തടവുകാർക്ക് സാന്ത്വനമാകുന്ന സമർപ്പിതര്‍

സി. സൗമ്യ DSHJ

“എന്താ സിസ്റ്റർ, ഈയാഴ്ച്ച ഞങ്ങളുടെ അടുത്ത് വരാതിരുന്നത്?” – ഒരാഴ്ച തങ്ങളെ കാണുവാൻ വരാതിരുന്നാൽ തിരുവനന്തപുരത്തെ ജയിലുകളിലുള്ളവർ സി. ബീനയോട് ചോദിക്കുന്ന ചോദ്യമാണ്. സിസ്റ്റർ കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ആഴ്ചയിലും ഇവരെ സന്ദർശിക്കുന്നു. ജയിൽ മിനിസ്ട്രിയുടെ ഭാഗമായി നടത്തുന്ന ഈ സന്ദർശനങ്ങൾ ലോകം കുറ്റവാളികൾ എന്ന് മുദ്രകുത്തി മാറ്റിനിറുത്തുന്ന തടവുകാരെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട്. സവീന സിസ്റ്റേഴ്സ് എന്നും അറിയപ്പെടുന്ന സിസ്റ്റേഴ്സ് ഓഫ് ദി പുവർ ഓഫ് സെൻറ് കാതറിൻ ഓഫ് സിയന്ന എന്ന SDP കോൺഗ്രിഗേഷനിലെ അംഗമായ സി. ബീന തെക്കൻ തന്റെ ജയിൽ മിനിസ്ട്രി അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. സി. ബീനയോടൊപ്പം ഇതേ സന്യാസിനീ സഭയിലെ സി. റോസ്, സി. ക്ലാര, സി. സൗമ്യ എന്നിവരും മൂന്ന് വർഷമായി സ്നേഹാശ്രമത്തിൽ ശുശ്രൂഷ ചെയ്യുന്നു.

ജയിൽ മോചിതർക്ക് ആശ്രയമായ ‘സ്നേഹാശ്രമം’

കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റി എന്ന സംഘടനയുടെ ഭാഗമായി കേരളത്തിലെ ജയിലുകളിൽ നിന്നും മോചിതരാകുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ത്രീകൾക്ക് വേണ്ടിയുള്ള സ്ഥാപനവും തൃശൂരിൽ പുരുഷന്മാർക്കും. അങ്ങനെ വൈദികരും സിസ്റ്റേഴ്സും അൽമായരുമടങ്ങുന്ന ഈ സംഘടനയിലുള്ള വോളന്റിയേഴ്‌സ് കേരളത്തിലെ അമ്പത്തഞ്ചോളം ജയിലുകളിൽ സേവനം ചെയ്തുവരുന്നു. ജയിൽ വിമോചിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു റിഹാബിലിറ്റേഷൻ സെന്ററാണ് തിരുവനന്തപുരം മൺവിളയിലുള്ള ‘സ്നേഹാശ്രമം’. ആരുമില്ലാത്ത പെൺകുട്ടികൾക്കും ആശ്രയമാണ് ഈ ഭവനം.

ഓരോ ജില്ലയിലും ജയിൽ ശുശ്രൂഷകൾ ഓരോ സോൺ ആയി തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം ഉള്ളത് എട്ട് ജയിലുകളാണ്. ഈ ഒൻപത് ജയിലുകളും ഇവർ സന്ദർശിക്കും. ജയിലിൽ കഴിയുന്നവർക്ക് വേണ്ടി കുർബാന, കുമ്പസാരം, കൗൺസലിംഗ്, വചന ക്ലാസുകൾ എന്നിവ നൽകി വരുന്നു. ജയിലുകളിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിക്കാനും അവരുടെ മക്കൾക്കോ കുടുംബാംഗങ്ങൾക്കോ വേണ്ട സഹായം നൽകാനും ഇവർ പരിശ്രമിക്കുന്നു. സാമ്പത്തിക സഹായം മാത്രമല്ല, മാനസികമായ സപ്പോർട്ടും ഇവർക്ക് ലഭ്യമാണ്. ജയിലുകളിൽ കഴിയുന്നവരുടെ മക്കളെ സ്നേഹാശ്രമം റിഹാബിലിറ്റേഷൻ സെന്ററിൽ കൊണ്ടുവന്നു അവർക്ക് ഒരാഴ്ചത്തെ ക്ലാസ് കൊടുക്കുകയും അവർക്ക് ഒരു സ്‌കൂൾ കിറ്റ് നൽകുകയും ചെയ്യുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളാണ് ഈ ക്യാമ്പിൽ സംബന്ധിക്കുന്നത്.

