‘നിഴല്‍ പോലെ’ കൂടെ വരുന്ന ദിവ്യകാരുണ്യ സ്‌നേഹം വെളിപ്പെടുത്തുന്ന മ്യൂസിക്കല്‍ ആല്‍ബം തരംഗമാവുന്നു

കീര്‍ത്തി ജേക്കബ്

സ്നേഹത്തിന്റെ കൂദാശയാണ് ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുര്‍ബാന. ജറുസലേമിലെ മാളികമുറിയില്‍ ക്രിസ്തു അനുവര്‍ത്തിച്ചത് ത്യാഗത്തിന്റെ സ്നേഹമുള്ള ദിവ്യവിരുന്നായിരുന്നു. ഇന്നും ഓരോ ബലിയിലും ദിവ്യകാരുണ്യത്തിന്റെ വിരുന്നുമേശയിലും ക്രിസ്തു നമുക്കായി സ്വയം സമര്‍പ്പിച്ചു നല്കുന്നു. അങ്ങനെ പരിശുദ്ധ കുര്‍ബ്ബാനയുടെ ദിവ്യവിരുന്നില്‍ നാമെല്ലാവരും ക്രിസ്തുവിന്റെ സ്നേഹിതരായി മാറുന്നു, അവിടുത്തെ ആത്മസുഹൃത്തുക്കളായി രൂപാന്തരപ്പെടുന്നു.

ക്രിസ്തുവിന്റെ സ്‌നേഹിതരാക്കി നമ്മെ മാറ്റാനുള്ള ദിവ്യകാരുണ്യത്തിന്റെ ഈ പ്രത്യേകത, എടുത്തു കാട്ടുന്ന ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബമാണ് ‘നിഴല്‍ പോലെ’. ഫാ. ബിബിന്‍ എഴുപ്ലാക്കല്‍  എംസിബിഎസ് – ന്റെ സംവിധാനത്തില്‍, ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് രചനയും സംഗീതവും നിര്‍വഹിച്ച്, പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യര്‍ ആലപിച്ച, ‘മെല്ലെ ഒന്നു കണ്ണടച്ചാല്‍…’ എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്.

പരിശുദ്ധ കുര്‍ബാന സാന്നിധ്യം എപ്പോഴും കൂടെയുണ്ട് എന്നുള്ളതിന്റെ അടയാളപ്പെടുത്തലാണ് നിഴല്‍ പോലെ എന്ന മ്യൂസിക്കല്‍ ആല്‍ബം. ഒരു പ്രാവശ്യം കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ തക്കവിധം അത്രമേല്‍ ആഴമേറിയതാണ് പാട്ടിലെ വരികളും അതിന്റെ അവതരണവും, പശ്ചാത്തലവും. കാഞ്ഞിരപ്പള്ളി രൂപതയുടെ c30 പ്രൊഡക്ഷന്‍ ആണ് ആല്‍ബത്തിന്റെ പിറവിയ്ക്ക് ചുക്കാന്‍ പിടിച്ചത്. വാഗമണ്ണിലെ പശ്ചാത്തലത്തില്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ഈ ഗാനം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.

നിഴല്‍ പോലെ എന്ന മ്യൂസിക്കല്‍ ആല്‍ബം ഒരു കഥ പറയുകയാണ്. ദൃശ്യ ഭംഗിയുടെ ഒരു പുതിയ കഥ. നിഴല്‍പോലെ എന്നും കൂടെയുള്ള പരിശുദ്ധ പരമ ദിവ്യകാരുണ്യ സാന്നിധ്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നയനമനോഹരമായ ദൃശ്യ വിരുന്നാണ് ഈ ആല്‍ബം.

ദിവ്യകാരുണ്യഗീതം എഴുതാനുള്ള ആഗ്രഹത്തിലാണ് ഈ ഗാനം എഴുതിയതെന്ന് ഫാ. മാത്യൂസ് പയ്യപ്പിള്ളി അച്ചനും പറയുന്നു. ‘പഴയ നിയമവും പുതിയ നിയമവും ബന്ധിപ്പിച്ചിട്ടാണ് ഈ ഗാനം എഴുതിയത്. കാനാന്‍ ദേശത്തേയ്ക്കുള്ള യാത്രയില്‍ പകല്‍ മേഘമായും രാത്രി അഗ്നി സ്തംഭമായും ദൈവം ഇസ്രായേല്‍ ജനത്തോട് കൂടെയുണ്ടായിരുന്നു. ഇന്ന് പുതുജീവനായി ക്രിസ്തു നമ്മോടൊപ്പം സഞ്ചരിക്കുന്നു. പഴയ നിയമത്തില്‍ ദൈവം മന്നാ പൊഴിച്ചു നല്‍കിയെങ്കില്‍ പുതിയ നിയമത്തില്‍ ഓസ്തിയായി അകതാരില്‍ ദൈവം അണയുന്നു. പഴയ നിയമത്തില്‍ തെളിനീരുറവയേകി, പുതിയ നിയമത്തില്‍ സ്വന്തം തിരുരക്തം തന്നെ നല്‍കി. പഴയ നിയമത്തില്‍ ചെങ്കടല്‍ പിളര്‍ന്ന് സംരക്ഷണമേകിയപ്പോള്‍ പുതിയ നിയമത്തില്‍ തിരുമാറ് പിളര്‍ന്ന് ഈശോ അഭയമേകുന്നു. ചുരുക്കത്തില്‍ പഴയ നിയമത്തിലെ കരുണയുടെ ഭാവവും പുതിയ നിയമത്തിലെ കരുണയുടെ ഭാവവും തമ്മില്‍ ബന്ധിപ്പിച്ചാണ് ഗാനത്തിലെ ഓരോ വരികളുമെഴുതിയിട്ടുള്ളത്’. മാത്യൂസ് അച്ചന്‍ പറയുന്നു.

കടലാസ് അച്ചന്‍ എന്നറിയപ്പെടുന്ന  ഫാ. ബിബിന്‍ എഴുപ്ലാക്കലിന്റെ ആദ്യ സംവിധാന സംരംഭമാണ്  നിഴല്‍ പോലെ.

സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന ജീവാമൃതമായ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ മനോഹാരിത കണ്ടെത്തി, അതിനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി ജീവിക്കാനുള്ള വിശ്വാസബോധ്യം തരണമേയെന്നും ഉറ്റസുഹൃത്തായി, നിഴല്‍പോലെ എന്നും കൂടെയുണ്ടാകണമേയെന്നും അറിയാതെ ഉരുവിട്ടു പോകും  ‘മെല്ലെ ഒന്നു കണ്ണടച്ചാല്‍…’ എന്ന ഈ ഗാനം ഓരോ തവണ കേള്‍ക്കുമ്പോഴും.

കീര്‍ത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.