പൂക്കളുമായി പിതാവിനെ കാത്തിരിക്കുന്ന മകള്‍

സുനീഷ നടവയല്‍
സുനീഷ നടവയല്‍

ഹോങ് കോങ്ങ് – അമേരിക്കൻ സിനിമ സംവിധായകനായ വെയ്ൻ വാങ് (Wayne Wang) സംവിധാനം ചെയ്ത മനോഹരമായ ഒരു ഹ്രസ്വ ചിത്രമുണ്ട്, ദ ഫ്രോസൺ റോസ് (The Frozen Rose). ഇറാൻ -ഇറാഖ് യുദ്ധത്തിൽ മുൻനിര സൈന്യത്തിൽ വീര ചരമം പ്രാപിച്ച ഒരു പട്ടാളക്കാരന്റെ കുഞ്ഞു മകളായ റുഖയ്യയുടെ കാത്തിരിപ്പാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു വർഷമായി റെയിൽവേ സ്റ്റേഷനിൽ വന്നെത്തുന്ന പട്ടാളക്കാർക്ക് പൂക്കൾ വിൽക്കുവാൻ എത്തുന്ന കുട്ടികളുടെ കൂടെ അവളും എത്തുമെങ്കിലും തിരക്കോ ബഹളമോ കാണിക്കാതെ മാറി നിന്ന് ജനാലയ്ക്കരികിലൂടെ പൂക്കൾക്കുവേണ്ടി കൈ നീട്ടുന്ന സൈനികരെ സൂക്ഷിച്ചു നോക്കുന്ന കൊച്ചു പെൺകുട്ടിയെ നമുക്ക് കാണുവാൻ സാധിക്കും. നിർവികാരതയോടെ നിൽക്കുന്ന അവൾ അവസാനം ഒരേയൊരാൾക്ക് പൂക്കളുടെ ആ ചെണ്ട് സമ്മാനിക്കുമ്പോൾ ആരാണ് അടുത്തതായി യുദ്ധ ഭൂമിയിൽ മരണപ്പെടാൻ പോകുന്നതെന്ന് അറിവാകും. അവളെ ഈ പ്രവൃത്തിയിൽനിന്നു പിന്തിരിപ്പിക്കുവാൻ അവളുടെ അമ്മ ശ്രമിക്കുന്നുണ്ട്. പക്ഷേ കൊടും തണുപ്പിലും മഞ്ഞു വീഴ്ചയിലും അർദ്ധ രാത്രിയിൽ പോലും അവളുടെ പൂച്ചെണ്ടുമായി തന്റെ പിതാവിനെ കാത്തു നിൽക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.

എല്ലാ സൈനികരും അവളെ സഹതാപത്തോടെ നോക്കുന്നത് കാണുവാൻ സാധിക്കും. വെറും അര മണിക്കൂർ സമയത്തേക്ക് മാത്രം, അവളുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം കുഞ്ഞിന്റെ കണ്ണുനീർ കാണുവാനുള്ള ശക്തിയില്ലാതെ അവളുടെ അമ്മ, കൊടും മഞ്ഞുള്ള ഒരു അർദ്ധ രാത്രിയിൽ പിതാവിനെ സ്വീകരിക്കുവാൻ പോകുവാൻ അവളെ അനുവദിക്കുകയാണ്. വർദ്ധിച്ച ആഗ്രഹത്തോടെ വലിയ കമ്പിളി പുതപ്പൊക്കെ പുതച്ചുകൊണ്ട് നന്ദിപൂർവ്വമുള്ള ഒരു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ച് കുഞ്ഞു റുഖയ രാത്രിയിലെ ട്രെയിനിൽ വരുവാനിരിക്കുന്ന തന്റെ പ്രിയപ്പെട്ട പിതാവിനെ തേടി പോവുകയാണ്.

കൊടും തണുപ്പിൽ, മഞ്ഞു വീഴ്ചയിൽ തണുത്തു മരച്ചു ജീവൻ പിരിഞ്ഞ സ്വന്തം മകളെ നെഞ്ചോട് ചേർത്ത് നിലവിളിക്കുന്ന ആ അമ്മയുടെ ദൈന്യതയാർന്ന ഭാവവും റുഖയ്യയെ പോലെ മഞ്ഞുവീണു മരച്ചിരിക്കുന്ന പൂച്ചെണ്ടും വിറയാർന്ന മനസ്സോടെ കാണുന്ന കാഴ്ചക്കാർക്ക്, ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും, തന്റെ അച്ഛനുവേണ്ടി പൂക്കളുമായി കാത്തുനിൽക്കുന്ന കൊച്ചു പെൺകുട്ടിയുടെ വിയോഗം ഒരു തീരാ വേദനയായി മാറുകയാണ്.