സ്നേഹാശ്രമത്തിൽ ജയിൽ മോചിതരായിട്ടുള്ളവർ മാത്രമല്ല ഉള്ളത്. റയിൽവേ സ്റ്റേഷനിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പെൺകുട്ടികളും ആരോരും ഇല്ലാത്തവരും പോലീസ് തന്നെ നേരിട്ട് ഈ സെന്ററിൽ കൊണ്ടുവന്നാക്കുന്നവരും ഇവിടെയുണ്ട്. സിസ്റ്റർ ബീനയും മറ്റ് മൂന്ന് സിസ്റ്റേഴ്സും ഇവരുടെ കൂടെയാണ് താമസിക്കുന്നത്. ധാർമ്മിക മൂല്യങ്ങൾ സംബന്ധിച്ച ക്ലാസുകളും ഇവർക്ക് നൽകുന്നു. കൂടാതെ ഇവരെ സ്വയം പര്യാപ്തരാക്കുക എന്ന വലിയ ഉത്തരവാദിത്വവും ഈ സെന്ററിൽ നിന്നും ക്രമീകരിക്കുന്നു. അതിനായി തയ്യൽ പരിശീലനവും ക്ലിപ്പ് നിർമ്മാണവും, വളർത്തു മൃഗങ്ങളെ പരിപാലിക്കൽ, ഗാർഡനിംഗ്, കൃഷിപ്പണി, പാചകം എന്നിങ്ങനെ ഒരു വീട്ടിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർ ചെയ്യുന്നുണ്ട്.

പല സാഹചര്യങ്ങളിൽ നിന്നും വരുന്നവർ ആയതിനാൽ തുടക്കത്തിൽ ഇവരെ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം അടുക്കും ചിട്ടയും നിറഞ്ഞ ജീവിതക്രമങ്ങൾ പാലിക്കുവാൻ ഇവർക്ക് വിഷമമാണ്. പതിയെ അതൊരു ശീലമായി കഴിയുമ്പോൾ പിന്നെ എളുപ്പമാണ്. പ്രാർത്ഥനകളിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവരും സംബന്ധിക്കുന്നു. ജപമാല, കുർബാന എന്നിവയിലും ജയിലിൽ കഴിയുന്നവർക്ക് വേണ്ടി എല്ലാ ദിവസവും നടത്തുന്ന ആരാധനയിലും ഇവർ ഭാഗഭാക്കാകുന്നു. പ്രാർത്ഥിക്കാൻ ആരെയും നിർബന്ധിക്കാറില്ല. എങ്കിലും എല്ലാവരും പള്ളിയിൽ വരും. ഈ സ്ഥാപനത്തിൽ ആറു മാസത്തെ പരിശീലനം ആണ് കൊടുക്കുന്നത്. എന്നാൽ, ചിലർക്ക് മുൻപോട്ട് ജീവിക്കാൻ യാതൊരു സാഹചര്യവും ഇല്ലാത്ത അവസ്ഥയാണെങ്കിൽ കുറച്ചുനാൾ കൂടി അവർ സ്നേഹാശ്രമത്തിൽ തന്നെ തുടരും.

അൻപതോളം കുട്ടികളെ ഇവിടെ നിന്നും വിവാഹം നടത്തി വിട്ടിട്ടുണ്ട്. മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവര്‍ ആണെങ്കിൽ മാത്രമേ, അവരുടെ വിവാഹം നടത്തുകയുള്ളൂ. അല്ലാത്തവർക്ക് ജോലിക്കുള്ള സാഹചര്യങ്ങൾ കണ്ടെത്തി നൽകും. അങ്ങനെ ലഭിക്കുന്ന ശമ്പളം അവരുടെ പേരിൽ തന്നെ ബാങ്കിൽ നിക്ഷേപിക്കും. സ്നേഹാശ്രമത്തിൽ നിന്നും വന്ന് പോകുവാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കും.

