വേദനകളുടെ ഇരുളിനെ വിശ്വാസ വെളിച്ചംകൊണ്ട് നേരിടുന്ന പെൺകുട്ടി

വായിക്കാനും എഴുതാനും ചിരിക്കാനും ഒരുപാട് ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണ് ഗാബി രെഹ്‌ദാർ. രസകരമായ കഥകളും മറ്റുള്ളവരുടെ ചിരി കേൾക്കാനും ഈ പെൺകുട്ടിക്ക് വളരെയധികം താല്പര്യമുണ്ട്. ഡെയ്‌സികളുടെ ലാളിത്യവും റോസാപ്പൂവിന്റെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കുന്നവൾ. ആകാശനീല അവൾക്ക് എക്കാലവും പ്രിയപ്പെട്ട നിറമായിരുന്നു. എന്നാൽ അവൾക്ക് ചുവപ്പുനിറവും ഒത്തിരി ഇഷ്ടമാണ്. കാരണമെന്തെന്നോ, അത് യേശുവിന്റെ പീഡാസഹനത്തെയും ഹൃദയത്തെയും കുറിച്ച് ചിന്തിപ്പിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. ജോലികൾ ചെയ്യുകയും പ്രായമായവരെ സന്ദർശിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കൊച്ചുപെൺകുട്ടി. അവളുടെ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനേക്കാൾ മറ്റൊരു ആഹ്ലാദകരമായ നിമിഷം അവൾക്കുണ്ടായിട്ടില്ല എന്ന് ഗാബി പറയുന്നു. എന്നാൽ 12 വയസ്സായപ്പോഴേക്കും അവളുടെ ജീവിതം മാറിമറിഞ്ഞു.

“എനിക്ക് 12 വയസ്സായപ്പോൾ എന്റെ ഇടതുകണ്ണ് തൂങ്ങുന്നതു പോലെ തോന്നി. എന്റെ ശരീരത്തിന്റെ ഊർജ്ജമൊക്കെ ഇല്ലാതാകുന്നതു പോലെ ഒരു തോന്നൽ. 12 മണിക്കൂറുകൾ ഉറങ്ങിയാൽ പോലും പകൽ മൂന്നോ നാലോ മണിക്കൂറുകൾ പിന്നെയും ഉറങ്ങുമായിരുന്നു. എന്താണ് യഥാർത്ഥ പ്രശ്നമെന്നറിയാൻ ഞാൻ വിവിധ ഡോക്ടർമാരെ കണ്ടു. എനിക്ക് കെൺസ് – സയർ സിൻഡ്രോം ആണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഇത് ഒരു ജനിതകരോഗമായിരുന്നു. ഡിഎൻഎ -യിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന രോഗം. അത് എന്റെ കണ്ണുകൾ, ഉയരം, മസിലുകൾ, ഊർജ്ജം, ഹൃദയം എന്നിവയെയെല്ലാം ബാധിച്ചു. മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്‍തമായി പ്രശ്നങ്ങൾ ഉള്ളതിനാൽ എന്റെ കൗമാരപ്രായം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു” – ഗാബി പറയുന്നു.

പ്രശ്നങ്ങൾ ഏറെയുണ്ടെങ്കിലും നന്നായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഗാബി അതിലും കൂടുതൽ പ്രാർത്ഥിക്കാൻ തുടങ്ങി. സുഖം പ്രാപിക്കാൻ ഫ്രാൻസിലെ ലൂർദ്ദ് മാതാവിന്റെ അടുക്കലേക്ക് പോകണമെന്ന് അവൾ തന്റെ അമ്മയോട് ആവശ്യപ്പെട്ടു. അങ്ങനെ അവരുടെ കുടുംബം ലൂർദ്ദിലേക്ക് യാത്രയായി. എങ്കിലും ഗാബി ആഗ്രഹിച്ച തരത്തിലുള്ള ഒരു സൗഖ്യം അവൾക്ക് ലഭിച്ചില്ല. വളരെയധികം പരിശ്രമിച്ച് ലൂർദ്ദില്‍ എത്തിയിട്ടുപോലും സുഖം പ്രാപിക്കാത്തതിൽ അവൾക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ നിരാശയുള്ളതായി തോന്നി. അവളുടെ ഹൃദയം തകർന്നു. അവളെ സുഖപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് അവൾ കരുതി.

