പള്ളിയില്‍നിന്നു റോക്കറ്റ് ഉയര്‍ന്ന കഥ

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

ചർച്ച് ആക്ട് കടലിലെ വേലിയേറ്റവും വേലിയിറക്കവും പോലെ നിൽക്കുന്ന നേരത്ത്, മെത്രാൻമാരും വൈദികരും സന്യസ്തരും മുൻവിധികളിലൂടെ അടച്ചാക്ഷേപിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ചില ചരിത്രങ്ങൾ അഭിനവ കേരളത്തിനു മുൻപിൽ ഓർമ്മിപ്പിക്കുവാൻ കടമയുണ്ട്. സഭയെന്നാൽ അധോലോകമാണെന്ന് വരച്ചുകാട്ടുന്നവർക്ക് ഒരിടയനും ഒരു ജനതയും മുഴുവൻ ഭാരതത്തിന്റെ ശാസ്ത്രക്കുതിപ്പിനായി തങ്ങളുടെ ഇടവകയും ഇടവകപ്പള്ളിയും കിടപ്പാടങ്ങളും തൊഴിലിടങ്ങളും വിട്ടുനൽകിയ ചരിത്രമുണ്ട്.അതു സംഭവിച്ചത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ തീരത്താണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രനായായിരുന്ന റവ. പീറ്റർ ബെർണ്ണാഡ് പേരേര പിതാവും പള്ളിത്തുറ ഇടവക ജനങ്ങളുമാണ് ഭാരതമണ്ണിനായി ആ ചരിത്രം രചിച്ചത്.

പലപ്പോഴും കേട്ടു പഴകിയ വർത്തമാനമാണ് ശാസ്ത്രവും സഭവും ബദ്ധവൈരികളാണെന്നത്. എന്നാൽ ഈ ചൊല്ലിനെ ഖണ്ഡിക്കുന്നതു കാണാൻ തിരുവനന്തപുരത്തെ തുമ്പയിൽ എത്തിയാൽ മതി. തുമ്പ എന്ന പേര് ലഭിക്കുന്നതിനു മുൻപ് പള്ളിത്തുറ എന്ന തീരദേശ ഗ്രാമമായിരുന്നു അവിടം. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ ചുവടുവയ്പ്പുകൾ നടത്തിയത് ശാസ്ത്രവും കത്തോലിക്കാ സഭയും കൈകോർത്താണ്. ലോകത്ത് മറ്റൊരിടത്തും നമ്മുക്ക് ഈ സഹകരണം കാണാനാകില്ല.

1960 കളുടെ ആരംഭം.മനസ്സിൽ ആകാശത്തെയും നക്ഷത്രങ്ങളെയും സൗരയൂഥത്തെയും കുറിച്ചുമാത്രം ചിന്തിച്ചു നടക്കുന്ന വിക്രം സാരാഭായ് എന്ന മനുഷ്യൻ. റഷ്യ ബഹിരാകാശത്തും അമേരിക്ക ചന്ദ്രനിലും പരസ്പരം മൽസരിച്ച് വിക്ഷേപണങ്ങൾ നടത്തുമ്പോഴും ആളെ അയ്ക്കുമ്പോഴും വിക്രം സാരാഭായ് കൊതിച്ചിരുന്നു തന്റെ രാഷ്ട്രത്തിനെ അവരോടപ്പം എത്തിക്കുവാന്‍. തന്നിൽ ഉരുത്തിരിഞ്ഞ് വരുന്ന ചിന്തകൾ ഒക്കെയും അദ്ദേഹം പലരുമായി പങ്കുവച്ചു. അദ്ദേഹത്തിനൊപ്പം ബഹിരാകാശ ഗവേഷണത്തിന്റെ വിത്തുകൾ പാകാൻ ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് ഡോ. ഹോമി ഭാവയും ചേർന്നു. ഇവരും നടത്തിയ ദീർഘമായ പഠനത്തിൽ പള്ളിത്തുറ എന്ന ഗ്രാമത്തെ കണ്ടെത്തി. ഭൂമദ്ധ്യകാന്തിക രേഖകളോട് അടുത്ത് കിടക്കുന്ന ഗ്രാമം എന്നതായിരുന്നു ആ തിരഞ്ഞെടുക്കലിനു പിന്നിലെ കാരണം. അതു കൊണ്ട് റോക്കറ്റ് വിക്ഷേപണത്തിൽ ഏറെ സഹായകരമായിരുന്നു ഈ സാഹചര്യം. അങ്ങനെ വിക്രം സാരാഭായ് തന്റെ സ്വപ്നങ്ങളുമായി അനന്തപുരിയിലെക്ക് യാത്രയായി.

