തിരുനെല്ലിക്കാടുകളിലെ വിദ്യാവെളിച്ചം: പെറ്റിയമ്മയുടെ അധ്യാപന ജീവിതത്തിലൂടെ ഒരു യാത്ര

സുനീഷ വി.എഫ്.

വയനാട്ടിലെ ആദിവാസിമേഖലയാണ് തിരുനെല്ലി. സൂര്യപ്രകാശം ഭൂമിയിൽ പതിക്കാത്ത തരത്തില്‍ പടര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങള്‍ ഉള്ള സ്ഥലമാണിത്. ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു അവിടെയുള്ള ആദിവാസികളുടെ അവസ്ഥയും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർക്ക് ഇരുട്ട് തന്നെയായിരുന്നു.

43 വർഷങ്ങൾക്കു മുൻപുള്ള വയനാടിന്റെയും തിരുനെല്ലിയുടെയും അവസ്ഥയാണ് ഇത്. പട്ടിണിയും ദാരിദ്ര്യവും നിരക്ഷരതയും കൊടികുത്തി വാഴുന്ന സമയം. ആയിടയ്ക്ക് അവിടെയുള്ള ആദിവാസി ഊരുകളിൽ നിരവധി പട്ടിണിമരണങ്ങൾ സംഭവിച്ചിരുന്നു. ഈ ദുരവസ്ഥയെക്കുറിച്ച് കേട്ടറിഞ്ഞ മാനന്തവാടി രൂപതയിലെ വൈദികരും കുറച്ച് സമർപ്പിതരും അവിടേക്ക് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുവാൻ തിരുനെല്ലിയിലേക്ക് പുറപ്പെട്ടു. ഇരുളു മൂടിക്കിടന്നിരുന്ന ആ നാട്ടിൽ ക്രിസ്തു പഠിപ്പിച്ച സഹോദരസ്നേഹത്തിന്റെ വെളിച്ചവുമായിട്ടായിരുന്നു അവർ കടന്നുചെന്നത്. ഈ യാത്ര, ഊരുകളിലെ യഥാർത്ഥ പ്രശ്നത്തെ തിരിച്ചറിയുവാൻ അവരെ സഹായിച്ചു.

എഴുത്തും വായനയും അറിയാതെ എന്നും തുച്ഛമായ ‘വല്ലി’ക്കു വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ! അതായിരുന്നു തിരുനെല്ലിക്കാടുകളിൽ ആ വൈദികരും സന്യസ്തരും കണ്ടെത്തിയത്. ആദിവാസി ഊരുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയാൽ മാറാവുന്ന പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും അവർ മനസ്സിലാക്കി. അതിനായി ദൈവം സജ്ജമാക്കിയ ഒരു സന്യാസിനിയും അവർക്കൊപ്പം ഉണ്ടായിരുന്നു എന്നത് മറ്റൊരു ദൈവനിയോഗം തന്നെ ആയിരുന്നു. ആ കൊച്ചു സന്യാസിനിയാണ് സി. പെറ്റിറ്റ് തെരേസ് എസ് എ ബി എസ് എന്ന പെറ്റിയമ്മ.

30 വർഷം അധ്യാപികയായിരുന്നുകൊണ്ട് നിരവധി കുഞ്ഞുങ്ങളെ അക്ഷരവെളിച്ചത്താൽ പ്രകാശിപ്പിക്കുകയും തിരുനെല്ലിക്കാടുകളിലേയ്ക്ക് വിദ്യാവെളിച്ചം കൊണ്ടുവരുകയും കേരള സർക്കാരിന്റെ ചിന്തയിൽ ‘അഡൽറ്റ് എഡ്യൂക്കേഷൻ’ എന്ന ആശയം വരുന്നതിനു മുമ്പു തന്നെ, വികസനം കടന്നുചെല്ലാത്ത ഊരിൽ അത് നടപ്പാക്കുകയും ചെയ്ത ആ അധ്യാപികയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ലൈഫ് ഡേ ഈ അധ്യാപക ദിനത്തിൽ പങ്കുവയ്ക്കുന്നത്.

