പൗരോഹിത്യവേദിയിലേയ്ക്ക് നടന്നടുക്കുന്ന ചേട്ടനു വേണ്ടി അനുജൻ എഴുതിയ ഒരു ബർത്ത്ഡേ കുറിപ്പ്

ജയ്മോന്‍ കുമരകം

പത്താം ക്ലാസ് മുതൽ എല്ലാ പരീക്ഷകളിലും ഒന്നാം സ്ഥാനവും എൻട്രൻസിൽ റാങ്കും നേടി കൈപ്പിടിയിലെത്തിയ ബാങ്കുദ്യോഗം വേണ്ടെന്നു വച്ച് സെമിനാരിയിലേയ്ക്ക് പോയ ചേട്ടനെക്കാൾ വലിയൊരു മാതൃക താൻ കണ്ടിട്ടില്ലെന്ന അനുജന്റെ വാക്കുകൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. ഡിസംബറിൽ പൗരോഹിത്യം സ്വീകരിക്കുന്ന, കൂരാച്ചുണ്ട് പനച്ചിക്കൽ ടിനുവിനെക്കുറിച്ച് അനുജൻ ടോണി കുറിച്ച ഈ വാക്കുകൾ പൗരോഹിത്യത്തിന്റെ വില എത്ര വലുതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഡീക്കൻ ടിനുവിനെ അഞ്ചാം ക്ലാസിൽ വേദപാഠം പഠിപ്പിച്ച സിബി മുണ്ടനാട്ടാണ് ഈ കുറിപ്പ് അയച്ചുതന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറമുള്ള സ്നേഹം തന്നവരാണ് നാട്ടുകാരായ കൂരാച്ചുണ്ടുകാർ. ആ സ്നേഹം ഏറ്റുവാങ്ങിയാണ് ബലിപീഠത്തിലേയ്ക്ക് തന്റെ ജീവിതം ചേർത്തുവച്ച് ഒരു പുരോഹിതനാകാൻ എന്റെ ചേട്ടായി ഒരുങ്ങുന്നത്. സഭയ്ക്ക് പല കുറവുകളും വന്നുപോയിട്ടുണ്ടാകും, വ്യക്തിപരമായി പല പുരോഹിതരോടും എതിർപ്പുള്ളവരും ഉണ്ടാകും. പക്ഷേ, എല്ലാവരോടുമുള്ള അപേക്ഷ, നിങ്ങൾ എന്റെ ചേട്ടനെ വിലയിരുത്തുമ്പോൾ മറ്റുള്ളവരെ കണ്ടല്ല, ഒരു പുരോഹിതൻ എന്ന നിലയിൽ നിങ്ങളോടുള്ള സമീപനം കൊണ്ടാകട്ടെ…

എന്റെ ചേട്ടായി കുറവുകൾ ഉള്ളവൻ തന്നെയാണ്. പക്ഷെ, വൈദികന്‍ ആകാൻ പോകുമ്പോൾ ആ കുറവുകളും തെറ്റുകളും ദൈവസന്നിധിയിൽ സമർപ്പിച്ച് മാപ്പിരന്നാണ് ളോഹയും തിരുവസ്ത്രവും സ്വീകരിക്കുക. തുടർന്നും ഒരു പുരോഹിതനു ചേർന്ന ജീവിതം നയിക്കാൻ, ഇതു വായിക്കുന്ന എല്ലാവരും എന്റെ ചേട്ടനുവേണ്ടി തങ്ങൾ വിശ്വസിക്കുന്ന ദൈവത്തോടു പ്രാർത്ഥിക്കണമേ എന്നും അപേക്ഷിക്കുന്നു. ദൈവവിശ്വാസം ഇല്ലാത്തവർ ആകട്ടെ, നിങ്ങൾ വിശ്വസിക്കുന്ന മൂല്യങ്ങൾ എന്റെ ചേട്ടനും പകർന്നു കൊടുക്കണമേ എന്നും അപേക്ഷിക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം…

ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ യംഗ് ഹീറോ പ്രിഥ്വിരാജ് പങ്കുവച്ച ഒരു കാര്യം. “എല്ലാവരും ചോദിക്കും, ബോളിവുഡിൽ പോയി ഐശ്വര്യ റായി, ഋഷി കപൂര്‍ തുടങ്ങിയവരുടെ കൂടെ അഭിനയിച്ച അനുഭവം എങ്ങനെ ഉണ്ടായിരുന്നു എന്ന്? ഞാൻ എപ്പോഴും പറയാറുണ്ട്, ഞാൻ മമ്മൂക്കയുടെ കൂടെ അഭിനയിച്ച ആളാണ്‌. പിന്നെ എനിക്കെന്ത്‌ ഋഷി കപൂര്‍, ഐശ്വര്യ റായി” എന്ന് … Yes Mammookka and Mohanlal are considered the Legends of Indian Film (അല്പം പഴയ ഇന്റർവ്യൂ ആണ്. അന്ന് അന്ന് ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടില്ല).

