സ്വന്തം വിശ്വാസത്തിൽ നിന്ന് കൂട്ടുകാരെ കണ്ടെത്താൻ കൗമാരക്കാർക്ക് ഒരു വഴികാട്ടി

വീടും വിദ്യാലയവും കഴിഞ്ഞാൽ ഒരു കുട്ടിയുടെ ജീവിതത്തെയും സ്വഭാവത്തെയും എന്തിന്, വ്യക്തിത്വത്തെപ്പോലും സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് സൗഹൃദം. ഒരാളെ നന്മയിലേയ്ക്ക് നയിക്കുവാനും തിന്മയിലേയ്ക്ക് നയിക്കുവാനുമുള്ള കരുത്ത്, സ്വാധീനശക്തി സുഹൃത്തുക്കൾക്കുണ്ട്. ഇവിടെയാണ് നല്ല സൗഹൃദങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും കുടികൊള്ളുന്നത്.

ഇന്ന് പഠനത്തിനും മറ്റുമായി വീടുകളിൽ നിന്നും അകന്നു നിൽക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. ഇന്നത്തെ ലോകത്ത് തങ്ങളുടെ വിശ്വാസവുമായി ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് ക്രൈസ്തവരായ കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരേ വിശ്വാസത്തിൽ തന്നെയുള്ള കൂട്ടുകാരാകുമ്പോൾ ആത്മീയമായ വളർച്ചയിൽ പരസ്പരം സഹായിക്കുവാൻ അവർക്കാകും. ഇനി കത്തോലിക്കാരായ സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി ആഴമായ സൗഹൃദത്തിലേയ്ക്ക് എത്തുവാനും ഏതാനും ചില മാർഗ്ഗങ്ങൾ ഇതാ…

1. തിരഞ്ഞുപിടിക്കാം

വിശ്വാസികളായ കുട്ടികൾ ഒത്തുചേരുന്ന രണ്ടു തലങ്ങൾ ഉണ്ട്. ശാരീരികമായ തലവും വെർച്വൽ തലവും. പ്രാർത്ഥന, ദേവാലയം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, തീർത്ഥാടനങ്ങൾ, ക്രിസ്ത്രീയ സംഗീതനിശകൾ തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന സൗഹൃദങ്ങളാണ് ആദ്യതലം എങ്കിൽ രണ്ടാമത്തെ തലം സാമൂഹ്യമാധ്യമങ്ങളിലാണ് കുടികൊള്ളുക. സാമൂഹ്യമാധ്യമങ്ങളിൽ കൂടെ ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്നവരുടെ സൗഹൃദമാണ്. ഈ രണ്ടു തലങ്ങളിൽ കൂടെ ഉത്തമ കത്തോലിക്കാ വിശ്വാസം ഉള്ളവരെ കണ്ടെത്താൻ കഴിയും.

2. ഒരുമിക്കാം അവസരങ്ങളിലൂടെ

ഒരേ വിശ്വാസത്തിലുള്ളവർ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ അടുത്ത പടി പ്രാർത്ഥനാ ഗ്രൂപ്പുകളും ചർച്ചകളും മറ്റും സംഘടിപ്പിക്കുക എന്നതാണ്. പ്രാർത്ഥനാ ഗ്രൂപ്പുകളിൽ ആദ്യം പരിചയപ്പെട്ട എല്ലാവരും എത്തണമെന്ന നിർബന്ധം ഇല്ല. ഇത്തരം ഗ്രൂപ്പുകൾ പ്രാർത്ഥിക്കുവാനും മറ്റുള്ളവരെ പ്രാർത്ഥനയിൽ വളർത്തുവാനും ഒപ്പം വിശുദ്ധമായ സൗഹൃദത്തിൽ ആഴപ്പെടുന്നതിനും ആയിരിക്കണം. സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനും കൂടെ നിൽക്കുവാനും പിന്തുണയ്ക്കുവാനും എല്ലാവർക്കും കഴിയണം. അങ്ങനെ ചെയ്യുമ്പോൾ മിശിഹായിൽ ഒരു സമൂഹമായി കുട്ടികൾ വളർന്നുവരും. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പങ്കുവയ്ക്കാൻ കുറച്ചു നല്ല സുഹൃത്തുക്കൾ ഉള്ളപ്പോൾ താൽക്കാലിക സുഖം നൽകുന്ന മാറ്റൊന്നിന്റെയും പിറകെ അവർ പോകില്ല, ഉറപ്പ്.

3. ഒന്നിച്ചുകൂടി പ്രാർത്ഥിക്കാം

ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥനയോളം ശക്തി മറ്റൊന്നിനും ഇല്ല. ഇത് പഠിക്കുന്ന കാലത്ത് സൗഹൃദങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ ആ സൗഹൃദങ്ങൾ നിസ്വാർത്ഥവും അനേകം കാലം നിലനിൽക്കുന്നതുമാകും. ഏതെങ്കിലും ഒരു പുതിയ കാര്യം ചെയ്യാനായി ഇറങ്ങുമ്പോൾ അതിൽ പ്രാർത്ഥനയുടെ പിന്തുണ നൽകുന്ന സൗഹൃദം എന്നും ഒരു ശക്തി തന്നെയാണ്. ഒപ്പം ഒരു വിഷമം വന്നാൽ കൂടെ നിന്ന് പ്രാർത്ഥിക്കുകയും ഒപ്പമായിരിക്കുകയും ചെയ്യാൻ, ദേവാലയത്തിൽ കൂട്ടിക്കൊണ്ടു പോകുവാൻ, കൂദാശകൾ കൃത്യമായി സ്വീകരിക്കാൻ ഓർമ്മിപ്പിക്കുവാനൊക്കെ കത്തോലിക്കാ വിശ്വാസത്തിലുള്ള സുഹൃത്തുക്കൾക്കു കഴിയും. അങ്ങനെ ആഴമായ വിശ്വാസത്തിൽ വളരുവാനും തെറ്റിലേയ്ക്ക്‌ പോകാതെ പിടിച്ചുനിൽക്കുവാനും കുട്ടികൾക്ക് കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.