പീഡനങ്ങൾക്കു നടുവിലും ക്രിസ്തുവിനെ നെഞ്ചേറ്റിയ ഒരു ഇറാനിയൻ അമ്മ

മകളെ മുറുക്കെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ റേച്ചൽ വിറച്ചു. വാതിലിൽ തട്ടുന്നത് കൂടുതൽ ഉച്ചത്തിലായി. പരിഭ്രാന്തയായ മകൾ കിംയ അമ്മയെ ഭയപ്പാടോടെ നോക്കി. പക്ഷെ റേച്ചലിന് പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അവൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ആ ദിവസം ഇതാ വന്നെത്തിയിരിക്കുന്നു. രഹസ്യമായി വീടുകളിൽ വിശ്വാസികളുടെ കൂട്ടായ്മ നടത്താൻ സഹായിച്ചതിന് അറസ്റ്റ് ചെയ്യാൻ ഇറാനിയൻ രഹസ്യപ്പോലീസാണ് വാതിലില്‍ മുട്ടുന്നത്.

ഒടുവിൽ വാതിലിൽ മുട്ടുന്നത് നിർത്തി പോലീസ് പോയി. റേച്ചലിനും കിംയയ്ക്കും ആശ്വാസമായി. കാരണം റേച്ചൽ ജയിലടയ്ക്കപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ അവളെ അറസ്റ്റ് ചെയ്യാനിരിക്കുന്ന ദിവസം വിദൂരമല്ലായിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിക്കുന്ന ഒരു ഇറാനിയൻ അമ്മയുടെ അനുഭവമാണ് ഇത്. പീഡനങ്ങളുടെ നടുവിലും ഒട്ടും തീക്ഷണത നഷ്ടപ്പെടാതെ വിശ്വാസത്തെ ചേർത്തു പിടിക്കുന്ന ഈ അമ്മ ഇറാനിലെ അനേകം ക്രിസ്തീയ അമ്മമാരുടെ പ്രതിനിധിയാണ്. അറിയാം, ഇവരുടെ വിശ്വാസ ജീവിതം.

യേശുവിന്റെ സഹനത്തിലേക്കുള്ള പാത

യേശുവിലേക്കുള്ള വിശ്വാസത്തിന്റെ പാത റേച്ചലിനെ കൊണ്ടുചെന്നെത്തിച്ചത് ഒരു ഗാർഹിക ദൈവാലയത്തിലായിരുന്നു. പിന്നെയുള്ള അവളുടെ സ്വപ്നങ്ങളിൽ മുഴുവൻ തനിക്ക് ജീവൻ നൽകിയ യേശുവായിരുന്നു ഉണ്ടായിരുന്നത്. തന്റെ ശൂന്യമായ ജീവിതത്തിൽ യേശുവിന്റെ സ്നേഹം നിറഞ്ഞതായി അവൾക്ക് മനസ്സിലായി. അവൾക്ക് ലഭിച്ച ആ ദൈവിക സ്നേഹത്തിനു മുൻപിൽ മറ്റെല്ലാം അപ്രസക്തമാണെന്നു അവൾക്ക് മനസ്സിലായി. മതപീഡനം പോലും! “എനിക്ക് ദൈവത്തെ ആരാധിക്കണമായിരുന്നു. മറ്റൊന്നും പ്രശ്നമല്ല.” -റേച്ചൽ പറയുന്നു.