ഈ സ്ഥാപനം ആരംഭിച്ചിട്ട് 29 വർഷമായി. ഗവണ്മെന്റ് സഹായമോ വിദേശ സഹായമോ ഈ സ്ഥാപനത്തിന് ലഭിക്കുന്നില്ല. തിരുവനന്തപുരത്ത് തന്നെയുള്ള ആളുകളുടെ സഹായം കൊണ്ടാണ് ഈ സ്ഥാപനം നിലനിന്ന് പോകുന്നത്. ധാരാളം പേർ പലവിധത്തിലും സഹായിക്കാറുണ്ട് ഇവരെ. ഭക്ഷണ സാധനങ്ങളായും പണമായും നിർദ്ധനരായവരെ വിവാഹത്തിന് സഹായിക്കാനും ഇവിടയുള്ള നാട്ടുകാർ സഹായഹസ്തമായി കൂടെ നിൽക്കുന്നു. എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച ഈ സ്ഥാപനത്തിൽ ജയിൽ വോളന്റിയേഴ്‌സിന്റെ പ്രത്യേക പ്രാർത്ഥനയും വിലയിരുത്തലും മീറ്റിങ്ങും ഉണ്ട്.

തടവുകാരുടെ ഇടയിലെ സ്നേഹ സാന്നിധ്യം

ജയിൽ മിനിസ്ട്രയിൽ പങ്കുചേരുക എന്നത് ഈ സന്യാസിനിയെ സംബന്ധിച്ചിടത്തോളം വളരെ നാളത്തെ ആഗ്രഹമായിരുന്നു. ആഴ്ചയിൽ ഒന്ന് ജയിലുകളിൽ സന്ദർശനം നടത്തുമ്പോൾ അവിടെയുള്ളവർ ഇവരെ കാത്തിരിക്കുന്ന അനുഭവമാണ് സിസ്റ്റർ ബീനയ്ക്ക് പറയാനുള്ളത്. അഞ്ചോ ആറോ പേരുള്ള അൽമായർ അടങ്ങുന്ന ഒരു ഗ്രൂപ്പായിട്ടാണ് ഇവർ സന്ദർശനം നടത്തുന്നത്. ജയിലിൽ കയറുന്നതിന് മുൻപായി ഒന്നിച്ചു കൂടി പ്രാർത്ഥിക്കും. അതിനുശേഷം കുർബാന, കുമ്പസാരം, ക്ലാസ്, കൗൺസലിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഇവർ ചെയ്ത കൊടുക്കുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ 1300 -ഓളം തടവുകാരുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജയിലാണിത്. അവിടെ ഓരോ മത വിഭാഗത്തിനും പ്രാർത്ഥിക്കുവാൻ അവരുടേതായ ഹാളുകൾ ഉണ്ട്. ഒരുപാട് പ്രശ്‌നക്കാരായ ആളുകളെ പ്രാർത്ഥനയ്ക്കായി കൊണ്ടുവരില്ല. ബാക്കിയുള്ളവർ വളരെ താത്പര്യത്തോടെയാണ് പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കെടുക്കുന്നത്. സിസ്റ്റർമാർ ചെല്ലുവാൻ കാത്തിരിക്കുന്നവർ ആണ് മിക്കവരും. സെൻട്രൽ ജയിലിൽ കുറച്ചും കൂടി സമയം ലഭിക്കും.

