സന്യാസിനിയായ മകളോട് ഒരു അപ്പൻ പറഞ്ഞത്

“മോളേ, നിന്റെ കൂട്ടരായ സമർപ്പിതരെ ഓർത്ത് ഈ അപ്പന് അഭിമാനമേയുള്ളൂ”- പൊതുജനമദ്ധ്യത്തിൽ സന്യാസജീവിതത്തെ ചെളിവാരി എറിയുമ്പോൾ ഒരു അപ്പൻ മകളോടു പറഞ്ഞ അതിശയിപ്പിക്കുന്ന വാക്കുകൾ ആണ് ഇത്. ദൈവനാമത്തെപ്രതി പീഡനങ്ങൾ സഹിക്കാൻ എനിക്ക് ധൈര്യം നൽകിയ എന്റെ പിതാവിന്റെ വാക്കുകൾ എന്നെ ആശ്വസിപ്പിച്ചത് കുറച്ചൊന്നുമല്ല. കത്തോലിക്കാ തിരുസഭയിലെ ഒരു സന്യാസിനി ആയതിനാൽ മാത്രം എനിക്ക് ഈ കാലഘട്ടത്തിൽ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ധാരാളം കേൾക്കേണ്ടിവന്നു. ഇപ്പോൾ എങ്ങനെയുണ്ട്? സത്യം പുറത്തു വന്നില്ലേ? ഇനിയെയെങ്കിലും നിങ്ങളുടെ ഇടയിലെ കള്ളക്കളികൾ ഞങ്ങൾ തിരച്ചറിഞ്ഞല്ലോ എന്നു  തുടങ്ങി രഹസ്യവും പരസ്യവുമായ പല ആരോപണങ്ങങ്ങൾ.

ഇത് എനിക്കു മാത്രം അനുഭവിക്കേണ്ടി വന്നതല്ല കേട്ടോ. എന്നെപ്പോലെ സന്യാസ-സമർപ്പിതജീവിതത്തിൽ ആയിരിക്കുന്ന കേരളത്തിലെ എല്ലാവർക്കും കേൾക്കേണ്ടി വന്നതും അല്ലങ്കിൽ കേട്ടുകൊണ്ടിരിക്കുന്നതും ഈ ജനസമൂഹത്തോട് ഒരു സന്യാസിനി എന്ന നിലയിൽ എനിക്ക് പറയാനുള്ളതും ഇതു മാത്രമാണ്: മത്തായി 5: 11-12 വാക്യങ്ങളിൽ  ഇപ്രകാരം പറയുന്നുണ്ട്: “എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ചഹ്ളാദിക്കുവിൻ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്ക് മുമ്പുള്ള പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചുണ്ട്.”

ഈ തിരുവചനം ഞങ്ങൾക്ക് തരുന്ന ശക്തി വാക്കുകളാൽ നിർവചിക്കാൻ കഴിയില്ല. ആരൊക്കെ അവഹേളിച്ചാലും ഞങ്ങൾ പുഞ്ചിരിയോടെ, നിറഞ്ഞ മനസോടെ നിങ്ങൾക്കു മുമ്പിൽ നിൽക്കുന്നതും ലോകം വച്ചുനീട്ടുന്ന ക്ഷണികമായ കാരഗൃഹവാസത്തിനു പോലും മുഖം മറയ്ക്കാതെ ധീരതയോടെ ഞങ്ങൾ ജനമദ്ധ്യത്തിൽക്കൂടി കടന്നുപോയതും ദൈവതിരുമുമ്പിൽ ഞങ്ങൾക്ക് പ്രതിഫലം കിട്ടും എന്ന ഉറപ്പാണ്.

