ഒരു സ്വർഗ്ഗീയ കിരീടധാരണം: പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗറാണി പദവിയുടെ ഒരു നവീന കഥാവിഷ്കാരം 

നേരം എതാണ്ട് ഉച്ച കഴിഞ്ഞിരുന്നു. പെട്ടന്ന് ദൈവപിതാവിന്റെ ഓഫീസിൽ നിന്നും ഒരു മണിനാദം മുഴങ്ങി. എന്തെങ്കിലും വലിയ അറിയിപ്പുകൾ നല്കാനാണ് ഈ സമയങ്ങളിൽ മണി മുഴങ്ങാറുള്ളത്. സ്വർഗ്ഗവാസികളെല്ലാവരും അങ്ങോട്ടേയ്ക്ക് ഓടി. അവിടെ സ്വർഗ്ഗസിംഹാസനത്തിൽ പിതാവായ ദൈവം ഉപവിഷ്ടനായിരിക്കുന്നു.

അദ്ദേഹം ഇപ്രകാരം അറിയിച്ചു: “നാം സ്വർഗ്ഗത്തില്‍ ഒരു തെരെഞ്ഞെടുപ്പ് നടത്തുവാൻ  തീരുമാനിച്ചു. ‘ധീരവനിതാ പട്ടം.’ വിജയി ആകുന്ന വനിതയ്ക്ക് നാം സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിപദം നല്കുന്നതായിരിക്കും. ഭൂമിയിൽ നിന്ന് ഇവിടെയെത്തിയ വനിതകളെ മാത്രമേമെ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. മാത്രമല്ല, ഇവർ ഭൂമിയിൽ ചെയ്ത ധീരതകൾ നമുക്ക് ബോധ്യപ്പെടുംവിധം തയ്യാറാക്കി ബോധിപ്പിക്കാൻ മാലാഖഗണത്തിനെ നാം നിയോഗിക്കുന്നു. ഇതാനായി നിങ്ങൾക്ക് നമ്മുടെ സ്വർഗ്ഗീയ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ സുകൃതപുണ്യ പുസ്തകം ഉപയോഗിക്കാം. കൂടാതെ, ഭൂമിയിൽ പോയി ഇപ്പോഴത്തെ ഇവരുടെ നിലവാരത്തെക്കുറിച്ച് അന്വേഷണവുമാകാം.

ഇന്നു മുതൽ 7-ാം നാൾ, ഇതേ സമയം ഇവിടെ നാം എത്തുന്നതിനു രണ്ടു നാൾ മുമ്പ് സ്വർഗ്ഗീയ കമ്മീഷന്റെ മുമ്പാകെ നിങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ, അർഹയായ വനിതയെ  പ്രർത്ഥനാനിർഭരമായ പഠനത്തിലൂടെ തെരഞ്ഞെടുക്കുന്നതായിരിക്കും. 7-ാം നാൾ നാമും നമ്മുടെ പുത്രനും കൂടെ നിങ്ങളുടെ സാന്നിധ്യത്തിൽ ധീരവനിതാ പട്ടത്തിന് അർഹയായവളെ കീരിടം അണിയിക്കുന്നതായിരിക്കും.”

ഉടൻ തന്നെ മാലഖമാർ തങ്ങളുടെ പ്രിയപുണ്യാത്മാക്കളായ വനിതകളുടെ ധീര-വീരകൃത്യങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പുറപ്പെട്ടു. ചിലർ ഭൂമിയിലേയ്ക്ക്, ചിലർ സ്വർഗ്ഗീയ വായനശാലയിലേയ്ക്ക്. അങ്ങനെ കാത്തിരുന്ന ആ സമയം വന്നു. സ്വർഗ്ഗവാസികളെല്ലാവരും പിതാവായ ദൈവത്തിന്റെ മുമ്പിൽ അണിനിരന്നു. എല്ലാവരുടെയും മുഖത്ത് ഒരു ചോദ്യഭാവം ഉണ്ടായിരുന്നു. ആ ധീരവനിത ആരാണ്?

