“ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന വിശുദ്ധ കുർബാനയിലൂടെ ഞാൻ ജീവവായു ശ്വസിക്കുന്നു”: തടവറയിൽ നിന്നും ഹൃദയം തുറന്നൊരു കത്ത്

കുറച്ചു ദിവസങ്ങൾക്കു മുൻപ് പുരോഹിതനും എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനും പാദുവയിലെ ഡ്യൂ പലസ്‌സി ജയിലിലെ ചാപ്ലെയിനുമായ ഫാ. മാർക്കോ പോസ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. താൻ ചാപ്ലെയിൻ ആയിരിക്കുന്ന ജയിലിൽ നിന്നും തനിക്ക് ലഭിച്ച ഒരു കുറിപ്പായിരുന്നു അത്. ദീർഘകാലമായി തടവ് ശിക്ഷയനുഭവിക്കുന്ന കൊലപാതകിയായ ഒരു അജ്ഞാതൻ എഴുതിയ ഹൃദയസ്പർശിയായ കത്ത്. ആഴ്ചയിലൊരിക്കൽ മാത്രമാണെങ്കിലും വിശുദ്ധ ബലിയിൽ പങ്കുചേർന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് എഴുത്തിലുള്ളത്.

ഒരു ചാപ്ലെയിൻ എന്ന നിലയിൽ പുരോഹിതൻ നൽകുന്ന വലിയ ആശ്വാസത്തെക്കുറിച്ചും കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നു. തന്റെ കൃതജ്ഞത മാത്രമല്ല, പുരോഹിതനോടുള്ള ആഴമായ സ്നേഹവും അയാൾ തന്റെ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ജയിലിലെ സങ്കീർത്തിയിൽ നിന്ന് ഫാ. മാർകോ പോസ കണ്ടെടുത്ത കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

“എല്ലാ ഞായറാഴ്ചകളിലും ഞാൻ കുർബാനയ്ക്ക് നിൽക്കുമായിരുന്നു. ഞാൻ എല്ലാം കാണും, ചിന്തിക്കും. എങ്കിലും ഞാൻ വല്ലാതെ തളർന്നിരുന്നു. കാരണം ഇവിടെയുള്ളവർക്കെല്ലാം ഞാൻ ഒരു ‘കശാപ്പുകാരൻ’ ആയിരുന്നു. പക്ഷേ ആർക്കും അറിയില്ലല്ലോ ജീവനോടെ അടക്കം ചെയ്ത ഒരാളായിരുന്നു ഞാനെന്ന്! പക്ഷേ പിന്നീട് ഞാൻ ജീവവായു ശ്വസിക്കാൻ ആരംഭിച്ചു. ആഴ്ചയിലൊരിക്കലുള്ള ആ വിശുദ്ധ ബലിയർപ്പണമാണ് എനിക്ക് പുതിയ വായു ശ്വസിക്കാൻ ലഭിച്ചിരുന്ന ആകെക്കൂടിയുള്ള സമയം. ഞാൻ ഒരിക്കലും ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. പക്ഷേ ദൈവം എന്റെ കാര്യത്തിൽ അല്പം പിടിവാശിക്കാരനായിരുന്നു.

ഞാൻ ആയുധമെടുത്ത് കൊല ചെയ്‌തെങ്കിലും എന്റെ ആയുധങ്ങളെല്ലാം അവിടുന്ന് തകർത്തുകളഞ്ഞു. അങ്ങനെ ഞാൻ ദൈവവുമായുള്ള ആ യുദ്ധത്തിൽ അടിയറവ് പറഞ്ഞു. വിശുദ്ധ കുർബാന അവസാനിക്കുമ്പോൾ സഹതടവുകാരൊക്കെ വൈദികനു ചുറ്റും കൂട്ടംകൂടുമായിരുന്നു. മറ്റൊന്നിനുമായിരുന്നില്ല, എല്ലാവരുടെയും വിവിധ ആവശ്യങ്ങൾ ധരിപ്പിക്കുവാൻ. സ്റ്റാമ്പുകൾ, ഫോൺ കോളുകൾ, ജോലി അങ്ങനെ ഒരുപാട് കാര്യങ്ങൾ. പക്ഷേ ഞങ്ങൾ ഒരിക്കൽപ്പോലും ഓർത്തിരുന്നില്ല ആ വൈദികന് ഒരേയൊരു തല മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്. എങ്കിലും ഞങ്ങൾ എല്ലാവർക്കും അദ്ദേഹം തന്റെ കാതുകളും ഹൃദയവും നൽകിയിരുന്നു. എങ്കിലും ചില സമയം തോന്നിയിരുന്നു ഞങ്ങൾ വളരെ സ്വാർത്ഥരാണെന്ന്.