പക്ഷേ പള്ളിത്തുറ എന്ന ഗ്രാമത്തെ കണ്ടപ്പോൾ അദ്ദേഹം ഒന്നു ഭയന്നു. കാരണം ജനസാന്ദ്രത കൊണ്ടും മത്സ്യതൊഴിലാളികളുടെ ഉപജീവനം കണ്ടും തളർന്നു പോയി. തന്റെ ഗവേഷണങ്ങൾക്കായി ഈ ഗ്രാമത്തെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. കൂടാതെ തന്നെ വി. മേരി മഗ്ദലനയുടെ നാമദേയത്തിലുള്ള ഇടവകയും കൂടി ആയിരുന്നു അവിടം. ആ ദേവാലയമായിരുന്നു താൻ മനസ്സിൽ കണ്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ. എന്നാലും പീറ്റർ ബർണാഡ് പേരേര തീരുമേനിയെ കണ്ട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചു.

പള്ളിയോടൊപ്പം മെത്രാന്റെ താമസത്തിനായി ഒരു ചെറിയ മുറിയും ഉണ്ടായിരുന്നു. അവിടെ ചെന്ന് പിതാവിനെ കാണാൻ തീരുമാനിച്ചു. ഇതിനു മുൻപേ ചിലരൊക്കെ ഗ്രാമത്തിൽ വന്നു കറങ്ങി നടക്കുന്നതായി പിതാവിന്റെ കാതിൽ എത്തിയിരുന്നു. വിക്രം സാരാഭായി പിതാവിനെ ചെന്നു കണ്ടു. തന്നെ സ്വയം പരിചയപ്പെടുത്തി. തന്റെ വരവിന്റെ പിന്നിലെ ഉദ്ദേശ്യം അദ്ദേഹം വിവരിച്ചു. ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പിന് ഈ കാണുന്ന പള്ളി ഉൾപ്പെടുന്ന ഗ്രാമം തനിക്ക് വിട്ടുതരണമെന്ന് അപേക്ഷിച്ചു. കേട്ടു നിന്നവരൊക്കെ ഒന്നു അറച്ചു. എന്നാൽ പിതാവ് അദ്ദേഹത്തോട് പിറ്റേന്ന് കുർബ്ബാനയുണ്ട് അപ്പോൾ പള്ളിയിൽ വരാൻ പറഞ്ഞു. ഒന്നും മനസ്സിൽ കുറിക്കാതെ വിക്രം സാരാഭായ് ഞായറാഴ്ച കുർബ്ബാനയിൽ പങ്കെടുത്തു. തിങ്ങി നിറഞ്ഞ ജനത്തെ നോക്കി. ബലിയർപ്പണത്തിന്റെ മധ്യത്തിൽ പിതാവ് അസാധാരണമായി തന്റെ മക്കളോട് സംസാരിക്കുവാൻ തുടങ്ങി.

“എന്റെ മക്കളേ, നമ്മുടെ ഇടയിൽ ഒരു പ്രസിദ്ധനായ ശാസ്ത്രജ്ഞൻ വന്നിട്ടുണ്ട്. അദ്ദേഹത്തിന് തന്റെ ഗവേഷണത്തിനായി ഈ ദേവാലയവും ഞാൻ ഇവിടെ വരുമ്പോൾ താമസിക്കുന്ന ഭവനവും ആവശ്യമാണ്. ശാസ്ത്രം മനുഷ്യ ജീവിതത്തെ പുരോഗതിയിൽ എത്തിക്കാൻ സത്യത്തെ തേടുന്നു. ആദ്ധ്യാത്മികതയാണ് മതത്തിന്റെ ഉന്നത ശ്രേണി. മതാചാര്യൻമാർ ദൈവത്തോട് അപേക്ഷിക്കുന്നതും മനുഷ്യ മനസ്സുകളിൽ നന്മയും സ്നേഹവും നിറയ്ക്കുക എന്നാണ്. ചുരുക്കി പറഞ്ഞാൽ വിക്രം സാരാഭായ് ചെയ്യുന്നത് തന്നെയാണ് ഞാനും ചെയ്യുന്നത്. ശാസ്ത്രവും ആത്മീയതയും മനുഷ്യന്റെ ആത്മാവിന്റെയും ശരീരത്തിന്റെയും വളർച്ചയ്ക്കായി ദൈവത്തിന്റെ അനുഗ്രഹങ്ങൾ തേടുന്നവയാണ്. മക്കളേ നമ്മുക്ക് ഈ ദേവാലയം ശാസ്ത്ര ഗവേഷണങ്ങൾക്കായി വിട്ടു നൽകാമോ?”.

