ദൈവവിളിയുടെ കലവറക്കാരന്‍ – ഫാ. ഫെറർ സിഎംഐ 

ഫാ. ജെയിൻ കാളാപറമ്പിൽ സിഎംഐ

1960-കളിൽ കളമശ്ശേരി രാജഗിരി കുന്നിൽ സെന്റ് ജോസഫ് പോസ്റ്റുലൻസ് ഹോം പണിതീർന്നു. മുറ്റം ലാൻഡ്സ്കെയ്പിനായി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. മെയ് മാസക്കാലം. കേരളത്തിന്റെ വിവിധ ഇടവകളിൽ നിന്നും പത്താം ക്ലാസ്സ് പരീക്ഷയെഴുതി റിസൽറ്റ് കാത്തിരിക്കുന്നവരും കോളേജിൽ പഠിക്കുന്നവരുമായ  കത്തോലിക്കാ യുവാക്കള്‍ അവിടെ ഒരു വൈകുന്നേരം ഒന്നിച്ചുകൂടി. മൂന്നു ദിവസത്തെ പ്രാർത്ഥനാകൂട്ടായ്മ. താമസവും ഭക്ഷണവും സൌജന്യം. നൂറോളം യുവാക്കൾ. ആദ്യം അവരെ അഭിസംബോധന ചെയ്തത് ഫാ. സലാസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിരുഹൃദയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ പ്രസിദ്ധനായ ഫ്രാൻസിസ് സലേസ് അച്ചനായിരുന്നു. “ജീവിതഭാവി തെരഞ്ഞെടുക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ചിന്തകളാണ് ഈ ദിവസങ്ങളിൽ നിങ്ങൾ ഇവിടെ കേൾക്കാൻ പോകുന്നത്. അതിലേയ്ക്ക് നിങ്ങൾക്ക് വഴികാട്ടിയും സഹായകനുമായി ചുറുചുറുക്കുള്ള ഒരു യുവ അച്ചനെ സമ്മാനിക്കുകയാണ്. അദ്ദേഹത്തിന്റെ പേരാണ് ഫാ.ഫെറർ.”

മൂന്നു ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നൽകിയത് പരിചയസമ്പന്നനായ  അധ്യാപകനും നിരവധി സ്കൂളുകളുടെ ഹെഡ്മാസ്റ്ററും ആയിരുന്ന ഫാ. ഓസ്വാൾഡ് കടവിൽ ആയിരുന്നു. മൂന്നു ദിവസത്തെ യുവജന പ്രാര്‍ത്ഥനാകൂട്ടായ്മയുടെ എല്ലാ രംഗത്തും ചുക്കാൻ പിടിച്ചിരുന്നത് ഫെറർ എന്ന കൊച്ചച്ചൻ തന്നെ ആയിരുന്നു. ഇത്രയും യുവാക്കളെ അവിടെ ഒന്നിച്ചുകൂടാൻ പ്രേരിപ്പിച്ചത് നോട്ടീസ് കൊണ്ടോ മറ്റ്  പരസ്യങ്ങള്‍ മുഖേനയോ അല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്.

യുവവൈദികൻ ആയപ്പോൾ മുതൽ വചനശുശ്രൂഷ തന്റെ വഴിയായി കണ്ട് സഞ്ചാരം തുടങ്ങിയതാണ്. അതിനു പിൻബലമായി സലാസ്‌ എന്ന വൈദീകശ്രേഷ്ഠന്റെ കരുത്തുമുണ്ടായിരുന്നു. ഇടവക പള്ളികളിൽ പൊതുജനധ്യാനം നടത്തുന്നതിന്റെ ഇടനേരങ്ങളിൽ അദ്ദേഹം ഭവനസന്ദർശനങ്ങൾക്ക്‌ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ പരിചയപ്പെട്ട കുട്ടികളുടെ വീട്ടിലേയ്ക്ക് അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുത്തുകൾ വിട്ടു. അതിൽ അല്പം ദൈവവിചാരവും അപ്പനമ്മമാർക്കുള്ള സ്നേഹാന്വേഷണങ്ങളും വീട്ടുകാര്യങ്ങളും പഠനകാര്യങ്ങളും ഒക്കെയുണ്ടായിരുന്നു. ഒരു പോസ്റ്റ്കാർഡിന്റെ ഇരുപുറത്തുമായി എഴുതിയാണ് പോസ്റ്റ് ചെയ്തിരുന്നത്.  അക്കാലത്ത് പോസ്റ്റ്മാൻ വീട്ടിലേയ്ക്ക് വരുന്നത് വലിയ കാര്യമായി കരുതിയിരുന്നു. വിദ്യാർഥിയുടെ സ്വന്തം വിലാസത്തിൽ കൂടി ആയപ്പോൾ അതിന്റെ മാറ്റ് ഇരട്ടിയായി. പല കുട്ടികളും അദ്ദേഹത്തിന്റെ മറുപടി കാർഡിനായി കാത്തിരുന്നു. അങ്ങിനെ ഫെറർ എന്ന ധ്യാനഗുരു ഓരോ കുടുംബത്തിലെയും അംഗവും കുട്ടികളുടെ സ്നേഹിതനുമായിത്തീർന്നു.

