ഭവനരഹിതരിലൂടെ ഈശോയെ സേവിച്ച് ഒരു സംഘം കൗമാരക്കാർ 

ഭവനരഹിതരായ ആളുകൾക്ക് ആവശ്യമായ ഭക്ഷണം നൽകി അവരെ ചേർത്തുപിടിച്ചു കൊണ്ട് ഒരു സംഘം കൗമാരക്കാർ. വാഷിങ്ടണിലെ തെരുവോരങ്ങളാണ് കൗമാരക്കാരുടെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന നോൺ പ്രോഫിറ്റ് സംഘടനയായ ഹോളി ഫുഡ് മാർക്കറ്റിന്റെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് കുട്ടികൾ നന്മയുടെ മാതൃകയായി മാറിയത്.

സുവിശേഷം ജീവിതത്തിൽ പകർത്തുക, സമൂഹത്തിലെ വേദനിക്കുന്നവരിൽ ക്രിസ്തുവിനെ കണ്ടെത്തുവാൻ കൗമാരക്കാരെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഹോളി ഫുഡ് മാർക്കറ്റിന്റെ നേതൃത്വത്തിൽ ഒരാഴ്ച കൗമാരക്കാർക്കായി പ്രത്യേക പരിപാടികള്‍ നടന്നുവരികയായിരുന്നു. ഈ പരിപാടിയുടെ ഭാഗമായിട്ടാണ് സമൂഹത്തിൽ വേദനിക്കുന്നവരുടെ ഇടയിലേയ്ക്ക് കുട്ടികൾ ഭക്ഷണവുമായി കടന്നുചെന്നത്.

വീടില്ലാതെ കഷ്ടപ്പെടുന്നവരുടെ വേദന, അവരുടെ ബുദ്ധിമുട്ടുകള്‍, ഭക്ഷണവുമായി കടന്നുചെല്ലുമ്പോഴും അവരോട് സംസാരിക്കുമ്പോഴുമുള്ള അനുഭവങ്ങൾ ഇതൊക്കെ കുട്ടികളെ ക്രിസ്ത്വാനുഭവത്തിലേയ്ക്ക് നയിക്കുകയായിരുന്നു എന്ന് സംഘാടകർ വെളിപ്പെടുത്തുന്നു. തന്നെയുമല്ല, ഇവർക്കായി പ്രത്യേക ക്‌ളാസുകളും പ്രാർത്ഥനയും ആരാധനയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഭവനരഹിതരായ ആളുകളുടെയിടയിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുടെ സംഘടനയാണ് ഹോളി ഫുഡ് മാർക്കറ്റ്. കൗമാരക്കാരായ ആളുകൾ മുതിർന്ന യുവജനങ്ങളുടെ സഹായത്തോടെ പാവപ്പെട്ട ആളുകളുടെ അടിസ്ഥാനാവശ്യങ്ങൾ സാധിച്ചുകൊടുക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഇവിടെ ചെയ്യുന്നു. തന്റെ എളിയവർക്കായി ദൈവം ഞങ്ങളിലൂടെ പ്രവർത്തിക്കുകയാണ് എന്നാണ് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.