എങ്ങും നിശബ്ദത പടർന്നു. ആ വിശ്വാസ സമൂഹം ഹൃദയം നിറഞ്ഞ് തങ്ങളുടെ ഇടയനു മുൻപിൽ ഒരേ സ്വരത്തിൽ ‘ആമ്മേൻ’ പറഞ്ഞു. സ്വന്തം കിടപ്പാടം വിട്ട് പോയിടേണം എന്ന ദു:ഖത്തിനുമപ്പുറം ആ ഇടയനിൽ വിശ്വാസം അർപ്പിച്ച് സകലതും കൈവെടിഞ്ഞ് അവർ ആ ഗ്രാമം വിക്രം സാരാഭായ്ക്കു നൽകി. അൾത്താരയും ദേവാലയവും ഉൾപ്പെടെ തങ്ങളുടെ സകലതും കൈവെടിഞ്ഞത് ഭാരതത്തിനു വേണ്ടിയായിരുന്നു. അങ്ങനെ 1962 ൽ TERLS (Thumba Equatorial Rocket Launching Station) ന്റെ ആസ്ഥാനമായി ആ ദേവാലയം മാറ്റപ്പെട്ടു. റോക്കറ്റുകളുടെ പരീക്ഷണശാലയായി തീർന്നു.

ഇന്ന് ആ ദേവാലയം ഒരു മ്യൂസിയമാണ്.ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് ആയ ‘നിക്കേ അപ്പാച്ചെ ‘ വിക്ഷേപിച്ചതും ഇവിടെ നിന്നാണ്. എങ്ങനെ ഒരു മതസ്ഥാപനം ഒരു രക്ത ചൊരിച്ചിലും ഇല്ലാതെ രാഷ്ട്രത്തിന്റെ ശാസ്ത്ര വികസനത്തിൽ പങ്കാളിയായി എന്നോർത്ത് അന്നത്തെ ഭരണകർത്താക്കൾ പോലും അതിശയിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ഡോ. APJഅബ്ദുൾ കലാം താൻ ഓഫീസ് ആയി ഉപയോഗിച്ചിരുന്ന മെത്രാൻ താമസിച്ചിരുന്ന മുറിയും ബഹിരാകാശ ശാസ്ത്ര പരീക്ഷണ ശാലയായി തീർന്ന ദേവാലയത്തെയും വന്ന് കണ്ട് അനുസ്മരിച്ചു.പിന്നീട് വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) ആയി പുനർനാമകരണം ചെയ്യപ്പെട്ടു.

ഇന്നും നിലവിലെ പള്ളിത്തുറ ഗ്രാമത്തിലെ മുതിർന്നവരോടു ചോദിച്ചാൽ അവർക്ക് പറയാനുള്ളത് അഭിമാനത്തോടെ സഭയോട് ചേർന്നു നിന്നു കൊണ്ട് ഭാരതത്തിന്റെ ശാസ്ത്ര നിർമ്മിതിയ്ക്കായി തങ്ങളും തങ്ങളുടെ പൂർവികരും ചെയ്ത ത്യാഗങ്ങളുടെ ചരിത്രത്തെപ്പറ്റിയാണ്. കേവലമിന്നൊരു റോഡിനു വേണ്ടി ഒരു തുണ്ട് വിട്ടുനൽകാൻ മടിക്കുന്നവർക്കു മുൻപിലാണ് കത്തോലിക്കാ സഭയും വിശ്വാസികളും ഭാരതത്തിനു വേണ്ടി ഒരു ഇടവകയെ വിട്ടു നൽകിയത്.

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

1 COMMENT

Comments are closed.