ദൈവാത്മാവിന്‍റെ ഉള്‍ക്കരുത്തുള്ള ക്രിസ്തുശിഷ്യന്‍

‘ജ്ഞാനസ്നാനം സ്വീകരിച്ച് അയക്കപ്പെട്ടവര്‍’ എന്ന സന്ദേശവുമായി തലസ്ഥാന നഗരമായ ജക്കാര്‍ത്തയിലെ അങ്കോളിലം മെര്‍കുറി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് 1-ാ൦ തീയതി വ്യാഴാഴ്ച ദേശീയ മിഷണറി കോണ്‍ഗ്രസ്സ് ആരംഭിച്ചു. ഈ കോണ്‍ഗ്രസിനോടനുബന്ധിച്ച് ഫ്രാൻസീസ് പപ്പാ സന്ദേശവും നൽകി.

‘ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിച്ചവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. ക്രിസ്തു പ്രബോധിപ്പിച്ചതും പഠിപ്പിച്ചതുമായ സുവിശേഷമാകുന്ന നിധിയാണ് പരിശുദ്ധാത്മാവിലൂടെ ഓരോ ക്രൈസ്തവനും തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുന്നത്. അതിനാല്‍, ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ എങ്ങനെ ജീവിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വ്യക്തിജീവിതത്തില്‍ ക്രൈസ്തവന്‍ ഒരു പുളിമാവ് പോലെ പ്രവര്‍ത്തിക്കണം. ക്രിസ്തുവിന്‍റെ സുവിശേഷം ജീവിതപരിസരങ്ങളില്‍ നമ്മിലൂടെ കിനിഞ്ഞിറങ്ങുമാറ് അതു ജീവിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവര്‍ സുവിശേഷചൈതന്യത്താല്‍ നിറഞ്ഞ് സദാ മുന്നോട്ടു ചരിക്കുന്നവരാണ്. അവര്‍ പിറകോട്ടു പോകുന്നില്ല. ക്രൈസ്തവന്‍ അയയ്ക്കപ്പെട്ടവനും മുന്നേറുന്നവനുമാണ്. വ്യക്തി ഉള്‍ക്കൊള്ളുന്ന സുവിശേഷപ്രഭയാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയായും വെളിച്ചം കാട്ടിയും ക്രൈസ്തവന്‍ ജീവിതയാത്രയില്‍ മുന്നേറണം. അങ്ങനെ, ക്രൈസ്തവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമായി മുന്നേ നടക്കുന്നു. കാരണം, അയാള്‍ അയയ്ക്കപ്പെട്ടവനാണ്. മുന്നോട്ടു പോകാനുള്ള പ്രേരണയും ഉള്‍ക്കരുത്തും നൽകുന്നത് പരിശുദ്ധാത്മാവാണ്. ജ്ഞാനസ്നാനം സ്വീകരിച്ച് ലോകത്തിലേയ്ക്ക് അയക്കപ്പെട്ടവരായ നിങ്ങള്‍ എല്ലാവരും ധൈര്യപൂര്‍വ്വം മുന്നോട്ടു തന്നെ ചിരിക്കണം.

യേശുവിനെ പോറ്റിവളര്‍ത്തിയ പരിശുദ്ധ കന്യാകാനാഥ ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിങ്ങളെ തുണയ്ക്കട്ടെയെന്നും തനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

4-ാം തീയതി ഞായറാഴ്ചയോടെ ഈ കണ്‍വെന്‍ഷന്‍ സമാപിക്കും.