പിതാവായ ദൈവം എല്ലാവരോടുമായി പറഞ്ഞു: “മാലാഖമാരെ ഞാൻ ഏല്‍പിച്ച ജോലി എല്ലാവരും 100 % വിശ്വസ്തതയോടെ നിറവേറ്റി. എല്ലവർക്കും അഭിനന്ദനങ്ങൾ. സ്വർഗ്ഗീയ കൗൺസലിന്റെ മുമ്പിൽ സമർപ്പിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മഹത്വമേറിയതും ധീരത നിറഞ്ഞതുമായ റിപ്പോർട്ട് ഗബ്രിയേൽ മാലാഖ സമർപ്പിച്ചതാണ്. ആ റിപ്പോർട്ട് ഈ സഭയിൽ അവതരിപ്പിക്കാൻ നാം ഗബ്രിയേൽ മാലാഖയെ തന്നെ നിയോഗപ്പെടുത്തുന്നു.”

ഗബ്രിയേൽ മാലാഖ വളരെ ഭയഭക്തിബഹുമാനത്തോടെ താൻ സമർപ്പിച്ച ഫയൽ സ്വർഗ്ഗീയ കൗൺസിലിന്റെ സന്നിധിയിൽ നിന്നു വാങ്ങി വായിക്കുവാൻ തുടങ്ങി.

പേര്: മറിയം
മാതാപിതാക്കൾ: ജോവാക്കീം, അന്ന
ഭർത്താവ്: ജോസഫ്
മകൻ : ഈശോ

ധീര പുണ്യ പ്രവർത്തികൾ

+ ഉത്ഭവപാപം പോലും ഏല്‍ക്കാത്ത ജനനം, ജനനം മുതൽ ഇന്നുവരെ പരിശുദ്ധ.

+ പിതാവിന്റെ മകൾ, പുത്രൻ്റെ അമ്മ, പരിശുദ്ധാത്മാവിന്റെ മണവാട്ടി എന്നീ ദൈവീകസ്ഥാനങ്ങള്‍ സ്വന്തമാക്കിയ, സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏക വനിതാരത്നം.

+ വിവാഹനിശ്ചയം കഴിഞ്ഞിട്ടും, കന്യകയായിരുന്നിട്ടും ദൈവപുത്രനെ ഗർഭം ധരിക്കാൻ ധൈര്യം കാണിച്ചവൾ.

+ ദൈവപുത്രനെ ഉദരത്തിൽ വഹിച്ചിട്ടും സഹായം ആവശ്യമായ എലിസബത്തിനെ സഹായിക്കാൻ മനസ്സു കാണിച്ചവൾ.

+ ദൈവത്തിന്റെ അമ്മ എന്ന് എലിസബത്ത് പ്രകീർത്തിച്ചപ്പോൾ സ്വയം മറക്കാതെ, പുകഴ്ത്താതെ കർത്താവിനെ മഹത്വപ്പെടുത്തിയവൾ.

+ പൂർണ്ണഗർഭിണിയായിരിക്കെ തന്റെ ഭർത്താവിനൊപ്പം രാജ്യത്തിന്റെ നിയമം അനുസരിക്കാൻ യാത്ര തിരിക്കുന്നതിനായി ധൈര്യം കാണിച്ചവൾ.

+ രാഷ്ട്രനിയമവും ദൈവനിയമവും ഒരുപോലെ പാലിക്കാൻ നിഷ്കർഷിച്ചവൾ.

+ തന്റെ പുത്രനു ജന്മം നല്കാൻ പുല്‍ക്കൂട്ടില്‍ സംതൃപ്തി കണ്ടെത്തിയവൾ.

+ തന്റെ പ്രസവാനന്തര ശുശ്രൂഷയും കുഞ്ഞിന്റെ ശുശ്രൂഷയും സ്വയം നിർവ്വഹിച്ചവൾ.