രണ്ടു വർഷത്തോളം റേച്ചൽ ഗാർഹിക ദൈവാലയത്തിൽ പോയി. പിന്നീട് അവളുടെ ഭർത്താവും യേശുവിനെ കണ്ടെത്തി. പിന്നീട് അവർക്കിരുവർക്കും ഒരു മകൾ പിറന്നു. അങ്ങനെ യേശുവിന്റെ സ്നേഹത്തിലൂന്നിയ ആ ജീവിത യാത്ര രഹസ്യമായി തുടർന്നു. ദിവസങ്ങൾ ചെല്ലുംതോറും ഗാർഹിക ദൈവാലയത്തിൽ വിശ്വാസികളുടെ എണ്ണം വർദ്ധിച്ചു. റേച്ചലും ഭർത്താവും പ്രാർത്ഥനാ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇറാനിൽ ഒരു ക്രിസ്ത്യൻ പ്രാർത്ഥനാ ഗ്രൂപ്പിന്റെ നേതാവാകുക എന്നത് ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ്. സ്വയം മരണം ഏറ്റുവാങ്ങാൻ മുൻപോട്ട് വരുന്നതുപോലെയാണത്. വിശ്വാസികളേക്കാൾ കൂടുതൽ പീഡനങ്ങളും സഹനങ്ങളും ഈ നേതാവായിരിക്കും ഏറ്റു വാങ്ങേണ്ടി വരിക. തങ്ങൾക്ക് ഒരു മകൾ കൂടിയുണ്ടെങ്കിലും റേച്ചൽ തെല്ലും ഭയപ്പെട്ടില്ല. “ഓരോ നിമിഷവും അപകടം മുന്നിൽ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്. പക്ഷെ എന്റെ മനസ്സിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. അത് ‘ദൈവം സംരക്ഷിച്ചുകൊള്ളും’ എന്നത് തന്നെയാണ്.

ദൈവത്തിന്റെ കരുതൽ ഉണ്ടെങ്കിൽ കൂടിയും റേച്ചലും അവളുടെ മറ്റു നേതാക്കളും വളരെയധികം സൂക്ഷിച്ചായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. അവർ പരസ്പരം സംസാരിക്കുന്നതിനായി പൊതു സ്ഥലങ്ങളിലെ ഫോണുകൾ ഉപയോഗിച്ചു. കിംയയും മറ്റു കുഞ്ഞുങ്ങളും വേദപാഠ ക്ലാസ്സുകളിൽ പോകാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ഇറാനിയൻ ക്രൈസ്തവരുടെ മക്കളായിരുന്നു. എന്നാൽ അവർക്ക് അറിയാമായിരുന്നു സ്‌കൂളിൽ ഇതൊന്നും തങ്ങളുടെ മറ്റു കൂട്ടുകാരോട് സംസാരിക്കരുതെന്ന്. “അതിനുള്ള ജ്ഞാനം ദൈവം അവർക്ക് നൽകി”- റേച്ചൽ പറയുന്നു.

ആദ്യമായി രഹസ്യപൊലീസ് വന്ന അന്ന് അവൾ രക്ഷപെട്ടു. പക്ഷെ രണ്ടാം തവണ പോലീസുകാർ വളരെ ജാഗ്രതയോടുകൂടി പ്രവർത്തിച്ചു. മകളെ സ്‌കൂളിലേക്ക് കൊണ്ടുവിടാനായി ഭർത്താവ് പുറത്തുപോയ സമയം നോക്കി അവർ വന്നു. റേച്ചലിനെ അറസ്റ്റ് ചെയ്ത് അവർ ജയിലിലടച്ചു.

ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ

“അവർ എന്നെ ഏകാന്ത തടവിൽ പാർപ്പിച്ചു. ഒറ്റയ്ക്ക് ഞാൻ കരയാൻ തുടങ്ങി. ആ ദിവസങ്ങളിൽ എന്റെ മകളെക്കുറിച്ചും അവൾക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. അറസ്റ്റിനെക്കുറിച്ച് ഒരിക്കൽ പോലും അവളെ ബോധ്യപ്പെടുത്തിയിരുന്നില്ല.” റേച്ചലിന്റെ കണ്ണുകൾ നനഞ്ഞു.

ഭയത്താൽ വിറങ്ങലിച്ച ഹൃദയവും ജയിലിലെ ഏകാന്തതയും കൂടിയായപ്പോൾ അവളുടെ തെരഞ്ഞെടുപ്പുകളെ അവൾ സംശയിക്കാൻ തുടങ്ങി. അവൾ ദൈവത്തെപോലും സംശയ ദൃഷ്ടിയോടെ നോക്കി. ദൈവത്തിൽ നിന്ന് പ്രതീക്ഷിച്ച സംരക്ഷണത്തിന് എന്ത് സംഭവിച്ചു? എന്തുകൊണ്ട് തന്നെയും മകളെയും ഈ അവസ്ഥയിൽനിന്ന് രക്ഷപെടുത്തുന്നില്ല? “ആദ്യത്തെ മൂന്നോ നാലോ ദിവസം ഞാൻ ദൈവത്തോട് സംസാരിച്ചില്ല. എനിക്ക് ഒരിക്കൽപോലും കർത്താവിൽ പ്രതീക്ഷയർപ്പിക്കാൻ സാധിച്ചില്ല. ഞാൻ നിരാശയുടെ ഇരുട്ടിൽ സ്വയം ആഴ്ന്നിറങ്ങാൻ തുടങ്ങി.”

