“ആ അമ്മമുത്തം എൻ്റെ കണ്ണുകളെയും മിഴിനീർ അണിയിച്ചു” – ഒരു കന്യാസ്ത്രീയുടെ ഹൃദയസ്പർശിയായ കുറിപ്പ് 

ജോലി കഴിഞ്ഞ് ക്ഷീണിതയെങ്കിലും, ഇന്നത്തെ ജോലി തീർന്നല്ലോ എന്ന സന്തോഷത്തിൽ ഞാൻ സ്ഥിരം കയറുന്ന ട്രെയിനിൽ കയറി. എന്നും കാണുന്ന കാഴ്ചകൾ തന്നെ ഇന്നും. എല്ലാവരും കൈയ്യിലെ ഫോണിലേയ്ക്കു തിരിഞ്ഞു. ആരും ആരെയും നോക്കുന്നില്ല. നോക്കിയിട്ടു കാര്യവുമില്ല. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നതിനാൽ പുഞ്ചിരി പോലും ആർക്കും കൊടുക്കേണ്ട. അപ്പോഴാണ്, ബുദ്ധി വികസിക്കാത്ത രണ്ട് കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കൾ ഞങ്ങള്‍ ഇരിക്കുന്ന കമ്പാർട്ട്മെൻറിൽ കയറിയത് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടികള്‍ക്ക് ഏകദേശം 10-ഉം, 15-ഉം വയസു കാണും.

മറ്റുള്ളവരെപ്പോലെ അവർ നിശ്ബദരായില്ല. അടുത്തുള്ളവരെ നോക്കി കൈയ്യുയർത്തി കാണിച്ചു. മാസ്ക് ധരിച്ചിരുന്നതിനാൽ അവരുടെ പുഞ്ചിരി വ്യക്തമല്ല. ആരും അവരെ പ്രത്യേകിച്ച് ശ്രദ്ധിച്ചുമില്ല. അപ്പോൾ എകദേശം 80 വയസ് പ്രായം വരുന്ന ഒരു വല്യമ്മച്ചി കയറിവന്നു. തിരക്കിട്ട് വന്നതിനാലായിരിക്കാം അവർ മാസ്ക്ക് ധരിക്കാനും മറന്നു. ട്രെയിനിൽ തനിക്കുള്ള സീറ്റിൽ ഇരുന്ന അമ്മച്ചി ഒരു ടിഷ്യു പേപ്പർ എടുത്ത് തൻ്റെ മൂക്കും വായും മൂടിപ്പിടിച്ചു. ഇതുകണ്ട ആ കുട്ടികളിലൊരാൾ തൻ്റെ അമ്മയെ തട്ടിവിളിച്ച് തങ്ങളുടെ ബാഗിൽ അമ്മ സുക്ഷിച്ചുവച്ചിരുന്ന ഒരു ചുവപ്പ് കളറുള്ള മാസ്ക് എടുത്ത്, ആ വല്യമ്മയ്ക്ക് കൊടുക്കട്ടെ എന്നു ചോദിച്ചു. സന്തോഷത്തോടെ ആ അമ്മ അനുവാദം കൊടുത്തു. മാത്രമല്ല, ആ അമ്മ തൻ്റെ കുഞ്ഞിനെ ചേർത്തുപിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു, മിടുക്കൻ. ഞാൻ ആ വല്യമ്മച്ചിയെ നോക്കി. നന്ദി കൊണ്ട് അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. എൻ്റെ കണ്ണുകളും അനുവാദമില്ലാതെ രണ്ട് കണ്ണീർത്തുള്ളികൾ പൊഴിച്ചിരുന്നു.

തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ചെറുതായി എന്തെങ്കിലും വൈകല്യമുണ്ട് എന്ന ചെറിയ സംശയം തോന്നിയാൽ ഉടൻ ആ കുഞ്ഞിനെ ലോകം കാണാൻ അനുവദിക്കാതിരിക്കുന്ന ഇന്നത്തെ ലോകത്തും ഇങ്ങനെ ഒരമ്മയെ കണ്ടത് എൻ്റെ ഭാഗ്യമായി ഞാൻ കരുതുന്നു. ആ അമ്മ, ബുദ്ധിയും കഴിവുമുള്ള മറ്റു കുഞ്ഞുങ്ങളെക്കാൾ വലിയ മനസിൻ്റെ ഉടമകളായി തൻ്റെ മക്കളെ വളർത്തുന്നു. അവർ ചെയ്ത നല്ല കാര്യത്തെ പ്രോത്സാഹിപ്പിച്ച് സ്നേഹചുംബനം നല്‍കുന്നു. ഈ അമ്മയാണ് യാഥർത്ഥത്തിൽ ‘അമ്മത്വം’ നിറഞ്ഞ അമ്മ.

തൻ്റെ ബുദ്ധിവൈകല്യം നിറഞ്ഞ കുഞ്ഞുങ്ങൾ നന്മ നിറഞ്ഞ ഹൃദയത്തൊടെ വളരാൻ ആ മാതാപിതാക്കൾ അവരെ പഠിപ്പിച്ചിരിക്കുന്നു. ബുദ്ധിയും ശക്തിയും കൊണ്ട് ഈ ലോകം കീഴടക്കാൻ മക്കളെ പരിശീലിപ്പിക്കുന്നവർ മറക്കാതിരിക്കുക, ഇവയ്ക്കെല്ലാം മീതെയാണ് നന്മയും സേനഹവും.

എനിക്കായി മാറ്റിവച്ചത് അപരനായി നിറഞ്ഞ പുഞ്ചിരിയോടെ നല്‍കുന്നതിൽ കൂടുതൽ സ്നേഹം എന്താണ്! ഈ സ്നേഹം തന്നെയല്ലേ ദിവ്യകാരുണ്യമായി നമ്മിൽ അലിയുന്ന ദൈവസ്നേഹവും. നമ്മൾ മറ്റുള്ളവർക്കായി കൊടുക്കുന്ന തരിയോളം സ്നേഹവും അവരിൽ നിന്നു സ്വീകരിക്കുന്ന കുന്നോളം സ്നേഹവും തമ്പുരാൻ്റെ സ്വന്തമാണ്. അതിനാൽ നമ്മുക്കും ഉള്ളുതുറന്ന് സ്നേഹിക്കാം.. കൈ നീട്ടി സഹായിക്കാം.. അങ്ങനെ സ്നേഹസാമ്രാജ്യം കെട്ടിപ്പടുക്കാം.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.