പ്രകാശം പരത്തുന്ന മുത്തശ്ശിമാർക്കൊപ്പം

അങ്ങനെ ഇന്നത്തെ ദിവസവും വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ അങ്ങോട്ട്‌ കടന്നുചെന്നു. ‘വൃദ്ധമന്ദിരം’ എന്ന് വലിയ അക്ഷരങ്ങളിൽ തന്നെ, അവിടേയ്ക്ക് കടന്നുചെല്ലുമ്പോൾ എഴുതിവച്ചിരിക്കുന്നത് കാണാം. ഇവിടെയും കുറേ സങ്കട കഥകൾ ആയിരിക്കും കൂട്ടിനുണ്ടാവുക എന്ന മുൻവിധി മനസ്സിൽ എത്തിക്കഴിഞ്ഞു. മഴ മാറിനിൽക്കുന്ന  ദിവസമാണ്. അവധിയും തീരാറായിരിക്കുന്നു. കുറച്ചു ദിവസങ്ങളായി മനസ്സിൽ എന്തൊക്കെയോ ഓടിമറയുന്നുണ്ട്. അതിനിടയിൽ വീണ്ടും കുറേ നിലവിളികൾ കേട്ടുനിൽക്കാൻ മനസ് കട്ടിയാക്കി അവിടെയെത്തി.

“ആരെ കാണാനാ കൊച്ചേ” എന്ന അന്നക്കുട്ടിയുടെ ചോദ്യമാണ് അവിടെ എന്നെ വരവേറ്റത്. നല്ല എണ്ണയൊക്കെ തേച്ച്‌ ഒരു കുളിയും പാസാക്കി മുറ്റത്തു നിൽക്കുകയാണ് കക്ഷി. ചിരിക്കണോ വേണ്ടായോ എന്ന സംശയം മുഖത്തുണ്ട്. നല്ല ഒരു ചിരി ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു: “നിങ്ങളെയൊക്കെ കാണാൻ വന്നതാന്നെ. പക്ഷെ, ആദ്യം മദറിനെ കാണണം.”

“എന്നാൽ അങ്ങനെ ആകട്ടെ.” കൊടുത്ത ചിരി പലിശയും കൂട്ടി തിരിച്ചുതന്ന് മദറിന്റെ അടുക്കൽ കൊണ്ടുപോയതും പിന്നെ എന്റെ അമ്മച്ചിമാരുടെ അടുത്തേയ്ക്ക് കൊണ്ടുപോയതും അന്നക്കുട്ടിയാണ്. അവിടെയെത്തി “പുതിയ കൊച്ചാ കേട്ടോ” എന്നുപറഞ്ഞു ഒരു പരിചയപ്പെടൽ. ഇത് അൽഫോൻസാ, ഇത് കുഞ്ഞുമറിയ തുടങ്ങി ത്രേസ്യമ്മച്ചി, തങ്ക, അന്നാമ്മച്ചി, ജാനു ഏടത്തി, മറിയമ്മയെ വരെ ഒറ്റശ്വാസത്തിൽ ഒരു പരിചയപ്പെടുത്തൽ. ആഹാ.. ഇനി എന്ത് ചോദിക്കും എങ്ങനെ തുടങ്ങും എന്നൊന്നും എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.  ചറപറാ ചോദ്യങ്ങൾ. വീടും സ്ഥലവും തുടങ്ങി അതാ കാലാവസ്ഥ വരെ കഴിഞ്ഞ കുറേ നേരമായി ഞങ്ങൾ സംസാരിച്ചു കഴിഞ്ഞു. അതു ശരി. ഇതിപ്പോ ഞാനല്ലേ നിങ്ങളുടെ കാര്യങ്ങൾ ചോദിക്കാൻ വന്നത്! അങ്ങനെ പ്രായം ഒന്നും ഒരു പ്രശ്നമല്ലാതെ ഞങ്ങളുടെ സംസാരം മുന്നോട്ടു പോവുകയാണ്.

