മരണത്തിനു മുമ്പ് ഒരിക്കലെങ്കിലും വീട്ടിലേക്ക് മകളെ കൊണ്ടുപോകാൻ ആഗ്രഹിച്ച് ഒരു പിതാവ്

രണ്ടര വയസ്സുകാരി ആൾട്ട ഫിക്സലെർ, ജനിച്ചതിനു ശേഷം ഒരിക്കൽപ്പോലും തന്റെ വീട്ടിൽ പോയിട്ടില്ല. ജനിക്കേണ്ട സമയത്തിനും വളരെ മുൻപേ ഈ ഭൂമിയിലേക്ക് വന്നതാണവൾ. അന്ന് മുതൽ ഇന്നോളം ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ പിടിച്ചുനിർത്തിയിരിക്കുകയാണ് ആ കുഞ്ഞു മാലാഖ.

ജനിക്കുമ്പോൾ തന്നെ തലച്ചോറിന് ക്ഷതമേറ്റ ആൾട്ട, ഹൈപ്പോക്സിക് – ഇസ്കെമിക്ക് എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യുകെ -യിലെ റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ആശുപത്രിയിലാണ് ഇപ്പോൾ കുഞ്ഞ് ആൾട്ട ഉള്ളത്. എങ്കിലും ഭൂമിയിൽ അവൾക്കായി നടക്കുന്ന നിയമപോരാട്ടങ്ങളേതുമറിയാതെ അവൾ ജീവിക്കുകയാണ്.

ആൾട്ട കടുത്ത വേദന അനുഭവിക്കുന്നതിനാൽ ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റി അവളെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഒരു വശത്ത്, തങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുന്ന ആൾട്ടയെ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ മറുവശത്ത്. ആൾട്ടയ്ക്ക് വേദനയില്ലെന്ന് പല ശിശുരോഗ വിദഗ്ധരും പറഞ്ഞെങ്കിൽപ്പോലും, സമീപിച്ച എല്ലാ കോടതികളും ഫിക്സലെർ കുടുംബത്തിനൊപ്പം നിന്നില്ല. അവളുടെ ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാരണത്താലാണ് മകളെ ഒരിക്കലെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാൻ ആൾട്ടയുടെ പിതാവ് ആഗ്രഹിക്കുന്നത്.

“അവൾ ഒരുപക്ഷേ വേഗം മരിക്കില്ലായിരിക്കാം. ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ, മറ്റു ചിലപ്പോൾ മണിക്കൂറുകളോ, ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുക്കാം. എന്നാൽ അവളെ ഏറ്റവും സുഖകരമായ ഒരു അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിൽ കൂടുതലൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളെന്ന നിലയിൽ അവളോടൊപ്പം ശേഷിക്കുന്ന സമയമെങ്കിലും ചിലവഴിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം, ഞങ്ങൾ അത് ആഗ്രഹിക്കുന്നു. ഇത് വളരെ സാധാരണമായ ഒരു ആവശ്യമാണ്” – ആൾട്ടയുടെ പിതാവ് ബിബിസി റേഡിയോയിലൂടെ പറഞ്ഞു. “അവളുടെ അവസാന നിമിഷമെങ്കിലും അവളുടെ വീട്ടിൽ ചിലവഴിക്കാൻ സാധിച്ചിരുന്നെങ്കിൽ…” – അദ്ദേഹം വിതുമ്പി.

ഇസ്രായേൽ പൗരന്മാരായ ആൾട്ടയുടെ മാതാപിതാക്കൾ 2014 -ലാണ് ഇംഗ്ലണ്ടിലെത്തിയത്. ആൾട്ടയുടെ പിതാവിന് അമേരിക്കൻ പൗരത്വവുമുണ്ട്. അതിനാൽ തന്നെ ഇസ്രയേലിലെയും അമേരിക്കയിലെയും ആശുപത്രികൾ ആൾട്ടയെ ചികിത്സിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും യുകെ -യിലെ നീതിന്യായ വ്യവസ്ഥ അതിന് അനുവദിച്ചില്ല. ആശുപത്രിയിൽ മരിക്കാൻ അനുവദിക്കാതെ അവസാന മണിക്കൂറുകൾ തങ്ങളോടൊപ്പം ചിലവഴിക്കാൻ മകളെ വീട്ടിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞു ആൾട്ടയുടെ മാതാപിതാക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.