ക്നാനായ റീജിയൺ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം

അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നത്തപ്പെട്ട ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം. ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പതാക ഉയർത്തിക്കൊണ്ട് രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഹൂസ്റ്റൺ, ന്യൂയോർക്ക്, റ്റാമ്പാ, ചിക്കാഗോ, സാൻ ഹുസേ, ഫൊറോനകളിൽ നിന്നുള്ള മിഷൻ ലീഗ് പതാകകൾ സമ്മേളന നഗരിയിൽ പ്രതിഷ്ഠിച്ചു. ഫൊറോനാ പ്രതിനിധികളായ ജൂഡ് ചേത്തലിൽ, ബെറ്റ്‌സി കിഴക്കേപ്പുറം, ജെസ്‌നി മറ്റംപറമ്പത്ത്, മേഘൻ മംഗലത്തേട്ട്, സാന്ദ്രാ മൂകഞ്ചത്തിയാൽ എന്നിവർ പതാക വഹിച്ചു. രാവിലെ വിശുദ്ധ കുർബാനക്ക് ഹൂസ്റ്റൺ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതം പറഞ്ഞു. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. തോമസ് ആദോപ്പിള്ളിൽ വചന സന്ദേശം നൽകി.

തുടർന്ന് പ്ലാറ്റിനം ജൂബിലി സമാപനം ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്‌തു. റീജിയണൽ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റും റീജിയണൽ ജനറൽ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആശംസകൾ അർപ്പിച്ചു. ഇടവക അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് തച്ചാറ സ്വാഗതവും റീജിയണൽ സെക്രട്ടറി ജെയിംസ് കുന്നശ്ശേരി നന്ദിയും പറഞ്ഞു.

ഉച്ച കഴിഞ്ഞു നടന്ന ഇരുചക്രവാഹന വിളംബരജാഥാ ഫാ. എബ്രഹാം കളരിക്കൽ ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്നു നടന്ന വർണ്ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിതറാലിയിൽ ക്‌നാനായ റീജിയണിലെ ആയിരക്കണക്കിന് കുട്ടികൾ അണിനിരന്നു. ഫാ. ജോബി പൂച്ചുകണ്ടത്തിൽ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. മിഷൻ ലീഗ് റീജിയണൽ ഭാരവാഹികൾ മുൻനിരയിൽ റാലി നയിച്ചു. ഇവർക്കു പിന്നിലായി, പ്ലാറ്റിനം ജൂബിലിയെ പ്രതിനിധാനം ചെയ്‌ത്‌ 75 ആൺകുട്ടികളും 75 പെൺകുട്ടികളും പരമ്പതാഗത വേഷവിധാനത്തിലും 75 വനിതകൾ മുത്തുക്കുടകൾ വഹിച്ചും 75 പുരുഷന്മാർ മിഷൻ ലീഗ് പതാകകൾ വഹിച്ചും അണിനിരന്നു. തുടർന്ന് ന്യൂയോർക്ക്, റ്റാമ്പാ, സാൻ ഹുസേ ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളും ഡാളസ്, സാൻ അന്റോണിയോ, ഹൂസ്റ്റൺ ഇടവകളിൽ നിന്നുള്ള മുഴുവൻ മിഷൻ ലീഗ് അംഗങ്ങളും പങ്കെടുത്തു. വിവിധ വാദ്യമേളങ്ങൾ, ചലനദൃശങ്ങൾ എന്നിവ റാലിക്ക് കൊഴുപ്പേകി. തുടർന്ന് എഴുപത്തിയഞ്ചു കുട്ടികൾ പങ്കെടുത്ത മെഗാ മാർഗ്ഗംകളിയും, മെഗാ നടവിളിയും അരങ്ങേറി.

ശനിയായാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച  വൈകുന്നേരം വരെ ‘ചിൽഡ്രൻസ് പാർലമെന്റ്’ നടന്നു. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുത്തു. നേതൃത്വപരിശീലന ശില്പശാല, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗത്ഭരുമായുള്ള സംവാദങ്ങൾ, വിനോദപരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റൺ ഫൊറോനയുമാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്. ഹൂസ്റ്റൺ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ, മിഷൻ ലീഗ് വൈസ് ഡയറക്ടർ സിസ്റ്റർ ജോസിയ എസ്.ജെ.സി, ഓർഗനൈസർ ഷീബ താന്നിച്ചുവട്ടിൽ,  ഭാരവാഹികൾ, ഇടവക കൈകാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മതബോധന അധ്യാപകർ, എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക്  ചുക്കാൻ പിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.