വി. യൗസേപ്പിനൊപ്പം ഒരു ക്രിസ്തുമസ്

ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

ഒരിക്കല്‍ ഒരു ക്രിസ്തുമസ് സീസണിലെ കാരള്‍ കഴിഞ്ഞ് എല്ലാവരും പിരിയാനൊരുങ്ങുമ്പോള്‍ ഒരു കുട്ടി വന്നു ചോദിച്ചു: “Father, When are we going to have it again; next weekend?” ക്രിസ്തുമസിലെ പുല്‍ക്കൂടും ഉണ്ണിഈശോയും മാതാവും യൗസേപ്പും ആട്ടിടയന്മാരും കാരള്‍ ഗാനങ്ങളും സാന്താക്ലോസും സമ്മാനങ്ങളുമെല്ലാം മനസ്സിനെ കുളിരണിയിക്കുന്നതിനാല്‍ പലര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വര്‍ഷത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണ് ക്രിസ്തുമസ് കാലത്തേത്. കോവിഡ്-19 ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ പകിട്ട് കുറയ്ക്കുമെങ്കിലും ക്രിസ്തുമസിന്റെ ചൈതന്യത്തെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ ക്രിസ്തുമസ്. വി. യൗസേപ്പിതാവിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷം ഇതിനായി വി. യൗസേപ്പിതാവിനൊപ്പം നമുക്ക് യാത്ര ചെയ്യാം.

ക്രിസ്തുമസിലെ സന്തോഷവും വേദനയും

പിതാവായ ദൈവം മനുഷ്യരക്ഷയ്ക്കായി തന്റെ പുത്രനെ തന്നെ ലോകത്തിനു നല്‍കുന്ന ക്രിസ്തുമസിലെ ഏറ്റവും വലിയ സമ്മാനം ഈശോ തന്നെയാണ്. ഈശോയുടെ ജനനത്തെക്കുറിച്ചുള്ള ആട്ടിടയന്മാര്‍ക്കുള്ള സന്ദേശം, “ഇതാ, സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത” എന്നായിരുന്നു. സന്തോഷം ആപേക്ഷികമാകയാല്‍ സകലര്‍ക്കും സന്തോഷം നല്‍കുന്ന എന്തെങ്കിലും ഈ ലോകത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. എന്നാല്‍, ഏറ്റവും എളിയവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കുമെല്ലാം അവിടുത്തെ ജനനം സന്തോഷം നല്‍കാന്‍ പോരുന്നതായിരുന്നു. ദൈവികപദ്ധതികളോട് മറുതലിക്കുകയും സ്വന്തം ഇഷ്ടങ്ങള്‍ക്കു പിന്നാലെ പോവുകയും ചെയ്യുന്നവര്‍ക്ക് ക്രിസ്തുവിന്റെ ജനനം സന്തോഷവും സമാധാനവും നല്‍കില്ല.

മാനുഷികമായി ചിന്തിക്കുമ്പോള്‍ യൗസേപ്പിന്റെ ക്രിസ്തുമസ് വേദനകള്‍ നിറഞ്ഞതായിരിക്കണം. ദൈവപുത്രന്‍ എന്ന് പറഞ്ഞവനും (ലൂക്കാ 1:37) ജനത്തെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കേണ്ടവനുമായവന് (മത്തായി 1:21) പിറക്കാന്‍ ഇടമില്ലാതെ വരുമ്പോള്‍ (ലൂക്കാ 2:7) അവന് സംരക്ഷണമൊരുക്കാന്‍ രാത്രി തന്നെ ഈജിപ്തിലേയ്ക്ക് പലായനം ചെയ്യേണ്ടിവരുമ്പോള്‍ (മത്തായി 2:14) യൗസേപ്പിന്റെ ഹൃദയം പിടഞ്ഞിരിക്കണം. എന്നാല്‍, മാനുഷികസന്തോഷങ്ങള്‍ക്കുമപ്പുറം ദൈവികപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയ യൗസേപ്പ് തന്റെ നൊമ്പരങ്ങളിലും സന്തോഷം കണ്ടെത്തിയിരിക്കണം. തന്റെ വേദനകളിലും സഹനങ്ങളിലും അനേകരുടെ സന്തോഷവും രക്ഷയും ഒളിഞ്ഞിരിപ്പുണ്ടെന്ന ചിന്തയാകണം യൗസേപ്പിനെ മുന്നോട്ടു നയിച്ചത്. രക്ഷകന്റെ ഇടപെടലും രക്ഷയുടെ വഴികളും നമ്മുടെ ജീവിതത്തില്‍ സഹനങ്ങളും വേദനകളും നല്‍കുന്നതാകാമെന്ന് ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദൈവത്തിനുവേണ്ടി കണ്ട സ്വപ്നങ്ങള്‍

ജീവിതത്തില്‍ ഒത്തിരിയേറെ സ്വപ്നങ്ങള്‍ കണ്ടിട്ടുള്ളവരാണ് നമ്മള്‍. നല്ല നാളെയെക്കുറിച്ചുള്ള നിറമുളള സ്വപ്നങ്ങള്‍, പ്രതീക്ഷ നല്‍കുന്ന, ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍, വിജയം നല്‍കുന്ന സ്വപ്നങ്ങള്‍… ഇവയ്ക്കു പകരമായി മറക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്നങ്ങളും നാം കണ്ടിട്ടുണ്ട്. ഇവയിലെല്ലാം നമുക്ക് ലഭിക്കുന്ന സന്തോഷം പ്രധാനപ്പെട്ട ഒരു കാര്യമാണ്.

