ജനങ്ങളിൽ നിന്ന് പിന്തുണ ലഭിക്കാത്ത ഭരണകൂടത്തിന് ദൈവത്തിന്റെ പിന്തുണയുമുണ്ടാകില്ല: മ്യാന്മാർ കർദ്ദിനാൾ

പട്ടാളഭരണം നടക്കുന്ന മ്യാന്മറിൽ ജനങ്ങളിൽ നിന്ന് പിന്തുണ ലഭിക്കാത്ത ഭരണകൂടത്തിന് ദൈവത്തിന്റെ പിന്തുണയുമുണ്ടാകില്ലെന്ന് കർദ്ദിനാൾ ചാൾസ് ബോ. ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ, യഥാർത്ഥ അധികാരം സേവനത്തിലൂടെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ചയിലെ ദിവ്യബലി മദ്ധ്യേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

നേതാവ് ഓങ് സാൻ സൂചിയെ ഭരണത്തിൽ നിന്നിറക്കി സൈനിക അട്ടിമറി നടത്തിയ മ്യാന്മറിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ വലിയ രീതിയിലുള്ള എറ്റുമുട്ടലാണ് നടക്കുന്നത്. “സർക്കാർ ഒരു കണ്ണും ജനങ്ങൾ മറ്റൊരു കണ്ണുമാണ്. അവർക്ക് ഒരുമിച്ച് ഒരേ കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം. രാഷ്ട്രം നിർമ്മിക്കപ്പെടേണ്ടത് നീതിയിലാണ്. മറ്റെല്ലാം വിഗ്രഹാരാധനയാണ്. മ്യാന്മറിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. സൈന്യം മനുഷ്യാവകാശലംഘനങ്ങൾ നടത്തുകയും ചിലപ്പോൾ കൂട്ടക്കൊലകൾ നടത്തുകയും ചെയ്യുന്നു” – കർദ്ദിനാൾ വ്യക്തമാക്കി.

ആറു മാസത്തിനിടെ നടന്ന മരണങ്ങളിൽ അദ്ദേഹം വേദന പ്രകടിപ്പിച്ചു. ഫെബ്രുവരി ഒന്നിനാണ് മ്യാന്മറിൽ സൈനിക അട്ടിമറി നടന്നതും അധികാരം പിടിച്ചെടുക്കുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.