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കുന്നത്, ദാസേട്ടൻ, എസ്.പി.ബി., ചിത്ര ചേച്ചി ഇവര്‍ പാടുന്നത്, ഉസൈന്‍ ബോള്‍ട്ട് ഓടുന്നത്, APJ അബ്ദുള്‍ കലാം സര്‍ പ്രസംഗിക്കുന്നത്, മൈക്കിള്‍ ഫെല്‍പ്സ് നീന്തുന്നത്… ഇതൊക്കെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും  ലൈവ് ആയി ടെലിവിഷനില്‍ കാണാനും അവർ ജീവിച്ച കാലത്ത് ജീവിക്കാനുമുള്ള ഭാഗ്യം സിദ്ധിച്ചു. ഈ ultimate legends നൊപ്പം കുറേക്കാലം പങ്കിടാൻ കഴിഞ്ഞു.

എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. അവരെ നേരിൽ കാണാൻ കഴിയാത്തതിൽ ഒരു വിഷമവുമില്ല. കാരണം, ജനിച്ച അന്നു മുതൽ ഈ കാലമത്രയും ഒരു legend -ന്റെ ഒപ്പമാണ് ഞാൻ ജീവിച്ചത്, കളിച്ചത്, വളർന്നത്.. അങ്ങനെ ഒരു legend -നെ പറ്റിയാണ് ഞാൻ ഇന്ന് ഞാന്‍ പറയാൻ പോകുന്നത്.

പറഞ്ഞു തുടങ്ങുകയാണെങ്കിൽ, 6 വർഷത്തെ നാഷനല്‍ പബ്ലിക് സ്കൂളിലെ പഠനകാലത്ത് എല്ലാ വർഷവും ഒന്നാം റാങ്ക്. പിന്നീട് സെന്‍റ് തോമസ് യുപി-യിലേയ്ക്ക് എത്തിയപ്പോൾ അപ്പര്‍ പ്രൈമറി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വിലയുള്ള USS സ്കോളര്‍ഷിപ്പ് നേടി. വീണ്ടും ഹൈസ്കൂളിലേയ്ക്ക് എത്തിയപ്പോൾ പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീഡറായി. ആ വർഷം കലോത്സവത്തിൽ ഒരുപക്ഷെ, സ്കൂളിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടം എന്നോണം ഏഴ് ഫസ്റ്റും, രണ്ടു സെക്കന്‍ഡും, ഒരു തേര്‍ഡും അടക്കം മൊത്തം പത്ത് സര്‍ട്ടിഫിക്കറ്റുകള്‍.. തീർന്നില്ല, ഹിന്ദി പ്രസംഗത്തിന് സബ് ഡിസ്ട്രിക്ട്, ഡിസ്ട്രിക്ട് ലെവലുകളിൽ ഒന്നാമതെത്തി. എറണാകുളത്ത് വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു. മിക്കവാറും ക്വിസ് മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പോയിരുന്നത് ചേട്ടൻ ആയിരുന്നു.

ഇനി അക്കാഡമിക് ലെവലിലേയ്ക്കു വന്നാൽ അന്നൊക്കെ, ഇന്നത്തെപ്പോലെ ഗ്രേഡിംഗ് സിസ്റ്റം ആയിരുന്നില്ല. ചേട്ടായി പഠിച്ച കൊല്ലം വരെ മാര്‍ക്സ് ആയിരുന്നു. ചേട്ടായി പത്തില്‍ പഠിക്കുമ്പോൾ മാര്‍ക്സും ഗ്രേഡും ഒരുമിച്ചു വന്നു. അന്ന് SSLC പരീക്ഷയിൽ സ്കൂള്‍ ടോപ്പര്‍ ആയി എല്ലാ വിഷയങ്ങള്‍ക്കും A+. പ്ലസ് ടുവിൽ ഇന്നത്തെപ്പോലെ 1200/1200 ഒന്നും സുലഭമല്ലാത്ത കാലത്ത് 90% മാര്‍ക്ക്. Repeat ചെയ്തിട്ടുപോലും ഇന്നത്തെ കാലത്ത് പലർക്കും സാധ്യമല്ലാത്ത കേരള എൻട്രൻസിൽ 4500 എന്ന സ്വപ്നറാങ്ക് നേടി. താൻ പ്ലസ് ടു കഴിഞ്ഞ കാലത്ത്, അതായത് ഏകദേശം 11 വർഷം മുൻപ്, അന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം.