യൗസേപ്പിന്റെ ജീവിതം തന്നെ രേഖപ്പെടുത്തുന്നത് ക്രിസ്തുമസുമായി ബന്ധപ്പെട്ട സ്വപ്നങ്ങളിലൂടെയാണ്. അതായത്, ഈശോയെ ഈ ലോകത്തിന് നല്‍കുന്നതിലുള്ള സഹകരണത്തിലൂടെ. ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം അടയാളപ്പെടുത്തേണ്ടത് ക്രിസ്തുവിനെ ലോകത്തിന് നല്‍കുന്നതിലൂടെയാണെന്ന് യൗസേപ്പിന്റെ ജീവിതം കാണിച്ചുതരുന്നു. യൗസേപ്പിന്റെ സ്വപ്നങ്ങളൊന്നും തനിക്കുവേണ്ടി ആയിരുന്നില്ല; ദൈവത്തിനു വേണ്ടിയായിരുന്നു. മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ (മത്തായി 1:18-24), ഈജിപ്തിലേയ്ക്ക് പലായനം ചെയ്യാന്‍ (മത്തായി 2: 13) നസ്രത്തിലേയ്ക്ക് മടങ്ങിവരാന്‍ (മത്തായി 2: 19-20) യൗസേപ്പ് കണ്ട സ്വപ്നങ്ങള്‍ സ്വന്തം ഇഷ്ടങ്ങളെ ഫലമണിയിക്കാനും താലോലിക്കാനുമുള്ളവ ആയിരുന്നില്ല. മറിച്ച്, ദൈവഹിതം നിറവേറ്റാനുള്ളവയായിരുന്നു. അങ്ങനെ ദൈവത്തിന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി തന്റെ ജീവിതത്തെ തന്നെ വിട്ടുകൊടുത്തവനായിരുന്നു യൗസേപ്പ്.

നമ്മുടെ ജീവിതങ്ങള്‍ക്ക് നിറം പകരുന്ന, നമ്മുടെ ഹൃദയങ്ങളെ കുളിരണിയിക്കുന്ന, സ്വപ്നങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവരാകാതെ ദൈവഹിതം തേടുന്നവരും അത് എത്ര പ്രതിസന്ധികള്‍ നിറഞ്ഞതായാലും അതിനെ ഫലമണിയിക്കുന്നവരാകാനുമാണ് ഈ ക്രിസ്തുമസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്.

ഉത്തരവാദിത്വത്തിന്റെ ക്രിസ്തുമസ്

ദൈവപുത്രന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസിന്റെ കേന്ദ്രചിന്ത. മനുഷ്യാവതാരത്തിലെ കെനോസിസിലൂടെ ദൈവം ഈ ലോകമാകുന്ന ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്നുവെന്ന് തത്വചിന്തകനും മിസ്റ്റിക്കുമായ തെയ്യാര്‍ ദെ ഷര്‍ദാന്‍ പറയുന്നു. മനുഷ്യാവതാരത്തിലൂടെ ഈ ലോകത്തിന്റെ കേന്ദ്രമാകുന്ന ദൈവം എല്ലാ സൃഷ്ടികളുമായി ബന്ധത്തിലാകുന്നു. അതുമുതല്‍ ഈ പ്രപഞ്ചവും അതിലുള്ളവയും വിശുദ്ധീകരണത്തിന്റെയും മഹത്വത്തിന്റെയും വഴിയിലാണ്. തീക്കനല്‍ ചുറ്റുമുള്ളവയെ എരിയിക്കുകയും പൊള്ളിക്കുകയും ചെയ്യുമ്പോലെ ബെത്‌ലഹേമിലെ കുളിരിലും ദൈവപുത്രനാകുന്ന തീക്കനല്‍ മറിയത്തിലും യൗസേപ്പിലും തുടങ്ങി ഈ പ്രപഞ്ചത്തെ മുഴുവന്‍ എരിയിക്കാന്‍ പോരുന്നതായിരുന്നു. അഥവാ, ക്രിസ്തുമസ് ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ‘ക്രിസ്തീകരണ’ത്തിന്റെ (Christification) ആരംഭമായിരുന്നു.