ഒടുവിൽ ഗാബി ഒരു തീരുമാനത്തിലെത്തി. അവളുടെ പക്കലുണ്ടായിരുന്ന എല്ലാ വിശുദ്ധ ചിത്രങ്ങളും എടുത്ത് മാറ്റിവയ്ക്കുകയും വിശ്വാസത്തോടെയുള്ള പ്രാർത്ഥന നിർത്തുകയും ചെയ്തു. കുടുംബത്തോടൊപ്പം ദൈവാലയത്തിൽ പോകുന്നുണ്ടെങ്കിലും ഭക്ഷണത്തിനു മുമ്പ് പ്രാർത്ഥിക്കുന്നുണ്ടെങ്കിലും അതിലൊന്നും അവളുടെ ഹൃദയം പങ്കുചേർന്നിരുന്നില്ല. അവൾ ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന് മനഃപൂർവ്വം അകന്നു. പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് പലതവണ അവൾ സ്വയം പറഞ്ഞു. അങ്ങനെ ജീവിതം സ്വയം അവസാനിപ്പിക്കുവാൻ അവൾ തീരുമാനിച്ചു. പക്ഷേ ഈ സമയം ഒരു പ്രത്യേകമാംവിധത്തിൽ താൻ സുഖം പ്രാപിക്കുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല.

ഇടയ്ക്കെപ്പോഴോ അവളുടെ ഹൃദയം മൃദുവാകാൻ ആരംഭിച്ചു. “ഞാൻ കഷ്ടപ്പെടുന്നത് ദൈവം ആഗ്രഹിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ എന്റെ ഹൃദയം മാറി. ഞാൻ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ കൈവശമുണ്ടായിരുന്നു ഈശോയുടെയും മറ്റു വിശുദ്ധരുടെയും രൂപങ്ങളും ചിത്രങ്ങളും അവയുടെ ശരിയായ സ്ഥലങ്ങളിൽ – എന്റെ ഹൃദയത്തിൽ- തിരിച്ചെത്തി. ഇരുട്ട് ഇല്ലാതെ നിങ്ങൾക്ക് പ്രകാശം ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നു. എന്റെ പിന്നിട്ട കാലത്തെക്കുറിച്ച് ആലോചിച്ചപ്പോഴും എന്നെ ഉപേക്ഷിക്കാത്തതിന് ദൈവത്തിനു നന്ദി പറയുന്നു” – ഗാബി ഓർമ്മിക്കുകയാണ്. എങ്കിലും അത്ഭുതകരമായ ഒരു രോഗശാന്തിക്കായി അവൾ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് 2015 -ൽ അവൾക്ക് ഹൃദയസ്തംഭനം വരുന്നത്. മരണത്തെ മുഖാമുഖം കണ്ട അവൾക്ക് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വരികയും ഒരു മാസത്തോളം ആശുപത്രിയിൽ ചിലവഴിക്കുകയും ചെയ്യേണ്ടിവന്നു. ആശുപത്രിയിൽ വച്ച് അവളുടെ സഹോദരി സി. ജോർദാൻ റോസിനെ അവളെ സന്ദർശിക്കാനെത്തി. സങ്കീ. 73:26 എടുക്കാൻ അവർ അവളോട് പറഞ്ഞു. അത് ഇപ്രകാരമായിരുന്നു: “എന്റെ ശരീരവും മനസ്സും ക്ഷീണിച്ചുപോയേക്കാം; എന്നാൽ ദൈവമാണ് എന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി.” ഈ വചനഭാഗം അവളുടെ ചിന്തയെ വലിയ തോതിൽ മാറ്റിമറിച്ചു. അവളുടെ കഷ്ടപ്പാടുകളുടെ അനുഭവം അവളെ യേശുവിലേക്ക് കൂടുതൽ അടുപ്പിച്ചു.

“ഞാൻ എന്റെ കഷ്ടതകൾ മറ്റുള്ളവരുടെ സഹനങ്ങളോടൊപ്പം ചേർത്തുവച്ചു. അത് യേശുവിന്റെ ഹൃദയവുമായി എന്നെ ഒന്നിപ്പിച്ചു. ദിവസം മുഴുവൻ ഞാൻ പ്രാർത്ഥിച്ചു” – ഗാബി പറയുന്നു. എങ്കിലും അവളുടെ ഈ യാത്ര എളുപ്പമായിരുന്നില്ല. സുഹൃത്തുക്കളും കുടുംബവും അവളെ നല്ലരീതിയിൽ പരിഗണിച്ചു. ഇഡാഹോയിൽ കുടുംബത്തോടൊപ്പം ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന ഈ പെൺകുട്ടി അവളുടെ രോഗങ്ങളെയും സഹനങ്ങളെയും ഇന്ന് മറ്റുള്ളവർക്കായി ഏറ്റെടുത്തിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും ഇരുണ്ട സമയത്തും ദൈവം നിങ്ങളെ ഉപേക്ഷിക്കുകയില്ല എന്ന് ഗാബി നമ്മെ ഓർമ്മിപ്പിക്കുകയാണ്. എത്ര വലിയ സഹനങ്ങൾ വന്നാലും ദൈവത്തിൽ ആശ്രയിക്കുകയാണെകിൽ നമ്മുടെ സഹനങ്ങൾ അവിടുത്തെ ഹൃദയത്തിലേക്കുള്ള ആഴപ്പെടലാണെന്നു ഈ പെൺകുട്ടി നമ്മെ പഠിപ്പിക്കുന്നു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.