

സംഗീതം മാലാഖമാരുടെ ഭാഷയും ദൈവത്തിന്റെ വരദാനവുമാണ്. ഹൃദയത്തിന്റെ ഭാവങ്ങളെ ഉണര്‍ത്താനും ഉത്കണ്ഠകളെ അലിയിച്ചുകളയാനും കഴിവുള്ള ദിവ്യൌഷധം. ഈ രീതിയില്‍ കഴിഞ്ഞ കുറച്ചുകാലമായി മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒട്ടേറെ ഗാനങ്ങള്‍ക്കു പിന്നില്‍ കാണുന്ന ഒരു പേരാണ് റോസിന പീറ്റി.
ഹൃദയവികാരങ്ങളെ ദൈവത്തിന്റെ ഉള്ളംകയ്യിലേയ്ക്ക് നേരിട്ടെത്തിക്കാന്‍ പാകത്തിലുള്ള പാട്ടെഴുത്താണ് റോസിനയെ ശ്രദ്ധേയയാക്കുന്നത്. റോസിനയുടെ രചനയിൽ 16 പാട്ടുകൾ ഇതുവരെ പുറത്തിറങ്ങി. ദി തേഡ് ഡേ എന്ന പേരിൽ ഒരു ആൽബവും റിലീസാവാനിരിക്കുന്നു. 2019-ലെ അമ്പതു നോമ്പുകാലത്ത് ‘ക്രൂശിലൊരിടം’, 2020-ൽ ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ എന്നീ പേരുകളില്‍ ലൈഫ്ഡേ വായനക്കാര്‍ക്കായി ഒരുക്കിയ ഒരു മിനിറ്റ് നോമ്പ് വിചിന്തനങ്ങളിലെ ഗാനങ്ങളും മാതാവിന്റെ പിറവിത്തിരുനാള്‍ സമയത്ത് ‘മാതൃപഥം’ എന്ന പേരില്‍ ചെറിയ ധ്യാനചിന്തകളും എഴുതിയത് റോസിന തന്നെയാണ്.
ഗാനരചനയുടെ വഴിയിലേയ്ക്ക് നടന്നെത്തിയതിനെക്കുറിച്ചും ആ വഴിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന യാത്രയെക്കുറിച്ചുമുള്ള അനുഭവങ്ങളും വിശേഷങ്ങളും ലൈഫ്ഡേയുമായി പങ്കുവയ്ക്കുകയാണ് റോസിന പീറ്റി…
മാലാഖ, എല്ലാ അര്‍ത്ഥത്തിലും
പാട്ടെഴുത്തിലൂടെ ദൈവസ്തുതികളാകുന്ന സംഗീതത്തിന് വഴിയൊരുക്കുന്നു എന്ന രീതിയില്‍ മാത്രമല്ല, തൊഴില്‍മേഖലയിലും റോസിന ‘ദൈവത്തിന്റെ മാലാഖയാണ്.’ ഇടുക്കി ഉപ്പുതോട് സ്വദേശിനിയായ റോസിന യുകെ-യില്‍ നഴ്സായാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിലേയും വീട്ടിലേയും ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന സമയങ്ങളിലാണ് ഈ വരികളെല്ലാം എഴുതുന്നത്. ഭർത്താവ് പീറ്റി താണോലിന്റെയും മകൻ റിക്സണിന്റെയും പിന്തുണയും പ്രോത്സാഹനവും തനിക്ക് കരുത്താണെന്ന് റോസിന പറയുന്നു. ആശുപത്രിയില്‍ ജോലിയ്ക്കിടെ കിട്ടുന്ന ചെറിയ ബ്രേക്കിന്റെ സമയത്തുപോലും എന്തെങ്കിലും മനസില്‍ വന്നാല്‍ പേപ്പെറെടുത്ത് എഴുതിവയ്ക്കുന്നതാണ് റോസിനയുടെ ശീലം. ദൈവസ്തുതികളോടും സംഗീതത്തോടും ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ ആതുരശുശ്രൂഷാമേഖലയിലും അത് തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് റോസിന പറയുന്നു.