എഞ്ചിനീയറിംഗ് പഠനകാലത്ത് പുസ്തകപ്പുഴു ആകാതെ തന്നെ, ഒരു പരീക്ഷ പോലും fail ആകാതെ, എഞ്ചിനീയറിംഗ് എന്ന മഹാമേരു മറികടന്ന ആൾക്ക് റൂമേറ്റ്സ് നൽകിയ പേര് ‘Tiger Augustine.’ പഠനം കഴിഞ്ഞ് പുറത്തിറങ്ങി ഒരു കോച്ചിംഗിനും പോകാതെ ആദ്യമായി എഴുതിയ ബാങ്ക് എക്ലാം പാസ്സ് ആയി. ബാങ്കിൽ ജോലിക്ക് ഇന്റർവ്യൂവിനു ക്ഷണം. ജോലിയുടെ തൊട്ടടുത്ത് എത്തിനിൽക്കേ എല്ലാം ഇട്ടെറിഞ്ഞ്, ഒരിക്കൽ താൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വൈദികജീവിതം സ്വന്തമാക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടു. (സ്കൂളിലെ നേട്ടങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. പള്ളിയിൽ മിഷൻലീഗ് മത്സരത്തിൽ സംസ്ഥാന കലോത്സവത്തിൽ പ്രസംഗത്തിനു പങ്കെടുത്തതും വേദനപാഠം ലീഡര്‍ ആയതും മറ്റുപല നേട്ടങ്ങളും വേറെയുണ്ട്).

സെിനാരിയില്‍ ചേർന്നതിനു ശേഷവും താമരശ്ശേരി അല്‍ഫോന്‍സാ മൈനര്‍ സെമിനാരിയിലെ മികച്ച പ്രകടനത്തിന് ട്രോഫി സ്വന്തമാക്കി. അതുകഴിഞ്ഞ് ഫിലോസഫി അഡ്മിഷനു വേണ്ടിയുള്ള എന്‍ട്രന്‍സില്‍ രൂപതയിൽ ഒന്നാം റാങ്ക്. ഈ അടുത്ത് ഒരു ബ്രദറിനെ കണ്ടപ്പോൾ പറഞ്ഞു: “ടിനുവിന്‍റെ കാര്യം വലിയ അതിശയം ആണ്. ഫിലോസഫി പഠിക്കുമ്പോൾ എല്ലാവരും പരീക്ഷാഹാളിൽ കയറി അവസാനവട്ട ഒരുക്കമെന്ന നിലയിൽ പുസ്തകം ഓടിച്ചുപഠിക്കുമ്പോൾ, ദൂരെ നിന്നും കയ്യിൽ ഒരു പേനയൊക്കെ കറക്കി, ടിനു വന്ന് നിസ്സാരമായി പരീക്ഷ എഴുതിയിട്ടു പോകും. റിസല്‍ട്ട് വരുമ്പോൾ ടിനുവിന് എല്ലാവരെയുംകാൾ മാര്‍ക്കും..!”