ഇടയ്ക്കിടെ ഉദ്യോഗസ്ഥർ അവളെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. മകളെ ശാന്തയാക്കുവാൻ ഒന്ന് ഫോണിൽ വിളിക്കാൻ പോലും അവർ അനുവദിച്ചില്ല. രണ്ടാഴ്ചകൊണ്ട് അവളുടെ ശരീര ഭാരം 13 കിലോയോളം കുറഞ്ഞു. അവളുടെ വസ്ത്രങ്ങൾ ശരീരത്തിൽ തൂങ്ങിക്കിടന്നു.

ദൈവം എവിടെയായിരുന്നു?

നീണ്ട, അപമാനകരമായ ഒരു ചോദ്യം ചെയ്യലിന് ശേഷം റേച്ചലിന് ഒടുവിൽ ഉറക്കം വന്നു. അവളുടെ ആ വിശ്രമത്തിൽ അവൾ ഒരു ബൈബിൾ വചനം കേട്ടു. “അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല.”(യോഹ 1 : 10 ). റേച്ചലിന് അതൊരു വഴിത്തിരിവായി. “ആദ്യ ദിവസങ്ങളിൽ ഞാൻ ഭയപ്പെട്ടു. പക്ഷെ ഞാൻ സ്വപ്നം കണ്ടു. അങ്ങനെ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ഞാന്‍ പോകുന്നിടത്തെല്ലാം ദൈവം എന്നോടൊപ്പം പോയി എന്നെനിക്ക് തോന്നി.” ഇടുങ്ങിയതും ഒറ്റപ്പെട്ടതുമായ ജയിലറയിൽ പോലും പിന്നീട് അവൾ തനിച്ചല്ലായിരുന്നു. അവൻ വാഗ്‌ദാനം ചെയ്തതുപോലെ ദൈവം അവളോടുകൂടെ ഉണ്ടായിരുന്നു. എങ്കിലും ദൈവം അരികിൽ ഉള്ളതുകൊണ്ട് ജയിൽ ജീവിതം എളുപ്പമായിരുന്നു എന്ന് അർത്ഥമില്ല. “ചിലപ്പോൾ ആ ദിവസങ്ങളെ എങ്ങനെ കടന്നുപോയി എന്ന് ആലോചിക്കുമ്പോൾ ഇന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. എന്റെ മകളെക്കുറിച്ചുള്ള ഉത്കണ്ഠയെയും ആകുലതയെയും നേരിടാനുള്ള ഒരേയൊരു മാർഗ്ഗം പ്രാർത്ഥനയായിരുന്നു. ഞാൻ സദാസമയവും അവൾക്കുവേണ്ടി പ്രാർത്ഥിച്ചു. എല്ലാം ക്രിസ്തുവിനായി മാത്രമായിരുന്നു ഞാൻ സഹിച്ചത്.” ഒടുവിൽ ജയിലിൽ എത്തി രണ്ടാഴ്ചയ്ക്കു ശേഷം അവർ മകളെ ഫോണിൽ വിളിക്കാൻ അനുവദിച്ചു. “അവളുടെ ശബ്ദം കേട്ടയുടനെ ഞാൻ കരയാൻ തുടങ്ങി. അവൾക്ക് സുഖമില്ലായിരുന്നു. അതറിഞ്ഞപ്പോൾ എന്റെ ദുഃഖം ഇരട്ടിയായി.” മകളെ ശാന്തമാക്കാനായി റേച്ചൽ തന്റെ വേദനകളെ ഹൃദയത്തിൽ താങ്ങി നിർത്തി. “പിതാവിനോക്കുകൂടെ ആയിരിക്കുക, ഞാൻ മടങ്ങി വരും” റേച്ചൽ കിംയയോട് പറഞ്ഞു.