തന്റെ പിതാവിന്റെ മരണത്തെ വിശ്വസിക്കുവാനോ അംഗീകരിക്കുവാനോ കഴിയാത്ത റുഖയ്യയെ വളരെ പെട്ടന്നുതന്നെ പ്രേക്ഷകർ മനസ്സിലാക്കുന്നുണ്ട്. എങ്കിലും അതിനും മുകളിൽ എല്ലുകൾ പോലും മരച്ചുപോകുന്ന മഞ്ഞു വീഴ്ചയുള്ള രാത്രികളിൽ പോലും അതൊന്നും വകവെയ്ക്കാതെ സ്വന്തം പിതാവിനെ അന്വേഷിച്ച് പോകുവാൻ അവൾ കാണിക്കുന്ന ആ വലിയ ആഗ്രഹത്തിന്റെ മുൻപിൽ മരണമെന്ന സത്യത്തെ പ്രതീക്ഷയുടെ പൂക്കളുടെ സൗരഭ്യംകൊണ്ട് മറയ്ക്കുകയാണവിടെ. കൂടെ അമ്മയുണ്ടെങ്കിലും അരികിലില്ലാത്ത പിതാവിന്റെ സ്നേഹത്തിനായി കൊതിക്കുന്ന ഒരു പിഞ്ചു ഹൃദയത്തിന്റെ നൊമ്പരങ്ങൾ…

അമ്മയെന്നാൽ സ്നേഹമാണ്. അപ്പനെന്നാൽ സുരക്ഷിതത്വവും. ഒരു ആയുസ്സിന്റെ വ്രതത്തെ ഗൗരവക്കാരെന്ന പേരിൽ ഒതുക്കപ്പെടുന്നുണ്ടെങ്കിലും അതിനുമെല്ലാം എത്രയോ കാതങ്ങൾ താണ്ടിയാലേ ഒരു പിതാവിന്റെ ജീവിതം പൂർണ്ണമാകൂ. സ്വന്തം ജീവൻ നല്ല പാതിയുടെ ഉദരത്തിലുണ്ടെന്നറിയുന്ന നാൾ മുതൽ ഹൃദയത്തിൽ വഹിച്ചു നടക്കുന്ന പിതാവ്. ജനനശേഷം പോലും താലോലിക്കുവാൻ ആഗ്രഹിക്കുന്ന നേരങ്ങളിലെല്ലാം അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിക്കേണ്ടുന്ന അവസ്ഥകൾ. അധ്വാനത്തിന്റെ ഉപ്പുരസത്തിൽ മക്കൾക്കും കുടുംബത്തിനും സംരക്ഷണത്തിന്റെ രുചിക്കൂട്ട് തീർക്കുന്നവർ. ഒരു ചെറിയ നോട്ടത്തിൽ കടലോളം സ്നേഹവും ആകാശത്തോളം ഉയർന്ന തലത്തിലുള്ള ഉപദേശവും ഒളിപ്പിച്ചു വെച്ച പ്രിയപ്പെട്ട പിതാക്കൻമാർ.

ആരുടേയും മുൻപിൽ തന്റെ മക്കൾ തല താഴ്ത്താതെ ജീവിക്കണമെങ്കിൽ തന്റെ മനസ്സും ശരീരവും ഒരുപോലെ താഴുകയും മിഴികൾ സ്വർഗ്ഗത്തിലേക്കുയരുകയും വേണം എന്ന് ഉറപ്പുള്ള അഭിമാനവും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവുമുള്ള സാധാരണ അപ്പൻമാർ. തന്റെ വിശപ്പിനേയും ദാഹത്തിനേയുമെല്ലാം മക്കൾക്കുവേണ്ടി മറക്കുകയും മറയ്ക്കുകയും ചെയ്യുന്ന ഏറ്റവും മികച്ച സ്വഭാവ നടൻ. കാഴ്ചയിലും കേൾവിയിലും മക്കൾക്ക്‌ ഒരു മുഴം മുന്നേ നടക്കുന്നവൻ. മുന്നിലുള്ള അപകടങ്ങളെ ക്രാന്ത ദൃഷ്ടിയോടെ വീക്ഷിച്ച് കരുതലോടെ കാക്കുന്നവൻ. തെറ്റുകൾ ചെയ്താൽ ശിക്ഷിക്കുകയും നല്ലതു കണ്ടാൽ മനംനിറയെ സന്തോഷിക്കുമെങ്കിലും പുറമെ കാണിക്കുവാൻ അല്പം ബുദ്ധിമുട്ടുളള കണിശക്കാരൻ. മക്കളുടെ വളർച്ചയിൽ യാതൊന്നും അവകാശപ്പെടാതെ മാറി നിന്നുകൊണ്ട് കൺനിറയെ കണ്ട് അഭിമാനിക്കുന്നവൻ. ഇപ്പറയപ്പെട്ട എല്ലാത്തിന്റെയും ഒരു സമന്വയം. പിതാവ്.