അ = അമ്മ, ആ = ആദിവാസി

ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു അധ്യാപികയെ തിരഞ്ഞെടുക്കണമെന്ന ചിന്ത ഈ സമയം ഉടലെടുത്തു. അപ്പോഴാണ് പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹൈസ്കൂളിലെ അധ്യാപികയായ സി. പെറ്റിറ്റ് സധൈര്യം മുമ്പോട്ട് വന്നത്. പകൽ മുഴുവൻ സ്‌കൂളിൽ പഠിപ്പിക്കണം. ഫിസിക്സ് അധ്യാപികയായതു കൊണ്ട് എല്ലാ കുട്ടികൾക്കും വേണ്ടത്ര പരിഗണന കൊടുക്കേണ്ട റിസ്‌ക്കും ഉണ്ട്. ഇതിനിടയിലാണ് ഈ ഒരു പ്രവർത്തനത്തിന് സിസ്റ്റർ തയ്യാറാകുന്നത്.

“തിരുനെല്ലിയും പയ്യമ്പള്ളിയും തമ്മിൽ നല്ല ദൂരമുണ്ട്. സ്‌കൂളിലെ ക്ലാസും ഊരിലെ ക്ലാസും എനിക്ക് പ്രധാനപ്പെട്ടതു തന്നെയായിരുന്നു. മുഴുവൻ സമയവും ഊരിൽ ചിലവഴിക്കാൻ സാധിക്കുകയില്ലാത്തതിനാൽ എല്ലാ ദിവസവും വൈകുന്നേരം ഞാൻ അവിടെ എത്തും. അവിടെ ‘സ്നേഹാലയം’ എന്ന പേരിൽ ഒരു പഠനശാല ആരംഭിച്ചു. രണ്ട് സിസ്റ്റേഴ്സ് അവിടെയുള്ളവരുടെ സേവനത്തിനായി സ്ഥിരമായുണ്ടായിരുന്നുവെങ്കിലും വൈകുന്നേരങ്ങളിൽ ഞാൻ ചെന്ന് കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു. രാത്രി വൈകുവോളം പഠനം തുടരുമായിരുന്നു. പിന്നീട് പുലർച്ചെ പയ്യമ്പള്ളിയിലേക്ക് തിരികെ. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും ഭക്ഷണവും വസ്ത്രവുമൊക്കെ നൽകിയിരുന്നതിനാൽ അവർക്കെല്ലാം പഠിക്കാൻ വരാൻ താൽപര്യമായിരുന്നു” – 73 വയസ്സുകാരിയായ സിസ്റ്റർ ഊരിലെ ആദ്യകാലങ്ങൾ ഓർമ്മിച്ചെടുക്കുകയാണ്.

ആദിവാസി ഊരുകളുടെ ഒരു പ്രത്യേകത എന്നത്, അവർ കൂട്ടമായിട്ടാണ് താമസിക്കുക. കച്ചി കൊണ്ടുള്ള കൊച്ചുകൊച്ചു വീടുകൾ. അവരുടെ കിടപ്പുമുറിയും അടുക്കളയും സ്വീകരണമുറിയുമെല്ലാം ഒന്നു തന്നെയാണ്. തങ്ങളുടെ കുട്ടികൾ പുസ്തകം വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ അവരുടെ മാതാപിതാക്കൾക്ക് വലിയ സന്തോഷവും അഭിമാനവുമൊക്കെ തോന്നിത്തുടങ്ങി. അതിനാൽ തന്നെ ഒരു അദ്ധ്യാപിക എന്നതിലുപരിയായി അവരുടെയൊക്കെ വലിയ സുഹൃത്തായി മാറുവാൻ സി. പെറ്റിറ്റിനു കഴിഞ്ഞു. കൂടാതെ പാവങ്ങളോട് അത്രമേൽ കരുണയും സ്നേഹവുമുണ്ടായിരുന്ന ആ സന്യാസിനിയെ സ്നേഹിക്കാതിരിക്കുവാൻ അവർക്കും കഴിഞ്ഞില്ല. അവരുടെ ഇടയിലെ ഒരാളെപ്പോലെയായിരുന്നു സിസ്റ്റർ അവർക്കിടയിൽ പ്രവർത്തിച്ചിരുന്നത്.