“ചിലർ പ്രത്യേക സാഹചര്യത്തിന്റെ പേരിൽ കുറ്റകൃത്യം ചെയ്തവർ ആകാം. അവർക്കൊന്നും ഇപ്പോഴും ആ വേദനയിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല. നമ്മളെ കാണുമ്പോൾ പലരും പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്. ജയിലിലുള്ളവരെ കാണുവാനുള്ള ദിവസം വരാൻ ശരിക്കും ആഗ്രഹിച്ചാണ് ഇരിക്കുന്നത്. കാരണം അവരും അങ്ങനെ തന്നെയാണ് എന്നതുതന്നെ. ഒരാഴ്ച മുടക്കം വന്നാൽ അവർ അന്വേഷിക്കും. ‘എന്താ, സിസ്റ്റർ വരാതിരുന്നത്. ഞങ്ങൾ അന്വേഷിച്ചായിരുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ട്. കുർബാന കഴിയുമ്പോൾ ഇടിച്ചുകയറിയാണ് നമ്മോട് സംസാരിക്കാൻ ഇവർ ഓടിയെത്തുന്നത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് അവർ ഇപ്പോൾ. പിന്നെ, ഇവരുടെ കുടുംബത്തെയും അറിയാം” – സിസ്റ്റർ ബീന പറയുന്നു.

മറ്റുള്ളവരുടെ മുൻപിൽ യാചിക്കാൻ പഠിപ്പിച്ച അനുഭവങ്ങൾ

ജയിലിലുള്ളവരുടെ വീട്ടിലെ അവസ്ഥ അറിയുമ്പോൾ അവരെ സഹായിക്കാനും അവരോട് സംസാരിക്കാനുമുള്ള താത്പര്യവും ഉണ്ടാകും. കാരണം, ചിലപ്പോൾ വാടക വീട്ടിൽ താമസിക്കുന്നവർ ആകാം, ഭാര്യ രോഗി ആയിരിക്കാം, ചെറിയ കുട്ടികൾ ഉണ്ടാകാം. ഇങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങൾ. സ്നേഹാശ്രമം തന്നെ പലരുടെയും സഹായംകൊണ്ടാണ് മുൻപോട്ട് പോകുന്നത്. അതിനാൽ അവിടെ നിന്നും ഇവരെ സഹായിക്കാൻ സാധിക്കുകയില്ല. ജയിലിൽ ഉള്ളവരുടെ വീടുകളിലെ അവസ്ഥ കണ്ടുകൊണ്ട് സഹായത്തിനായി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടാൻ ഞാൻ പഠിച്ചുവെന്ന് സി. ബീന പറയുന്നു. കാരണം, സ്വന്തം അഭിമാനത്തേക്കാൾ വലുതാണ് അവരുടെ അത്യാവശ്യങ്ങൾ എന്ന് ഈ സന്യാസിനിക്ക് നന്നായിട്ടറിയാം. മക്കളുടെ ഫീസ് അടയ്ക്കുന്ന അവസരമാകുമ്പോൾ അവരുടെ ഭാവിയോർത്ത് കരയുന്നവർ ഉണ്ട്. അതൊക്കെ കാണുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ യാചിച്ചും കൈ നീട്ടിയും അവരെ സഹായിക്കാൻ മടിയും നാണവും തോന്നാറില്ല ഈ സിസ്റ്ററിന്. മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനയായി ഏറ്റെടുക്കുവാൻ സിസ്റ്ററിനാവുന്നു. ജാതി മത വ്യത്യസങ്ങളോ അതിരുകളോ വേർതിരിവുകളോ ഇല്ലാതെയാണ് ഇവരുടെ പ്രവർത്തനം.

പ്രാർത്ഥനയ്ക്ക് എത്തുന്നവരിൽ മിക്കവരും മറ്റ് മതസ്ഥരാണെങ്കിലും അവർ വളരെ താത്പര്യത്തോടെ അതിൽ പങ്കുചേരുന്നു. മാത്രമല്ല, കൊടുക്കുന്ന ക്ലാസുകളിൽ അവരെ സ്പർശിക്കുന്ന കാര്യങ്ങൾ വരുമ്പോൾ അത് കേട്ട് പൊട്ടിക്കരയുന്നവർ പോലും ഇവരുടെ ഇടയിലുണ്ട്. മനസ്താപം കൊണ്ട് ഹൃദയം നുറുങ്ങി കരഞ്ഞു പ്രാർത്ഥിക്കുന്നവരും കുറവല്ല. അത് കാണുമ്പോൾ അതിശയിച്ചിട്ട് പോയിട്ടുണ്ട് എന്ന് ഈ സന്യാസിനി വെളിപ്പെടുത്തുന്നു.

