പാക്കിസ്ഥാനിൽ മതനിന്ദ ആരോപണം: ക്രിസ്ത്യൻ വിദ്യാർത്ഥിനി പഠനം നിറുത്തി

പാക്കിസ്ഥാനിലെ ലാഹോറിൽ ഒരു മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന ക്രിസ്ത്യൻ വിദ്യാർത്ഥിനിക്ക് തന്റെ മുസ്ലീം സഹപാഠികളിൽ നിന്നും നേരിട്ട തീവ്രമായ പീഡനത്തെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ആയിഷ മസിഹ് എന്ന ക്രിസ്ത്യൻ പെൺകുട്ടിക്കാണ് ഈ ദുരനുഭവം.

ലാഹോറിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ, നവംബർ അവസാനത്തോടെ മുസ്ലീം സഹപാഠികളിൽ നിന്ന് കടുത്ത പീഡനം നേരിടാൻ തുടങ്ങി. “എന്റെ പുറകിൽ ഇരിക്കുന്ന ഒരു മുസ്ലീം പെൺകുട്ടി എന്റെ വിശ്വാസപശ്ചാത്തലത്തെക്കുറിച്ചു ചോദിച്ചു. ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് അഭിമാനത്തോടെ അവളോട് പറഞ്ഞു. എന്നാൽ എന്റെ മറുപടി ആ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടില്ല.

ഒരു മുസ്ലീം അല്ലാത്ത ഞാൻ ഇസ്ലാമിക പഠനം നടത്തുന്നതിനെ ആ പെൺകുട്ടി എതിർക്കുകയായിരുന്നു. അടുത്ത ദിവസം, രാവിലെ ഷേക്ഹാൻഡ് കൊടുത്തപ്പോൾ, മുസ്ലീം അല്ലാത്ത ഒരാളെ തൊടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആ പെൺകുട്ടി പറഞ്ഞു. അവളുടെ ആ മനോഭാവം എന്നെ അൽപം ഭയപ്പെടുത്തി. എന്നിരുന്നാലും എന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ അത് അവഗണിച്ചു” – ആയിഷ മസിഹ് പറയുന്നു.

ആഴ്ചകൾക്കു ശേഷം ഡിസംബറിൽ, ആയിഷ നേരിട്ട പീഡനം കൂടുതൽ ഗുരുതരമായി. അത് അവളുടെ സുരക്ഷക്കു തന്നെ പ്രശ്നമായി. ബാഗ് നിലത്ത് വച്ചുകൊണ്ട്, ഇസ്ലാമിക പാഠപുസ്തകങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് അവർ അധിക്ഷേപിച്ചു. എന്നാൽ, അവർ തന്നെ ബാഗ് നിലത്തു വച്ചതിനു ശേഷം ആയിഷയുടെ മേൽ കുറ്റം ആരോപിക്കുകയായിരുന്നു. അതിനു ശേഷം അവർ ആക്രമിക്കാനും തുടങ്ങി. അങ്ങനെ ആയിഷക്ക് തന്റെ പഠനം നിർത്തേണ്ടി വന്നു. ആയിഷയുടെ മാതാപിതാക്കൾ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേഷനിൽ പരാതി നൽകിയെങ്കിലും സ്ഥിതിഗതികൾ അന്വേഷിക്കാൻ ഭരണകൂടം തയാറായില്ല.

പാക്കിസ്ഥാനിൽ, മതനിന്ദയുടെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന രീതി വ്യാപകമാവുകയാണ്. അത് പലപ്പോഴും വ്യക്തിപരമായ പകപോക്കലുകൾ മൂലമോ, മതവിദ്വേഷം മൂലമോ ആകാം. ഇത്തരം ആരോപണങ്ങൾ വളരെ പ്രകോപനപരവും ആൾക്കൂട്ട കൊലപാതകങ്ങൾ, ജാഗ്രതാ കൊലപാതകങ്ങൾ, ബഹുജന പ്രതിഷേധങ്ങൾ എന്നിവക്ക് കാരണമാവുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.