ഒടുവിൽ ഈ ഡിസംബറിൽ വൈദികന്‍ ആകണം എന്നിരിക്കെ മാസ്റ്റര്‍ ഓഫ് തിയോളജി (MTH) പഠിക്കാൻ ചേർന്നതിനാൽ തിരുപ്പട്ടം 2 വർഷം വൈകിയേക്കും. ഇത്രയും നേരം പറഞ്ഞതൊക്കെ ദൈവാനുഗ്രഹത്തോടെ ചേട്ടായി സ്വന്തമാക്കിയ നേട്ടങ്ങളാണ്. ഇനി പറയാനുള്ളത്, ജന്മനാ ചേട്ടായിക്ക് ദൈവം നൽകിയ ഒരു അനുഗ്രഹത്തെപ്പറ്റിയാണ്. ചേട്ടായിയുടെ ഗ്ലാമര്‍. ചേട്ടായി വൈദികന്‍ ആകാൻ പോയതിനുശേഷം പലരും നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.. മറ്റുചിലർ പറഞ്ഞതായി ഞാൻ കേട്ടിട്ടുമുണ്ട്.. “ഞങ്ങൾക്കൊക്കെ അതിശയമാണ്, ഇത്രയും ഭംഗിയുള്ള ആൾ വൈദികനാകാൻ പോയി എന്നറിഞ്ഞപ്പോൾ..” ചിലർ പറഞ്ഞത്, “ചെറുപ്പം മുതലേ കണ്ടും കേട്ടും ഞങ്ങളുടെ മനസ്സിലെ ആരാധനാപാത്രമാണ് നിന്റെ ചേട്ടൻ” എന്ന്.. “നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ പന്നീ..” എന്ന് തെങ്കാശിപ്പട്ടണത്തിൽ ലാൽ, സുരേഷ് ഗോപിയോടു പറയുന്നതുപോലെ, എന്റെ ചേട്ടനോട് പറയാൻ തോന്നുന്നത്, എന്റെ സൗന്ദര്യസങ്കല്പത്തിലെ എവര്‍ഗ്രീന്‍ ഹീറോയാണ് പുള്ളി.

ഞാനിടുന്ന ഫോട്ടോസിലെല്ലാം ഒന്നുകിൽ കസിന്‍സ് അല്ലെങ്കിൽ എന്റെ കൂട്ടുകാര്‍ ഒക്കെയാണ്. പലരും ചിന്തിക്കും ഞാൻ ചേട്ടന്റെ കൂടെ ഫോട്ടോസ് എടുക്കാറില്ലേ എന്ന് ?? വേറൊന്നും കൊണ്ടല്ല, പണ്ട് തളത്തിൽ ദിനേശനോട് പറഞ്ഞതുപോലെ “നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് വെച്ച പോലെ” എന്ന് ആരും പറയാതിരിക്കാനാണ്. പിന്നെ ഞാൻ കൂടെ നിന്ന് ഫോട്ടോ എടുത്താൽ പുള്ളിക്കാരന്റെ ആ ശോഭ നഷ്ടമാകും. എന്തിനാ വെറുതെ.. ഇങ്ങനെയൊക്കെ ആണെങ്കിലും ആ സൗന്ദര്യത്തിൽ മൂപ്പർക്ക് തെല്ലും അഹങ്കാരമോ ആവേശമോ ഇല്ല. കാരണം, എന്നെങ്കിലും ഒരു ദിവസം നന്നായി മുടി ചീകുമ്പോൾ, “ഇപ്പൊ കാണാൻ നല്ല ഭംഗി ഉണ്ട്” എന്നെങ്ങാനും പറഞ്ഞാൽ ഉടനെ മൂപ്പര് ആ സ്റ്റൈൽ മാറ്റും അല്ലെങ്കിൽ തല മൊട്ട അടിച്ചേക്കും.

അതുകൊണ്ടു തന്നെ പണ്ട്, കാണാൻ ഭംഗി ഉണ്ട് എന്നു പറഞ്ഞപ്പോൾ അത്‌ നശിപ്പിക്കാൻ തീയിൽ ചാടിയ അൽഫോൻസാമ്മയെപ്പോലെ അവിവേകം ഒന്നും കാണിക്കാതിരിക്കാൻ ഞങ്ങൾ ഇപ്പോ ഒന്നും പറയാറില്ല. ബാഹ്യമായ, ഭൗതികമായ ഒന്നിനോടും അളവിൽ കവിഞ്ഞ് സ്നേഹം കാണിക്കാറില്ല എന്നതു തന്നെയാണ് വൈദികനാകാൻ ചേട്ടായിക്കുള്ള ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