സ്നേഹാശ്രമത്തിൽ ചിലപ്പോൾ പ്രശ്നക്കാരായിട്ടുള്ളവരും മാനസിക ദൗർബല്യമുള്ളവരും ഒക്കെ വരാറുണ്ട്. പോലീസുകാർ രാത്രി രണ്ടു മണിക്കും മൂന്ന് മണിക്കുമൊക്കെ ആളുകളെ എത്തിക്കാറുമുണ്ട്. രാത്രി ഉറങ്ങാതെ പിറ്റേദിവസം ക്ഷീണത്തോടെ ജയിലില്‍ ചെന്നാലും ഇവരോട് സംസാരിക്കുമ്പോൾ സിസ്റ്ററിന് യാതൊരു ക്ഷീണവും അനുഭവപ്പെടാറില്ല.

ജയിലിലുള്ളവർ ആണെങ്കിലും ഇവർ വളരെ നല്ല മനുഷ്യർ

കുറ്റകൃത്യങ്ങൾ ചെയ്ത് ജയിലിൽ അകപ്പെട്ടവർ ആണെങ്കിലും വളരെ നല്ലവരായ മനുഷ്യരും ഇവരുടെ ഇടയിൽ ഉണ്ട്. കാരണം, സാഹചര്യങ്ങളും പ്രായത്തിന്റെ അപക്വതയും ആണ് പലരെയും കുറ്റക്കാരാക്കി മാറ്റുന്നത്. എന്നാൽ, ജയിലിൽ വന്നതിന് ശേഷം വളരെ നന്നായി ജീവിക്കുന്നവരും ഇവരുടെ ഇടയിൽ ഉണ്ട്. ചിലരുടെ കുടുംബത്തോടുള്ള ബന്ധവും ജീവിതപങ്കാളിയിൽ നിന്നുള്ള സ്നേഹവും കരുതലും പലപ്പോഴും നമ്മെ അതിശയപ്പെടുത്തും എന്ന് സിസ്റ്റർ പറയുന്നു. അതിന് മാതൃകയായ ഒരു സംഭവവും സിസ്റ്റർ വെളിപ്പെടുത്തി.

വളരെ ചെറുപ്പക്കാരനായ ഒരു യുവാവ് ഉണ്ട്. അവൻ പ്രാർത്ഥനയിലും കുമ്പസാരത്തിലുമൊക്കെ കരഞ്ഞു പ്രാർത്ഥിക്കുകയും വളരെ താത്പര്യപൂർവ്വം പങ്കുചേരുകയും ചെയ്യാറുള്ളത് സിസ്റ്ററിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം ഒരു കൊലക്കേസിൽ പ്രതിയാണ്. പ്രായത്തിന്റെ അപക്വതയിൽ ആളുമാറി കൊലപ്പെടുത്തിയതാണ്. കൊലക്കേസിൽ പ്രതിയാണെന്ന് അറിഞ്ഞു ജയിലിൽ പോയ ശേഷമായിരുന്നു സ്നേഹിച്ചിരുന്ന പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മൂന്ന് വർഷമായി ഇവർക്ക് മക്കളില്ലായിരുന്നു. അതിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന അവൻ സിസ്റ്ററിനോട് പ്രാർത്ഥന ചോദിച്ചു. അനുതപിച്ചു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും എന്ന് സിസ്റ്റർ പറഞ്ഞു കൊടുത്തു. അന്ന് മുതൽ ആ യുവാവ് കരഞ്ഞു പ്രാർത്ഥിക്കും. ഭാര്യയോടും പ്രാർത്ഥിക്കാനും ബൈബിൾ മുഴുവൻ വായിക്കാനും രണ്ടുപേരോടും സിസ്റ്റർ പറഞ്ഞു. അടുത്തപ്രാവശ്യം പരോളിന് പോയി വന്ന ശേഷം താമസിയാതെ ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞു. അത് ആ ചെറുപ്പക്കാരന്റെ വിശ്വാസം വർദ്ധിപ്പിക്കുകയും, പ്രാർത്ഥന കൂടുതല്‍ തീക്ഷ്ണതയോടെ തുടരാന്‍ സഹായിക്കുകയും ചെയ്തു. ഇന്നും മുടങ്ങാതെ രണ്ടുപേരും ബൈബിൾ വായിക്കുന്നുണ്ട്. മാത്രമല്ല, ഫോൺ വിളിക്കുമ്പോൾ വായിച്ചത് എവിടംവരെ എന്ന് പരസ്പരം പങ്കുവെയ്ക്കുന്നു. ആ ഭാര്യ, ജോലി കഴിഞ്ഞു വരുവാൻ കാത്തിരിക്കുന്ന പോലെയാണ് തന്റെ ഭർത്താവിനെ കാത്തിരിക്കുന്നത് എന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.

