ഗർഭച്ഛിദ്രത്തെ അതിജീവിക്കുന്ന കുട്ടികൾക്ക് സംരക്ഷണമേകുന്ന ഒരു ‘നല്ല സമരിയാക്കാരൻ’

ബ്രസീലിൽ കഴിഞ്ഞ 30 വർഷങ്ങളായി, ഗർഭച്ഛിദ്രത്തെ അതിജീവിക്കുന്ന കുട്ടികൾക്കും വൈകല്യങ്ങൾ ബാധിച്ചവർക്കും സംരക്ഷണം നൽകുന്ന ഒരു വ്യക്തിയുണ്ട് – അന്റോണിയോ കാർലോസ് തവാരസ് ഡി മെല്ലോ. ഈ ‘നല്ല സമരിയക്കാര’ന്റെ ഉടമസ്ഥതയില്‍, അഗതികളായ കുഞ്ഞുങ്ങൾക്കായി ബ്രസീലിൽ രണ്ട് സ്ഥാപനങ്ങളും പോർച്ചുഗലിൽ ഒരു സ്ഥാപനവുമുണ്ട്. നൂറിലധികം വികലാംഗരായ കുട്ടികൾക്ക് അത്താണിയാണ് ഇദ്ദേഹം.

“ഗർഭച്ഛിദ്രത്തെ അതിജീവിച്ച കുട്ടികളെയും ഉപേക്ഷിക്കപ്പെട്ടവരെയും ഞങ്ങൾ സംരക്ഷിക്കുന്നു. മനുഷ്യജീവനെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ പരിപാലിക്കുന്ന ഭൂരിഭാഗം ആളുകളും ഗർഭച്ഛിദ്രത്തെ അതിജീവിച്ചവരാണ്” – ഡി മെല്ലോ പറയുന്നു.

വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഇവരുടെ സ്ഥാപനത്തിൽ എത്തപ്പെട്ട കുട്ടിയാണ് ഇപ്പോൾ ഒൻപത് വയസുള്ള ജീൻ. ജീനിന്റെ അമ്മ ഗർഭകാലത്ത്, കുഞ്ഞിനെ നശിപ്പിക്കാൻ മയക്കുമരുന്ന് കഴിച്ചു. എന്നാൽ അവൻ മരണപ്പെട്ടില്ല. അത്ഭുതകരമായി ജീൻ ജനിച്ചു. ഏറെ വൈകല്യങ്ങളോടെ ആയിരുന്നു അവന്റെ ജനനം. കുറച്ചു മാസങ്ങൾ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞ അവൻ ഒൻപത് വർഷങ്ങൾക്കിപ്പുറം ഇന്നും ജീവിക്കുന്നു. ജീനിന്റെ ജീവിതാനുഭവം അനേകം സംഭവങ്ങളിൽ ഒന്നു മാത്രമാണ്.

ബ്രസീലിൽ ഗർഭച്ഛിദ്രം കുറ്റകൃത്യമാണ്. സ്ത്രീയുടെ ജീവൻ അപകടത്തിലാകുകയോ, ബലാത്സംഗത്തിന്റെ ഫലമായി ഗർഭം അലസുകയോ ചെയ്താലല്ലാതെ തന്റെ കുഞ്ഞിനെ കൊല്ലുന്ന ഗർഭിണിയായ ഒരു അമ്മക്ക് മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കും. എങ്കിലും ചില ഗർഭിണികളായ അമ്മമാർ തങ്ങളുടെ കുട്ടികളെ ഗർഭച്ഛിദ്രം ചെയ്യാൻ ശ്രമിക്കുന്നു. പലപ്പോഴും പലവിധ സാമ്പത്തിക കാരണങ്ങളാൽ ആയിരിക്കുമത്. ഗർഭച്ഛിദ്രത്തിനായി മാരകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നതു മൂലം കുട്ടികളിൽ പലരും വൈകല്യത്തോടെയാണ് ജനിക്കുന്നത്.

1960 -ൽ ബ്രസീലിലെ പെട്രോപോളിസിൽ കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ നാല് മക്കളിൽ ഒരാളായ ഡി മെല്ലോ കൗമാരപ്രായത്തിൽ തന്നെ ഇടവകയിലെയും രൂപതയിലെയും യുവജന പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. എങ്കിലും കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ആദ്യം ഒരു വൈദികനാകാൻ ആഗ്രഹിച്ചു. പിന്നീട് തന്റെ വിളി അതല്ലെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ ഒരു പ്രാദേശിക യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെയാണ് വൈകല്യമുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനം ആരംഭിച്ചത്.