മാരിയുടെ വീട്ടിലെ അത്താഴം

ഊരുകളിൽ താമസിച്ചു പഠിപ്പിക്കുന്ന അവസരങ്ങൾ സിസ്റ്ററിനെ സംബന്ധിച്ചിടത്തോളം ആ മക്കളുടെ സ്നേഹം തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു. ഒരിക്കൽ മാരി എന്ന സ്ത്രീ സിസ്റ്ററിനെ അവരുടെ വീട്ടിലേയ്ക്ക് അത്താഴം കഴിക്കാൻ ക്ഷണിച്ചു. “ഒരു ആദിവാസിയുടെ വീട്ടിൽ ഭക്ഷണത്തിനു പോകുക എന്നത് ആദ്യം എനിക്ക് വലിയ വിഷമമുണ്ടാക്കി. എന്നാൽ പെട്ടന്നു തന്നെ എന്റെ മനസ്സിലേക്ക് ഒരു ചിന്ത കടന്നുവന്നു. നമ്മുടെ സഹോദരരിൽ ദൈവത്തെ കാണുകയാണ് വേണ്ടത്. അവിടെ അന്യമതസ്ഥരെന്നോ ആദിവാസിയെന്നോ ഇല്ല. രാത്രിയിൽ ഞാൻ മാരിയുടെ വീട്ടിലെത്തി. മാരി സന്തോഷപൂർവ്വം എന്നെ സ്വീകരിച്ചു. എനിക്കായി പാത്രത്തിൽ കഞ്ഞി വിളമ്പി. അവിടെ ആകെ ഒരു പാത്രമേ ഉണ്ടായിരുന്നുള്ളൂ. മാരിക്കും എന്റെ കൂടെ കഴിക്കാൻ ഒരാഗ്രഹം. ഒടുവിൽ മാരി തന്നെ ഒരു ഉപായം കണ്ടെത്തി. എന്റെ കൂടെ എനിക്ക് തന്ന പാത്രത്തിൽ നിന്ന് കഴിക്കുക എന്നത്. അങ്ങനെ അവൾ എന്റെ കൂടെ കഴിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടു പേരും ഒരു പാത്രത്തിൽ നിന്നും അത്താഴം കഴിച്ചു. ദിവ്യകാരുണ്യ ഈശോ എന്റെ മുമ്പിൽ ഇറങ്ങിവന്ന അനുഭവമായിരുന്നു ആ നിമിഷം എനിക്ക് ലഭിച്ചത്. ദൈവത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്ന ബോധ്യം അവിടുന്ന് നൽകുന്നു. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് അത്‌” – സിസ്റ്റർ സന്തോഷത്തോടെ പറഞ്ഞു.

കേരള സർക്കാരിനു മുമ്പേ വയനാട്ടിൽ ആരംഭിച്ച വയോജന വിദ്യാഭ്യാസം

തങ്ങളുടെ കുട്ടികൾ എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ തിരുനെല്ലിക്കാർക്ക് ഒരു ആഗ്രഹം, എന്തുകൊണ്ട് തങ്ങൾക്കും ഇതൊക്കെ പഠിച്ചുകൂടാ. അങ്ങനെ അവർ തങ്ങളുടെ ആവശ്യവുമായി അവരുടെ ‘ടീച്ചറിന്റെ’ അരികിലെത്തി. “അതോടെ ഞാൻ മുതിർന്നവർക്കും ക്ലാസുകൾ എടുത്തു തുടങ്ങി.

“മുതിർന്നവരെ പഠിപ്പിക്കുക എന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു. കാരണം കുട്ടികളെ പഠിപ്പിക്കുക താരതമ്യേന എളുപ്പമാണ്. എന്നാൽ മുതിർന്നവരായ ആളുകളെ അവരുടെ തനതുഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും മാനസിക നിലവാരത്തിൽ നിന്നും മാറ്റിയെടുക്കാൻ അൽപം പണിപ്പെടേണ്ടതായി വന്നു. പക്ഷേ അവരുടെ താൽപര്യത്തിനു മുമ്പിൽ എന്റെ മുന്നിലുണ്ടായിരുന്ന പ്രതിബന്ധങ്ങളെല്ലാം തീരെ ചെറുതാണെന്ന് എനിക്കു തോന്നി” – സിസ്റ്റർ വ്യക്തമാക്കി.