+ തന്റെ കുഞ്ഞിന് ജന്മം കൊടുത്തശേഷം ആവശ്യാനുസരണം ദേഹപരിചരണമോ എന്തിനേറെ ആവശ്യത്തിന് ഭക്ഷണം പോലും കഴിക്കാനില്ലാതെ, ക്ഷീണിതയായി ഉറങ്ങിയപ്പോൾ, തന്റെ ഭർത്താവിനു കിട്ടിയ ദൈവീകദർശത്തിലെ നിർദ്ദേശം അനുസരിച്ച് മറുവാക്ക് പറയാതെ കുഞ്ഞിനെ മാറോടു ചേർത്ത് ദൈവം പറഞ്ഞ ഇടത്തേയ്ക്ക് പലായനം ചെയ്തവൾ.

+ പുത്രന്റെ ജനനത്തിനു മുമ്പും ശേഷവും കന്യകയായിരുന്നവൾ.

+ ആരാലും അറിയപ്പെടാതെ, രക്ഷകനായ ഉണ്ണിയെ താരാട്ട് പാടി ഉറക്കിയും ഊട്ടിയും, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ അവനെ വളർത്തിയവൾ.

+ പെരുന്നാളിന്റെ തിക്കിലും തിരക്കിലുംപെട്ട് മകനെ കാണാതായപ്പോൾ ആരെയും കുറ്റപ്പെടുത്താതെ അവനെ കിട്ടുന്നതുവരെ തിരിച്ചുനടന്നവൾ.

+ കാനായിലെ കല്യാണവീട്ടിൽ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കാൻ തയ്യാറായവൾ. അന്നുവരെ തന്റെ മകന്റെ ചെറിയ ഒരു അത്ഭുതപ്രവർത്തി പോലും കാണാതിരുന്നിട്ടും അവന്റെ ദൈവത്വത്തിൽ അടിയുറച്ചു വിശ്വസിച്ച് അവർക്കായി മദ്ധ്യസ്ഥ ആയവൾ.

+ തന്റെ പുത്രനെ ലോകം, ഭ്രാന്ത്രൻ എന്നു വിളിച്ചപ്പോൾ ആ ഭ്രാന്തന്റെ അമ്മയാകാൻ സാധിച്ചതിൽ ഹൃദയത്തിൽ ആനന്ദിച്ചവൾ.

+ തന്റെ ഏകമകനെ അവന്റെ യുവത്വത്തിൽ തന്നെ നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ദൈവരാജ്യപ്രഘോഷണത്തിൽ നിന്ന് അവനെ ഒരിക്കൽപ്പോലും തടഞ്ഞു നിർത്താത്ത വൾ.

+ അവസാനം എല്ലാവരും ചേർന്ന് അവനെ കൽത്തൂണിൽ പിടിച്ചുകെട്ടി ചാട്ടവാർ കൊണ്ട് അടിച്ചപ്പോൾ ലോക പാപ പരിഹാരത്തിനായി ആ ഒരോ അടിയും ഹൃദയത്തിൽ ഏറ്റുവാങ്ങിയവൾ.

+ ‘ജീവിതകാലം മുഴുവനും കൂടെ കൊണ്ടുനടന്ന്, അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും സാക്ഷികളാക്കിയ സ്വന്തം ശിഷ്യമാർ, ഒറ്റിക്കൊടുത്തും തള്ളിപ്പറഞ്ഞും അവന്റെ കുരിശിന്റെ വഴിയിൽ നിന്ന് ഓടിപ്പോയപ്പോൾ, ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ അവനൊടൊപ്പം യാത്ര ചെയ്തവൾ.

+ കുരിശിന്റെ വഴിയിൽ തളർന്നുവീണ മകന് തന്റെ സാന്നിധ്യത്താൽ ധൈര്യം പകർന്നവൾ.