ചാലക്കുടിയിലാണ് സി. ബീനയുടെ വീട്. മുൻപ് അനാഥാലയങ്ങളും എയിഡ്‌സ് സെന്ററും ഒക്കെയായിരുന്നു സി. ബീനയുടെ പ്രവർത്തന മണ്ഡലം. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിൽ താൽപര്യമുള്ളതിനാലാണ് സിസ്റ്റർ സോഷ്യൽ വർക്ക് മേഖല തിരഞ്ഞെടുത്തത് തന്നെ.

സിയന്നായിലെ വി. കത്രീനയുടെ സാധുജന സഹോദരിമാർ (SDP): ആരംഭവും ചൈതന്യവും

ഇറ്റലിയിലെ സിയന്നാ നഗരത്തിലാണ് സിയന്നായിലെ വി. കത്രീനയുടെ സാധുജന സഹോദരിമാർ (SDP) എന്ന സന്യാസിനീ സഭയുടെ ആരംഭം. സിയെന്നായിലെ വി. കത്രീന ജീവിച്ച അതേ നഗരത്തിൽ ജനിച്ചു വളർന്ന വാഴ്ത്തപ്പെട്ട സവീന പെത്രീല്ലിയാൽ 1873 സെപ്റ്റംബർ ഏഴിന് ഈ സന്യാസിനീ സഭ സ്ഥാപിതമായി. മദർ സവീന അറിയപ്പെട്ടിരുന്നത് ‘പാവങ്ങളുടെ അമ്മ’ എന്ന പേരിലാണ്. 1906 ജൂൺ 17- ന് ഒൻപതാം പീയൂസ് പാപ്പാ ഈ സന്യാസിനീ സഭയ്ക്ക് പൊന്തിഫിക്കൽ പദവി നൽകി. ഒരേസമയം പുരോഹിതനും ബലിവസ്തുവുമായ ഈശോയെ അനുകരിക്കുക എന്നതാണ് ഈ സന്യാസിനീ സഭയുടെ സിദ്ധി. തന്റെ ആഴമായ ദൈവാനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ പ്രേഷിത ചൈതന്യത്തോടെ മദർ സവീന ഈ സമർപ്പിത സമൂഹത്തെ നയിച്ചു. വിശുദ്ധ ജോൺ പോൾ പാപ്പാ മദർ സവീനയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.

ഈ സന്യാസിനീ സഭയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അതിവേഗം ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലും ബ്രസീൽ, അർജന്റീന, ഫിലിപ്പീൻസ്, പരാഗ്വേ, ഇക്വഡോർ, ഇന്ത്യ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ ഈ സന്യാസിനീ സഭയുടെ ആദ്യത്തെ സ്ഥാപനം 1979 -ൽ എറണാകുളത്ത് ആരംഭിച്ചു. കേരളം, കർണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ജർമ്മനിയിലും വിദ്യാഭ്യാസം, ആതുര സേവനം, സാമൂഹ്യ സേവനം, ജയിൽ ശുശ്രൂഷ, യുവജന രൂപീകരണം, ഇടവക പ്രവർത്തനങ്ങൾ എന്നീ ശുശ്രൂഷാ മേഖലകളിലൂടെ മുന്നേറുന്നു. ഇന്നും തുടരുന്ന ഇവരുടെ പ്രേഷിത പ്രവർത്തനങ്ങൾ നാനാജാതി മതസ്ഥരായ അനേകർക്ക് യേശുവിന്റെ സ്നേഹ സാമിപ്യമായി മാറുന്നു.

സി. സൗമ്യ DSHJ

2 COMMENTS

  1. ഇനിയുംനൂറ് വർഷം കൂടി ഇതേ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.