“ഞങ്ങൾ 1990 -ൽ ആദ്യത്തെ സ്ഥാപനം ആരംഭിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഞാൻ ഒരു ചെറിയ സ്ഥാപനത്തിൽ സന്നദ്ധസേവനം നടത്തുകയായിരുന്നു. ഒരിക്കല്‍ ഒരു ക്ലിനിക്കിലെ പാർട്ടിയിൽ സഹായിക്കാൻ അവിടെയുള്ളവര്‍ എന്നെ വിളിച്ചു. ആ സമയത്ത് അവിടെ 125 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും വളരെ ദരിദ്രർ. ഞാൻ വന്ന ആദ്യ ദിവസം 15 വയസ്സുള്ള അലക്സാണ്ടര്‍ എന്ന ബാലനെ കണ്ടുമുട്ടി. അവൻ എന്നോട് ചോദിച്ചു: ‘എന്റെ പിതാവാകാൻ ആഗ്രഹമുണ്ടോ?’ എനിക്ക് 25 വയസ്സും അവന് 15 വയസ്സും ഉള്ളതിനാൽ എനിക്ക് കഴിയില്ലെന്ന് ഞാൻ അവനോട് പറഞ്ഞു. പക്ഷേ ഞാൻ അവനോട് പറഞ്ഞു: ‘എന്റെ ഹൃദയത്തിൽ ഞാൻ നിനക്ക് പിതാവായി തുടർന്നോളാം. ആ ചോദ്യം എന്റെ മനസിനെ പിടിച്ചുലച്ചു. പിന്നെ പതിവായി ഞാൻ ആ സ്ഥാപനത്തിൽ സേവനം ചെയ്യാൻ എത്തുമായിരുന്നു” – ഡി മെല്ലോ കൂട്ടിച്ചേർത്തു.

ഈ ഒരു സാഹചര്യമാണ്, എന്തുകൊണ്ട് തനിക്ക് ഇപ്രകാരമുള്ള ഒരു സ്ഥാപനം ആരംഭിച്ചുകൂടാ എന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്. പതിയെ അവരുടെ ആവശ്യങ്ങൾ ഞാൻ മനസ്സിലാക്കാൻ തുടങ്ങി. ലൈംഗിക പീഡനം, ശാരീരികവും മാനസികവുമായ അക്രമങ്ങൾ ഒക്കെ അനുഭവിച്ചവരാണ് ഇത്തരം കുഞ്ഞുങ്ങൾ. അതിനാൽ അവരെ എങ്ങനെയെങ്കിലും സമൂഹത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക എന്നതായിരുന്നു ആദ്യത്തെ ശ്രമം.

“ഞങ്ങളുടെ സ്ഥാപനത്തിന്റെ കെട്ടിടത്തിനു മുന്നിൽ മരങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവ വെട്ടിമാറ്റി. അതിനാൽ അവർക്ക് തെരുവ് കാണാനും പുറംലോകവുമായി ദൃശ്യമായ സമ്പർക്കം പുലർത്താനും കഴിയും. അങ്ങനെ പൊതുസമൂഹവുമായി സമ്പർക്കം പുലർത്തിക്കൊണ്ടു തന്നെ കുഞ്ഞുങ്ങൾ വളരാൻ തുടങ്ങി. ഞാൻ അവരുടെ വളർത്തുപിതാവായി. പിന്നെ അവർക്കായി എന്നെത്തന്നെ സമർപ്പിക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചു” – ഡി മെല്ലോ വെളിപ്പെടുത്തുന്നു.

26-ാം വയസ്സിലാണ് ആദ്യത്തെ സ്ഥാപനം അദ്ദേഹം വാടകയ്‌ക്കെടുത്ത് ആരംഭിക്കുന്നത്. അതിനായി അദ്ദേഹം തന്റെ സ്വഭാവം, അവരോട് പെരുമാറേണ്ട രീതി വരെ മാറ്റി സ്വയം ഒരു തയ്യാറെടുപ്പ് നടത്തി. മൂന്ന് യുവാക്കൾക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് അനുമതി ലഭിച്ചു. അങ്ങനെ മൂന്ന് കുട്ടികളെ ദത്തെടുത്തു വളർത്താൻ തുടങ്ങി ഡി മെല്ലോ.

“ആദ്യത്തെ മൂന്ന് വർഷം വളരെ ബുദ്ധിമുട്ടായിരുന്നു; പ്രത്യേകിച്ച് സാമ്പത്തികമായി. ഞങ്ങൾ ദൈവികപരിപാലനയില്‍ മാത്രം ആശ്രയിച്ചു ജീവിച്ചു. എന്റെ പേരിൽ ഒന്നും ഉണ്ടാകില്ലെന്നും ജോസഫിനെയും മേരിയെയും പോലെ ഞാനും ജീവിക്കുമെന്നും ഞാൻ ദൈവത്തോട് വാഗ്ദാനം ചെയ്തു” – അദ്ദേഹം പറയുന്നു.

ഇന്ന് 31 വർഷങ്ങൾക്കിപ്പുറം വളരെ സന്തോഷവാനായി തന്നെ അദ്ദേഹം തന്റെ ശുശ്രൂഷ തുടരുന്നു. 106 കുട്ടികളെ ദത്തെടുത്ത് അവർക്ക് പിതാവാണ് അദ്ദേഹം.

“മാനസികവും ശാരീരികവുമായ വൈകല്യമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഞങ്ങൾ സഹായിക്കുന്നു. ബ്രസീലിൽ 78 പേരുണ്ട്; എല്ലാവരും കിടപ്പിലാണ്. സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നില്ല. പലരും സാമ്പത്തികമായി സഹായിക്കുന്നതു കൊണ്ടും ദൈവപരിപാലന ഒന്നു കൊണ്ടും മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത്. ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ്, പേപ്പൽ ഫൗണ്ടേഷൻ, എന്നീ സംഘടനകളിൽ നിന്നും ഞങ്ങൾക്ക് സംഭാവനകൾ ലഭിക്കുന്നു” – അദ്ദേഹം വിശദമാക്കി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.