വിശുദ്ധവഴികളിലെ നർത്തകി – സന്യാസിനി, ഡോക്ടർ, നർത്തകി, ചിത്രകാരി

മരിയ ജോസ് 
മരിയ ജോസ്

സന്യാസാശ്രമത്തിന്റെ വിശുദ്ധമായ അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ, ആശ്രമത്തിന്റെ മുറ്റത്ത്‌ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ഒരാള്‍ – ഒരു നർത്തകി. ആ നര്‍ത്തകി ഒരു സന്യാസിനിയാണ് എന്നത് പലരെയും അത്ഭുതപ്പെടുത്തി. സന്യാസിനി മാത്രമല്ല, ഒരു ഡോക്ടര്‍ കൂടിയാണ് അവര്‍ – സി. ഡോ. മെറീന! മഠത്തില്‍ ചേരും മുന്‍പേ കലാ വേദികളിലെ സാന്നിധ്യമായിരുന്നു. സാന്നിധ്യമെന്നുവച്ചാല്‍, ഒരിക്കൽ കലാതിലകം വരെ ആയിരുന്ന ആള്‍! കലാതിലകവും നർത്തകിയും ഡോക്ടറും ചിത്രകാരിയും ഒക്കെയായി തിളങ്ങിയ ആ സന്യാസിനി തന്റെ സന്യാസജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ലൈഫ് ഡേയോട് മനസ് തുറക്കുകയാണ്…

കലകളെ ചേർത്തുപിടിച്ച ബാല്യം 

നെല്ലിക്കൽ സിസിലി – അബ്രഹാം ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ ആളായിട്ടായിരുന്നു സി. മെറീനയുടെ ജനനം. വളരെ ചെറുപ്പം മുതലേ മക്കളുടെ കഴിവുകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുവാൻ ഈ മാതാപിതാക്കൾ ശ്രമിച്ചിരുന്നു. ആദ്യ ക്ലാസുകളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി മക്കൾക്കു മുന്നിൽ പരിശീലകവേഷം കെട്ടിയിരുന്നത് അമ്മ സിസിലി ആയിരുന്നു. കഥ പറച്ചിലിലും ചിത്രരചനയിലും ആയിരുന്നു ആദ്യം. പിന്നീട് നാലാം ക്ലാസ് മുതൽ ഓട്ടൻതുള്ളലും നാടോടിനൃത്തവും പഠിച്ചുകൊണ്ട് മത്സരിക്കുന്ന ഇനങ്ങളുടെ എണ്ണം കൂട്ടി. എവിടെയും സമ്മാനങ്ങൾ വാരിക്കൂട്ടി മുന്നോട്ടു യാത്ര ചെയ്ത കൊച്ചുമിടുക്കി ക്ലാസിക്കൽ നൃത്തത്തിന്റെ മേഖലയിലേയ്ക്ക് എത്തിയത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ആ സമയത്താണ് തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കലോത്സവത്തില്‍ കലതിലകമായത്, 2002 – ല്‍. ഓട്ടം തുള്ളല്‍, നാടോടി നൃത്തം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, മോണോ ആക്റ്റ് തുടങ്ങിയവയിലായിരുന്നു അന്ന് സമ്മാനം.

തളിപ്പറമ്പിൽ താമസിക്കുന്ന ജസീന്ത ടീച്ചറിന്റെ ശിഷ്യത്വത്തിൽ അവരുടെ വീട്ടിൽ നിന്നുകൊണ്ട് ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും പഠിച്ചു. ഏഴു മുതൽ പത്തു വരെയുള്ള ക്ളാസുകളിൽ പഠിക്കുമ്പോൾ നൃത്തത്തെ കൂടുതൽ നെഞ്ചോട് ചേർക്കുവാൻ ഈ കലാകാരിക്കു കഴിഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം കലോത്സവത്തിൽ അഞ്ചു മത്സരയിനങ്ങളിൽ മുന്നിലെത്തി കലാതിലകപട്ടവും നേടിയെടുത്തു. പിന്നീട് പഞ്ചായത്ത് കലോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി, ബാലജനസഖ്യം തുടങ്ങിയവയിലും കലാതിലകപ്പട്ടം നേടുവാൻ ഈ കൊച്ചുകലാകാരിക്ക് കഴിഞ്ഞു.