ക്രിസ്തുമസ് എരിയിച്ച യൗസേപ്പിന് ഇനി ജീവിതം മുഴുവന്‍ ദൈവത്തിലാണെന്നാണ് നമുക്ക് കാണാനാവുന്നത്. യൗസേപ്പിന് ഇനി സ്വന്തം സ്വപ്നങ്ങളില്ല, സ്വന്തം വഴികളില്ല, സ്വന്തം പദ്ധതികളില്ല. തന്റെ കൈകളിലുള്ള കുഞ്ഞാണ് ഇനി യൗസേപ്പിന്റെ ജീവിതത്തെ ക്രമപ്പെടുത്തുന്നത്.

യൗസേപ്പിന്റെ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ‘പിതാവിന്റെ ഹൃദയത്തോടെ (Patris Quorde)’ എന്ന ശ്ലൈഹികലേഖനത്തിന്റെ അവസാനം പോളിഷ് എഴുത്തുകാരനായ ജാന്‍ ഡബ്രക്‌സിന്‍സ്‌കിയുടെ “The Shadow of the Father” എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശമുണ്ട്. സുവിശേഷങ്ങളിലെ യൗസേപ്പിനെ അവതരിപ്പിക്കുന്ന ഈ പുസ്തകം തിരുക്കുടുംബത്തിന്റെ സംരക്ഷകനായ യൗസേപ്പ് ദൈവഹിതത്തെ അനുസരണത്തോടെ സ്വീകരിച്ചത് എങ്ങനെയെന്ന് അവതരിപ്പിക്കുന്നു. കുടുംബം, ഉത്തരവാദിത്വം, ദയ, സത്യസന്ധമായ സ്‌നേഹം എന്നീ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഗ്രന്ഥകാരന്‍ യൗസേപ്പിനെ പിതാവായ ദൈവത്തിന്റെ നിഴലായാണ് വിശേഷിപ്പിക്കുന്നത്. കാരണം, തിരുക്കുടംബത്തില്‍ യൗസേപ്പ് ഈശോയെ കൂടെ നിന്ന് സ്‌നേഹിക്കുന്നതിലൂടെയും സംരക്ഷിക്കുന്നതിലൂടെയും പിതാവായ ദൈവത്തിന്റെ നിഴലായി മാറുകയായിരുന്നു. പരസ്പരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തനിക്കുള്ളവ പങ്കുവച്ചു കൊണ്ട് പിതാവായ ദൈവത്തിന്റെ നിഴലായി ഈ ലോകത്തില്‍ വസിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്.

ദൈവം നമ്മോടു കൂടെ വസിക്കാന്‍ ആഗതമാകുന്ന ക്രിസ്തുമസ് നമ്മോടും ഒരു ‘ക്രിസ്തീകരണം’ (Christification) ആവശ്യപ്പെടുന്നു. ദൈവമായിട്ടും മനുഷ്യനായി പിറന്നവന്‍ നമ്മുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളും അഹങ്കാരവും മാറ്റി നമ്മിലും ഒരു കെനോസിസ് പ്രതീക്ഷിക്കുന്നു. കാരണം, അതാണ് ക്രിസ്തീകരണത്തിന്റെ ആരംഭം. ഇതു തന്നെയാണ് ഈ ലോകത്തില്‍ പിതാവായ ദൈവത്തിന്റെ നിഴലായി മാറാന്‍ മറ്റുള്ളവരിലും ദൈവികചിന്തകളും ഭാവങ്ങളും ഉണര്‍ത്തുന്നവരായി മാറാന്‍ നമ്മെ സഹായിക്കുന്നത്.

ഒത്തിരിയേറെ അനിശ്ചിതത്വങ്ങള്‍ സമ്മാനിച്ച ഈ കൊറോണക്കാലത്തെ ക്രിസ്തുമസ് നമുക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ്; ഈ ക്രിസ്തുമസ് നമ്മുടെ അവകാശമല്ല, ദൈവത്തിന്റെ ഔദാര്യമാണ്. അനിശ്ചിതത്വങ്ങളെന്ന് മനുഷ്യബുദ്ധിക്ക് തോന്നുമായിരുന്ന പലതും ദൈവത്തിന് സുനിശ്ചിതമെന്നു വിശ്വസിച്ച യൗസേപ്പിനെയും മറിയത്തെയും പോലെ ദൈവികപദ്ധതികള്‍ക്ക് വിട്ടുകൊടുക്കാന്‍ നമുക്കും പുല്‍ക്കൂട്ടിലേയ്ക്ക് നോക്കാം. ഇന്നത്തെ ‘അനിശ്ചിതാവസ്ഥ’കളില്‍ ദൈവം കൂടെത്തന്നെയുണ്ട് എന്ന വസ്തുത സുനിശ്ചിതമായിരിക്കട്ടെ. കാരണം, അവിടുന്ന് ഇമ്മാനുവേലാണ്.

ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.