പ്രതിസന്ധികളെ തിരുനെല്ലിയിലെ പാപനാശിനിപ്പുഴയിൽ ഒഴുക്കിക്കൊണ്ട് കേരളത്തിലെ ആദ്യത്തെ അഡൾട്ട് എഡ്യൂക്കേഷൻ (മുതിർന്നവർക്കുള്ള വിദ്യാഭ്യാസം) ഇവിടെ ആരംഭിച്ചു. കേരള സർക്കാർ ഇത് ആരംഭിക്കുന്നത് 1988 -കളിലാണ്. 1990 -ലൊക്കെയാണ് അത് കേരളത്തിൽ കൂടുതൽ ശക്തമായത്. എന്നാൽ അതിനെക്കുറിച്ച് ചിന്ത പോലുമില്ലാതിരുന്ന 1978 -ൽ പിന്നോക്കജില്ലയായ വയനാട്ടിൽ അതും ആദിവാസികളുടെ ഇടയിൽ അഡൾട്ട് എഡ്യൂക്കേഷൻ ആരംഭിക്കാൻ കഴിയുക എന്നത് ഒരു അധ്യാപികയെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു നേട്ടമാണ്. പിന്നീട് അവരെല്ലാവരും തന്നെ തുടർവിദ്യാഭ്യാസം നേടി സർക്കാർ ജോലിക്കാരായി മാറി. നിരവധി കുട്ടികളാണ് ഇവിടെ നിന്ന് സർക്കാർ ജോലി കരസ്ഥമാക്കിയത്. പോസ്റ്റ് മാസ്റ്റർ ആയി വിരമിച്ച ഗിരിജയും സർക്കാരിന്റെ തേയില എസ്റ്റേറ്റ് ആയ പ്രിയദർശിനി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ചന്ദ്രികയും ആദിവാസികളുടെ ശബ്ദമായി മാറിയ നേതാവ് സി.കെ. ജാനുവും എല്ലാം പെറ്റിയമ്മയുടെ അനേകം ശിഷ്യരിൽ ചിലരാണ്.

കുട്ടികളുടെയും മുതിർന്നവരുടെയും വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഊരുമക്കൾക്ക് മനസിലായി. അവർ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിത്തുടങ്ങി. എന്നാൽ ചെറിയ കുട്ടികൾക്ക് വളരെയേറെ ദൂരം കാടിനുള്ളിൽ കൂടി സഞ്ചരിച്ച് വിദ്യാഭ്യാസം നടത്തുക എന്നത് അക്കാലത്ത് അത്ര സുരക്ഷിതമല്ലായിരുന്നു. കാട്ടുമൃഗങ്ങൾ ഏറെയുള്ള ഇവിടെ പകൽ പോലും ഇറങ്ങിനടക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. അതിനാൽ തന്നെ തിരുനെല്ലിയിൽ ഒരു സ്‌കൂൾ എന്നത് ആവശ്യമായി വന്നു. അതിനെ തുടർന്നാണ് സന്യാസ സഭയുടെ നേതൃത്വത്തിൽ അവിടെയൊരു യു.പി. സ്‌കൂൾ തുടങ്ങുന്നത്. ദാസൻ ചെട്ടി മെമ്മോറിയൽ അഥവാ ഡിസിഎം യു പി സ്‌കൂൾ എന്ന പേരിൽ അവിടെ ഒരു സ്‌കൂൾ ആരംഭിച്ചു. അപ്പപ്പാറ എന്ന സ്ഥലത്താണ് ഈ സ്‌കൂൾ ഉള്ളത്. തിരുനെല്ലിയിലെ ആദ്യത്തെ സ്‌കൂൾ അവിടെയുള്ള ആദിവാസികളുടെയും മറ്റു വിദ്യാദാഹികളുടെയും സ്വപ്നങ്ങൾക്ക് ഊടും പാവും നൽകി. ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ എയ്ഡഡ് സ്‌കൂൾ എസ്.എ.ബി.എസ്. സന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലാണ്.