+ കാൽവരിൽ രണ്ടു കള്ളന്മാരുടെ മദ്ധ്യേ, നന്മ മാത്രം ചെയ്ത തന്റെ മകനെ കുരിശിൽ തറയ്ക്കുന്നത്, കരൾ പൊട്ടി കണ്ടുനിന്നവൾ.

+ നാഥനില്ലാതാകുന്ന തന്റെ ശിഷ്യഗണത്തിന്, അമ്മയായി ഉണ്ടാകണം എന്ന പുത്രന്റെ ആഗ്രഹം കുരിശിന്‍ചുവട്ടിൽ നിന്ന് ഏറ്റെടുത്തവൾ.

+ അവസാനം, തനിക്ക് വെള്ളം തരേണ്ട മകൻ കുരിശിൽ കിടന്ന് ദാഹജലത്തിനായി കേഴുമ്പോൾ നിസഹായായി നില്‍ക്കേണ്ടി വന്നവൾ.

+ മകൻ, കുരിശിൽ അന്ത്യശ്വാസം വലിച്ചപ്പോൾ കുരിശിൻചുവട്ടിൽ ദീർഘശ്വാസം വലിച്ചവൾ.

+ മകന്റെ കുരിശിൻചുവട്ടിൽ സമാധാന മാതാവായി നിന്നവൾ.

+ സ്വന്തം മകന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തിയവൾ.

+ മകന്റെ മരണശേഷം ചിതറിപ്പോയ ശിഷ്യന്മാരെ എല്ലാവരെയും ഒരുമിച്ചുചേർത്ത് പരിശുദ്ധനായ സഹായകന്റെ വരവിനായി പ്രാർത്ഥിച്ചു കാത്തിരുന്നവൾ.

+ അതെ, ഇന്നും സ്വർഗ്ഗത്തിന്റെ മുമ്പിൽ എറ്റവും ശക്തയായ മദ്ധ്യസ്ഥ.

+ ലോകചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള സ്ത്രീ…

ഇങ്ങനെ പോകുന്നു മറിയത്തിൻ്റെ ധീര പുണ്യപ്രവർത്തികൾ. ആ പുണ്യങ്ങൾ എഴുതിത്തീർക്കാനോ പറഞ്ഞുതീർക്കാനോ കഴിയുന്നതല്ല. അവളെക്കുറിച്ച് സ്വർഗ്ഗവും ഭൂമിയും ഒരുമിച്ചു സന്തോഷിക്കുന്നു. ഗബ്രിയേൽ മാലഖ വായന നിർത്തി.

സ്വർഗ്ഗത്തിൽ ഹല്ലേലുയ്യ സ്തുതിഗീതകൾ ഉയർന്നു. പുത്രനായ ദൈവം, തന്റെ അമ്മയെ കെട്ടിപ്പിടിച്ചു. പിതാവായ ദൈവത്തിന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. പരിശുദ്ധനായ ദൈവം തന്റെ കൃപാവർഷം ചൊരിഞ്ഞ് വലിയ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും അഭിഷേകത്തിന്റെയും നിറവിൽ പരിശുദ്ധ മറിയത്തെ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി കിരീടം ധരിപ്പിച്ചു.

ഈ കഥ ഇവിടെ നില്‍ക്കട്ടെ. എന്നാൽ, എന്റെ ജീവിതത്തിൽ ഈ പരിശുദ്ധ കന്യകയുടെ സ്ഥാനം എവിടെയാണ്? അവൾ ഈശോയ്ക്കെന്ന പോലെ എനിക്കും അമ്മയാണ്. ഞാൻ അമ്മയുയടെ മകൾ അല്ലങ്കിൽ മകൻ. സ്വർഗ്ഗത്തിലെ രാജ്ഞിയെ  നമ്മുടെ ജീവിതത്തിന്റെയും രാജ്ഞിയാക്കണം, എന്നും എപ്പോഴും…

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.