കലാരംഗത്തെ തിളക്കവുമായി സന്യാസജീവിതത്തിലേയ്ക്ക് 

എല്ലാവിധത്തിലും കലാരംഗത്ത് തിളങ്ങിനിന്നിരുന്ന സമയത്താണ് സന്യാസജീവിതത്തിലേയ്ക്ക് സി. മെറീന കാലെടുത്തുവയ്ക്കുന്നത്. വളരെ ചെറുപ്പം മുതലേ ഉള്ള ഒരു ആഗ്രഹപൂർത്തീകരണമായിരുന്നു അത്. ചെറുപ്പത്തിൽ പഠിപ്പിച്ച അനീറ്റ എന്ന സന്യാസിനിയിലൂടെയാണ് സന്യാസജീവിതത്തിലെ പ്രത്യേകതകളിലേക്കുള്ള ഉറ്റുനോട്ടം ആരംഭിച്ചത്. അന്നുമുതൽ സന്യസിനികളോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ആയിരുന്നു. ചെറുപ്പം മുതലേ ‘സിസ്റ്റർ ആകണം’ എന്ന് പറയുമായിരുന്നു എങ്കിലും മുതിരുമ്പോൾ അതൊക്കെ മാറും എന്ന ചിന്തയിലായിരുന്നു വീട്ടുകാർ. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേരണം എന്ന ആഗ്രഹം വീണ്ടും പറഞ്ഞപ്പോഴാണ് വീട്ടുകാർ പോലും അത് ഗൗരവത്തിൽ എടുക്കുന്നത്.

കലാരംഗത്തും പഠനത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന കുട്ടിയെ മഠത്തിലേയ്ക്ക് അയയ്ക്കുവാൻ മാതാപിതാക്കൾക്കും ആദ്യം സമ്മതമായിരുന്നില്ല. ഒടുവിൽ തങ്ങളുടെ മകളുടെ നിർബന്ധത്തിനു വഴങ്ങി അവർ അതിനു സമ്മതിക്കുകയായിരുന്നു. അങ്ങനെ സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷനിൽ ചേർന്നു.

മഠവും സന്യാസജീവിതവും പിന്നെ വൈറൽ വീഡിയോയും 

മഠത്തിൽ ചേർന്നപ്പോൾ, കലാ ജീവിതമൊക്കെ വേണ്ടെന്നു വച്ച്, വെറും കയ്യോടെയാണ് വന്നതെന്ന് സിസ്റ്റർ ഓർക്കുന്നു. അതിനു കാരണം സന്യാസം എന്നാൽ, നമുക്കുള്ളതെല്ലാം ഈശോയ്ക്കായി മാറ്റിവച്ചു വരുക എന്ന ചിന്തയായിരുന്നു. എന്നാൽ മഠത്തിലെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. തങ്ങൾക്കുള്ളതെല്ലാം – എല്ലാ കഴിവുകളും – ദൈവവചനപ്രഘോഷണത്തന്റെ സാധ്യതയ്ക്കായി ഉപയോഗിക്കുവാൻ അവിടെ നിന്നാണ് പഠിച്ചത്. അങ്ങനെയാണ്, സ്വന്തമായി ഉണ്ടായിരുന്ന ഡാൻസിന്റെ ഡ്രസ്സുകൾ എല്ലാം വീട്ടില്‍ നിന്നും തിരികെ എടുത്തത്. അധികാരികളുടെ സ്‌നേഹപൂർണ്ണമായ നിർദ്ദേശത്തെ തുടർന്നായിരുന്നു അത്. മഠത്തിൽ പല ആഘോഷങ്ങളും നടത്തുമ്പോൾ ഡാൻസ് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നു. സന്യാസ ജീവിതത്തില്‍ തന്റെ കഴിവുകളെ ഒക്കെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയും അനുഭവങ്ങളും ആയിരുന്നു ഈ സന്യാസിനിക്ക്. ഒപ്പം തന്റെ കൂടെയുള്ളവരെയും കുട്ടികളെയും പഠിപ്പിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട് ഈ സന്യാസിനിയുടെ വാക്കുകളിൽ.

ഇത്തരത്തിലുള്ള പ്രോത്സാഹനത്തിൽ നിന്നാണ് ഒരുപാടാളുകൾ ശ്രദ്ധിച്ച മോഹിനിയാട്ടത്തിന്റെ വീഡിയോ ഇറങ്ങിയതും നർത്തകിയായ സന്യാസിനിയെ സമൂഹം തിരിച്ചറിഞ്ഞതും. ജൂനിയറേറ്റ് ചെയ്യുന്ന സമയത്താണ് ഈ ഡാൻസ് വീഡിയോ ചെയ്യുന്നത്. ഏതാണ്ട് ഈ സമയത്തു തന്നെയാണ് ലോക്ക് ഡൗണും കൊറോണയും ഒക്കെ വരുന്നതും. ഈ സമയത്ത്, കുച്ചിപ്പുടിയും ഓട്ടൻതുള്ളലും ചെയ്തു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് സ്ഥാപകപിതാവിന്റെ മരണത്തീയതിയോട് അനുബന്ധിച്ച് മോഹിനിയാട്ടം ചെയ്യുന്നത്. ഓരോ പ്രൊവിൻസിൽ നിന്നും ഓരോ പരിപാടി നിശ്ചയിച്ചിരുന്നു. അതിൽ പ്രോഗ്രാമുമായി എത്തിയത്, സിസ്റ്റർ ഇപ്പോൾ ആയിരിക്കുന്ന തലശേരി പ്രൊവിൻസ് ആയിരുന്നു. അങ്ങനെയാണ് മോഹിനിയാട്ടം ചെയ്യുന്നത്. ഇത് ചിട്ടപ്പെടുത്തിയതും സിസ്റ്റർ തന്നെയായിരുന്നു. അങ്ങനെ പുറത്തിറങ്ങിയ ദൃശ്യങ്ങൾ അനേകരിലേയ്ക്ക് എത്തുകയും ഈ കലാകാരിയെ തിരിച്ചറിയുകയും ചെയ്തു. ഇനി ഒരു നർത്തകി മാത്രമല്ല മികച്ച ഒരു ചിത്രകാരി കൂടെയാണ് ഈ സന്യാസിനി. അതിമനോഹരമായ നിരവധി ചിത്രങ്ങള്‍ സിസ്റ്റര്‍ വരച്ചുകഴിഞ്ഞിരിക്കുന്നു!