30 വർഷത്തെ അധ്യാപനം; ആയിരക്കണക്കിന് ശിഷ്യർ

അധ്യാപനത്തെ രാവും പകലും ഒരുപോലെ ജീവിതത്തോട് ചേർത്തുവച്ച ഒരു സന്യാസിനി. 12 വർഷക്കാലം തുടർച്ചയായി പയ്യമ്പള്ളി സെന്റ് കാതറൈൻസ് സ്‌കൂളിലും പിന്നീടുള്ള 18 വർഷക്കാലം കണിയാരം സെന്റ് ജോസഫസ് ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു സിസ്റ്റർ പഠിപ്പിച്ചിരുന്നത്. ഈ കാലയളവ് കൊണ്ട് സിസ്റ്ററിനുണ്ടായ ശിഷ്യസമ്പത്ത് എന്നത് വളരെ വലുതാണ്.

ആയിരക്കണക്കിന് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയാണ് പെറ്റിയമ്മ. പഠിപ്പിക്കുന്ന ഏത് വിഷയവും കുട്ടികൾക്ക് മനസ്സിലായിരിക്കണം എന്ന് വലിയ നിർബന്ധമായിരുന്നു ഈ അധ്യാപികക്ക്. അന്നത്തെ കാലത്ത് വയനാട്ടിൽ ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബി എഡും ഒക്കെ നേടിയ വിരലിലെണ്ണാവുന്ന അധ്യാപകരിൽ ഒരാളായിരുന്നു സിസ്റ്റർ. സയൻസ് വിഷയമായതിനാൽ എല്ലാവർക്കും ഒരുപോലെ മനസ്സിലാകില്ല. അങ്ങനെയുള്ളവരെ പ്രത്യേകമായി കണ്ടുപിടിച്ച് അവർക്ക് ആവശ്യമായ സ്പെഷ്യൽ ക്ലാസ്സുകളൊക്കെ ഈ അമ്മ നൽകിയിരുന്നു. പഠിപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും ശോഭനമായ ഒരു ഭാവി ഉണ്ടാകണമെന്ന് ഈ അധ്യാപികക്ക് നിർബന്ധമുണ്ടായിരുന്നു. അമ്മ പഠിപ്പിച്ച നിരവധി വിദ്യാർത്ഥികൾ ഇന്ന് അധ്യാപകരായിട്ടുണ്ട്. വൈദികരും സന്യസ്തരും ആയിട്ടുണ്ട്. സാമൂഹ്യസേവകർ, ഉയർന്ന ഉദ്യോഗസ്ഥർ വയനാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സാന്നിദ്ധ്യമായിരിക്കുന്ന ബഹുമുഖ പ്രതിഭകൾ. അങ്ങനെ നീളുന്നു പെറ്റിയമ്മയുടെ ശിഷ്യസമ്പത്ത്.

ശിഷ്യർക്ക് പറയാനുള്ളത്

“പെറ്റിയമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ അമ്മ ഒരു നല്ല അധ്യാപികയാണ്. പണ്ടൊക്കെ അധ്യാപകർ വളരെ കർക്കശക്കാരായിരുന്നുവല്ലോ. അമ്മയും വളരെ ചിട്ടയുള്ള അധ്യാപികയായിരുന്നു. അക്കാലത്ത് പത്താം ക്ലാസിൽ ഫിസിക്സിന് തോറ്റു പോകുന്ന ആരും ഉണ്ടായിരുന്നില്ല. എല്ലാവർക്കും നല്ല മാർക്കായിരുന്നു ഉണ്ടായിരുന്നത്. അത്രയ്ക്ക് മികച്ച രീതിയിലുള്ള അധ്യാപനമായിരുന്നു ഈ അമ്മയുടേത്. പഠിച്ചില്ലെങ്കിൽ വഴക്കു പറയുമായിരുന്നെങ്കിലും എല്ലാ ദിവസവും കൃത്യമായി ചോദ്യം ചോദിക്കുകയും നന്നായി പഠിപ്പിക്കുകയും ചെയ്യുമായിരുന്ന അമ്മയെ ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു. തെറ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുവാനും അത് തിരുത്തിത്തരാനും അമ്മ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. അത് പിന്നീടുള്ള എന്റെ വൈദികജീവിതത്തിൽ വളരെയധികം മുതൽക്കൂട്ടായി” – പെറ്റിയമ്മയുടെ അധ്യാപനത്തെ ഓർമ്മിക്കുകയാണ് മാനന്തവാടി രൂപതാ വൈദികനായ ഫാ. പോൾ എടേകൊണ്ടാട്ട്. തങ്ങളുടെ അധ്യാപികയെ ശിഷ്യർ ഹൃദയത്തിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നത് അവരുടെ തന്നെ ജീവിതം കൊണ്ടാണെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്.