എഴുത്തിന്റെ തുടക്കം
സ്കൂളില്‍ പഠിക്കുമ്പോഴൊക്കെ ഉപന്യാസം, കവിതാരചന എന്നിവയ്ക്ക് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും പഠനകാലം അവസാനിച്ചപ്പോള്‍ അത് അവിടെ നിന്നുപോയി. പിന്നീട് നഴ്സിംഗിനു പഠിക്കുന്ന കാലത്ത് വീണ്ടും കലാമേഖലയില്‍ സജീവമായി. ഏത് മത്സരത്തിനും മടിച്ചുനില്ക്കാതെ ഇടിച്ചുകേറി പങ്കെടുക്കുന്ന പ്രകൃതവുമായിരുന്നു എന്റേത്. ആ സമയത്ത് ചെറുകഥ രചനാ മത്സരത്തില്‍ സമ്മാനം കിട്ടിയപ്പോള്‍ എന്നെ പഠിപ്പിച്ചിരുന്ന മിസ്സ് ബിച്ചു ചോദിച്ചു, “നന്നായി എഴുതിയിട്ടുണ്ടല്ലോ, എഴുതാറുണ്ടോ” എന്നൊക്കെ. മിസ്സിന്റെ ആ വാക്കുകള്‍ വലിയ പ്രചോദനമായിരുന്നു. കൂടാതെ, സ്വയം എഴുതി പ്രസംഗിക്കുമ്പോള്‍ കൂട്ടുകാരും അഭിനന്ദിച്ചിരുന്നു. അതെല്ലാമാണ് മുന്നോട്ടുള്ള എഴുത്തിന് പ്രേരകമായത്.
വായനയിലൂടെയുള്ള വളര്‍ച്ച
എഴുത്തിന്റെ മേഖലയില്‍ വളര്‍ച്ചയ്ക്ക് വളമായത് വായനയാണെന്നു പറയുന്നു റോസിന. പുസ്തകങ്ങളോ ലേഖനങ്ങളോ ബൈബിളോ എന്തു വായിച്ചാലും അതില്‍ തന്നെ സ്പര്‍ശിക്കുന്ന വാക്കുകളും വാചകങ്ങളും പ്രത്യേകം മാര്‍ക്ക് ചെയ്ത് പിന്നീട് അതേക്കുറിച്ച് തന്റേതായ രീതിയില്‍ ഡയറിയില്‍ കുറിക്കുന്ന ശീലം റോസിന വളര്‍ത്തിയിരുന്നു. അത് ചിലപ്പോള്‍ വരികളാകാം, വാചകങ്ങളാവാം, ചെറിയ ചിന്തകളാവാം. പാട്ടിനു പുറമേ ആത്മീയലേഖനങ്ങളും ചിന്തകളും കഥകളുമൊക്കെ റോസിനയുടെ തൂലികയില്‍ പിറക്കാറുണ്ട്. അവയ്ക്കെല്ലാം നല്ല അഭിപ്രായവും ലഭിച്ചുകൊണ്ടിരിക്കുന്നു.
വേദനകളും വരികളായിട്ടുണ്ട്
മനസിലെ വേദനകളും സങ്കടങ്ങളുമൊക്കെ വരികളായി പിറവിയെടുത്തിട്ടുണ്ട്. ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’ എന്ന ഗാനം എഴുതാന്‍ പ്രേരണയായത് റവ. പൗലോസ് പാറേക്കര അച്ചന്, ഒരിക്കല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞ ഒരു സ്ത്രീയുടെ സഹനജീവതത്തിന്റെ കഥയാണ്. ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴും എന്തെങ്കിലുമൊക്കെയോര്ത്ത് മനസ് തേങ്ങുമ്പോഴുമൊക്കെയാണല്ലോ പലപ്പോഴും നമ്മള് ദൈവത്തെ തേടുന്നത്. ആ സമയത്ത് ദൈവത്തില്‍ നിന്നു ലഭിക്കുന്ന ചില ഉത്തരങ്ങളാണ് പലപ്പോഴും വരികളാകുന്നത്. പാട്ടായി പിറക്കാനാകാതെ പോയ പല വരികളും തന്റെ ഡയറിയില്‍ ഇനിയും ധാരാളമുണ്ടെന്നും പറയുന്നു റോസിന.
സഹായ സ്രോതസ്സുകള്‍
ഈശോയെക്കുറിച്ച് എഴുതുമ്പോള്‍ മാതാവിനോടും, മാതാവിനെക്കുറിച്ച് എഴുതുമ്പോള്‍ ഈശോയോടും സഹായം തേടുന്ന പതിവ് എനിക്കുണ്ട്. വിഷയം എന്തായാലും ഇരുവരുടെയും സാന്നിധ്യവും സഹായവും എഴുതുമ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിയാറുമുണ്ട്. ഇവര്‍ക്കു പുറമേ, ഫാ. മാത്യൂസ് പയ്യപ്പിള്ളി MCBS, ഫാ. റോയ് കോട്ടപ്പുറം SDV, ഫാ. സാജു പൈനാടത്ത് തുടങ്ങി പരിചയമുള്ള വൈദികരുടെ സഹായവും എഴുത്തിന്റെ കാര്യത്തില്‍ തേടാറുണ്ട്.