അങ്ങനെയുള്ള ഒരു സ്നേഹബന്ധത്താല്‍ ഒന്നുകൂടിയവരാണ് കളമശ്ശേരി രാജഗിരി സെന്റ് ജോസഫ് പോസ്റ്റുലൻസ് ഹോമിലെ യുവജന പ്രാർത്ഥനാകൂട്ടായ്മ. പ്രാർത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം നാൽപതോളം പേര്‍ സന്യാസ വൈദികരാകാൻ സമ്മതം നൽകി. അതിൽ നിന്നും മുപ്പതോളം പേരെ തെരഞ്ഞെടുത്തു. അവർ സ്കൂൾ വർഷം ആരംഭിച്ചപ്പോൾ കളമശ്ശേരി സെന്റ് ജോസഫ് ഹോമിലെ അംഗങ്ങളായി സിഎംഐ  സന്യാസ സഭയുടെ പരിശീലനത്തിന്റെ ആദ്യപടിയിലേയ്ക്ക് കാലുകുത്തി.

അക്കാലത്ത് കളമശ്ശേരി സെന്റ് ജോസഫ് പോസ്റ്റുലൻസ് ഹോമിൽ സന്യാസപരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് കുമ്പസാരത്തിനുള്ള അച്ചന്മാർ എത്തിയിരുന്നത് അടുത്തുള്ള പ്രൊവിൻഷ്യൽ ഹൗസിൽ നിന്നായിരുന്നു. രണ്ടു-മൂന്നു പേരെ പ്രൊവിന്‍ഷ്യൽ സാലസ് അച്ചൻ നിശ്ചയിച്ചിട്ടുണ്ട്. സെമിനാരി കെട്ടിടത്തിന്റ  ഒരു ഭാഗത്ത് പ്രോവിന്‍ഷ്യൽ ഹൗസില്‍ കേൾക്കാവുന്ന രീതിയിൽ ഒരു മണി കെട്ടിയിരുന്നു. അതിൽ അടിച്ചാൽ അച്ചന്മാർ കുമ്പസാരത്തിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിലെ സമയത്ത് അവിടെയെത്തും. കുമ്പസാരത്തിനു പുറമെ കൗൺസലിംഗും ഈ അച്ചന്മാർ നടത്തിയിരുന്നു. കൊച്ചു സന്യാസവിദ്യാർഥികളുടെ സംശയങ്ങൾ ദുരീക്കരിക്കാനും വിഷമങ്ങളിൽ സാന്ത്വനപ്പെടുത്താനും വിളിയിൽ ഉറപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാം ഈ അച്ചമാർ സഹായകരായിരുന്നു. അവരിലൊരാളായി ഫെറർ അച്ചനെയും പ്രത്യേകം ചേർത്തിരുന്നു. ഇടവകകളിൽ ധ്യാനത്തിന് പോയിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ കുറവായിരുന്നു. വരുമ്പോഴെല്ലാം കുട്ടികളെ കാണുന്നതിലും അവരെ കേൾക്കുന്നതിലും ദൈവവിളിയിൽ ഉറപ്പിക്കുന്നതിലും അദ്ദേഹം ഒരുപാട് നേരം ചിലവിട്ടു.