ഒരു മാസത്തെ ജയിൽ ജീവിതത്തിനു ശേഷം റേച്ചലിന് ജാമ്യം ലഭിച്ചു. കുടുംബം വീണ്ടും ഒരുമിച്ചു ചേർന്നു. കിംയ റേച്ചലിന്റെ അരികിൽ നിന്ന് മാറിയതേയില്ല. അവൾ പറഞ്ഞു: “അമ്മ ഒരിക്കലും എന്നെ ഉപേക്ഷിക്കരുത്”. ഇറാനിൽ താമസിച്ചുകൊണ്ട് മകൾക്ക് ആ ആ ഒരു ഉറപ്പ് നൽകാൻ റേച്ചലിന് കഴിയുമായിരുന്നില്ല. ഒരുപക്ഷേ, ഇനി അവർ ഭർത്താവിനെയും പിടികൂടിയേക്കാം. അങ്ങനെ അവർ ഇറാനിൽ നിന്ന് പാലായനം ചെയ്തു.

‘ഞാൻ എന്നെത്തന്നെ നിനക്ക് തരുന്നു…’

ഇറാനിൽ നിന്ന് മറ്റെവിടേക്കെങ്കിലും പലായനം ചെയ്‌താൽ ജീവൻ മാത്രം അവശേഷിക്കുകയുള്ളൂ. പിന്നെ വിശ്വാസവും. കാരണം നിയമപരമായി അവർ എത്തിച്ചേരുന്ന ഇടത്തിൽ ഒരു സ്വീകാര്യതയും ലഭിക്കുകയില്ല. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ അനുവാദമില്ല. അഭ്യാർത്ഥികളെന്ന നിലയിൽ അവർക്ക് ലഭ്യമാകുന്നതെന്താണോ അത് മാത്രം സ്വീകരിച്ചു ജീവിക്കുക. എങ്കിലും “ജയിലിൽ വെച്ച് ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ പഠിച്ചു. അവിടുത്തെ ആഴത്തിൽ വിശ്വസിക്കുക. ഒരു അമ്മയെന്ന നിലയിൽ ഞാനും ഒരുപാട് മാറി. എന്റെ മകളോട് ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ പറയാനും പഠിപ്പിക്കാനും അവളോടൊപ്പം ബൈബിൾ വായിക്കാനും സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” -റേച്ചൽ പറയുന്നു.

ഇപ്പോൾ കിംയ അല്പം കൂടി മുതിർന്നിരിക്കുന്നു. അവൾ സ്വയം ഗിറ്റാർ വായിക്കാൻ പഠിച്ചിരിക്കുന്നു. ഗിറ്റാറിന്റെ അകമ്പടിയോടെ അവൾ പതിയെ പാടാൻ ആരംഭിച്ചു.

“ഞാൻ നിന്റെ കരങ്ങളിലേക്ക് പറന്നുയരുന്നു
നിന്റെ സ്നേഹം പാനം ചെയ്യുന്നു
ഞാൻ എന്റെ പാപങ്ങൾ നിന്റെ രക്തത്താൽ കഴുകുന്നു
ഞാൻ എന്റെ കഷ്ടതയും ദുഃഖവും ഭയവുമെല്ലാം നിന്റെ ചുമലിൽ അർപ്പിക്കുന്നു
എന്റെ പ്രതീക്ഷയും നേട്ടങ്ങളുമെല്ലാം നിന്റെ കാൽക്കൽ ഞാൻ ചേർക്കുന്നു
ഈ ലോകത്തിൽ നിന്ന് അകന്നുകൊണ്ട് ഞാൻ എന്നെത്തന്നെ നിനക്ക് നൽകുന്നു…”

“ഇത് ആലപിക്കുമ്പോൾ ഞാൻ ദൈവവുമായി കൂടുതൽ അടുപ്പത്തിലാണെന്നു തോന്നും. ഇത് എന്റെ പ്രിയപ്പെട്ട ഗാനമാണ്.” -കിംയ പറയുന്നു. യേശുവിലുള്ള ഒരിക്കലും മാറാത്ത വിശ്വാസവുമായി, എല്ലാം അവിടുത്തേയ്ക്കായി സമർപ്പിച്ചുകൊണ്ട് പ്രതീക്ഷയോടെ ജീവിക്കുകയാണ് ഈ ഇറാനിയൻ കുടുംബം. (സുരക്ഷാ കാരണങ്ങളാല്‍ അവര്‍ ഇപ്പോള്‍ ഉള്ള സ്ഥലം ഫീച്ചറില്‍ വെളിപ്പെടുത്തുന്നില്ല).

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.