സിനിമയിലൊക്കെ ആണെങ്കിൽ അതാ നമ്മുടെ നായിക കടന്നുവരുന്നു എന്നൊക്കെ പറയില്ലേ. അതു തന്നെയാണ് ആ വരവ് കണ്ടപ്പോൾ എനിക്കും പറയാൻ തോന്നിയത്.  ഒരു ചട്ടേo മുണ്ടും ഒക്കെ ഉടുത്ത്, ആ നരച്ച മുടിപിടിച്ചു അമ്മച്ചിക്കെട്ടുo കെട്ടി നല്ല ഫസ്റ്റ് ക്ലാസ്സ്‌ ചിരിയുമായിട്ട് റോസമ്മയുടെ വരവാണ്. എന്റെ മാതാവേ, എന്നാ ചിരിയാന്നെ! ഇപ്പോ ഈ ഗ്ലാമർ ആരുന്നേൽ പണ്ട് എന്നാരിക്കും എന്ന് വെറുതെ ഒന്ന്  ആലോചിച്ചപ്പോൾ എനിക്ക് ഇച്ചിരി കുശുമ്പ് തോന്നാതിരുന്നില്ല! പിന്നെ വന്നതേ ആള് വർത്താനം തുടങ്ങി. നമ്മടെ ആളാണ്‌. കത്തി കത്തിയേ. പിന്നെ അങ്ങോട്ട്‌ ആ ദിവസം മുഴുവൻ എന്നെ കൂടെ കൊണ്ടുനടന്നു, ഓരോരുത്തരുടെ കാര്യങ്ങൾ പറഞ്ഞുതന്നു, പ്രാർത്ഥനയുടെ സമയം കൂടെയിരുത്തി ഒടുവിൽ ഇറങ്ങാൻ നേരം ആദ്യം വരുന്ന പള്ളിയിൽ 3 ആഗ്രഹം പറയാൻ പറഞ്ഞ് എനിക്ക് കൂട്ട് നിന്നു. എന്റെ അമ്മച്ചി…

അമ്മച്ചീടെ ഓരോ കൗണ്ടറൊക്കെ കേട്ടപ്പോഴാണ്, ചില നേരത്ത് ഞാനുൾപ്പടെ പറയുന്ന കോമഡി എന്ന സാധനത്തെ എടുത്ത് കിണറ്റിലിടാൻ തോന്നിത്.  അതിനിടയിൽ പറഞ്ഞു: “അതിയാൻ പോയിട്ട് 10 വർഷം ആയീന്നുo, 7 മക്കൾ ഉണ്ടെന്നും, സ്വത്തെല്ലാം കൊടുത്ത് ഇവിടെ എത്തീന്നും ഒക്കെ.” എന്നിട്ടും “ഒരു പരാതീം ഇല്ല കേട്ടോ. ഇപ്പോഴും ആവശ്യത്തിന് നോക്കുന്നുണ്ട്” എന്ന് ഒരു പുഞ്ചിരിയോടെ എത്ര മനോഹരമായാണ് പറഞ്ഞുനിർത്തിയത്.

എന്നാലും, ആ ചിരിയാണ്… തൃപ്തിയില്ലാത്ത ലോകത്തിലെ സംതൃപ്തിയുടെ പുഞ്ചിരി! എന്റെ കൊച്ചിനെ പോലെയുണ്ട് എന്ന് പല ആവർത്തി പറഞ്ഞുകഴിഞ്ഞു. എനിക്കും എന്റെ അമ്മച്ചിയെപ്പോലെ തന്നെ ആയിക്കഴിഞ്ഞു. “റോസമ്മോ, അവിടുന്ന് പോരുന്ന നിമിഷങ്ങളത്രയും ഇപ്പോഴും എന്റെ മനസ്സിൽ ഓടുന്ന സംശയമാണ്. ഇവിടെ എത്തിച്ചവർക്ക് അതിന്  എങ്ങനെ കഴിഞ്ഞു?!”

“എനിക്ക് 10 എണ്ണം ഉണ്ടാരുന്നതാ. മൂത്തതിന് മിണ്ടാൻ മേല. ചെറുപ്പത്തിൽ ഒരു പനി വന്നതാ. എല്ലാത്തിനേം വളർത്തി അര ഏക്കർ വച്ച് വീതം കൊടുത്തു. പെണ്ണ് കെട്ടി പിള്ളേരൊക്കെ ആയപ്പോ, അവളെ വീട്ടിൽ നിർത്താൻ പറ്റത്തില്ല അമ്മച്ചി വേണേ നിന്നോ എന്നായി. അങ്ങനെ ഒരാൾ ആയിട്ട് വേണ്ടന്നെ എന്ന് പറഞ്ഞു അന്ന് വീട്ടീന്ന് ഇറങ്ങിതാണ്.” എഴുപതുകളിൽ എത്തിയ അമ്മിണിയമ്മയുടെ മൂർച്ചയുള്ള വാക്കുകളാണ്. മകളും കൂടെത്തന്നെ ഉണ്ട്. പരസ്പരം കാണാതിരിക്കാൻ ആവില്ല.  കെട്ടിയോൻ മരിക്കുന്നതിനു മുന്നേ കൈയിൽ ഏൽപ്പിച്ചത് ഈ മകളെയാണ്. വീട്ടിൽ നിർത്താൻ പറ്റാത്തവർ കാണാനും വന്നേക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. ആദ്യം താൻ മരിക്കുകയാണെങ്കിൽ മകൾക്കുള്ള പണം ബാങ്കിൽ ഉണ്ടെന്നും അവർക്ക് കഴിയുവേലേൽ ഞങ്ങളെ അടക്കാൻ 5 സെന്റ് വാങ്ങി തിരിച്ചിട്ടിട്ടുണ്ടെന്നുo അഭിമാനത്തോടെയാണ് അവർ പറഞ്ഞുനിർത്തിയത്. മറവി ബാധിച്ചു തുടങ്ങിയ അവർ ഇടയിൽ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു “പഠിച്ച്‌ ജോലി വാങ്ങണം. ആര് എന്നാ പറഞ്ഞാലും അപ്പനേം അമ്മേനേം നോക്കണം. ഇടയ്ക്ക് ഇങ്ങോട്ടും വന്നേക്കണം” എന്ന്. അമ്മിണിയമ്മേ, നിങ്ങൾ എത്ര ശക്തയായ സ്ത്രീയാണ്!

