ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം

2002 മാർച്ച് മാസം മൂന്നാം തീയതിയാണ് എന്റെ മകൾ പിറന്നത്. അഞ്ചു മാസവും രണ്ട് ആഴ്ചയും മാത്രമേ അവൾക്ക് അമ്മയുടെ ഉദരത്തിൽ വസിക്കാൻ ഭാഗ്യം കിട്ടിയുള്ളു. സമയത്തിനു മുമ്പേ ആയിരുന്നു അവളുടെ ജനനം. ജർമ്മനിയിലെ ഒരു ക്ലബിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഞാൻ. ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് എന്റെ മകളുടെ ജനന വാർത്ത ഞാനറിയുന്നത്. ജനനസമയത്ത് എന്റെ മകൾക്ക് കേവലം 790 ഗ്രാം ആയിരുന്നു ശരീരഭാരം. അവളുടെ കുഞ്ഞു ശരീരഘടന ഇൻക്യുബേറ്ററിലൂടെ ആദ്യമായി ഞാൻ കാണുമ്പോൾ കണ്ണീർ അടക്കാൻ ഞാൻ ഏറെ പാടുപെട്ടു.

ജീവിതത്തിലൊരിക്കലും ഞാൻ അതുപോലെ കരഞ്ഞിട്ടില്ല. ഞാൻ ദൈവത്തോടു ചോദിച്ചു. “എന്തുകൊണ്ട് ? എന്തുകൊണ്ട് എനിക്ക്?” ഹൃദയം തകർന്നു ഞാൻ നിലവിളിച്ചപ്പാൾ എനിക്ക് മനസിലായി. ഒരു അത്ഭുതത്തിനു മാത്രമേ എന്റെ മകളെ രക്ഷിക്കാൻ കഴിയുകയുള്ളൂ. ആരെനിക്കായി ആ അത്ഭുതം പ്രവർത്തിക്കും, എന്റെ ശക്തിയെല്ലാം ക്ഷയിച്ചു പോയി. ഉള്ളിൽ ആരോ ശക്തമായി മന്ത്രിക്കുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു.

ദൈവത്തിലേക്ക് വീണ്ടും തിരിയുക

ഇന്ന് എനിക്ക് ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടെങ്കിൽ അതിനു കാരണക്കാരി ഒരു കിലോപോലും ഭാരമില്ലാതിരുന്ന ഈ ഭൂമിയിൽ പിറവി പൂണ്ട എന്റെ പൊന്നു മകളാണ്. എന്റെ കരങ്ങൾ അവൾക്ക് മേലേവച്ചു ഞാൻ പ്രാർത്ഥിച്ചു. എന്റെ ആദ്യത്തെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന. എന്താണ് പ്രാർത്ഥിച്ചത് എന്ന് എനിക്കറിയില്ല. എന്റെ വേദനകളും നൊമ്പരങ്ങളും ദൈവത്തിനു സമർപ്പിച്ചു. എന്റെ തെറ്റുകളും നിരവധിയായ അപരാധങ്ങളും മൂലം എന്റെ കുഞ്ഞു മാലാഖക്ക് ദോഷം വരുത്തരുതേ എന്ന് ദൈവത്തോട് വിനീതമായി യാചിച്ചു. ഞാൻ എന്റെ ദൈവത്തോട് ഒരു ശപഥം ചെയ്തു. മൂന്ന് ദിവസങ്ങൾക്കു ശേഷം എന്റെ പള്ളിയിൽ പോയി ഞാൻ എന്റെ പ്രതിജ്ഞ നിറവേറ്റി. എന്റെ വികാരിയച്ചനും എന്നോടൊപ്പം പ്രാർത്ഥിച്ചു. എന്റെ മകൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ആശുപത്രിയിൽ നിന്നു പുറത്തു വരണമേ എന്ന് കണ്ണീരോടെ ഞാൻ കേണപേക്ഷിച്ചു. ദൈവം എന്റെ മകളെ രക്ഷിക്കുമെന്ന വിശ്വാസം എന്നിൽ രൂഢമൂലമാകാൻ തുടങ്ങി.

യാതൊരു സങ്കീർണ്ണതകളുമില്ലാതെ അവൾ ആശുപത്രി വിട്ടു. പതിനാലു വയസുകഴിഞ്ഞ കഴിഞ്ഞ അവൾ ഇന്ന് മൂന്ന് വിദേശ ഭാഷകളിൽ പ്രാവണ്യം നേടിയ മിടുക്കിയാണ്. എന്താണ് ഞാൻ പറയേണ്ടത്? എന്റെ വേദനകളിൽ എന്റെ ദൈവം എന്നോടു കൂടുതൽ കൂടുതൽ അടുത്തു. ഈ സാമിപ്യം അടുത്ത നിമിഷങ്ങളിൽ സംഭവിക്കുന്ന എന്തിനെയും നേരിടാൻ എന്നെ പരിശീലിപ്പിച്ചു. യേശു രക്ഷിക്കുന്നു. ഇന്നും സുഖപ്പെടുത്തുന്നു. നിങ്ങളുടെ ഹൃദയത്തെ ഇന്ന് അവനു സമർപ്പിക്കുക. ബുദ്ധിമുട്ടായി നിനക്കു തോന്നുന്ന കാര്യങ്ങളിലാണ് ദൈവശക്തി പൂർണ്ണമായി പ്രകടമാകുന്നത്.

ഈ ദിവസങ്ങളിൽ ഫേസ്ബുക്കിൽ വായിച്ച ഒരു പോസ്റ്റിന്റെ സ്വതന്ത്ര വിവർത്തനം

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.