അക്കാഡമിക് ആയിട്ടുള്ളതും അല്ലാത്തതുമായ പല ഗുണങ്ങളും നേട്ടങ്ങളും ഞാൻ എഴുതി. പക്ഷെ, അധികം വൈകാതെ അച്ചൻപട്ടം സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന എന്റെ ചേട്ടന്റെ കാര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നത് മേല്പറഞ്ഞ ഒന്നുംകൊണ്ടല്ല. മറിച്ച്, ചേട്ടായി വൈദികന്‍ ആയതിനുശേഷം നാളെ എന്റെ മക്കൾ (ഞാൻ ഒരിക്കലും പോകില്ല. കാരണം, എന്റെ ചേട്ടന്റെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നതു കൊണ്ടും, ചെയ്യുന്ന കാര്യം അനീതി ആണെന്നതിനാലും) ചേട്ടായിയുടെ അടുത്തുചെന്ന് രൂപതയുടെ കീഴിലുള്ള ഏതെങ്കിലും സ്കൂളിലേയ്ക്ക് അഡ്മിഷൻ വേണമെന്നോ, ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കിട്ടാനോ അച്ചന്റെ അനിയന്റെ മക്കൾ എന്ന നിലയിൽ അന്യായമായി ഇടപെടണം എന്നു പറഞ്ഞാൽ അവരോട്: “നിന്റെയൊക്കെ അപ്പൻ ഉണ്ടല്ലോ, അതായത് എന്റെ സ്വന്തം അനിയൻ ടോണി. അവൻ പറഞ്ഞാൽ പോലും അത്തരമൊരു പണിക്ക് ഞാൻ കൂട്ടുനിൽക്കില്ല. പിന്നെയാ നിങ്ങൾ. നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ താനേ അവിടെ എത്തിക്കോളും” എന്ന് മുഖത്തടിച്ച പോലെ എന്റെ ചേട്ടായി പറയും എന്ന് എനിക്കുറപ്പുണ്ട്.

ഞങ്ങളുടെ കുടുംബത്തിലെ ആർക്കുവേണ്ടി ആയാലും നാട്ടിലായാലും അങ്ങനെ നീതിക്കു നിരക്കാത്ത ഒന്നും ചേട്ടായി ചെയ്യില്ല എന്ന പരിപൂർണ്ണബോധ്യം എനിക്കുണ്ട്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ചേരിതിരിവ് ഒരിക്കലും ഉണ്ടാകില്ല. ഇനി അഥവാ ളോഹ എന്ന ആ വിശുദ്ധ വസ്ത്രത്തിന്റെ അന്തസ്സിനു ചേരാത്ത ഒരു പ്രവർത്തി ഏട്ടന്റെ ഭാഗത്തു നിന്നുണ്ടായാൽ, ക്രിസ്ത്യാനികളുടെ ഒരു പ്രാർത്ഥന ഉണ്ട് – മനസ്താപപ്രകരണം. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്.. “മേലിൽ പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനായിരിക്കുന്നു, ആമേൻ.” അതേപോലെ ടിനു എന്ന വൈദികനുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഞാൻ തയ്യാറാണ്. because ultimately I respect and admire to priesthood and the dignity of cassock than any of my strongest relationships.

അന്നും ഇന്നും എന്നും പുരോഹിതനും ആ വിശുദ്ധ വസ്ത്രത്തിനും എന്റെ അപ്പനെയും അമ്മയെയുംകാൾ വില ഞാൻ കൊടുക്കാറുണ്ട്. ചേട്ടായി സേവനം ചെയ്യുന്ന ഇടവകകളിലെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ, ഇടറിവീഴുന്നവന് കൈത്താങ്ങാകാൻ എന്റെ ചേട്ടന് കഴിയണമേ എന്നതാണ് എന്റെ പ്രാർത്ഥന.

Happy Birthday my dear bro.. എന്നും എന്റെ അഭിമാനമായി നിലകൊള്ളുന്നതിന് നന്ദി.. ചേട്ടായിയുടെ നിലവാരത്തിന്റെ ഏഴയലത്തു പോലും ഈ അനിയൻ എത്താത്തതിന്റെ പേരിൽ എന്നും മറ്റുള്ളവരുടെ മുൻപിൽ നാണംകെട്ടു ജീവിക്കേണ്ടി വരുന്നതിനു sorry..

NB: സച്ചിനെ legend ആയി അംഗീകരിക്കാത്ത ഒത്തിരിപേർ ഈ ലോകത്തുണ്ട്. അതൊക്കെ കുറേ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. ഇവിടെ ഞാൻ പറഞ്ഞതും എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഇഷ്ടപെടാത്തവർ പലരും ഉണ്ടാകും. ദയവു ചെയ്ത് എന്നോട് ക്ഷമിക്കുക. സ്നേഹം കൂടുമ്പോൾ, അഭിമാനം തോന്നുമ്പോൾ അറിയാതെ ആരും എഴുതിപ്പോകും.. വീണ്ടും പറയുന്നു ക്ഷമിക്കുക..

ജയ്മോന്‍ കുമരകം