ദൈവശാസ്ത്രത്തെക്കുറിച്ചൊന്നും അറിവില്ലാത്തതിനാല്‍ തെറ്റുകള്‍ വരുത്തിയിട്ടില്ല എന്ന് ഉറപ്പു വരുത്താനും ഉണ്ടെങ്കില്‍ അവ തിരുത്താനും വേണ്ടിയാണിത്. ‘നിന്റെ കണ്ണില്‍ ശ്രേഷ്ഠയായ് നീ എന്നെ കണ്ടുവോ നാഥാ..’ പോലെ ഞാനെഴുതിയ ഒട്ടുമിക്ക വരികള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് മാത്യൂസ് അച്ചനാണ്. പലരും പറയുന്ന നല്ല ഫീഡ്ബാക്കുകള്‍ അച്ചന് എനിക്ക് അയച്ചുതരാറുണ്ട്. കൂടുതല്‍ എഴുതുന്ന കാര്യത്തില്‍ ഇവരെല്ലാം നല്കുന്ന പ്രോത്സാഹനം വളരെ വിലപ്പെട്ടതാണ്.
ഊര്‍ജ്ജം നല്കുന്ന വായനക്കാരും ആസ്വാദകരും
എഴുതുകയും അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതുകൊണ്ടു മാത്രം കാര്യമാകില്ലല്ലോ. അവ ആസ്വദിക്കാനും അതില്‍ നിന്ന് പ്രചോദനം സ്വീകരിക്കാനും ആളുണ്ടെങ്കിലല്ലേ അവ മൂല്യമുള്ളതാവുകയുള്ളൂ. അതുകൊണ്ടു തന്നെ എഴുത്ത് നന്നായി, ആ പാട്ടും വരികളും ഇഷ്ടപ്പെട്ടു, ഏറെ സ്പര്‍ശിച്ചു എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ സന്തോഷത്തേക്കാളുപരി കൂടുതല്‍ മെച്ചമായി എഴുതാനുള്ള ഊര്‍ജ്ജം ലഭിക്കാറുണ്ട്. ഒരു പരിചയവുമില്ലാത്ത എന്നാല്‍, വളരെ ക്ലോസായി നിന്ന് എന്നെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്ന കുറച്ചാളുകളുണ്ട്. ഞാന്‍ എഴുതുന്നതെല്ലാം ഷെയര്‍ ചെയ്യുകയും, അതേക്കുറിച്ച് അഭിപ്രായം പറയുകയും, വീണ്ടും എഴുതണമെന്ന് ആവര്ത്തിക്കുകയുമൊക്കെ ചെയ്യുന്നവര്‍. കുറച്ചുനാള്‍ അടുപ്പിച്ചു എഴുതാതിരുന്നാല്‍ അവരുടെ മെസേജ് വരും. എഴുതാത്തതെന്താ എന്നു ചോദിച്ച്. അവരുടെ ആ സ്നേഹവും കരുതലുമാണ് വീണ്ടും എഴുതണമെന്നു തോന്നിപ്പിക്കുന്നത്.
ആഗ്രഹം ഒന്നു മാത്രം
‘ദൈവം അനുവദിക്കുന്നിടത്തോളം എഴുതണം എന്നതിനു പുറമേ യാതൊരു രീതിയിലും എന്റെ എഴുത്ത് മറ്റുള്ളവര്‍ക്ക് അരോചകമോ അസ്വസ്ഥതയോ ആകരുതെന്ന ചിന്തയുമുണ്ട്. അക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ഏതെങ്കിലും രീതിയില്‍ എന്റെ എഴുത്ത് ആളുകള്‍ക്ക് പ്രചോദനമാകണം എന്ന ആഗ്രഹം മാത്രം.’
ദൈവത്തിന്റെ മുഖത്തേയ്ക്ക് സ്നേഹത്തോടെ നോക്കിയിരിക്കുമ്പോള്‍ അവിടുന്ന് നല്കുന്ന സ്നേഹസമ്മാനങ്ങളാണ് തന്റെ പേനത്തുമ്പില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന അക്ഷരങ്ങളെന്ന് റോസിന വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ കണ്ണിമ ചിമ്മാതെ റോസിന നോക്കിയിരിക്കുന്നു ആ തിരുമുഖത്തേയ്ക്ക്…
കീര്‍ത്തി ജേക്കബ്