സെമിനാരിയിൽ എത്തിയവരുടെ ഇടവകകളിൽ എന്തെങ്കിലും പരിപാടികൾക്ക് അച്ചനു പേകേണ്ടിവന്നാൽ സമയം ലഭിക്കുന്നതുപോലെ അവരുടെ മാതാപിതാക്കളേയും സഹോദരീ-സഹോദരന്മാരെയും കാണുകയും വൈദിക വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചകള്‍ അവരുമായുള്ള കുടുംബബന്ധം അരക്കിട്ട് ഉറപ്പിക്കാൻ കാരണമായി. പരിശീലനം പൂർത്തിയാക്കി സന്യാസിയായ ശേഷവും വീട്ടിൽ ചെല്ലുമ്പോൾ മാതാപിതാക്കളും കുടുംബാംഗങ്ങളും “പണ്ട് വീട്ടിൽ വന്നിരുന്ന ആ കൊച്ചച്ചൻ (ഫെറർ അച്ചൻ) ഇപ്പോൾ എവിടെയാണ്? അദ്ദേഹത്തിന് സുഖമല്ലേ? ഇടയ്ക്ക് ഇവിടെ വന്നിരുന്ന ആളാണ്…” എന്നെല്ലാമുള്ള ചോദ്യങ്ങളിൽ ഉറഞ്ഞിരുന്നത് അവരുടെ ഹൃദയങ്ങളിൽ എവിടയോ ഫെറർ അച്ചൻ സ്ഥാനം പിടിച്ചിരുന്നു എന്നല്ലേ?

ഫെറർ അച്ചൻ ദൈവവിളി ധ്യാനം നടത്തിയിരുന്നത് സിഎംഐ സഭയിലെ പ്രോവിന്‍സുകൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ റീത്ത് ഭേദമില്ലാതെ സന്യാസ – സന്യാസിനി സംഘങ്ങൾക്കും രൂപതകൾക്കും കൂടിയാണ്. അത് തീക്ഷ്ണതയും നന്മയിൽ നിറഞ്ഞവരുമായ ധാരാളം പേർ സഭാസേവനത്തിന് എത്തണമെന്ന  ചിന്തയിലായിരുന്നു.

ഒരു നേപ്പാൾ മിഷനറി അച്ചൻ പറഞ്ഞത്: “സെമിനാർ കഴിഞ്ഞ് സെലക്ഷൻ കമ്മിറ്റി മുമ്പാകെ ഞാൻ എത്തി. അവിടെ ഇരുന്ന അച്ചന്മാരുടെ സംഘത്തിൽ ഫെറർ അച്ചനും ഉണ്ടായിരുന്നു. ഞാൻ എത്തിയത് ഫെറർ അച്ചന്റെ മുമ്പിലാണ്. എനിക്ക് കേരളത്തിന് അപ്പുറത്തുള്ള ഏതെങ്കിലും മിഷന് പോകണം.”

അദ്ദേഹം പറഞ്ഞു: “ഹാ, പോകമല്ലോ. ആഫ്രിക്കയിലും ബ്രസീലിലുമെല്ലാം സാധ്യതകൾ ഉണ്ട്. അവരെ  പരിചയപ്പെടുത്തിത്തരാം.” അങ്ങനെ അദ്ദേഹം ബിജ്നോറിലും അവിടുന്ന് നേപ്പാളിലും മിഷനറിയായി എത്തി.

കേരള സഭാചരിത്രത്തിലെ ദൈവവിളി ക്യാമ്പുകളുടെ പ്രഥമ മാതൃകയായി ഇതിനെ രേഖപ്പെടുത്താം. ഇതിനുശേഷം പല സന്യാസ സഭകളും ഇതുപോലുള്ള ദൈവവിളി ധ്യാനങ്ങളും യോഗങ്ങളും സെമിനാറുകളും സംഘടിപ്പിച്ച്‌ ആളുകളെ തിരഞ്ഞെടുക്കുന്ന സംവിധാനമായി മാറി. കേരളത്തിലെ രൂപതകളും ഈ മാതൃക സ്വീകരിക്കുകയും കുറെക്കൂടി വിപുലമാക്കുകയും ചെയ്തു. ഫെറർ അച്ചന്റെ ഈ ദൈവിളി ധ്യാനക്യാമ്പുകളാണ് ഫാ. സൈറ്ലർ എന്ന വിദേശിയായ എസ് വി ‌‍ഡിക്കാരന്റെ ‘‌പൂനയിലെ നാഷനൽ  വൊക്കേഷൻ സർവീസ് സെന്റർ’ (NVSC) എന്ന സ്ഥാപനത്തിന് കാരണമായത് എന്ന് പറയാം.

