പതിനഞ്ചാം നൂറ്റാണ്ടിലെ ധീരവനിത – വി. ജോവാന്‍ ഓഫ് ആർക്ക്

മെയ് മാസം 30 വിശുദ്ധ ജോവാൻ ഓഫ് ആർക്കിൻ്റെ തിരുനാൾ ദിനമാണ്. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖാപിച്ചവരിൽ ധാരാളം ആരാധകരുള്ള ഒരു വിശുദ്ധയാണ് യുറോപ്യൻ ചരിത്രത്തിലെത്തന്നെ ഏറ്റവും ധീര പോരാളിയായ വി. ജോവാന്‍ ഓഫ് ആർക്ക്.

മധ്യകാലഘട്ടത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു കർഷക പെൺകുട്ടിയായിരുന്നു ജോവാൻ ഓഫ് ആർക്ക് (1412-1431). ഇംഗ്ലണ്ടുമായുള്ള ദീർഘമായ യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്കു നയിക്കാൻ ദൈവം തിരഞ്ഞെടുത്തവളായിരുന്നു ജോവാൻ.

ഒരു സൈനിക പരിശീലനവുമില്ലാതിരുന്നിട്ടും വലൊയിസിലെ കിരീടാവകാശിയായ ചാൾസ് രാജകുമാരനോട് ഓർലിയൻസിനഗരം പിടിച്ചടക്കാൻ ഫ്രഞ്ച് സൈന്യത്തെ നയിക്കാൻ തന്നെ അനുവദിക്കണമെന്ന് ജോവാൻ ആവശ്യപ്പെട്ടു. 1430-ല്‍ ആയിരുന്നു അത്. അവിടെ ഇംഗ്ലീഷുകാർക്കും അവരുടെ സഖ്യകക്ഷികളായ ബർഗുണ്ടിയക്കാർക്കുമെതിരെ ജോവാൻ്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം സുപ്രധാന വിജയം നേടി. ഈ ജയത്തോടെ ജോവാൻ ഓർലിയൽസിൻ്റെ കന്യക (Maid of Orleans) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

രാജകുമാരൻ ചാൾസ് ഏഴാമൻ രാജാവായി കിരീടമണിഞ്ഞതിനെത്തുടർന്ന്, ജോവാനെ ആംഗ്ലോ-ബർഗുണ്ടിയൻ സൈന്യം പിടികൂടി. മന്ത്രവാദവും പാഷണ്ഡതയും ആരോപിച്ച് 1431 ൽ പത്തൊമ്പതാം വയസ്സിൽ ചുട്ടുകൊന്നു. 1920 ൽ ബനഡിക്ട് പതിനഞ്ചാമൻ പാപ്പ അവളെ വിശുദ്ധയായി പ്രഖ്യപിച്ചു. ഫ്രഞ്ച് ഐക്യത്തിന്റെയും ദേശീയതയുടെയും നിലനിൽക്കുന്ന പ്രതീകമാണ് ജോവാൻ.

ജോവാൻ ഓഫ് ആർക്കിനെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥം രചിച്ചത് സുപ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനായിരുന്ന മാർക് ട്വയിൻ (സാമുവേൽ ലാങ്ങ്ഹോൺ ക്ലെമെൻസ്) ആണ് Personal Recollections of Joan of Arc എന്നാണ് ആ വിഖ്യാത ഗ്രന്ഥത്തിൻ്റെ പേര്. മാർക് ട്വയിൻ്റെ അഭിപ്രായത്തിൽ തൻ്റെ എല്ലാ പുസ്തകങ്ങളിലും വച്ച് തനിക്കു ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവും മികച്ചതുമായ പുസ്തകം ജോവാൻ ഓഫ് ആർക്ക് ആണ് പന്ത്രണ്ട് വർഷം ഫ്രാൻസിൽ ഗവേഷണം നടത്തിയ ശേഷം രണ്ട് വർഷം കൊണ്ടാണ് മാർക്ക് ട്വയിൻ ഇത് എഴുതി തീർത്തത്. ആറു തവണ എഴുതി പരാജയപ്പെട്ടതിനു ശേഷം ഏഴാമത്തെ ശ്രമത്തിലാണ് വിജയം കണ്ടത്. മറ്റൊരു ഗ്രന്ഥത്തിനു വേണ്ടിയും മാർക്ക് ഇത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല.

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്  പതിനഞ്ചാം നൂറ്റാണ്ടിൽ യുറോപ്യൽ ജീവിച്ചിരുന്ന ഒരു ധീര യുവതിയിൽ തൻ്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കഥാതന്തുവിനെ കണ്ടെത്തിയെങ്കിൽ അതു കത്തോലിക്കാസഭയിൽ വിശുദ്ധരുടെ ആകർഷകമായ ക്രൈസ്തവ സാക്ഷ്യം മൂലമാണ്. ഈ ഗ്രന്ഥത്തെപ്പറ്റി വിശദമായി പഠിച്ചവരുടെ അഭിപ്രായത്തിൽ മാർക്ക് ട്വയിൻ ഈ ഗ്രന്ഥത്തിലൂടെ വായനക്കാരെ നാലു പാഠങ്ങൾ പഠിപ്പിക്കുന്നു എന്നാണ്.

1) അല്മായ സഹോദരി സഹോദരന്മാർക്കു വീരോചിതമായ രീതിൽ ക്രിസ്തീയ പുണ്യങ്ങൾ ജീവിക്കാൻ കഴിയും.

2) മോശം സഭാംഗങ്ങൾ വരുത്തുന്ന നാശത്തെ സഭ എപ്പോഴും അതിജീവിക്കും.

3) ഈ ലോകം ഒരു അവസാനമല്ല.

4) ദൈവം ഉണ്ടെന്നതിൻ്റെ ജീവിക്കുന്ന തെളിവായിരുന്നു ജോവാൻ ഓഫ് ആർക്കിൻ്റെ ജീവിതവും രക്തസാക്ഷിത്വവും.

ഫാ. ജെയ്സണ്‍ കുന്നേല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.