‘സിസ്റ്റേഴ്സ് ഓഫ് ദി ഡിവൈൻ സേവ്യർ’ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ ആയിരിക്കുന്ന സി. അനുഷ എസ്.ഡി.എസ് – നും പെറ്റിയമ്മയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. സിസ്റ്റർ പഠിച്ചുകൊണ്ടിരുന്ന കാലയളവിൽ അവർ ആയിരുന്ന ബാലഭവന്റെ ചുമതല സി. പെറ്റിറ്റിനായിരുന്നു. “അമ്മ ഞങ്ങളെ സ്‌കൂളിൽ പഠിപ്പിച്ചിട്ടില്ലെന്നേയുള്ളൂ. പക്ഷേ ജീവിതത്തിലേക്കാവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങളെ അമ്മ പഠിപ്പിച്ചുതന്നിരുന്നു. ഓരോരുത്തർക്കും അവർക്കാവശ്യമുള്ളതെന്താണോ അത് കണ്ടറിഞ്ഞു നൽകുവാൻ വളരെയധികം അമ്മ ശ്രമിച്ചിരുന്നു. എന്റെ ദൈവവിളിയിൽ വലിയൊരു മാതൃകയായി നിലകൊള്ളുന്നത് പെറ്റിയമ്മയാണ്. ഒരു സന്യാസിനി എന്ന നിലയിലും ഒരു അദ്ധ്യാപിക എന്ന നിലയിലും അമ്മ ഞങ്ങൾക്ക് മുൻപിൽ ഒരു റോൾ മോഡൽ തന്നെയായിരുന്നു” – സി. അനുഷ പറയുകയാണ്. അതിരാവിലെ ഉണർന്നു പ്രാർത്ഥിച്ച് യേശുവിൽ നിന്നു ലഭിക്കുന്ന ആ സ്നേഹത്തിൽ നിന്നും പ്രകാശത്തിൽ നിന്നുമാണ് അമ്മ തന്റെ ശുശ്രൂഷകൾ ചെയ്തിരുന്നത്.

“ബന്ധങ്ങൾക്കും അമ്മ വളരെയധികം വില നൽകുന്നുണ്ട്. എന്തു വന്നാലും ദൈവം നോക്കിക്കൊള്ളും എന്ന ബോധ്യമാണ് ഈ സന്യാസിനിയുടെ ധൈര്യം. അതുകൊണ്ടു തന്നെ അമ്മ എപ്പോഴും സ്ട്രോങ്ങ് ആയിരുന്നു” – സി. അനുഷയ്ക്ക് പെറ്റിയമ്മയെക്കുറിച്ച് എന്നും നല്ല ഓർമ്മകൾ മാത്രമാണുള്ളത്.

അമ്മയെക്കുറിച്ച് സംസാരിച്ച എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ മറ്റൊരു കാര്യമാണ് അമ്മയുടെ സത്യസന്ധമായ അധ്യാപനജീവിതം. എത്ര പ്രതിസന്ധികളിലൂടെ കടന്നുപോയാലും സത്യം, നീതി എന്നിവയ്ക്കു വേണ്ടി വളരെ ശക്തമായി പെറ്റിയമ്മ വാദിച്ചിരുന്നു.

