ വൈദികനാകുവാനുള്ള കഴിവോ ബുദ്ധിയോ ഇല്ലാതിരുന്നിട്ടും ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയെക്കുറിച്ച് വായിച്ചു. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുവാൻ ഞാൻ തീരുമാനിച്ചു. ദൈവം എന്റെ അപേക്ഷ നിരസിക്കുകയില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ പ്രാർത്ഥന തുടർന്നു. പിന്നീട് ഫാ. കഫ്ലിൻ അദ്ദേഹത്തെ വൈദികപഠനത്തിനു സഹായിക്കുകയും പരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ നീണ്ട 14 വർഷത്തെ പൗരോഹിത്യത്തിനിടയിൽ അദ്ദേഹം കൊറിയൻ ആംഗ്യഭാഷയിൽ എല്ലാ ദിവസവും ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവിധ കുറവുകളിൽ നിന്നും ഒരു കൂട്ടം കുറവുകളുള്ളവർക്കിടയിൽ ദൈവത്തെ അറിയിക്കുവാൻ അവിടുന്നു നിയോഗിച്ച പുരോഹിതൻ.

കഴിഞ്ഞ മൂന്നു വർഷമായി വാഷിംഗ്‌ടണിലെ വി. ഫ്രാൻസിസ് അസീസ്സിയുടെ ബധിരർക്കുവേണ്ടിയുള്ള ഇടവക ദൈവാലയത്തിലും അദ്ദേഹം ദിവ്യബലി അർപ്പിക്കുന്നുണ്ട്. അവിടെ ചാപ്ലെയിനായി സേവനം ചെയ്തുവരുമ്പോൾ ഈ വൈദികന്റെ ഹൃദയം കൃതജ്ഞതയാൽ നിറയും. തന്നെപ്പോലെ കേൾവിയില്ലാത്ത വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുവാനും അവർക്ക് ദൈവത്തിന്റെ കൃപയെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനും അദ്ദേഹം ആഗ്രഹിക്കുന്നു. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നേടിയെടുത്ത തന്റെ പൗരോഹിത്യം ഒരുപാടു പേർക്ക് വിശ്വാസത്തിന്റെ വലിയ പുഷ്പമായി മാറട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നുണ്ട്.

അസാധ്യമെന്നു തോന്നിയെങ്കിലും പ്രാർത്ഥന കൊണ്ട് നേടിയെടുത്ത ആ വലിയ വിളി കൊണ്ട് ഇന്ന് അനേകർക്ക് ആംഗ്യഭാഷയിലൂടെ ദൈവത്തെ കാണിച്ചുകൊടുക്കുകയാണ് ഫാ. മിൻ സിയു പാർക്ക്. കേൾവിയില്ലെങ്കിലും ഈ വൈദികനിലൂടെ ദെവത്തിന്റെ സ്വരം ഹൃദയം കൊണ്ട് കേൾക്കുവാൻ ഇനിയും അനേകർക്ക് സാധിക്കട്ടെ.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.