ജയിൽജീവിതം ഞങ്ങളുടെ കാഴ്ചപ്പാടുകളും മാനസികാവസ്ഥയും വളരെയധികം മാറ്റിയിരുന്നു. ജയിലിൽ കഴിയാത്ത ഒരാൾക്കുപോലും അതിനുള്ളിൽ ജീവിക്കുന്നവരുടെ മാനസികാവസ്ഥയേയും സമ്മർദ്ദങ്ങളെയും മനസ്സിലാക്കാൻ കഴിയില്ല. അതിൽ അല്പമെങ്കിലും മനസ്സിലാകുന്നത് ചാപ്ലെയിന്മാർക്കും സന്നദ്ധപ്രവർത്തകർക്കുമാണ്.

കഴിഞ്ഞ ഞായറാഴ്ച ആരോ ഒരാൾ ജയിലറയ്ക്കുള്ളിലിരുന്ന് ‘നമ്മുടെ ചാപ്ലെയിനെക്കുറിച്ച് എന്ത് തോന്നുന്നു’ എന്ന് ചോദിച്ചു. അതെ, എനിക്ക് തീർച്ചയായും അദ്ദേഹത്തെ (അത് നിങ്ങളാണ് ഫാ. പോസ) ഒരു സർഫർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കും. സർഫർ എന്നാൽ തിരമാലകൾക്കു മുകളിലൂടെ അഭ്യാസങ്ങൾ കാണിക്കുന്ന ആളാണല്ലോ! പാദുവായിലെ ഈ ജയിലിൽ നിങ്ങൾ അനേകായിരം തിരമാലകൾക്കു മുകളിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉയർന്നതും പരന്നതും ചെറുതും വലുതുമായ അനേകായിരം തിരമാലകൾ. പക്ഷേ നിങ്ങൾ അതിനു മുകളിൽ ഒരു മികച്ച അഭ്യാസിയായി തന്നെ നിലയുറപ്പിക്കുന്നു. വിജയിച്ചുകഴിയുമ്പോൾ ദൈവമാണ് അത് ചെയ്തതെന്നു പറയും.

എനിക്ക് നിങ്ങൾ ഒരു കല്ലിനേക്കാൾ ഉറപ്പുള്ള മനുഷ്യനാണ്. കാരണം ഞായറാഴ്ചകളിൽ നിങ്ങൾ തല മരവിച്ചു നിൽക്കുന്ന ഒരു പുരോഹിതനാണ്. മറ്റു ദിവസങ്ങളിൽ ഞാൻ നിങ്ങളെ ചാപ്പലിൽ വച്ചു കാണുമ്പോൾ നിങ്ങൾ വളരെ ക്ഷീണിതനായിരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഇതെഴുതുന്നത് ഒരു കാര്യം പറയുവാനാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന കാര്യമാണ് അത്. അത് ഒരു വലിയ കാര്യമല്ല. എങ്കിലും ഒന്നും പറയാതിരിക്കുന്നതിനേക്കാൾ മികച്ചതാണ് ഇത് പറയുക എന്നത്.”

(20 വർഷമായി ജയിലിൽ കഴിയുന്ന ഒരു കുറ്റവാളി)

വിവർത്തനം: സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.