
തന്റെ അമ്മ വളരെ സന്തോഷവതിയും ശുഭാപ്തിവിശ്വാസം ഉള്ളവളുമായിരുന്നു എന്ന് ശ്വാസകോശാർബുദ രോഗബാധിതയായി മരണമടഞ്ഞ അത്മായയും 11 മക്കളുടെ അമ്മയുമായ ധന്യ അമ്പാരോ പോർട്ടില്ലയുടെ മകൾ അമ്പാരോ റോമെറോ പോർട്ടില്ല ഓർമ്മിക്കുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിൽ കൂടിയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു എന്നും റോമെറോ പറഞ്ഞു.
കുടുംബനവീകരണ പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന അമ്പാരോ പോർട്ടില്ല, ജീവിതത്തിന്റെ എല്ലാ തുറകളിലും വിശ്വാസത്തിനും ക്രൈസ്തവജീവിതത്തിലുള്ള ആനന്ദത്തിലും പ്രാധാന്യം കൊടുത്തു. ഏപ്രിൽ 24-ന് ഫ്രാൻസിസ് പാപ്പാ ധന്യയായി പ്രഖ്യാപിച്ച ഈ അത്മായ 1925 മെയ് 26-ന് സ്പെയിനിലെ വാലെൻസിയയിലാണ് ജനിച്ചത്.
ദൈനംദിന ദിവ്യബലിയിൽ പങ്കുചേരുന്നതിലൂടെയും പ്രാർത്ഥനകളിലൂടെയും അവർ വളർത്തിയെടുത്ത വിശ്വാസം, ശ്വാസകോശാർബുദം ബാധിച്ചപ്പോൾ ഒരു ക്രിസ്തീയബോധത്തിലൂടെ തന്റെ അസുഖത്തെ കാണുവാനും കടന്നുപോകുവാനും സഹായിച്ചു. “എന്റെ അമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടില്ല. തിരുത്തുവാനോ ഉപദേശങ്ങൾ നൽകുവാനോ സമയം ചെലവഴിച്ചില്ല. പക്ഷേ, എന്തെങ്കിലും പറയേണ്ടിവരുമ്പോൾ അവർ പറഞ്ഞിരുന്നു. അവരുടെ വിശ്വാസജീവിതത്തിലൂടെ അത് കാണിച്ചുതരികയും ചെയ്തിരുന്നു” – റോമെറോ പറഞ്ഞു. കഠിനമായ സഹനങ്ങളിലൂടെയും വേദനകളിൽ കൂടിയും കടന്നുപോയ അമ്പാരോ രോഗം കണ്ടെത്തിക്കഴിഞ്ഞു നീണ്ട 556 ദിവസങ്ങൾക്കു ശേഷമാണു മരണമടഞ്ഞത്.