“എന്തൊക്കെ ആയാലും മക്കളെ കാണാൻ കൊതിയാവുലേപ്പാ.” എനിക്കും എന്ത് പറയണം എന്നറിയാതെ നിസ്സഹായയായി ചിരിച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. ഒറ്റ മോൻ ആണ്. ആയ കാലം മുഴുവനും കൂലിപ്പണി എടുത്തു നോക്കിയതാണ്. ഒടുവിൽ കഴുത്തിൽ കിടന്ന മാല വരെ പറിച്ച്‌ ഇവിടെ കൊണ്ടുവിട്ടു. ഞാൻ പോരാനായപ്പോളാണ് ശാന്തേച്ചി എന്റെ അടുത്ത് വരുന്നത്. ഈ കഥ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ആള് അങ്ങു ഉഷാറായി. പിന്നെ ഞാൻ പോരുന്ന നേരം വരെ എന്റെ കൂടെ. ഒടുവിൽ ഇറങ്ങിയപ്പോൾ മുറ്റത്തേയ്ക്ക് കൂടെയിറങ്ങി. “പോവുന്നത്, കണ്ണിൽ മറയുന്ന ദൂരം വരെ നോക്കി നിൽക്കാലോ” എന്നു പറഞ്ഞു. ഈ വാക്കുകൾ തന്നെയാണ് എത്ര ദൂരം പോയാലും പിറകോട്ടു വലിക്കുന്നത്. പിൻവിളികൾ!

അങ്ങനെ അങ്ങനെ പല കഥകളും കേട്ടു നടക്കുന്ന എന്നോട് ഒരു ചോദ്യമാണ്: “അല്ല, ഈ ഫോട്ടോ പിടിക്കണ്ടേ. കോളേജിൽ ഒക്കെ കാണിക്കാൻ?” ശരി ആണല്ലോ. വന്നതിൽ പിന്നെ ഈ നേരമായിട്ടും ഞാൻ ഫോണിന്റെ കാര്യം ഓർത്തുപോലും ഇല്ലാരുന്നു. എന്നാപ്പിന്നെ അങ്ങനെ തന്നെ ആവട്ടെ. ഫോൺ എടുത്തു. തന്റെ അനിയത്തിയുടെ മകൾക്കും ഇങ്ങനത്തെ ഫോൺ ഉണ്ടെന്ന് അൽഫോൻസാമ്മ  അഭിമാനത്തോടെ പറഞ്ഞു. ഇത്തിരി കൗതുകത്തോടെ കുറച്ചുപേര് ഫോണിലേയ്ക്ക് നോക്കുന്നുണ്ട്. വോൾപേപ്പറിൽ ഞാനും അപ്പനും ചിരിച്ചുനിൽക്കുന്ന ഫോട്ടോ  കണ്ടപ്പോൾ എല്ലാവരേം കാണണമെന്നായി. അതിനെന്താ. എല്ലാവരെയും കാണിച്ചു. പിന്നെ ഫോട്ടോ എടുക്കാൻ തുടങ്ങി. എന്നാ ചിരി ആരുന്നു എല്ലാവരും. “എന്റെ ഈ പീറപ്പല്ല്” എന്നുപറഞ്ഞു പൊങ്ങിയ പല്ലുകൾ കാണിച്ച്‌ തെയ്യമ്മ ഒരു ചിരി ചിരിച്ചു.  അങ്ങനെ എല്ലാവരും ഫോട്ടോ എടുത്തു. ഒരു വരി പല്ലില്ലാതെ മോണ കാട്ടി മറിയാമ്മ ചിരിച്ച ചിരി. ‘എന്റെ സാറേ’ എന്ന് നിവിൻ പോളി ഒന്നൂടെ വിളിച്ചുപോയേനെ.