 മെഡിസിന്‍ രംഗത്തേയ്ക്ക് 

ചെറുപ്പം മുതൽ രോഗികളെ ശുശ്രൂഷിക്കുക എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. സന്യാസത്തിലേയ്ക്ക് വന്നപ്പോൾ ആഗ്രഹം ചോദിച്ചപ്പോൾ സിസ്റ്റർ മെറീന പറഞ്ഞത് ആതുരസേവനം ആയിരുന്നു. അപ്പോഴാണ് പ്രൊവിൻഷ്യാളാമ്മ ചോദിച്ചത്, “കുഞ്ഞേ മെഡിസിൻ പഠനത്തിനായി നിന്നെ അയക്കട്ടെ” എന്ന്. അപ്പോഴും സിസ്റ്റർ നൽകിയ ഉത്തരം, “അമ്മേ എങ്ങനെയാകും എന്ന് എനിക്ക് അറിയത്തില്ല എങ്കിലും ഞാൻ ശ്രമിക്കാം” എന്നാണ്. അങ്ങനെ എൻട്രൻസ് എഴുതി; നീറ്റ് കിട്ടി. മെഡിസിൻ പഠനം – എം.ബി.ബി.എസ് – തിരുവല്ല പുഷ്പഗിരിയിൽ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ് ഈ സന്യാസിനി.

ഡോക്ടർ, നർത്തകി, സന്യാസിനി 

മറ്റെല്ലാ കഴിവുകളും ഉണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് ‘ഒരു സന്യാസിനിയാണ്’  എന്നതിലാണെന്ന് സിസ്റ്റര്‍  ഉറച്ചുവിശ്വസിക്കുന്നു. സന്യാസത്തോട് ചേർന്നുനിൽക്കുമ്പോൾ മാത്രമേ ഡോക്ടറായും നർത്തകിയായും താൻ പൂർണ്ണമാകുകയുള്ളൂ എന്ന്  സി. ഡോ. മെറീന പറയുന്നു. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ കാരിസം തന്നെ കരുണ പങ്കുവച്ചു കൊടുക്കുക എന്നതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ കരുണ പകരുവാനുള്ള ഏറ്റവും വലിയ അവസരമാണ് തനിക്കു ലഭിച്ചതെന്ന് പറയുകയാണ് ഈ സന്യാസിനി. തനിക്ക് ദൈവം തന്ന എല്ലാ കഴിവുകളും അതിന്റെ പൂർണ്ണതയിൽ ഉപയോഗിച്ചുകൊണ്ട് ദൈവവചനത്തിന്റെ സാക്ഷ്യത്തിനായി ഉപയോഗിക്കുമ്പോൾ ഇവർ നന്ദി പറയുന്നത് നല്ലവനായ ദൈവത്തിനും ഒപ്പം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ ലില്ലി അഗസ്റ്റിനും ജനറൽ സിസ്റ്റർ അൽഫോൻസാ തോട്ടുങ്കലിനുമാണ്.

സന്യാസം എന്നാൽ എല്ലാം ത്യജിച്ച്‌ കൂട്ടിൽ അകപ്പെട്ട ഒരു പക്ഷിയെപ്പോലെയുള്ള അവസ്ഥയാണ് എന്ന് കരുതുന്നവർക്കു മുന്നിൽ സി. ഡോ. മെറീന ഒരു മാതൃകയാണ്. ഇനിയും അനേകം അവസരങ്ങളിലൂടെ ദൈവത്തിനു സാക്ഷ്യം വഹിക്കുവാൻ ഈ സന്യാസിനിക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

20 COMMENTS

 1. സിസ്റ്റർ വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ…….. 👍👍👍ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

 2. അഭിമാനം, അഭിനന്ദനങ്ങൾ സിസ്റ്റർ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.🙏👍

 3. Sister(Dr.) Merina, your life is truly inspiring! Continue to use all your talents for the glory of God!
  Sister Anne Marie,SCN
  Nazareth Academy
  Gaya, Bihar

 4. Sr.Merina: I wuensche Ihnen alles Gute.Sie sind wirklich vielseitig talented,
  bitte weiter machen. Almaechtige Gott segene dich in allem bereich. Gott segene die Eltern von Sr.Merina.
  Jose Vadassery Edappally. jo

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.