വിരമിച്ചതിനു ശേഷവും സേവനം

2004 -ൽ തന്റെ 30 വർഷത്തെ സേവനത്തിനു ശേഷം സിസ്റ്റർ വിരമിച്ചെങ്കിലും ഈ അധ്യാപിക കർമ്മനിരതയാണ്. വായനാട്ടിലെ കമ്മ്യൂണിറ്റി റേഡിയോ ആയ റേഡിയോ മാറ്റൊലിയുടെ പേര് നിർദ്ദേശിച്ചതും പെറ്റിയമ്മ തന്നെയാണ്. സദ്ചിന്തനം, വനിതാ മാറ്റൊലി, കുടുംബവേദി എന്നീ പരിപാടികൾ സ്ഥിരമായി ചെയ്തുവരികയായിരുന്നു അമ്മ. കോവിഡ് കാലം ആരംഭിച്ചതിനു ശേഷം മഠത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.

അഞ്ചു സഹോദരർ, അഞ്ചു പേരും അധ്യാപികമാർ

സിസ്റ്ററിന്റേത് ഒരു അധ്യാപക കുടുംബം ആണെന്ന് നമുക്ക് പറയാൻ സാധിക്കും. ആറാട്ടുതറ ആര്യപ്പളളിൽ പരേതരായ മാണി – മറിയം ദമ്പതികൾക്ക് അഞ്ച് പെണ്മക്കളാണുള്ളത്. അവർ അഞ്ചു പേരും അധ്യാപികമാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും മൂത്ത മകളാണ് സി. പെറ്റിറ്റ് തെരേസ്. രണ്ടാമത്തെ സഹോദരി സി. ആനി. അധ്യാപികയായ ആനി സിസ്റ്ററും SABS സന്യാസ സഭയിൽ തന്നെയാണ് അംഗമായിരിക്കുന്നത്. പിന്നീടുള്ള കൊച്ചുറാണി, അൽഫോൻസാ, ഗ്രെറ്റി എന്നീ സഹോദരിമാരും അധ്യാപികമാർ തന്നെ.

ശിഷ്യരുടെ ഹൃദയം നേടുക എന്നത് അധ്യാപകരെ സംബന്ധിച്ച് വളരെ വലിയ ഒരു നേട്ടമാണ്. ഒരു ആയുസ്സ് കൊണ്ട് സി. പെറ്റിറ്റ് തെരേസ് എന്ന അധ്യാപിക തന്റെ സ്നേഹപൂർണ്ണമായ സേവനം കൊണ്ട് നേടിയെടുത്തത് ആയിരക്കണക്കിന് ഹൃദയങ്ങളെയാണ്. ഒരു ജീവിതം കൊണ്ട് ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക എന്നത് എല്ലാക്കാലത്തും ഇതിഹാസങ്ങൾക്കു മാത്രം സാധിക്കുന്ന കാര്യമാണ്. പെറ്റിയമ്മയും ഒരു ഇതിഹാസമാണ്. നിരവധി കുഞ്ഞുങ്ങളെ വിദ്യയാകുന്ന പ്രകാശത്തിലേക്ക് നയിക്കുന്ന എല്ലാ അധ്യാപകരും ഓരോ ഇതിഹാസങ്ങൾ തന്നെയാണ്.

അറിവിന്റെ നിറവായിരിക്കുന്ന എല്ലാ അധ്യാപകർക്കും ലൈഫ് ഡേ -യുടെ അധ്യാപക ദിനാശംസകൾ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. ഈ സുദിനത്തിൽ മഹത്തായ മാതൃകയും പ്രചോദനവും ആണ്., സ്നേഹപൂർവ്വം അധ്യാപകദിനാശംസകൾ 🌹🌹🌹❤

  2. ഈ അദ്ധ്യാപക സുദിനത്തിൽ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന പെററിയമ്മയുടെ അദ്ധ്യാപക ജീവിതം മലയാളികളായ എല്ലാ അദ്ധ്വാ പകർക്കും ഒരു പ്രചോദനം ആകട്ടെ ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് പരിജയെ പെടുത്തിയെെ എഴുത്തുകാരിക്കും ലൈഫ് െഡെ ക്കും അഭിനന്ദനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.