എടുത്ത ഫോട്ടോ എല്ലാം അപ്പോൾ തന്നെ ഞാൻ എല്ലാവരെയും കാണിക്കുന്നുണ്ട്. അവരുടെ മുഖത്തുണ്ടായ സന്തോഷത്തോടൊപ്പം അവരുടെ ഫോട്ടോയെക്കുറിച്ചുളള വിലയിരുത്തലാണ് എന്നെ ആകർഷിച്ചത്. അതോടൊപ്പം ആരോ പറഞ്ഞ ഒരു കാര്യവും. “നല്ല ഫോട്ടോയാ മോളെ. ഇവിടെ വന്നാൽ പിള്ളേരെല്ലാം ഫോട്ടോ എടുക്കാറുണ്ട്. പക്ഷെ, ആരും കാണിച്ചുതരാറില്ല.” പുതിയ കാലത്തെക്കുറിച്ചോ മൂല്യങ്ങളെക്കുറിച്ചോ ഞാൻ പറയില്ല. ഞാനും  ഇത് തന്നെ ചെയ്തിട്ടുണ്ടാകും. ഇവിടെ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും!!

പറഞ്ഞുവയ്ക്കാത്ത കഥകൾ, ജീവിതങ്ങൾ ഇവിടെ ഒരുപാട് ബാക്കിയുണ്ട്. ഒരു ദിവസത്തെ സഹാനുഭൂതി കഴിഞ്ഞു വന്നുപോകുന്നവരിൽ ഒരാളായി ഞാനും  അവിടെ നിന്നിറങ്ങും. ഇവരെ പൊന്നുപോലെ ചേർത്തുപിടിച്ചു നോക്കുന്ന ദൈവത്തിന്റെ മണവാട്ടിമാരെക്കുറിച്ച് എങ്ങനെ പറയാതെപോകും. സന്യാസം വിവാദങ്ങളും വെല്ലുവിളികളും ഒരുപോലെ നേരിടുന്ന ഒരു കാലത്ത് നിങ്ങളുടെ പ്രകാശം വിളങ്ങുന്ന മുഖങ്ങൾ മറുപടിയാണ്. എന്നോടും നിന്നോടും മാതാപിതാക്കളെ തള്ളിയ ഓരോ മക്കളോടും നെറികെട്ട ഈ ലോകത്തോടും!

ഞാൻ  ഇറങ്ങുകയാണ്. പ്രതീക്ഷകൾ ഇല്ലാതെ വന്നുകയറിയവൾക്ക് തന്നത് ഒരുപാട് ദിവസങ്ങൾ പിന്നിടാനുള്ള പ്രതീക്ഷകളാണ്! അളവില്ലാത്ത സ്നേഹമാണ്. റോസമ്മച്ചി കെട്ടിപിടിച്ച്‌ ഉമ്മ തന്നപ്പോൾ ഞാൻ ഇല്ലാതായിപ്പോയപോലെ! ഇനിയും  വരണം എന്ന് എല്ലാവരും  മാറിമാറി പറഞ്ഞപ്പോൾ ആ കണ്ണുകളിലെ പ്രതീക്ഷകൾ എനിക്ക് കാണാമായിരുന്നു. അവർ എനിക്ക് കൂട്ടായി തന്നത് പ്രാർത്ഥിക്കാം എന്ന ഉറപ്പായിരുന്നു. ഈ വാക്കുകളേക്കാൾ, ഈ സ്നേഹത്തേക്കാൾ എന്താണ് എനിക്ക് വേണ്ടത്. ഒടുവിൽ യാത്രയാക്കാൻ മുറ്റത്ത് വന്നുനിൽക്കുമ്പോൾ, അടുത്ത വരവിനു കാണാം എന്ന് അവർ പറഞ്ഞു. ഞാൻ ഇനിയും വരുമെന്ന് അവർ ഉറപ്പിച്ചതു പോലെ! തിരിഞ്ഞുനോക്കണ്ട എന്ന് കൂട്ടിച്ചേർത്തു. എങ്കിലും ഒരുപാട് അകലം എത്തി എന്നു തോന്നിയപ്പോൾ ഒന്ന് തിരിഞ്ഞുനോക്കി. എല്ലാവരും അവിടെ അതുപോലെ തന്നെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് മുന്നോട്ടു നീങ്ങിയപ്പോൾ ഒരു തവണ കൂടി തിരിഞ്ഞുനോക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.

പ്രതീക്ഷകൾ കാത്തുസൂക്ഷിക്കണം എന്ന ബോധ്യത്തോടെ ഈ എഴുത്ത് ഇവിടെ അവസാനിപ്പിക്കുമ്പോൾ പല മുഖങ്ങൾ ലോകത്ത് എവിടെയൊക്കെയോ എന്റെ മുന്നിൽ പുഞ്ചിരിക്കുന്നു. മനഃസാക്ഷിയുടെ നേരെ ഒരു വാൾ താഴ്ന്നുവരുന്നത് ഞാൻ കാണുന്നു…!

ഷാലിമ ജോസ്