തിരുസഭയിലെ സന്യാസ-പുരോഹിതജീവിതങ്ങളെ നോക്കി, അവരുടെ ജീവിതവിശുദ്ധിയ്ക്കെതിരെ ഇല്ലാവചനങ്ങൾ പറയുന്നവർ അവരെ മാത്രമല്ല, അവരെ സമർപ്പിതജീവിതത്തിലേയ്ക്ക് നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചയച്ച മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്നു. ഇങ്ങനെ ഒരു കുറ്റപ്പെടുത്തൽ ഏറ്റുവാങ്ങിയ വെറും 7-ാം ക്ലാസ് പഠിത്തം മാത്രമുള്ള എന്റെ പിതാവ് എന്നെ വിളിച്ചുപറഞ്ഞത് ഇപ്രകാരമാണ്: മോളേ, പഴയനിയമത്തിലെ ദാനിയേൽ പ്രാവചകന്റെ പുസ്തകത്തിൻ ഒരു സൂസന്നയെക്കുറിച്ച് പറയുന്നില്ലേ? അവളെ കണ്ടതു മുതൽ രണ്ട് ശ്രേഷ്ഠന്മാർക്ക് അവളിൽ അഭിലാഷം ജനിച്ചു. അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു. അവരുടെ ആഗ്രഹത്തിനു വഴങ്ങാത്ത അവളെ അവർ ഏറ്റവും വലിയ കുറ്റക്കാരിയാക്കി പൊതുസമൂഹത്തിൽ നിർത്തി. ഇതാണ് മോളേ സഭയിലും സംഭവിക്കുന്നത്. നന്മയുടെ നിറവായ സഭയിൽ നിന്ന് ആനുകുല്യങ്ങൾക്കപ്പുറം എന്തൊക്കെയോ ആഗ്രഹിക്കുന്നവർ അതിനെ തകർക്കാൻ തയ്യാറാകുന്നു. പക്ഷേ മോളേ, നിന്നെപ്പോലെയുള്ള എല്ലാ സമർപ്പിതരെയും ബഹുമാനപ്പെട്ട പുരോഹിതരെയും ഓർത്ത് ഞങ്ങക്ക് അഭിമാനം മാത്രമേയുള്ളൂ. തിരുസഭ വളർന്നതും നിലനിൽക്കുന്നതും കർത്താവിന്റെയും അവനെപ്രതി പീഢ സഹിച്ചവരുടെയും ചുടുരക്തത്താൽ തന്നെയാണ്. അതിനാൽ മോളേ, നിങ്ങളെയോർത്ത് എനിക്ക് സങ്കടമില്ല; മറിച്ച് അഭിമാനം മാത്രം.

ഈ വാക്കുകൾ എനിക്കു തന്ന ധൈര്യം, ആശ്വാസം അത് വളരെ വലുതാണ്. എന്റെ അറിവിൽ ഒരോ പുരോഹിതന്റെയും സന്യാസിനീ-സന്യാസിയുടെ മാതാപിതാക്കളുടെയും ചിന്ത ഇതു തന്നെയല്ലേ. എന്റെ അപ്പനെപ്പോലെ തിരുസഭയിൽ ഒരു സമർപ്പിത ആയതിൽ ഞാനും അഭിമാനിക്കുന്നു; സന്തോഷിക്കുന്നു.

സത്യവും നീതിയും ജയിക്കും എന്ന് ഉറച്ചു വിശ്വസിച്ച്, നീതിന്യായ വ്യവസ്ഥകൾ ആവശ്യപ്പെട്ടതെല്ലാം മടി കൂടാതെ അനുസരിച്ച്, ആരുടെ മുമ്പിലും സത്യം തെളിയിക്കാൻ തയ്യാറായവരെ കുറ്റക്കാരായി മുദ്ര കുത്തുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിന് പ്രേരകമാകുന്ന ശക്തി എന്തു തന്നെ ആയാലും ദൈവന്മാവിന്റെ ശക്തിയോട് തുലനം ചെയ്യുമ്പോൾ അവ ഒന്നുമല്ല. കുരിശിൽ രക്തം വാർന്നു മരിച്ചവൻ അശക്തനായിരുന്നില്ല; മറിച്ച് ക്ഷമ നൽകി ഹൃദയത്തോട് ചേർക്കുന്നവനാണ്. ആ തമ്പുരാനാണ് ഞങ്ങളുടെ ശക്തി; ധൈര്യവും.

വെട്ടി ഒരുക്കിയ മുന്തിരിച്ചെടിയിൽ പുതിയ ശാഖ ശക്തിയൊടെ വരും. ഉഴുതുമറിച്ച നിലത്ത് കൃഷി തഴച്ചുവളരും. ആയതിനാൽ തിരുസഭയിലെ സന്യസ-സമർപ്പിത-പൗരോഹത്യജീവിതം ഒരിക്കലും മറ്റുള്ളവരുടെ വാക്കുകളിലോ, കള്ളസാക്ഷ്യത്തിലോ നിലച്ചുപോകുന്ന ഒന്നല്ല. ഇത് കാലം തെളിയിച്ച സത്യം.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.