സ്നേഹത്തിന്റെ ആ ചൂടിൽ നിന്നും അകലങ്ങളിലേക്ക് ഓടി മാറുവാനോ തെന്നിയകലുവാണോ ഒരിക്കലും ഇഷ്ടപ്പെടില്ല നാം. ജീവിക്കുന്ന കാലമത്രയും ആ തണലിൽ അങ്ങനെയൊരു കൊച്ചു കുഞ്ഞായിരിക്കുവാനാണ് എന്നും എല്ലാവർക്കും ഇഷ്ടം. കാരണം പകരം വെയ്ക്കുവാനോ വിശ്വാസമർപ്പിക്കുവാനോ ഈ ലോകത്തിൽ പിതാവിനേക്കാൾ മറ്റാരുമില്ലെന്ന ആ വലിയ ഉൾബോധ്യം വന്നതുകൊണ്ട്. ജീവിതത്തിൽ തന്റെ മനസ്സറിഞ്ഞതുപോലെ മറ്റാരും അറിഞ്ഞിട്ടില്ലെന്ന തിരിച്ചറിവുള്ളതുകൊണ്ട്. എന്തു തന്നെയായാലും ആ വലിയ ഉത്തരവാദിത്വത്തെ ജീവിത മാതൃകയെ പിതാവെന്ന് അഭിസംബോധന ചെയ്യുമ്പോൾ മനസ്സിൽ നിറയുക ബഹുമാനം മാത്രമാണ്.

ആരെങ്കിലും തന്റെ പുത്രനെ മറ്റുള്ളവർക്കുവേണ്ടി ബലി കൊടുക്കുമോ? സ്നേഹത്തിന്റെ ആഴം ലോകത്തിനു കാണിച്ചു കൊടുക്കുവാനായി തന്റെ മകനെ കൊടും പീഡകൾക്ക് ഏൽപ്പിച്ചു കൊടുത്ത് മരണത്തിനു വിട്ടുകൊടുക്കുമോ? സുവിശേഷത്തിന്റെ ആദ്യ മധ്യാന്തങ്ങളിലെല്ലാം ഇത് നമുക്ക് കാണുവാൻ സാധിക്കും. സ്വന്തം പുത്രനെ ഭൂമിയിലേക്ക് പറഞ്ഞയച്ച് സ്നേഹമെന്തെന്നു ഒരു ജനതയെ മനസ്സിലാക്കിക്കുവാൻ മൂന്നാണികളിൽ തൂക്കപ്പെടേണ്ടി വന്ന യേശു ക്രിസ്തു എന്ന പുത്രന്റെ പിതാവ്. ‘കഴിയുമെങ്കിൽ ഈ പാനപാത്രം മാറ്റിത്തരേണമേ’ എന്ന് ഹൃദയം നുറുങ്ങി അപേക്ഷിച്ച മകന് മൗനം മാത്രം മറുപടി കൊടുത്ത ഗൗരവക്കാരനായ ഒരു പിതാവുണ്ട് വിശുദ്ധ ബൈബിളിൽ. അതെന്തിനെന്നോ എങ്കിൽ മാത്രമേ നാളെ യേശു തന്റെ പുത്രനെന്ന്, ദൈവത്തിന്റെ മകനെന്ന്, ദൈവം തന്നെയാണെന്ന് ലോകത്തിനു മുൻപിൽ സാക്ഷ്യം നൽകുവാൻ സാധിക്കുകയുള്ളു.

സ്നേഹമെന്തെന്നു ഭൂമിയിലെ തന്റെ ഓരോ മക്കളും അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രിയപെട്ടവരേ, ഈ പിതൃദിനത്തിൽ നമുക്കുവേണ്ടി പിടയപ്പെട്ട ഹൃദയങ്ങളെ, നമ്മുടെ പ്രിയപ്പെട്ട പിതാവിനെ ഓർക്കാം. ഇതുവരെ ഒഴുകിയ വിയർപ്പു കണങ്ങളും ആരാരും കാണാതെ ഇതുവരെ പൊഴിച്ച കണ്ണീർ കണങ്ങളും ഗൗരവത്തിന്റെ മുഖം മൂടിയിട്ട സ്നേഹത്തിന്റെ ആ വലിയ നിറവും നിർലോഭം കാണുവാൻ ഏവർക്കും സാധിക്കട്ടെ. സ്വർഗീയ പിതാവിന്റെ ഹൃദയ വിശാലതയിലും സ്നേഹത്തിന്റെ പ്രകാശനത്തിലും നമ്മുടെ പ്രിയപ്പെട്ട പിതാക്കൻമ്മാരുടെ നന്മയെ മനസ്സിലാക്കുകയും അവർ നമുക്കായി നൽകിക്കൊണ്ടിരിക്കുന്ന ആ വലിയ സ്നേഹ സംരക്ഷണത്തിനായി ഓരോ ദിവസവും തന്റെ പിതാവിന്റെ വരവിനായി കാത്തിരിക്കുന്ന കൊച്ചു റുഖയ്യ യെപോലെ നന്മയുടെ പൂച്ചെണ്ടുമായി പ്രാർത്ഥനാപൂർവ്വം നമുക്ക് ആയിരിക്കാം.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.