NVSC ദേശീയ മെത്രാൻസമിതിയുടെ കീഴിലാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. NVSC സ്ഥാപനത്തിന് മുന്നൊരുക്കം നടന്നത് കേരളത്തിലെ തേവര സേക്രട്ട് ഹാർട്ട് കോളജിൽ നടന്ന ഒരു സെമിനാറിലായിരുന്നു. അതിൽ ദൈവവിളിയുടെ കേന്ദ്രമായ പാലാ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ, മംഗലാപുരം രൂപതാ അധ്യക്ഷൻ ബിഷ്പ്‌ അൽഫോൺസ് മത്യാസ്, ഫാ. സൈറ്‌ലർ എസ് വി ഡി, അത്മായ പ്രമുഖർ, മിഷൻ ലീഗിന്റെ സ്ഥാപകരിലൊരാളായ കൊച്ചേട്ടന്‍, സന്യാസ സഭകളിലെ വചനപ്രഘോഷകർ, പ്രധാന സെമിനാരി റെക്ടർമാർ തുടങ്ങിയവരുടെ കൂടിയാലോചനയുടെ ഫലം ഉരുത്തിരിഞ്ഞതാണ് NVSC. വിവിധ രൂപതകളും സന്യാസ – സന്യാസിനീ സമൂഹങ്ങളും ദൈവവിളികൾ കൊണ്ട് സമ്പന്നമാവാന്‍ കടപ്പെടുന്നത് ഒരുപക്ഷേ, ദൈവവിളി ധ്യാനങ്ങളുടെ പ്രാരംഭകനായ ഫാ. ഫെററിനോടു തന്നെയാണ്.

വിശ്വാസ സമൂഹത്തിലെ എല്ലാത്തരക്കാർക്കുമുള്ള ധ്യാനരീതികൾ അദ്ദേഹത്തിന് സ്വായത്തമായിരുന്നു. മെത്രാൻസമൂഹം മുതൽ താഴെ കുട്ടികളെ വരെ തന്റെ വചനധാര കൊണ്ട് ഭക്തിയിലേയ്ക്ക് അടുപ്പിക്കാൻ ഈ വൈദികശ്രേഷ്ഠന്‌ കഴിഞ്ഞിരുന്നു. ഒരുപക്ഷേ,, ഗിന്നസ് ബുക്കിൽ ഇടംപിടിക്കാൻ മാത്രമുള്ള ധ്യാനപരമ്പര ഈ കേരളീയ വചനപ്രഘോഷകൻ നാട്ടിലും ഇന്ത്യയിലെ മറ്റു മിഷന്‍  പ്രദേശങ്ങളിലും നടത്തിയിട്ടുണ്ട് എന്നു പറയാം.

ഫെററച്ചന്റെ ധ്യാനത്തിന്റെ മാറ്റു കൂട്ടുന്നത് അദ്ദേഹത്തിന്റെ പ്രാർത്ഥനാനുഭവമാണ്. ഒപ്പം ആളുകളിൽ നിന്ന് ലഭിച്ച അറിവുകൾ, വിശുദ്ധ ഗ്രന്ഥവും, സഭാപിതാക്കന്മാരുടെ എഴുത്തുകളും ആധാരമാക്കി പറഞ്ഞപ്പോൾ കേള്‍വിക്കാരുടെ ഹൃദയത്തിലേയ്ക്ക് അനായാസേന അവ ആഴ്ന്നിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ വചനപ്രഭാഷണങ്ങൾ കേള്‍വിക്കാർക്ക് ശ്രവണമധുരമായിത്തീർന്നതുകൊണ്ടാണ് അദ്ദേഹത്തെ പല ആവർത്തികളായി ഇടവകകളിലേയ്ക്കും‌ സന്യാസ സഭകളിലേയ്ക്കും വീണ്ടും ക്ഷണിച്ചുകൊണ്ടു പോയിരുന്നത്.

അദ്ദേഹം സെമിനാരിയിൽ എത്തിയതുമുതൽ വ്യക്തമായ ജീവിതലക്ഷ്യവും അതിനുള്ള ഒരുക്കവും നടത്തിയിരുന്നു. പുസ്തകങ്ങളെ കൂട്ടുകാരനും വായനയെ  സഖിയുമാക്കി. സെമിനാരിക്കാലത്ത് പലപ്പോഴും അദ്ദേഹത്തിനു ലഭിച്ച ജോലി ലൈബ്രേറിയൻ ആയിരുന്നു. അമേരിക്കയിൽ ഉപരിപഠനത്തിനു പോയപ്പോഴും ലൈബ്രേറിയൻ ജോലി ചെയ്തിട്ടാണ് കോളേജ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.  ജീവിതകാലം മുഴുവൻ ദിവ്യവചനത്തെ നൽകുന്ന വഴിയേ സഞ്ചരിച്ച് വാർദ്ധക്യത്തെ ധ്യാനമാക്കി സന്തുഷ്ടനായി പള്ളിയിലും സ്വന്തം മുറിയിലും ഇപ്പോഴും കഴിയുന്നു.

ഫാ. ജെയിന്‍ ഓക്സ്ഫീല്‍ഡ് സി.എം.ഐ.